വാഴ്ത്തിപ്പാടാനുള്ള വ്യക്തിപ്രഭാവത്തിന് ഉടമയല്ല അവൾ, കൊട്ടിഘോഷിക്കുവാനുള്ള വീരകൃത്യങ്ങൾ ചെയ്തിട്ടുമില്ല, കുറഞ്ഞത് ഒരു ഖണ്ഡികയിൽ പോലും ആലേഖനം ചെയ്യാനുള്ള സവിശേഷതകൾ ഇല്ല. എങ്കിലും അബി എന്ന വ്യക്തിത്വത്തെ അത്രമേൽ മനോഹരമാക്കുന്ന ഒരു വസ്തുത ഉണ്ട്. പ്രതികൂലത്തിന്റെ തീച്ചൂളയിലും യഹൂദ രാജാക്കന്മാരിൽ ‘ഹിസ്കിയാവ്’ എന്ന രത്നത്തെ വാർത്തുണ്ടാക്കുന്നതിൽ അവൾ വഹിച്ച നിർണായക പങ്ക്. പുരോഹിതനായ സെഖര്യാവിന്റെ മകളും ഹിസ്കിയാവിന്റെ അമ്മയുമായ ‘അബി’ എന്ന വനിതയുടെ ജീവിതത്തിന്റെ, ആരാലും ശ്രദ്ധിക്കപ്പെടാത്ത ഗുണവിശേഷങ്ങൾ എല്ലാ സഹോദരിമാരും മാതൃകയാക്കേണ്ടതാണ് (2. രാജാ:1:8:2).

ഹിസ്കിയാവിനെ ‘യഹോവയിൽ ആശ്രയിക്കുന്ന'(2. രാജാ: 2:5), ‘യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്യുന്ന’ (2.രാജാ: 2:3) ഒരു വ്യക്തിയാക്കിയതിൽ അബിയുടെ സ്വാധീനത്തിന്റെ വ്യാപ്തി അറിയണമെങ്കിൽ തന്റെ ഭർത്താവായ ആഹാസിനെ നാം പഠിക്കേണ്ടതുണ്ട്. തികച്ചും ദൈവീക കൽപ്പനകൾക്ക് വിരോധമായി ദൈവത്തെ കോപിപ്പിച്ച് ജീവിച്ച ഒരു രാജാവ് (2. രാജാ: 16:3). ഇത്തരമൊരു സാഹചര്യത്തിൽ ആ രാജാവിന്റെ ഭാര്യയായ അബിക്ക് തന്റെ മകനെ ദൈവീക വഴികളിൽ വളർത്തിക്കൊണ്ടു വരിക എന്നത് ഒരു കാഠിന്യമേറിയ വെല്ലുവിളി ആയിരുന്നിരിക്കണം. ഏതു വ്യക്തിയും അടിയറവ് വെക്കാൻ സാധ്യതയുള്ള ഒരു പരീക്ഷ. എങ്കിലും ആ ധീര വനിത തളർന്നില്ല. ഭർത്താവിനെ ദൈവത്തിനായി നേടാൻ അവൾക്ക് മുന്നിലെ പ്രതിബന്ധങ്ങൾ ഏറെയാണ്. ഒരു തരത്തിൽ പറഞ്ഞാൽ അത് അസാധ്യവുമാണ്. എന്നാൽ ദൈവത്തിൽ ആശ്രയിച്ചാൽ അവൾക്കു വിജയിക്കാൻ കഴിയുന്ന ഒരു മേഖലയുണ്ട്. മാതാവെന്ന് മഹനീയ ദൗത്യം. ഭർത്താവിന് സംഭവിച്ച പാകപ്പിഴകൾ തലമുറയിലേക്ക് പകരാതിരിക്കാൻ അചഞ്ചലയായി അവൾ നിന്നു. പുരോഹിതനായ പിതാവിൽ നിന്നും ആർജ്ജിച്ചെടുത്ത ദൈവിക കൽപ്പനകളുടെ ജീവനുറ്റ ഏടുകൾ അണുവിട മാറാതെ അവൾ തന്റെ മകനു പകർന്നു നൽകി.

തന്റെ ബലഹീനതകൾ കൊണ്ടോ അശ്രദ്ധകൊണ്ടോ മകന്റെ ലക്ഷ്യം തെറ്റാതിരിക്കാൻ അവളുടെ ജീവിതം ഹിസ്കിയാവിനു മുന്നിൽ ഒരു പാഠപുസ്തകം ആയി. ഈ അമ്മയെ നിരീക്ഷിച്ചു വളർന്നു വരുന്ന ഹിസ്കിയാവിന് ദൈവപ്രസാദമുള്ള വഴികളിൽ നടക്കാതിരിക്കാൻ അസാധ്യമായിരുന്നു. കാരണം, ഹിസ്കിയാവിൻമേൽ അബിയുടെ സ്വാധീനത്തിന്റെ ആക്കം അത്രമേൽ ആഴമേറിയതായിരുന്നു. പിതാവ് ആചരിച്ച ജാതികളുടെ മ്ലേച്ഛതകളൊന്നും (2. രാജാ:16:3) ഹിസ്കിയാവിനെ ആകർഷിച്ചില്ല. മാത്രമല്ല മറ്റൊരു രാജാവും ചെയ്യാത്ത വിധം അതിനെ തച്ചുടക്കുകയാണുണ്ടായത് (2. രാജാ: 18:4). ഈ ആത്മീക ദർശനം ഹിസ്കിയാവിന് എവിടെ നിന്ന് ലഭിച്ചു? അതും ദുർമാർഗിയായ ഒരു പിതാവിന്റെ മകനായ ഹിസ്കിയാവിന്. അവിടെയാണ് അബി ഒരു മിന്നും താരകമായി നിലകൊള്ളുന്നത്. ആർത്തിരമ്പുന്ന കടൽത്തിരകളുടെ നടുവിലും അവൾ തന്റെ ശ്രദ്ധ പതറാതെ കപ്പലിനെ നയിച്ചു. പ്രതികൂല കാറ്റുകൾ ആഞ്ഞുവീശിയിരുന്നിരിക്കാം… എങ്കിലും അവൾ പിന്മാറിയില്ല.
മറ്റേത് രാജാവിനോടും സമനാക്കുവാൻ കഴിയാത്ത നിലയിൽ ഹിസ്കിയാവിന്റെ യശസ്സ് ഉയർന്നു (2. രാജാ: 18:6). അവന്റെ വീര്യ പ്രവർത്തികളുടെ മഹത്ത്വം വാനോളം എത്തിച്ചേർന്നു ( 2. രാജാ: 18 :7 – 10). ഇതിനെല്ലാം പിന്നിലുള്ള ഊർജ്ജസ്രോതസ്സ് എന്തെന്ന് ഹിസ്കിയാവിനോട് ചോദിച്ചാൽ താൻ വാചാലൻ ആകും. തന്റെ മാതാവിന്റെ വൈദഗ്ധ്യം തെളിയിക്കപ്പെട്ട സ്വാധീന കലയെക്കുറിച്ച്.

അബിക്ക് വേണമെങ്കിൽ തന്റെ ഭർത്താവിന്റെ വഴികളിൽ നടന്ന് ലോകത്തിന്റെ (ജാതികളുടെ) പ്രീതി സമ്പാദിക്കാമായിരുന്നു. എന്നാൽ ‘ദൈവജനത്തോടു കൂടെയുള്ള കഷ്ടതയെ’ മാനമായി കണ്ട തന്റെ പിതാമഹൻ മോശെയുടെ ജീവിതത്തെ അവൾ തന്റെ പിതാവിലൂടെ പഠിച്ചു. അത് അവളെ ഹടാതാകർഷിച്ചു. തനിക്ക് ദൈവം നൽകിയ മകൻ ദൈവവഴികളിൽ നിലകൊള്ളാൻ അവൾ ത്യാഗോജജ്വലമായി പ്രവർത്തിച്ചു.
അബിയുടെ ജീവിതം നമുക്ക് ഒരു മാതൃകയായിരിക്കട്ടെ. ദൈവം നമുക്ക് നല്കുന്ന സ്ഥാനങ്ങളിൽ നമ്മുടെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിവർത്തിച്ച് വരും തലമുറയെ കർത്താവിനായി നേടാം.