പ്രഭാത കിരണങ്ങൾ അങ്ങിങ് വീശി വരുന്നതേയുള്ളൂ. ഒരു ചായയുമിട്ടു കണ്ണും തിരുമ്മി ഉമ്മറത്തേക്ക് വരുമ്പോഴാണ് ചായക്കോപ്പയിലെ ചൂടിനെക്കാൾ നല്ല ചൂടുള്ള വാർത്തയുമായി പത്രക്കാരന്റെ വരവും. മിക്കദിവസവും ആദ്യം കണ്ടുമുട്ടുന്ന വ്യക്തിയും അദ്ദേഹം തന്നെയായിരിക്കും. ഇപ്പോഴത്തെ പത്രവിതരണക്കാരൻ പുതിയതായി ഈ ജോലിയിൽ പ്രവേശിച്ചിട്ട് അധികമായിട്ടില്ല. സ്ഥിരമായി പത്രം മുറ്റത്തേക്കെറിഞ്ഞു അതിവേഗം ബഹുദൂരം എന്ന രീതിയിൽ അടുത്ത വീട് ലക്ഷ്യമാക്കി ഓടും. മുറ്റത്തു വീണു കിടക്കുന്ന പത്രം വേഗം പോയി എടുത്തില്ലെങ്കിൽ പെട്ടെന്ന് പെയ്യുന്ന മഴയിൽ ചൂട് വാർത്ത നനഞ്ഞു കുളിക്കും. എന്തായാലും ഇതേക്കുറിച്ച് പത്രക്കാരൻ ചേട്ടനോട് പറയണമെന്നു തന്നെ തീരുമാനിച്ചു. അദ്ദേഹം തിരികെ വരും വഴി ഞാൻ വിളിച്ചു പറഞ്ഞു “ചേട്ടാ നാളെ മുതൽ പത്രം ഇടുമ്പോൾ ചെറുതായൊന്നു മടക്കി ആ വരാന്തയിൽ എത്താൻ പാകത്തിന് ഒന്നു ഇട്ടേക്കണേ. ഭാവിയിൽ നിങ്ങൾക്കു ഒരു മാസ്റ്റേഴ്സ് അത്‌ലറ്റിക്കിൽ ജാവ് ലിൻ എറിയാൻ അവസരം കിട്ടിയാൽ ഇതൊരു പ്രചോദനമാകട്ടെ.” ചേട്ടൻ തല കുലുക്കി നന്നായി ഒന്നു ചിരിച്ചു സമ്മതം അറിയിച്ചു മടങ്ങി. പിറ്റേന്ന് മുതൽ പത്രം റബർ ബാന്റിട്ടു വരാന്തയിൽ വന്നു വീഴാൻ തുടങ്ങി. ഇപ്പോൾ പത്രത്തോടൊപ്പം റബർ ബാന്റ് ഫ്രീ. വീട്ടിലെ പല ആവശ്യങ്ങൾക്കും ഉപയോഗിക്കാമല്ലോ. ഞാനും ഹാപ്പി, അദ്ദേഹവും ഹാപ്പി.

നല്ല ആശയ വിനിമയം കൊണ്ടു സത്യത്തിൽ നമുക്കു ഉപകാരം മാത്രമേയുള്ളു. എന്നാലും നാം വായിൽ തോന്നിയത് കോതക്കു പാട്ട് എന്നതുപോലെ നേരം വെളുക്കുമ്പോൾ മുതൽ അങ്ങു തുടങ്ങും. നമ്മുടെ വീട്ടിൽ ഏറ്റവും മൂർച്ചയേറിയ ഉപകരണങ്ങൾ നാം എത്ര സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ നാവ് എന്ന മൂർച്ചയേറിയ ആയുധത്തെ നാം യാതൊരു നിയന്ത്രണവും ഇല്ലാതെ വിടുകയല്ലേ പലപ്പോഴും ചെയ്യുക. നാം നേരിട്ട ഏതെങ്കിലുമൊരു പ്രശ്‌നത്തെ ഒന്നു വിശകലനം ചെയ്തു നോക്കിയാൽ അത് സംഭവിച്ചത് 80 ശതമാനവും ആശയവിനിനയത്തിലെ അപചയം കൊണ്ടു തന്നെ ആയിരിക്കും.

എങ്ങനെയാണ് വെള്ളിത്താലത്തിലെ പൊൻ നാരങ്ങ കണക്കെയുള്ള വാക്കുകൾ നമുക്ക് ഉപയോഗിക്കാൻ കഴിയുക. ദൈനംദിന ജീവിത്തിലെ സംഭാഷണം പഠിച്ചു പറയേണ്ടതാണോ ? നമ്മുടെ സംസാരത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടിയാകുന്നു. അതുവരെ ഉപയോഗിച്ചിട്ടുള്ള എല്ലാ മോശം വാക്കുകളും തീർച്ചയായും കുഴിച്ചിടേണ്ടതാണ്. എന്നിട്ടും എവിടെയൊക്കെയോ വാക്കുകൾ കൈവിട്ടു പോകുന്നു. പോയ കല്ലും വാക്കും തിരിച്ചെടുക്കാനാവില്ല എന്നാണ് പഴമൊഴി എങ്കിൽ ഇവിടെ നാം നമ്മെ തന്നെ അറിയുക എന്നതാണ് ഏറ്റവും നല്ല പോംവഴി, ഒപ്പം മറ്റുള്ളവരെയും. നിറയെ വൈവിധ്യങ്ങളോടെയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. എല്ലാ ജീവജാലങ്ങളും ആശയ വിനിമയം ചെയ്യുന്നുണ്ട്, എങ്കിലും മനുഷ്യനാണ് അതിന്റെ ഏറ്റവും നല്ല കഴിവ് ദൈവം കൊടുത്തിരിക്കുന്നത്. അതുകൊണ്ടു തന്നെയാകണം നിങ്ങളുടെ വാക്ക് ഉവ്വ് ഉവ്വ് എന്നും ഇല്ല ഇല്ല എന്നും, ഉപ്പു കൊണ്ടു രുചി വരുത്തണം എന്നെല്ലാം തിരുവചനം നിഷ്കർച്ചിരിക്കുന്നത്. നമ്മുടെ സംഭാഷണത്തെ ശരിയായ രീതിയിൽ കൊണ്ടു വരികയാണെങ്കിൽ അതു നിർത്താതെ മുന്നോട്ടു പോകുവാൻ സാധിക്കും. നേർരേഖയിൽ സംഭാഷണത്തെ കൊണ്ടുവരണം. എന്നാൽ അധികവും നമ്മുടെ സംഭാഷണങ്ങൾ വിരുദ്ധ സംഭാഷണമായി മാറുകയാണ്. മാറ്റങ്ങൾ അനിവാര്യമായ ഈ ലോകത്തിൽ നല്ല സംഭാഷണ രീതി അവലംബിക്കാം. മെച്ചമായ ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ സുദൃഢമാക്കാൻ ഈ പുതിയ വർഷത്തിൽ നമുക്കോരോരുത്തർക്കും സാധിക്കട്ടെ.