കുഞ്ഞുങ്ങളെ വളർത്തികൊണ്ടുവരുന്നതിൽ ഇന്നത്തെ മാതാക്കൾക്ക് അസാധാരണമായ ധാരാളം വെല്ലുവിളികൾ നേരിടേണ്ടിവരുന്നുണ്ട്. ഈ ആധുനിക യുഗത്തിൽ നല്ല രക്ഷാകർത്തൃത്വത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ എന്തെല്ലാമാണെന്നു നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.
ദൈവത്തെ മാനിക്കുന്ന കുഞ്ഞുങ്ങളെ വളർത്തിക്കൊണ്ടുവരുവാൻ ആവശ്യമായ പ്രമാണങ്ങളും മാർഗനിർദ്ദേശങ്ങളും നൽകുന്ന ഒരു സുപ്രധാന വിഷയമായാണ് രക്ഷാകർത്തൃത്വത്തെ വിശുദ്ധവേദപുസ്തകം വെളിപ്പെടുത്തുന്നത്. ദൈവഹിതപ്രകാരം സ്നേഹം, വിശ്വാസം, ബഹുമാനം, അച്ചടക്കം, പരിപാലനം എന്നിവക്ക് ഊന്നൽ നൽകിക്കൊണ്ട് ഉത്തരവാദിത്വത്തമുള്ളതും സ്നേഹപൂർണ്ണവുമായ രക്ഷാകർത്തൃത്വത്തിന് ബൈബിൾ ഉത്തമ അടിസ്ഥാനം പ്രധാനം ചെയ്യുന്നു. ദൈവിക ഹിതം അനുസരിച്ച് കുഞ്ഞുങ്ങളെ വളർത്തുന്നതിനു ആവശ്യമായ ജ്ഞാനം ലഭിക്കേണ്ടതിന് ദൈവത്തിങ്കലേക്കും ദൈവവചനത്തിലേക്കുമാണ് നാം തിരിയേണ്ടത്. “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്കുക; അവൻ വൃദ്ധനായാലും അതു വിട്ടു മാറുകയില്ല” (സദൃശ: 22:6). ആത്മീകവും ധാർമ്മീകവുമായ മാർഗ്ഗനിർദ്ദേശങ്ങൾ കുട്ടികൾക്ക് കൊടുക്കുന്നതിൽ മാതാപിതാക്കൾക്കുള്ള പങ്കിനെക്കുറിച്ച് ഈ വാക്യത്തിൽ പ്രതിപാദിക്കുന്നു. മനുഷ്യരെന്ന നിലയിൽ, നാം തെറ്റുകൾക്ക് അധീനരാണ്. എന്നിരുന്നാലും, ദൈവ സന്നിധിയിൽ നമുക്ക് ഏതു നേരത്തും സഹായത്തിനായി സമീപിക്കാം. അവിടുന്ന് നമ്മെ അതിശയകരമായ വഴികളിലൂടെ നയിക്കും.
നമ്മുടെ മക്കൾക്കായി പ്രാർത്ഥിക്കുകയും അവരെ വളർത്തിക്കൊണ്ടുവരുന്നതിന് ദൈവീക നടത്തിപ്പ് അന്വേഷിക്കുകയും ചെയ്യണം. കുഞ്ഞുങ്ങളുമൊത്ത് പ്രാർത്ഥിക്കാൻ സമയം ചിലവഴിക്കുക. ഒരു പരീക്ഷയ്ക്ക് പോകുന്നതിനു മുൻപോ, യാത്രയ്ക്ക് മുൻപോ, ഭക്ഷണം കഴിക്കുന്നതിനു മുൻപോ ഒരു ദിവസാരംഭത്തിലോ ഒക്കെ ആദ്യം ദൈവത്തിങ്കലേക്ക് നോക്കേണ്ടതിനുള്ള പ്രാധാന്യത്തെക്കുറിച്ച് അവരെ പഠിപ്പിക്കുക. ഇത്തരം കാര്യങ്ങൾ ലളിതമാണെന്ന് നമുക്ക് തോന്നാമെങ്കിലും വരും തലമുറയോട് ദൈവാശ്രയത്തിന്റെ പ്രാധാന്യം എന്താണെന്നു പഠിപ്പിക്കേണ്ടത്തിനു ഇത്തരം കാര്യങ്ങൾ അത്യന്താപേക്ഷിതമാണ്. പല യുവ മാതാക്കളും തങ്ങളുടെ തൊഴിലിനും രക്ഷാകർത്തൃ ത്വത്തിനും ഇടയിൽ കിടന്നു ഞരങ്ങുന്നത് കാണാറുണ്ട്. ജോലിയും കുടുംബജീവിതവും രക്ഷാകർത്തൃത്വവും തമ്മിൽ ആരോഗ്യകരമായ സമതുലിതാവസ്ഥ നിലനിർത്താൻ ശ്രമിക്കേണ്ടതുണ്ട്. കുടുംബാംഗങ്ങളുമായുള്ള ബന്ധം സുദൃഢമാക്കുവാനുള്ള സമയം കണ്ടെത്തുക. ഒരുമിച്ച് പ്രാർത്ഥിക്കുകയും ഭക്ഷണം കഴിക്കുകയും സന്ദർശനങ്ങൾ നടത്തുകയും വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്യുക.
ഒരു കുട്ടിയുടെ ശാരീരിക ക്ഷമത നിലനിർത്തുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം നൽകുക. പഞ്ചസാരയും സംസ്കരിച്ച ഭക്ഷണങ്ങളും പരിമിതപ്പെടുത്തിക്കൊണ്ട് ആരോഗ്യപരമായ ഭക്ഷണ ശീലം പ്രോത്സാഹിപ്പിക്കുക. ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താൻ ക്രമമായ ശാരീരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക.
ജീവിതത്തിൽ നല്ല മാതൃകകൾ ഉണ്ടാക്കുന്ന കാര്യത്തിൽ നിങ്ങളുടെ കുട്ടികളോടൊപ്പം സജീവമായിരിക്കുക. നിങ്ങളുടെ കുട്ടികൾക്ക് മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ കുട്ടികളുടെ വൈകാരിക ക്ഷേമത്തിൽ ശ്രദ്ധാലുവായിരിക്കുക. മാനസികാരോഗ്യത്തെക്കുറിച്ച് അവരെ പഠിപ്പിക്കുകയും ആവശ്യമെങ്കിൽ വിദഗ്ദസഹായം തേടുകയും ചെയ്യുക. സ്വയരക്ഷയെക്കുറിച്ചും രക്ഷിതാക്കൾ കുട്ടികളെ പഠിപ്പിക്കണം. വ്യക്തിപരമായ ശുചിത്വവും അവരുടെ ശരീരത്തെ എങ്ങനെ പരിപാലിക്കണമെന്നും കുട്ടികളെ പഠിപ്പിക്കണം.
ഇന്നത്തെ സാങ്കേതിക യുഗത്തിൽ കുട്ടികൾ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനുള്ള സമയത്തെക്കുറിച്ച് നാം ശ്രദ്ധിക്കണം. സ്‌മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ എന്നിവയുടെ അമിതമായ ഉപയോഗം പരിമിതപ്പെടുത്തുക, ചെറുപ്പം മുതൽ തന്നെ തുറസ്സായ സ്ഥലത്തുള്ള പ്രവർത്തനങ്ങളും മുഖാമുഖമായ ഇടപെടലുകളും പ്രോത്സാഹിപ്പിക്കുക. സ്വകാര്യതാ ക്രമീകരണങ്ങൾ, ഉചിതമായ ഓൺലൈൻ പെരുമാറ്റം, സൈബർ ഭീഷണിയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നിവ ഉൾപ്പെടെയുള്ള ഓൺലൈൻ സുരക്ഷയെക്കുറിച്ച് നമ്മുടെ മുതിർന്ന കുട്ടികൾക്ക് അറിയാമെന്ന് ഉറപ്പാക്കുക.
കുട്ടിയുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നന്നായി മനസ്സിലാക്കാൻ, ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെക്കുറിച്ചും മാതാപിതാക്കൾ അറിഞ്ഞിരിക്കണം. വെല്ലുവിളികൾ നേരിടുമ്പോൾ സുഹൃത്തുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ പ്രൊഫഷണലുകളിൽ നിന്നോ പിന്തുണ തേടാൻ മടിക്കരുത്. “എനിക്ക് എവിടെയാണ് പിഴച്ചത്” എന്ന് സ്വയം ചോദിക്കുന്ന സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ട്. അതും ജീവിതത്തിന്റെ ഭാഗമാണ്.
കുട്ടികൾക്ക് വ്യക്തമായ പെരുമാറ്റ നിയമങ്ങളും അതിരുകളും ആവശ്യമാണ്. അച്ചടക്കത്തിലെ സ്ഥിരത സുരക്ഷിതത്വബോധം സൃഷ്ടിക്കാൻ സഹായിക്കുന്നു. കുട്ടികൾക്ക് ഒരു നല്ല മാതൃകയാകുക. നിങ്ങൾ ഒരു തെറ്റ് ചെയ്താൽ, ആ തെറ്റ് സമ്മതിക്കുകയും നിങ്ങളുടെ കുട്ടിയോട് “ക്ഷമിക്കണം” എന്ന് തുറന്നു പറയുകയും ചെയ്യുക. ബഹുമാനത്തിന്റെയും നല്ല പെരുമാറ്റത്തിന്റെയും മൂല്യങ്ങൾ വ്യക്തിപരമായ പ്രവർത്തനങ്ങളിൽ പ്രദർശിപ്പിക്കുക. നിങ്ങളോട് സംസാരിക്കാനും അവരുടെ വികാരങ്ങളും ആശങ്കകളും പ്രകടിപ്പിക്കാനും കുട്ടികൾക്ക് ഒരു അന്തരീക്ഷം സൃഷ്ടിക്കുക. നിങ്ങളുടെ കുട്ടിയുമായി തുറന്നതും സത്യസന്ധവുമായ ആശയവിനിമയം നിലനിർത്തുക. പഠനത്തോടുള്ള ഇഷ്ടം പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ കുട്ടിയുടെ അധ്യായനവിഷയങ്ങളിലും താൽപ്പര്യങ്ങളിലും ഇടപെടുക. സംസ്കാര-വർഗ-മത-ലിംഗ ഭേദങ്ങളെയും വൈവിധ്യങ്ങളെയും ഉൾക്കൊള്ളാനും ബഹുമാനിക്കാനും കുട്ടികളെ പഠിപ്പിക്കുക. സഹാനുഭൂതി, ദയ, അനുകമ്പ തുടങ്ങിയ മൂല്യങ്ങൾ വളർത്തുക. മറ്റുള്ളവരോട് പരിഗണന കാണിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക. കുട്ടികളിൽ സ്വയ പ്രാപ്തിയും പ്രശ്‌നപരിഹാരത്തിനുള്ള കഴിവുകളും വികസിപ്പിക്കാൻ അനുവദിക്കുക. അവരുടെ പ്രായത്തിന് അനുയോജ്യമായ ഉത്തരവാദിത്തങ്ങൾ അവർക്ക് നൽകുക.
ഒരു അമ്മ എന്ന നിലയിൽ സ്വയപരിചരണത്തിന് പ്രാധാന്യം കൊടുക്കുകയും നമ്മളിലെ തന്നെ ഏറ്റവും മികച്ചതിനെ പകർന്നു നൽകുവാൻ ശ്രമിക്കുകയും ചെയ്യുക. നിങ്ങളുടെ സമയം നിയന്ത്രിക്കുന്നത് വിവിധ ഉത്തരവാദിത്തങ്ങൾ സന്തുലിതമാക്കാൻ നിങ്ങളെ സഹായിക്കും. ചുമതലകൾക്ക് മുൻഗണന നൽകുകയും ഉത്തരവാദിത്തങ്ങൾ കഴിവിനനുസരിച്ച് കുഞ്ഞുങ്ങളെ ഏല്പിക്കുകയും ചെയ്യുക. രക്ഷിതാവ് എന്ന നിലയിൽ വഴക്കമുള്ളവരായിരിക്കാൻ ഓർക്കുക.
രണ്ട് യുവാക്കളുടെ അമ്മ എന്ന നിലയിൽ, എനിക്ക് പറയുവാനുള്ളത്, രക്ഷാകർതൃത്വം ഒരു നിരന്തരമായ പഠന യാത്രയാണെന്നാണ്. മാത്രമല്ല ഒരേയൊരു നിശ്ചിത വഴിയിലൂടെ മാത്രമേ അതിനെ സമീപിക്കാൻ പറ്റുകയുള്ളൂ എന്നും നമുക്ക് പറയുവാൻ കഴിയില്ല. ഓരോ കുട്ടിയും വ്യസ്ത്യസ്തരും വ്യക്തിഗത പരിചരണം ആവശ്യമുള്ളവരുമാണ്. നിങ്ങളുടെ സഹജവാസനകളെ വിശ്വസിക്കുക, നിങ്ങളുടെ കുട്ടികളെ നിരുപാധികമായി സ്നേഹിക്കുക, ആധുനിക ലോകത്ത് അവർ വളരുകയും വികസിക്കുകയും ചെയ്യുമ്പോൾ അവരെ നയിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക