അക്സ ആൻ നെൽസൺ

ഒരു ദയയുമില്ലാത്ത വില്ലനാണ് സമയമെന്ന് തോന്നാറുണ്ട്. ചിലപ്പോഴൊക്കെ ഒരു നായകനായും. ഈ കവികളൊക്കെ വർണ്ണനാതീതമാക്കിയ ‘സമയം’, വേദപുസ്തകത്തിലെയും ഒരു പ്രധാന ചിന്താവിഷയം തന്നെയാണ്. ‘സമയം കളയാതെ നോക്ക്’, ‘ഈ പോകുന്ന സമയം ഇനി തിരിച്ചു കിട്ടില്ല’ ‘സമയം ഉണക്കാത്ത മുറിവുകളില്ല’, ഇങ്ങനെ സമയം എന്ന പദം ഉച്ചരിക്കാത്ത ദിനങ്ങൾ തന്നെ നമ്മുടെ ജീവിതത്തിൽ ചുരുക്കമാണ്.

സമയത്തെക്കാൾ മികച്ച ഒരു അധ്യാപകൻ ഉണ്ടോ എന്ന് തന്നെ സംശയമാണ്. ചിലപ്പോൾ കഠിനമാണ്, വേദന തരുന്നതാണ് അധ്യാപനം. മറ്റു ചിലപ്പോൾ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അണപൊട്ടലുകൾ ആയിരിക്കും. എന്തുതന്നെയായാലും, തിരിച്ചറിവുകൾ ലഭ്യമാകും എന്നത് തീർച്ച. പ്രായഭേദമെന്യേ എല്ലാവരുടെയും ജീവിതത്തിൽ സമയം ഒരു അതിപ്രധാന ഘടകമാണെങ്കിലും, പഠിക്കുന്ന കുഞ്ഞുങ്ങളുടെ ജീവിതത്തിൽ അതിന്റെ പ്രാധാന്യം ഒരല്പം മുന്നിലാണ്. സമയം എന്ന അധ്യാപകന്റെ അധ്യാപകല എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം നമുക്കുള്ളതാണ്. തീരുമാനം നല്ലത് എങ്കിൽ മധുരം നിറഞ്ഞ ഓർമ്മകൾ ആയിരിക്കും ഫലം. നേരെമറിച്ചെങ്കിലോ ജീവിതകാലം മുഴുവനും ഉള്ള വേദനകളും. പക്ഷേ പേടിക്കണ്ട, എങ്ങനെ സമയത്തെ ബുദ്ധിപൂർവ്വം വിനിയോഗിച്ച് ലക്ഷ്യപ്രാപ്തി നേടി വിജയം വരിക്കാം എന്നതിന് ഒട്ടേറെ മാർഗ്ഗങ്ങളും സാധ്യതകളും നമ്മുടെ മുന്നിൽ ഉണ്ട്. വിദ്യാർഥികളായ കുഞ്ഞുങ്ങൾ ദൈവനാമ മഹത്വത്തിനായി തങ്ങളുടെ സമയത്തെ എങ്ങനെ ക്രമീകരിക്കണം എന്നുള്ളതിന് ദൈവവചനത്തിന് വ്യക്തമായി പറഞ്ഞു തരുന്നുണ്ട്. ഏതൊരു കാര്യത്തിനും നാം സമീപിക്കുന്നതും, സമീപിക്കേണ്ടതും ദൈവവചനത്തെയാണല്ലോ. ലഭിക്കുന്ന സമയത്തെ സുബോധത്തോടെ കൈകാര്യം ചെയ്ത് ദൈവനാമ മഹത്വത്തിനായി ഉപയോഗിക്കുവാൻ ദൈവവചനം എപ്പോഴും ഊന്നൽ നൽകുന്നുണ്ട് (എഫെ: 5:15,16). പഠനകാലയളവിൽ കുട്ടികളെ സംബന്ധിച്ച് ദൈവം ആഗ്രഹിക്കുന്നത്, ദൈവം നൽകിയിരിക്കുന്ന വിദ്യാഭ്യാസ സാഹചര്യങ്ങളോട് വിശ്വസ്തരായിരിക്കുക എന്നതാണ്. ദൈവനാമം മഹത്വപ്പെടുന്ന ആ ലക്ഷ്യത്തിലേക്ക് എത്തുവാൻ സഹായിക്കുന്ന മിത്രമാണ് സമയം. പക്ഷേ സമയത്തോട് നാം തിരിച്ച് കൂട്ടുകൂടിയെ മതിയാകൂ…

സമയത്തെ വിവേകത്തോടെ, ദൈവഹിത പ്രകാരം കൈകാര്യം ചെയ്യുവാൻ സർവശക്തൻ കൃപ തരും. അവിടുന്ന് നമ്മുടെ യാചനകളെ മറികടക്കുന്നവനല്ല, ആർക്കും കടക്കാരനുമല്ല. പക്ഷേ നമ്മുടെ ഭാഗത്തു നിന്നുമുള്ള ചില പരിശ്രമങ്ങൾ നിർണായകമാണ്. ദൈവനാമ മഹത്വത്തിനായി നാമെടുക്കുന്ന ചെറിയ ശ്രമങ്ങളെ പോലും മാനിക്കുന്നവനാണ് ദൈവം. പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് സമയത്തെ കൃത്യമായി ക്രമീകരിക്കുവാൻ സഹായിക്കുന്ന ചില നിർദ്ദേശങ്ങൾ ഇതാ:

  1. ഓരോ ദിവസവും സമയത്തെ പാഴാക്കാതെ, പ്രത്യേകിച്ച് ദൈവനാമ മഹത്വത്തിനായി ഉപയോഗിക്കുവാൻ കൃപ ലഭിക്കേണ്ടതിന് പ്രാർത്ഥിക്കുക. അത് ദിവസേനയുള്ള പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക.
  2. ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ ഒരു ധാരണ സൃഷ്ടിക്കുക. അവയുടെ കാഠിന്യമനുസരിച്ച് സമയത്തെ വീതിക്കുക. പ്രയാസമേറിയ കാര്യങ്ങൾ നാം ദിവസത്തിൽ കൂടുതൽ ഊർജ്ജസ്വലരായിരിക്കുന്നത് എപ്പോഴോ, അപ്പോൾ ചെയ്യാൻ ശ്രമിക്കുക. ഉദാഹരണത്തിന്, പരീക്ഷ തുടങ്ങുന്നതിനു മുമ്പ് വിഷയങ്ങളുടെ കാഠിന്യമനുസരിച്ച് തിരിച്ച് ഒരു ടൈം ടേബിൾ തയ്യാറാക്കി അതുപോലെ പ്രവർത്തനം തുടങ്ങുക.
  3. ഒരു കാര്യം ചെയ്യാൻ വളരെയധികം അലസത തോന്നുകയാണെങ്കിൽ, രണ്ടാമതൊന്ന് ചിന്തിക്കാതെ അത് ചെയ്തു തുടങ്ങുക. ഓർക്കുക, ആരംഭശൂരത്വത്തിൽ അല്ല കാര്യം, തുടർച്ചയായി ചെയ്യുന്നതിലാണ്.
  4. പഠിക്കുന്ന കുട്ടികൾ പരീക്ഷ എഴുതുമ്പോൾ സമയത്തെ ബുദ്ധിപരമായി കൈകാര്യം ചെയ്യുന്നതിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. എത്രത്തോളം പഠിച്ചു, എന്ത് പഠിച്ചു എന്നതിനേക്കാൾ ഏറെ വിജയത്തെ നിർണയിക്കുന്നത് നിശ്ചിത സമയത്തിനുള്ളിൽ എത്രയും ഭംഗിയായി കാര്യങ്ങൾ അവതരിപ്പിക്കുവാൻ കഴിഞ്ഞു എന്നുള്ളതാണ്. അതുകൊണ്ട് ആകെയുള്ള സമയം കൃത്യമായി മനസ്സിലാക്കി ഓരോ ചോദ്യത്തിനും എത്ര സമയം കിട്ടും എന്നുള്ള വ്യക്തമായ ധാരണ പരീക്ഷയ്ക്ക് മുമ്പേ തയ്യാറാക്കി എഴുതാൻ തുടങ്ങുക. പരമാവധി ആ സമയത്തിനുള്ളിൽ എഴുതി തീർക്കാൻ ശ്രമിക്കുക. തീർന്നില്ലെങ്കിൽ അതിൽ തന്നെ തങ്ങിനിൽക്കാതെ അടുത്തതിലേക്ക് പോകുക. ചിട്ടയായുള്ള വേഗത പരീക്ഷ എഴുതുന്ന വേളയിൽ വളരെ ഗുണം ചെയ്യും.
  5. ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോൾ പരമാവധി, ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളിൽ നിന്നും, ചിന്തകളിൽ നിന്നും അകലം പാലിക്കുക. അത് സമയ ലാഭത്തിന് കൂടുതൽ സഹായിക്കും.

ഈ നിർദ്ദേശങ്ങൾ എല്ലാം കേവലം വ്യക്തിപരമായ നിഗമനങ്ങൾ ആണ്. ഇതിനേക്കാളെല്ലാം ഉപരി ആത്യന്തികമായി സമയത്തെ കയ്യിലൊതുക്കാൻ നമ്മെ സഹായിക്കുന്നത് നാം ദൈവത്തിനായി കൊടുക്കുന്ന സമയമാണ്. “മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുവിൻ: എന്നാൽ അതോടു കൂടി സകലവും നിങ്ങൾക്ക് ലഭിക്കും” (മത്താ: 6:33) എന്ന് എഴുതിയിരിക്കുന്നത് പോലെ ദൈവീക കാര്യങ്ങൾക്ക് മുൻസ്ഥാനം കൊടുത്താൽ നമ്മുടെ കാര്യങ്ങൾക്ക് വേണ്ടി സമയം എങ്ങനെ വിവേകത്തോടെ ക്രമീകരിക്കണം എന്ന ഉപദേശവും നടത്തിപ്പും അവിടുന്ന് തരും. തീരുമാനങ്ങൾ എടുക്കുക… അത് പ്രാവർത്തികമാക്കുവാൻ ദൈവകൃപ യാചിക്കുക… മുന്നോട്ടു കുതിക്കുക… ദൈവം കൈവിടുകയില്ല. നമ്മെക്കാൾ ഏറെ നമ്മുടെ ആവശ്യങ്ങളെ അറിയുന്ന, ചിന്താഭാരമുള്ള ദൈവം. നമ്മുടെ സമയത്തിന്റെ കാര്യത്തിലും അവിടുന്ന് മാറ്റമില്ല. ആശ്രയിക്കാം, കൂടുതൽ അവിടുത്തെ കരങ്ങളിൽ.

Facebooktwitterlinkedininstagramflickrfoursquaremail