ബൈബിൾ ദൈവവചനമാണെന്നും ബൈബിളിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത് ദൈവിക വെളിപാടുകൾ ആണെന്നും പറയുമ്പോൾ അതിന്റെ ഉറവിടം ദൈവമാണ് എന്ന് സാരം. ദൈവത്തിന്റെ വചനം എങ്ങനെയാണ് മനുഷ്യനിലേക്ക് പകരപ്പെട്ടത്? ദൈവം പറഞ്ഞു കൊടുത്തത് എഴുത്തുകാർ പകർത്തി എഴുതിയതാണോ? അങ്ങനെയല്ല. പകരം ദൈവാത്മാവിന്റെ പ്രേരണയ്ക്കനുസരിച്ച് എഴുത്തുകാർ പ്രവർത്തിച്ചതിന്റെ ഫലമായുണ്ടായ രചനകളാണ് അവ.
2 തിമൊഥെയൊസ് 3:16 “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ”
2 പത്രൊസ് 1:20-21: “തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്നു ആദ്യം തന്നേ അറിഞ്ഞു കൊള്ളേണം. 21 പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.”
അതായത്, നമുക്ക് ലഭിച്ചിരിക്കുന്ന തിരുവെഴുത്തുകൾ എഴുത്തുകാർ അവരുടെ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചു എഴുതുവാൻ തിരഞ്ഞെടുത്തതോ എഴുതി തീർത്തതോ അല്ല, മറിച്ച് എന്ത് എഴുതണം എന്ന് ഓരോ എഴുത്തുകാരനും ദൈവത്തിന്റെ ആത്മാവ് പ്രേരണ നൽകുകയും ആ പ്രേരണയ്ക്കനുസരിച്ച് മാത്രം എഴുത്തുകാർ അവരവരുടെ ഭാഷയിലും ശൈലിയിലും രേഖപ്പെടുത്തിവച്ചതുമാണ്. മനുഷ്യൻ ദൈവത്തിന്റെ നിയന്ത്രണത്തിൽ ഒരു മാധ്യമമായി പ്രവർത്തിച്ചിരിക്കുന്നു.
ബൈബിളിലെ എല്ലാ പുസ്തകങ്ങളും സമ്പൂർണമായി ദൈവ നിശ്വസ്‌തത അവകാശപ്പെടുന്നു. മൂലഭാഷയിലെ രചനയ്ക്കാണ് ഈ പ്രത്യേകത ഉള്ളത്. അതിലെ ഓരോ വാക്കുകളും ദൈവനിശ്വസ്‌തമാണ്. ദൈവം താൻ തന്നെ പറഞ്ഞ വാക്കുകളായി തന്നെയാണ് അവ നമുക്ക് ലഭിച്ചിരിക്കുന്നത്.
ബൈബിൾ എഴുത്തുകാർ ആരും തന്നെ തങ്ങളുടെ സ്വന്തം ആശയങ്ങളെ വികസിപ്പിച്ച് ഒരു പുസ്തകമാക്കിയതല്ല. മറിച്ച് ദൈവം എന്ത് പറയണമെന്ന് ഉദ്ദേശിച്ചോ അതിനായി ലഭിച്ച പ്രേരണയ്ക്ക് അനുസരിച്ചു അവർ എഴുതി. തങ്ങൾക്ക് അജ്ഞാതമായതും തങ്ങളുടെ അനുഭവങ്ങൾക്ക് അതീതമായതുമായ വസ്തുതകളെക്കുറിച്ചു എഴുതുവാൻ ഒരു എഴുത്തുകാരൻ മറ്റൊരാളെ ആശ്രയിക്കുന്നതുപോലെ ദൈവിക വെളിപ്പാടുകൾക്കായി ദൈവം തന്നെ മുഖാന്തരമായി. അതിൽ മനുഷ്യന്റെ ആശയങ്ങളെ കൂട്ടി ചേർത്തിട്ടില്ല.
ദൈവം ഉദ്ദേശിച്ച കാര്യങ്ങൾ തെറ്റില്ലാതെ രേഖപ്പെടുത്തുന്നതിന് എഴുത്തുകാരെ സഹായിച്ചത് ആത്മനിശ്വസ്തതയാണ്. ബൈബിളിലെ തെറ്റില്ലായ്മ അത് ദൈവവചനമാണെന്നും ദൈവനിശ്വസ്‌തമായ തിരുവെഴുത്താണെന്നും തെളിയിക്കുന്നു.
നാല്പതോളം വ്യത്യസ്തരായ എഴുത്തുകാർ വ്യത്യസ്ത കാലഘട്ടങ്ങളിലും പ്രദേശങ്ങളിലും ആയിരുന്നിട്ടും ഓരോ വിഷയവും പരസ്പര പൂരകമായും ബന്ധപ്പെട്ടും വൈരുധ്യങ്ങളില്ലാതെയുമാണ് കാണപ്പെടുന്നത് എന്നത് ആശ്ചര്യമാണ്. ബൈബിളിലെ പുസ്തകങ്ങൾക്കെല്ലാം ഇങ്ങനെ ഒരു ഐക്യരൂപം ഉള്ളതായി കാണുന്നതിന്റെ കാരണം അതിന്റെ പിന്നിലെ ദൈവാത്മനിശ്വസ്തതയാണ്.
ബൈബിൾ പുരാതന ഗ്രന്ഥങ്ങളിൽ നിന്നും കോപ്പിയടിച്ചതാണ് എന്നുള്ള ആധുനിക യുക്തിവാദികളുടെ വാദത്തിനു യാതൊരു പ്രസക്തിയും ഇല്ല. അത് വെറും ഒരു വാദം മാത്രമാണ്. നേരെ മറിച്ചു ബൈബിളിൽ നിന്നും പകർത്തിയ ആശയങ്ങളും സംഭവവിവരണങ്ങളുമാണ് പല പൗരാണിക വിശ്വാസങ്ങളിലും ഗ്രന്ഥങ്ങളിലും കണ്ടെത്താനാകുന്നത്.
ദൈവശ്വാസീയതിരുവെഴുത്തുകൾ കൊണ്ടുള്ള പ്രയോജനങ്ങൾ
2 തിമൊഥെയൊസ് 3:16: “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകലസൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു 17 ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.”
രക്ഷിക്കപ്പെട്ടവരും ദൈവാത്മാവുള്ളവരുമായ ദൈവമക്കൾക്ക് ആത്മീയജീവിതത്തിൽ വളർച്ച നേടുന്നതിന് ഈ തിരുവെഴുത്തുകളാണ് ആധാരമായി ദൈവം നൽകിയിരിക്കുന്നത്. അതിൽ നമുക്ക് ആവശ്യത്തിനുള്ള ഉപദേശവും, ശാസനങ്ങളും, ഗുണീകരണവും (ശിക്ഷണം,തിരുത്തൽ), നീതിയിലെ അഭ്യസനവും അടങ്ങിയിരിക്കുന്നു. അതുകൊണ്ടു ദൈവവചനം ശരിയായി മനസിലാക്കുകയും പഠിക്കുകയും സംഗ്രഹിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.