“നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല, സൌമ്യതയും സാവധാനതയുമുള്ള മനസ്സ് എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു. ഇങ്ങനെയല്ലോ പണ്ടു ദൈവത്തിൽ പ്രത്യാശവെച്ചിരുന്ന വിശുദ്ധസ്ത്രീകൾ തങ്ങളെത്തന്നേ അലങ്കരിച്ചു ഭർത്താക്കന്മാർക്കു കീഴടങ്ങിയിരുന്നതു” (1. പത്രോസ്:3: 3 – 5)

വേദപുസ്തകത്തിൽ സ്ത്രീകൾക്കുള്ള അലങ്കാരങ്ങൾ വ്യക്തമാക്കുന്ന ഒരു വേദഭാഗമാണിത്. ഈ ചിന്തയോട് ചേർന്ന് നില്ക്കുന്ന ബൈബിളിലെ ഒരു സ്ത്രീ കഥാപാത്രമാണ് രൂത്ത്.

സ്നേഹത്തിന്റെയും സഹനത്തിന്റെയും വിശ്വാസത്തിന്റെയും ദൈവാശ്രയത്തിന്റെയും ചരിത്രമാണ് രൂത്തിൽ നിന്നും പഠിക്കാനാവുന്നത്. ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളോടും ക്രിയാത്മക സമീപനമായിരുന്നു രൂത്തിനുണ്ടായിരുന്നത്. മൊവാബ്യ യുവതിയായ രൂത്ത്, മഹ്ലോന്റെ ഭാര്യയായി നവോമിയുടെ ഭവനത്തിൽ ജീവിതം ആരംഭിച്ചത് മുതൽ യിസ്രയേലിന്റെ ദൈവത്തെക്കുറിച്ചും എബ്രായരുടെ ജീവിത രീതികളെക്കുറിച്ചും കുടുംബജീവിതത്തിൽ വ്യക്തിബന്ധങ്ങളുടെ നിലനില്പിനെക്കുറിച്ചും പ്രാത്ഥനയുടെ ശക്തിയെക്കുറിച്ചും അവൾ മനസ്സിലാക്കിയിരുന്നു. ആകസ്മികമായുണ്ടായ തന്റെ ഭർത്താവിന്റെ വിയോഗം അവളെ തളർത്തിയിരുന്നു. ഇത് രൂത്തിന്റെ ജീവിതത്തിൽ ഏറെ വെല്ലുവിളിയുയർത്തിയ സാഹചര്യമായിരുന്നു എന്നിട്ടും അവൾ ആ കുടുംബത്തിൽ തന്നെ ജീവിച്ചു. നവോമിയുടെ ഇളയമകനും മരിച്ചു കഴിഞ്ഞപ്പോൾ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ അവർക്ക് ബുദ്ധിമുട്ടുകൾ ഏറി വന്നു. അങ്ങനെ നവോമി സ്വദേശമായ ബെത്ലെഹെമിലേക്കു മടങ്ങിപോകുവാൻ ആഗ്രഹിച്ചു. തന്റെ തീരുമാനം മരുമക്കളെ അറിയിച്ചു.

അവർക്കു അവരുടെ സ്വന്ത ഭവനങ്ങളിലേക്കു മടങ്ങി പോകുവാനുള്ള അനുവാദവും കൊടുത്തു. ഇത് രൂത്തിന്റെ ജീവിതത്തിലെ രണ്ടാമത്തെ വെല്ലുവിളി ആയിരുന്നു.

രൂത്തിന് ഒരു ഉറച്ച തീരുമാനം എടുക്കേണ്ട സമയം കൂടിയായിരുന്നു അത്. ഒരു വശത്തു സ്വന്തഭവനവും ദേശവും, മറുവശത്തു തന്റെ ഭർത്താവിന്റെ അമ്മയും അവരുടെ ദേശവും. ഇവിടെ രൂത്ത് ഒട്ടും പതറിയില്ല. അവൾ അമ്മാവിഅമ്മയ്ക്കൊപ്പം നില്ക്കുവാൻ തീരുമാനമെടുത്തു. രൂത്ത് തന്റെ അമ്മാവിയമ്മയോടു പറ്റി നിന്നു. അവരോടൊപ്പം സ്വന്ത ദേശം വിട്ട് ബെത്ലെഹെമിലേക്കു പോകുകയും ചെയ്തു. നൊവോമിക്കൊപ്പം ബെത്ത്ഹ്ലേമിലെത്തിയ രൂത്തിനെ കാത്തിരുന്നത് വ്യത്യസ്തമായ ചില അനുഭവങ്ങളായിരുന്നു. വൃദ്ധയായ മാതാവിനും തനിക്കും നിത്യവൃത്തിക്കുള്ള വക അവൾ തന്നെ കണ്ടെത്തേണ്ടി വന്നു. മാതാവിന്റെ അനുവാദത്തോടു കൂടെ അവൾ ജോലി അന്വേഷിച്ചിറങ്ങി. കൊയ്ത്തു നടക്കുന്ന ഒരു വയലിൽ അവൾ എത്തി. തികച്ചും ഈ പുതിയ സാഹചര്യത്തെ ധൈര്യത്തോടെ അവൾ അഭിമുഖീകരിച്ചു. വേല ചെയ്തുകൊണ്ടിരുന്നവരുടെ ഇടയിൽ നടന്നു വീണുകിടക്കുന്ന കതിർ പെറുക്കുവാൻ അനുവാദം ചോദിക്കുവാനും അവൾ മടിച്ചില്ല. എന്നിട്ടു വേഗത്തിൽ അവൾ വേല തുടങ്ങി. അവൾ ആശ്രയിച്ച യിസ്രയേലിന്റെ ദൈവം അവളെ സഹായിച്ചു കൊണ്ടേയിരുന്നു. കതിരുകൾ പെറുക്കികൂട്ടികൊണ്ടിരിക്കുന്ന ഈ യുവതിയെ വയലിന്റെ ഉടമയായ ബോവസ് ശ്രദ്ധിച്ചു. അവളിലെ വേല ചെയ്യുവാനുള്ള ഉത്സാഹം അദ്ദേഹത്തെ അതിശയിപ്പിച്ചു. അവൾക്കു വേണ്ടുന്ന എല്ലാ കരുതലും സഹായങ്ങളും ചെയ്യുവാനായി ബോവാസ് തന്റെ ബാല്യക്കാരോട് പറഞ്ഞു.

യജമാനന്റെ ശ്രദ്ധയെ പിടിച്ചുപറ്റാനായി അവൾക്കു പുറമെയുള്ള ഒരു അലങ്കാരവും ആവശ്യമായിരുന്നില്ല. എന്നാൽ അവളുടെ കഠിനാധ്വാനം, ഉത്സാഹം, സ്നേഹം, അനുസരണം, വിശ്വാസം, അർപ്പണബോധം ഇവയെല്ലാം അടങ്ങുന്ന അക്ഷയ ഭൂഷണത്താൽ അവൾ ശ്രദ്ധിക്കപ്പെട്ടു. ഇത് ദൈവത്തിന്റെ സന്നിധിയിൽ ഏറ്റവും വിലയേറിയതാണ്, അതുകൊണ്ട് ദൈവം അവൾക്കു ധാരാളമായി അനുഗ്രഹങ്ങൾ നൽകുകയും ചെയ്തു. പിൽക്കാലത്തു അവൾ ബോവസിന്റെ ഭാര്യയായി, ഓബേദിന്റെ അമ്മയായി, ദാവീദ് രാജാവിന്റെ വല്യമ്മയായി, ഒടുവിൽ യേശുകർത്താവിന്റെ വംശാവലിയിലും ഉൾപ്പെട്ടു.

രൂത്ത് നമുക്ക് ഒരു മാതൃക തന്നെയാണ്. ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്ക് ഉചിതമാകും വണ്ണം സൽപ്രവർത്തികളെകൊണ്ട് അലങ്കരിക്കപ്പെടുവാനായി (1. തിമൊ: 2 :10) നമുക്ക് നമ്മെ തന്നെ ദൈവകരങ്ങളിൽ സമർപ്പിക്കാം.