ഒരു ദിവസം പീറ്റർ തന്റെ കുട്ടുകാരൻ അനിലിനോടൊപ്പം അയാളുടെ ബന്ധുവായ പ്രതീഷിനെ കാണാൻ ഹോസ്പിറ്റലിൽ പോയി. അക്യേഷ്യ മരങ്ങൾ നിരനിരയായി പടർന്നു നിൽക്കുന്ന ആശുപത്രി മുറ്റത്ത് കാർ പാർക്ക് ചെയ്ത്, അവർ നാലാം നിലയിലെ 356 -ാം നമ്പർ മുറിയിൽ എത്തി.

വാതിൽ തുറന്നത് പ്രതീഷിന്റെ അമ്മയായിരുന്നു. വേദന കടിച്ച് അമർത്തിയ ഒരു നിസ്സഹായാവസ്ഥ ആ അമ്മയുടെ മുഖത്ത് നിഴലിച്ചിരുന്നു. വളരെ ഉന്മേഷവാനായ ഒരു ചെറുപ്പക്കാരനായിരുന്നു പ്രതീഷ്. പെട്ടെന്നായിരുന്നു ക്യാൻസർ അവനെ പിടികൂടിയത്. അധികം വൈകാതെ അത് അവന്റെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇപ്പോൾ ഏകദേശം ഫൈനൽ സ്റ്റേജിൽ ആണ്. അവരെ കണ്ടപ്പോൾ പ്രതീഷ് എഴുന്നേറ്റിരുന്നു. അവരോട് കുശലാന്വേഷണം ചോദിച്ചു. അവർ കുറെ നേരം അവിടെ ചെലവഴിച്ചിട്ട് മടങ്ങി പോന്നു.

പക്ഷേ അന്നു രാത്രി പീറ്ററിന് ഉറക്കം വന്നില്ല. കണ്ണടയ്ക്കുമ്പോൾ പ്രതീഷിന്റെ മുഖം മനസ്സിൽ തെളിഞ്ഞുവരും. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയുന്നില്ല. അത്രയും നേരം പ്രതിഷിനോട് സംസാരിച്ചിരുന്നിട്ടും യേശു അപ്പച്ചനെക്കുറിച്ച് ഒന്നും പറയാനായില്ലല്ലോ എന്ന് ഓർത്തപ്പോൾ സങ്കടം താങ്ങാൻ കഴിയുന്നില്ല. നാളെ രാവിലെ തന്നെ ഞാൻ വീണ്ടും പ്രതീഷിനെ കാണാൻ പോകും. യേശുവിനെക്കുറിച്ചും നിത്യജീവനെക്കുറിച്ചും ഞാൻ‌ പ്രതീഷിനോട് സംസാരിക്കും. എല്ലാം നിശ്ചയിച്ച് ഉറപ്പിച്ച് പീറ്റർ എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു.

പിറ്റേദിവസം രാവിലെ തന്നെ പീറ്റർ റെഡിയായി. കൂട്ടുകാരനെ കൂടെ കൂട്ടാൻ നിൽക്കാതെ വേഗം ഹോസ്പിറ്റലിലേക്ക് തിരിച്ചു. ഹോസ്പിറ്റലിന്റെ കവാടത്തിൽ എത്തിയപ്പോൾ ഒരു ഡെഡ്ബോഡി ആംബുലൻസിൽ കയറ്റുന്നത് പീറ്റർ കണ്ടു. വേഗം നടന്നു അവിടെ എത്തിയപ്പോൾ, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പ്രതീഷിന്റെ അമ്മ ആംബുലൻസിൽ കയറുന്നു. അവർ തിരിഞ്ഞു പീറ്ററിനെ ഒന്നു നോക്കി. സങ്കടത്താലും കുറ്റബോധത്താലും പീറ്റർ അവിടെയുള്ള ഒരു കസേരയിൽ തളർന്നിരുന്നു. ഇനി ഒരിക്കലും കാണാൻ കഴിയാത്ത വിധം ആ വ്യക്തി ഈ ഭൂമിയിൽ നിന്ന് പോയി കഴിഞ്ഞിരിക്കുന്നു.

ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്ന വേല നിർവ്വഹിക്കുവാൻ അവിടുന്ന് നമുക്ക് ഒരു സമയം തന്നിട്ടുണ്ട്. ദൈവം നമ്മെ ഏൽപ്പിച്ചിട്ടുള്ള സുവിശേഷീകരണവും ഉത്തരവാദിത്തങ്ങളും ദൈവഹിതം മനസ്സിലാക്കി അവ തക്ക സമയത്ത് തന്നെ നാം ചെയ്യണം. നമ്മൾ ആഗ്രഹിക്കുമ്പോഴല്ല, നമ്മൾ ചെയ്യണമെന്ന് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്ന സമയത്ത് തന്നെ നാം അത് നിർവ്വഹിക്കേണ്ടതാണ്. “തക്കസമയത്ത് പറഞ്ഞ വാക്ക് വെള്ളിത്താലത്തിലെ പൊൻനാരങ്ങാ പോലെ” (സദൃ: 25:11).

Facebooktwitterlinkedininstagramflickrfoursquaremail