ഇന്നു ദൈവവചനം നമ്മുടെയെല്ലാം കരങ്ങളിൽ സുലഭമാണല്ലോ. വചനത്തോടുള്ള നമ്മുടെ സമീപനം എങ്ങനെ? നാം വചനത്തെ നിസ്സാരമായി കരുതി പാപം ചെയ്യുന്നവരോ? (ലേവ്യ:2:9). അലക്ഷ്യമാക്കുന്നവരോ? (ആവ:8:11). അതോ ഇഷ്ടമില്ലാതിരിക്കുന്നവരോ? (യെശ:6:11). ചിന്തിക്കേണ്ടിയിരിക്കുന്നു..
ആദിയിൽ ദൈവത്തോടു കൂടെയായിരുന്ന, ദൈവമായിരുന്ന വചനം ജഢമായി തീർന്നവനാണ് യേശുക്രിസ്തു (യോഹ:1:1,2,14). ദൈവവചനമെന്നാൽ യേശുക്രിസ്തുവാണ് (വെളി:19:13). വഴിയും സത്യവും ജീവനുമായി വന്ന ക്രിസ്തുയേശു വചനം കൃത്യമായി ആചരിക്കേണ്ടതിന് കല്പിച്ചു തന്നിരിക്കുകയാണ്. വചനത്തിങ്കൽ വിറയ്ക്കുന്നവനെ യഹോവ കടാക്ഷിക്കുന്നു (യെശ:66:2) എന്നും നാം വായിക്കുന്നു.
ദൈവവചനത്തിന് യഹോവയുടെ പുസ്തകം എന്ന പേര് ഉണ്ട്. കാരണം ഇതിന്റെ ഉടമസ്ഥൻ ജീവനുള്ള ദൈവമാണ് (യെശ:23:36). യേശുക്രിസ്തു വചനത്തെ തിരുവെഴുത്തുകൾ എന്നു പറഞ്ഞിരിക്കുന്നു. തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കയിലാണ് നാം തെറ്റിപ്പോകുന്നതെന്ന് കർത്താവ് ഓർമ്മിപ്പിച്ചിരിക്കുന്നു (മത്താ:22:29).
എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്. ദൈവാത്മാവാണ് അവയെ കൂട്ടിവരുത്തിയത്. ദൈവമനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ച് എഴുതിയതത്രേ നമ്മുടെ പക്കൽ ലഭ്യമായിരിക്കുന്നത്.
വചനം നമുക്ക് വ്യർത്ഥമായ കാര്യമല്ല; മനുഷ്യന്റെ ജീവന് ആധാരമാണ് (ആവ:32:46). വചനാടിസ്ഥാനത്തിലായിരിക്കും അന്ത്യന്യായവിധിയും. യഹോവയുടെ വഴിയും തന്റെ ദൈവത്തിന്റെ ന്യായവും അറിയാത്തവർ അല്പന്മാർ, ബുദ്ധിഹീനർ തന്നേ (യെശ:5:4). വചനപാരായണം അത്യന്താപേക്ഷിതമായ കാര്യമാണ്.
പരിശുദ്ധാത്മ നിയോഗത്താൽ എഴുതിയ വചനം മനസ്സിലാക്കണമെങ്കിൽ പരിശുദ്ധാത്മാവിന്റെ സഹായം വേണം. പ്രാർത്ഥനയും അനിവാര്യമായ ഘടകമാണ്. തിരുവചനത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന് തന്റെ കണ്ണുകളെ തുറക്കേണമേ എന്നും ഗ്രഹിപ്പാൻ ബുദ്ധി നല്കേണമേ എന്നും ദാവീദ് പ്രാർത്ഥിക്കുന്നു (സങ്കീ:119:18,125). ദൈവവചനത്താൽ ബുദ്ധി പഠിക്കേണ്ടതിന് കൃപയ്ക്കായി യാചിച്ചില്ല എന്ന തന്റെ കുറവ് ദാനിയേൽ ഏറ്റു പറയുന്നു (ദാനി:9:13). പുതുതായി ജനിച്ച ശിശുക്കൾക്ക് പാൽ ആവശ്യമായിരിക്കുന്നതു പോലെയുള്ള വാഞ്ചയാണ് വചനപാരായണത്തിന് ഉണ്ടായിരിക്കേണ്ടത് (1. പത്രോ:2:3).
വചനപഠനം മൂലം മാത്രമേ ദൈവേഷ്ടം ഗ്രഹിക്കുവാൻ സാധിക്കുകയുള്ളൂ. അന്വേഷണത്തോടെ വായിക്കേണം (യെശ:34:16). വചനം പ്രമാണിക്കേണ്ടതിന് അത് രാവും പകലും ധ്യാനിക്കേണം.
ജീവനും ചൈതന്യവുമുള്ള മൂർച്ചയേറിയ ഇരുവായ്ത്തല വാളിനു സമമായ ദൈവവചനം ഒരു മനുഷ്യനെ മുഴുവനായി (ദേഹം, ദേഹി, ആത്മാവ് ) ശുദ്ധീകരിക്കുവാൻ മതിയായതാണ് (എബ്രാ:4:12). ദുഷ്ടലോകത്തിൽ നേരായ വഴി ഏതെന്ന് പഠിപ്പിക്കുന്നു. നാം ഉപദേശം പ്രാപിക്കുന്നതിനും തെറ്റ് തിരുത്തപ്പെടുന്നതിനും ശാസിക്കപ്പെടുന്നതിനും വചനം പ്രയോജപ്പെടുത്തുമ്പോൾ ദൈവഹിതപ്രകാരം സകലസൽപ്രവൃത്തിക്കും തികഞ്ഞവരായിത്തീരുന്നു (2. തിമൊ:3: 16,17). ദാവീദിന് വചനം തന്റെ പ്രമോദവും ആലോചനക്കാരും ആയിരുന്നു (സങ്കീ:119:24). ദൈവവചനം നമ്മെ ആകാത്തവഴിയിൽ നിന്നും പ്രവൃത്തികളുടെ ദോഷത്തിൽ നിന്നും അവരെ തിരിക്കുന്നു (യെശ:23:22).
വചനം പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ട്. ഇത്രമാത്രം വിലപ്പെട്ട ദൈവവചനം നമുക്ക് ഏറ്റവും സമീപമായി തന്നിരിക്കുകയാണ് (ആവ:30:14). അത് നമ്മുടെ വായിലും ഹൃദയത്തിലും ഇരിക്കണം. ഭൂമിയിൽ ജീവിച്ചിരിക്കും കാലം ഒക്കെയും യഹോവയെ ഭയപ്പെടുവാൻ പഠിക്കയും മക്കളെ പഠിപ്പിക്കുകയും വേണം (ആവ:4:10).
വഴിയും സത്യവും ജീവനുമായ വചനമാകുന്ന യേശുക്രിസ്തുവിനെ കൈക്കൊള്ളുമ്പോൾ ദൈവമക്കളായിത്തീരുന്നു. വിശ്വാസം കേൾവിയാലും കേഴ്വി ക്രിസ്തുവിന്റെ വചനത്താലും വരുന്നു (റോമ:10:17). ദൈവവചനം വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുവാൻ ഇത് വായിക്കുന്ന ഓരോരുത്തരെയും ദൈവം സഹായിക്കട്ടെ.