സുനിജാ ഗോൾഡ്
വിശ്വാസികൾക്കിടയിൽ തെറ്റിദ്ധരിക്കപ്പെട്ടതും വളരെ പ്രാധാന്യം അർഹിക്കുന്നതുമായ ഒരു പഠനമാണ് പരിശുദ്ധാത്മവരങ്ങൾ. അപ്പോസ്തലനായ പൗലോസ് തന്റെ ലേഖനത്തിൽ “….ആത്മീക വരങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിവില്ലാതിരിക്കരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു” എന്ന് പറയുന്നു (1കൊരി: 12:1).

വരങ്ങൾ, പ്രധാനമായും രണ്ട് പേരുകളിലാണ് ദൈവവചനത്തിൽ പരാമർശിച്ചിരിക്കുന്നത്.
- ആത്മീക വരങ്ങൾ
- കൃപാവരങ്ങൾ
ആത്മീകവരങ്ങൾ എന്നതിന് ന്യൂമാറ്റിക്കോസ് (Pneumatikos) എന്ന ഗ്രീക്ക് വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ആത്മീയമായത് എന്ന ആശയമാണിതിനുള്ളത്. (റോമ: 7:14, 1 കൊരി 12:1, 14:1). കരിസ്മാറ്റോൺ ( Charismaton) എന്ന വാക്കാണ് കൃപാവരങ്ങൾ എന്നതിന് ഉപയോഗിച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ കഴിവുകൊണ്ടല്ല ദൈവത്തിൻറെ കൃപയാലാണ് ആത്മീക ശുശ്രൂഷകൾക്കുള്ള പ്രാപ്തി ലഭിക്കുന്നതെന്ന് ഈ പ്രയോഗം സമർത്ഥിക്കുന്നു (1 കൊരി:12: 4, റോമ: 12:3,6).
ജന്മസിദ്ധമായി ലഭിക്കുന്ന കഴിവുകൾക്കാണ് താലന്തുകൾ എന്ന് നാം പറയുന്നത്. ഇത് നൈസർഗികമായി ഒരു വ്യക്തി ജനിക്കുമ്പോൾ തന്നെ ലഭിക്കുന്നു. മാതാപിതാക്കളിൽ നിന്നും ലഭിച്ച ഈ കഴിവുകൾ ആ വ്യക്തിയുടെ വളർച്ചയിൽ പ്രത്യക്ഷപ്പെടുകയും പുരോഗതി പ്രാപിക്കുകയും ചെയ്യുന്നു. ആത്മീക വരങ്ങളെയും ജന്മസിദ്ധ കഴിവുകളെയും തമ്മിൽ ഒരു വിശ്വാസി വേർതിരിച്ച് ഗ്രഹിക്കേണ്ടതാണ്. പരിശുദ്ധാത്മാവിന്റെ വ്യക്തി സാന്നിധ്യവും ശക്തിയും പ്രകടമാകുന്ന മഹത്തായ പ്രവർത്തനമാണ് കൃപാവരങ്ങൾ. സഭയിലെ ഓരോ അംഗങ്ങൾക്കും അവനവന്റെ വിശ്വാസത്തിന്റെ അളവ് പങ്കുവെക്കലാണ്, കൃപാവരദാനത്തിലൂടെ സാദ്ധ്യമാകുന്നത്.
യേശുക്രിസ്തുവിന്റെ അതിമഹത്തായ ദാനമാണ് കൃപാവരങ്ങൾ. ഒരു വ്യക്തിയുടെ കഴിവുകൊണ്ട് നേടുന്നതല്ല, വിശ്വാസികളിൽ ഓരോരുത്തർക്കും ക്രിസ്തുവിലൂടെ വിവിധ അളവിൽ ലഭിച്ച ദാനങ്ങളാണ് വരങ്ങൾ (എഫെ: 4:7). ഗൃഹവിചാരകത്വത്തിനുള്ള ശുശ്രൂഷ കൂടെയാണ് കൃപാവരങ്ങൾ (1 പത്രോ: 4:10,11). ദൈവസഭയിലെ ശുശ്രൂഷയ്ക്ക് വേണ്ടിയുള്ളതാണ് കൃപാവരങ്ങൾ ഓരോന്നും. ഓരോരുത്തർക്ക് ലഭിച്ച കൃപാവരങ്ങൾ ദൈവം തന്ന ശുശ്രൂഷകളാണ്. അത് ദൈവത്തിനു വേണ്ടി ദൈവസഭയിൽ നിർവഹിക്കേണ്ടതാണ്.
ത്രീയേക ദൈവമാണ് കൃപാവരത്തിന്റെ ദാതാവ്. “ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു” എന്നു തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു (റോമ 12:3). ഓരോരുത്തരുടെ വിശ്വാസത്തിന്റെ അളവനുസരിച്ച് സർവ്വജ്ഞാനിയായ ദൈവം കൃപാവരങ്ങൾ വിതരണം ചെയ്യുന്നു. “സർവ്വത്തിന്റെയും നിറവായിരിക്കുന്നവനും സ്വർഗ്ഗസ്ഥനായി, സ്വർഗത്തിനു മീതെ കയറിയവനുമായ ദൈവപുത്രനും കൃപാവരദാനത്തിൽ പങ്കാളിയാണ്” (എഫേ: 4:7 – 11). “എന്നാൽ ഇതു എല്ലാം പ്രവർത്തിക്കുന്നതു താൻ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ” (1. കൊരി: 12: 11). “എന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ടു; ആത്മാവു ഒന്നത്രേ” (1. കൊരി: 12: 4). വരങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഒരേ ആത്മാവാണ് നൽകുന്നത്. അതുപോലെ ശുശ്രൂഷകളിൽ വ്യത്യാസമുണ്ടെങ്കിലും ശുശ്രൂഷ നൽകുന്നത് കർത്താവ് ആണ് (1. കൊരി: 12: 5). ഇങ്ങനെ ത്രീയേക ദൈവം തന്നെ സഭയുടെ ആത്മീയ കെട്ടുപണിക്കായി സഭാ വിശ്വാസികൾക്ക് വിവിധ വരദാനങ്ങൾ നൽകുന്നു.
രക്ഷിക്കപ്പെട്ട എല്ലാവർക്കും കൃപാവരങ്ങൾ ഉണ്ട്. ഒന്നോ അതിലധികമോ കൃപാവരങ്ങൾ കർത്താവ് ഓരോ വിശ്വാസിക്കും നൽകുന്നുണ്ട്. എന്നാൽ ഒരു വ്യക്തിക്ക് എല്ലാ വരങ്ങളും കൊടുക്കുന്നില്ല, (1.കൊരി:12: 7,11, എഫെ: 4 :11, 1. പത്രോ: 4 :10, 11). അർഹതയില്ലാത്ത സ്ഥാനത്ത് ആത്മീക ശുശ്രൂഷകൾ നിർവ്വഹിക്കുന്നതിനായി ദൈവം നൽകുന്ന ദാനങ്ങളാണ് കൃപാവരങ്ങൾ. രക്ഷിക്കപ്പെടുമ്പോൾ തന്നെയാണ് അത് വ്യക്തിയിലേക്ക് പകരപ്പെടുന്നത്. കാലക്രമേണ മാത്രമേ അത് നമുക്ക് തിരിച്ചറിയുവാൻ കഴിയൂ. “നിങ്ങൾ ഒരു കൃപാവരത്തിലും കുറവില്ലാത്തവർ”(1. കൊരി:1:7) എന്നാണ് പൗലോസ് കൊരിന്ത്യരെ വിശേഷിപ്പിച്ചത്. അതേസമയം കൊരിന്ത്യർ ജഢീകൻമാരും ക്രിസ്തുവിൻ ശിശുക്കളായവരും എന്ന് താൻ ആവർത്തിച്ചു പറയുന്നുണ്ട് (1. കൊരി: 3 -13). ആത്മീയ വരങ്ങളുടെ സമൃദ്ധിയിൽ നിൽക്കുമ്പോഴും കൊരിന്ത്യർ ലോകത്തിലെ സകല പാപങ്ങൾക്കും തിന്മകൾക്കും പങ്കുകാരായിരുന്നു. ലോകമനുഷ്യരെപ്പോലെ ജീവിച്ചിരുന്നു. അതുകൊണ്ടു തന്നെ ഏതൊരു കൃപാവരവും ഒരുവന്റെ ആത്മീകതയുടെ പര്യായമല്ല. “ദൈവം തന്റെ കൃപാവരങ്ങളെയും വിളിയെയും കുറിച്ച് അനുതപിക്കുന്നില്ലല്ലോ” (റോമ: 11: 29). ഒരു വിശ്വാസിയുടെ ജീവിതത്തിലെ കുറവുകൾ അഥവാ പാപങ്ങൾ കൊണ്ട് അവന് ലഭിച്ച കൃപാവരങ്ങൾ നഷ്ടപ്പെടുന്നില്ല. ദൈവം കൃപാവരം നൽകിയല്ലോ എന്ന് വിചാരിച്ചു അനുതപിക്കുന്നില്ല. കൃപയാൽ ദൈവം നൽകിയ രക്ഷ ഭദ്രമായിരിക്കുന്നതുപോലെ കൃപയാൽ ലഭിച്ച കൃപാവരങ്ങളും ഭദ്രമായിരിക്കുന്നു, അവ നഷ്ടപ്പെടുന്നില്ല.
കൃപാവരങ്ങളുടെ പ്രധാനമായ ഉദ്ദ്യേശം ദൈവസഭയുടെ ആത്മീയ അഭിവൃദ്ധിയാണ്. “സകലവും ആത്മീക വർദ്ധനയ്ക്കായി ഉതകട്ടെ” (1.കൊരി: 14:26). ആത്മീകവരങ്ങൾ എല്ലാം ദൈവസഭയുടെ ആത്മീകവർദ്ധനവിനായി ഉതകണം. ആത്മീകവളർച്ച എന്നാൽ സഭയുടെ കെട്ടുപണി എന്നർത്ഥം. ആത്മീക വരങ്ങൾ ഒരു വ്യക്തിയുടെ സ്വന്തം ആത്മീക വർദ്ധനയ്ക്കുള്ളതല്ല, സഭയുടെ വളർച്ചക്കും കെട്ടുറപ്പിനും ഉള്ളതാകുന്നു (1. കൊരി:12:7,14:5,26, എഫെ: 4:13). അതുപോലെ ഓരോ കൃപാവരങ്ങളും വിശുദ്ധന്മാരുടെ യഥാസ്ഥാനത്തിനും ഗുണീകരണത്തിനുമായി ഉപകരിക്കണം (എഫെ: 4:12-13). മാത്രമല്ല, “ഓരോരുത്തന് വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി കൃപാവരം കൊണ്ട് അന്യോന്യം ശുശ്രൂഷിപ്പിൻ” (1. പത്രോ: 4:10). “വിശുദ്ധന്മാരുടെ യഥാസ്ഥാനത്തിനായുള്ള ശുശ്രൂഷയുടെ വേലയ്ക്കും” പരസ്പരം കടമകളും കർമ്മങ്ങളും നിറവേറ്റേണ്ടതാണ് (എഫെ: 4:13). ഒരു ശരീരത്തിന്റെ അവയവങ്ങളായ ക്രിസ്തുവിന്റെ സഭയിലെ അംഗങ്ങൾ അന്യോന്യം ഭാരങ്ങൾ ചുമക്കുകയും കണ്ണുനീർ തുടയ്ക്കുകയും ആശ്വസിപ്പിക്കുകയും വേണം. കൃപാവരങ്ങൾ നൽകിയതിന്റെ മുഖ്യ ഉദ്ദേശങ്ങളാണ് ഇവ.
കൃപാവരങ്ങൾ ഒരിക്കലും ആത്മീയതയുടെ ലക്ഷണം അല്ല, കൃപാവരം ഒരിക്കലും നഷ്ടപ്പെടുന്നില്ല, കൃപാവരങ്ങൾ നിലനിൽക്കുന്നതും നിന്നുപോകുന്നവയും ഉണ്ട് (1.കൊരി: 13:8). നിരന്തരമായ പ്രാർത്ഥനയിലൂടെ കൃപാവരത്തെ കണ്ടെത്തുവാൻ സഹായിക്കുന്നതാണ്. ഒരു വിശ്വാസിക്ക് കൃപാവരത്തോടുള്ള ബന്ധത്തിൽ വളരെയധികം ഉത്തരവാദിത്തങ്ങൾ ഉണ്ട്. കൃപാവരങ്ങളെ ഉപയോഗിക്കണം (1. പത്രോ: 4:10), കൃപാവരങ്ങൾ ദുരുപയോഗപ്പെടുത്തരുത് (1. കൊരി: 4:12), കൃപാവരങ്ങൾ ജ്വലിപ്പിക്കണം (2. തീമോ:1:6), ഇല്ലാത്തവരങ്ങൾ ഉപയോഗിക്കരുത് (റോമ: 12:3), കൃപാവരങ്ങളെ തുച്ഛീകരിക്കരുത് (1. തെസ്സ: 5:19, 20).
എല്ലാ വിശ്വാസികൾക്കും കൃപാവരം ലഭിച്ചിട്ടുണ്ട്, അത് കണ്ടെത്തുവാനും കർത്താവിന്റെ നാമമഹത്വത്തിന് വേണ്ടി ജീവിക്കുവാനും അവിടുത്തെ രാജ്യത്തിന്റെ കെട്ടുപണിക്കു വേണ്ടി ഉപയോഗിക്കുവാനും നമുക്ക് ഓരോരുത്തർക്കും സാധിക്കട്ടെ.






