ഗീതേ, ഗീതേ, ബ്രേക്ഫാസ്റ്റ് ഇനിയും എടുത്തു വെച്ചില്ലേ? സ്റ്റെപ്പുകൾ ഇറങ്ങുന്നതിനിടയിൽ ജെറി ഉറക്കെ വിളിച്ചു പറഞ്ഞു. എനിക്ക് 8.30 ന് സ്പെഷ്യൽ ക്ലാസ്സുണ്ടെന്ന് പറഞ്ഞിരുന്നതല്ലേ?.

ഗീത: ജെറി മോനെ.. ദാ കൊണ്ടു വരുന്നു..

ജെറി: ഓ.. നിന്റെ ചട്ടുകാലും വെച്ച് കൊണ്ടുവരുമ്പോഴേക്കും എന്റെ ബസ്സ് പോകും.. ജെറിയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടുകൊണ്ട് അമ്മാമ്മ മുറിയിൽ നിന്ന് ഇറങ്ങി വന്നു..

അമ്മാമ : ” ജെറി മോനെ. നിന്നോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് അവളെ പേര് വിളിക്കരുതെന്നും അവളോട് ഇങ്ങനെ സംസാരിക്കുന്നതെന്നും”

ജെറി: ഓ.. അമ്മാമ്മ ഉപദേശം തുടങ്ങി.. എന്നെ ആരും ഉപദേശിക്കേണ്ട.. എനിക്ക് ഇഷ്ടമുള്ളത് വിളിക്കും, പറയും”..

അമ്മാമ : “കേട്ടില്ലേ അവൻ തർക്കുത്തരം പറയുന്നത്? എട്ടാം ക്ലാസ്സിലാണ് പഠിക്കുന്നതെങ്കിലും വലിയ കാരണവന്മാരെ പോലെയാ വർത്തമാനം.. ആരോട് എങ്ങനെ എപ്പോൾ സംസാരിക്കണം എന്ന് ഒന്നും അറിയില്ല… ഒന്നേയുള്ളു എന്ന് വെച്ച് ഒരുപാട് വാത്സല്യത്തോടെ വളർത്തിയതിന്റെ കുഴപ്പമാ”..

ജെറി: മതി..മതി..അമ്മാമ്മ ഒന്ന് നിർത്തുന്നുണ്ടോ? ദേഷ്യത്തോടെ ജെറി കസേര വലിച്ചിട്ട് ഇരുന്നു കഴിച്ചു തുടങ്ങി..

ഗീതേ, നീ ഇത് മനസ്സിൽ വയ്ക്കേണ്ട കേട്ടോ.. അമ്മാമ്മ ഗീതയെ ആശ്വസിപ്പിക്കുവാൻ പറഞ്ഞു..

ഗീത: “സാരമില്ല അമ്മാമ്മേ എനിക്ക് ഒരു വിഷമവും ഇല്ല.. ഗീത മെല്ലെ അടുക്കളയിലേക്ക് പോയി..

ജെറി മോൻ വളരെ ചെറുപ്പമായിരുന്നപ്പോൾ തന്നെ വീട്ടിൽ സഹായത്തിനു വന്നതാണ് ഗീത.. അന്നൊക്കെ രാവിലെ വന്നിട്ട് വൈകിട്ട് പോകുമായിരുന്നു.. എന്നാൽ ജെറി മോന്റെ ഡാഡിയും മമ്മിയും കാനഡയ്ക്ക് പോയപ്പോൾ, അപ്പാപ്പനും അമ്മാമ്മയ്ക്കും കൂട്ടായും ജെറി മോനെ നോക്കുവാനും കൂടി ഗീത വീട്ടിൽ സ്ഥിരതാമസമായി. ഇപ്പോൾ വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് അവൾ..എല്ലാ കാര്യങ്ങളും വളരെ വിശ്വസ്തതയോടെ ചെയ്യും. ചെറുപ്പത്തിൽ ഒരു പനി വന്നു ഒരു കാല് തളർന്നുപോയി, എങ്കിലും ഒറ്റ കാലിൽ ഓടി നടന്നു പണികളെല്ലാം ചെയ്യും.. ജെറി എപ്പോഴും ഓരോന്ന് പറഞ്ഞ് അവളെ കളിയാക്കും.. അതിന് അപ്പാപ്പനും അമ്മാമ്മയും ജെറിയെ എന്നും വഴക്ക് പറയും.. എന്തിനും ഏതിനും തർക്കുത്തരമേ പറയൂ.. ഡാഡിയും മമ്മിയും കൂടെ ഇല്ലാത്തതുകൊണ്ട് അവന് ആരെയും പേടിയില്ല.. ഈ കുട്ടിയെ ഇനി ആരു പറഞ്ഞു നന്നാക്കുമോ ആവോ? അമ്മാമ്മ മുകളിലോട്ട് നോക്കി നെടുവീർപ്പിട്ടു. ജെറി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ബാഗും എടുത്ത് മുറ്റത്തേക്കിറങ്ങി.. അപ്പോഴേക്കും സ്കൂൾ ബസ്സ് വന്നു.

ബസ്സ് ഇറങ്ങി സ്കൂളിന്റെ പടിക്കെട്ടുകൾ കയറി ഉച്ചത്തിൽ ബഹളം വെച്ച് ജെറിയും കൂട്ടുകാരും ക്ലാസ്സിൽ കയറി. അപ്പോൾ സാം മാത്യു തലേദിവസം ബോർഡിൽ എഴുതിയിരുന്നത് മായ്ച്ചു കൊണ്ടിരിക്കുകയായിരുന്നു. മുകളിലത്തെ ലൈനിൽ എഴുതിയിരുന്നത് മായ്ക്കുവാൻ അവൻ വളരെ പാടുപെട്ടു.. കാരണം ആ ക്ലാസ്സിലെ ഏറ്റവും ഉയരം കുറഞ്ഞ കുട്ടിയാണ് സാം. എന്നാൽ പഠനത്തിൽ അതിസമർത്ഥനും. അവൻ ചെറുതായതുകൊണ്ട് അവനെ “സാമുണ്ട” എന്നാണ് ജെറിയും സംഘവും വിളിക്കുന്നത്. സാം വലിഞ്ഞു ബോർഡു മായ്ക്കുന്നത് കണ്ട് ജെറി ഉച്ചത്തിൽ ചിരിച്ചു.. എന്നിട്ട് കൂട്ടത്തിൽ ഉള്ളവരോട് പറഞ്ഞു..ടാ… ഒരു ഗോവണി എടുത്തു കൊണ്ട് കൊടുക്കടാ.. നമ്മുടെ സാമുണ്ടയ്ക്ക് “. ഇത് കേട്ട് ക്ലാസ്സിലെ പെൺകുട്ടികളടക്കം എല്ലാവരും ഉച്ചത്തിൽ ചിരിച്ചു.. അപ്പോഴാണ് ക്ലാസ്സ് ടീച്ചർ വർഗീസ് സാർ അങ്ങോട്ട് വന്നത്.

സൈലൻസ്… സൈലൻസ്.. “എന്താ ഇവിടെ ഇത്ര ബഹളം? സാർ തിരക്കി.. മാളവിക ഉണ്ടായ സംഭവം സാറിനെ പറഞ്ഞു കേൾപ്പിച്ചു.. സാർ എല്ലാ കുട്ടികളെയും ഒന്നു നോക്കിയിട്ട് ജെറിയോട് പറഞ്ഞു,
“ജെറി നീ ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് എന്നെ വന്ന് കാണണം”.. ജെറി തലയാട്ടി.

ജെറി വേഗം ഊണ് കഴിഞ്ഞ് സ്റ്റാഫ് റൂമിലെത്തി.. അവർ രണ്ടുപേരും അവിടെ അടുത്തുള്ള മരത്തിന്റെ ചുവട്ടിലെ ഒരു സിമന്റ് ബെഞ്ചിൽ ഇരുന്നു..

സാർ: ജെറിയുടെ വീട്ടിൽ ആരൊക്കെയുണ്ട്? ജെറി: അപ്പാപ്പനും അമ്മാമ്മയും ഗീതയും.. സാർ: ആരാണ് ഗീത? വീട്ടിലെ ജോലിക്കാരിയാ…

സാർ: ജെറിയെക്കാൾ മൂത്തതാണോ?

ജെറി: അതെ എന്നെക്കാൾ ഒരുപാട് വയസ്സിനു മൂത്തതാ.. സാർ: എന്നിട്ട് ജെറി അവരെ പേരാണോ വിളിക്കുന്നത്?

പിന്നെ..ജെറിയുടെ മാതാപിതാക്കൾ?

ജെറി: എന്റെ ഡാഡിക്കും മമ്മിക്കും കാനഡയിലാണ് ജോലി ഞാൻ കുഞ്ഞായിരുന്നപ്പോൾ അവർ പോയതാണ്…

സാർ: ഓ.. ശരി.. ശരി.. പിന്നെ ജെറിയെക്കുറിച്ച് ഞാൻ കേട്ടതെല്ലാം ശരിയാണോ? ജെറി എല്ലാവരോടും തർക്കുത്തരം പറയും, എല്ലാവരേയും കളിയാക്കും എന്നൊക്കെ..

ജെറി ഒന്നും മിണ്ടാതെ താഴെ നോക്കിയിരുന്നു.

ജെറി സാമിനോട് അങ്ങനെ സംസാരിച്ചത്, അവനെ എന്തുമാത്രം വേദനിപ്പിച്ചിട്ടുണ്ടാകും എന്ന് ജെറി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ദൈവപുത്രനായ യേശു കർത്താവിനെ യഹൂദന്മാർ കുറ്റം വിധിച്ച്, യേശുവിന് എതിരായി കള്ള സാക്ഷികളെക്കൊണ്ട് പറയിച്ചപ്പോഴെല്ലാം.. യേശു ഒരക്ഷരം പോലും മിണ്ടാതെ മൗനമായിരുന്നു.. യേശു കർത്താവിനു വേണമെങ്കിൽ അതെല്ലാം നിഷേധിക്കാമായിരുന്നു.. അല്ലെങ്കിൽ അതിനെല്ലാം തർക്കുത്തരം പറയാമായിരുന്നു.. പക്ഷേ പാപികളായ മനുഷ്യരുടെ രക്ഷയ്ക്കു വേണ്ടി, യേശു തന്നെത്താൻ താഴ്ത്തി മൗനമായിരുന്നു. ഞാൻ പറയുന്നത് ജെറിക്ക് മനസ്സിലാകുന്നുണ്ടോ?

സൺഡേ സ്കൂളിൽ പഠിച്ച കാര്യങ്ങൾ അവൻ്റെ മനസ്സിൽ കൂടി കടന്നുപോയി… അവൻ്റെ മനസ്സിൽ വല്ലാത്ത കുറ്റബോധം തോന്നി.. മറ്റുള്ളവരെ കളിയാക്കിയതും അവരോട് ബഹുമാനം ഇല്ലാതെ സംസാരിച്ചതും, ക്ലാസിലെ കുട്ടികളെ കളിയാക്കുന്നതും എല്ലാം ഓർത്തപ്പോൾ ജെറി പൊട്ടിക്കരഞ്ഞു. “സാർ”…എന്നോട് ക്ഷമിക്കണം.. ഞാൻ ഇനി ആരെയും വേദനിപ്പിക്കില്ല, ആരെയും കളിയാക്കില്ല”.. ഈ വാക്കുകൾ അവൻ്റെ ഹൃദയത്തിന്റെ ആഴത്തിൽ നിന്നും വന്നതാണെന്ന് സാറിന് മനസ്സിലായി. സാർ അവനെ ചേർത്തുപിടിച്ചു..

നല്ല സംസാരത്തിന് വേദപുസ്തകത്തിൽ പറയുന്ന വാക്ക് എന്താണെന്ന് കൂട്ടുകാർക്ക് അറിയാമോ?.. “വെള്ളിത്താലത്തിലെ പൊൻ നാരങ്ങ പോലെ” എന്ന് (സദൃശവാക്യങ്ങൾ:25:11). ഒരു വെള്ളിത്താലത്തിൽ സ്വർണ്ണ നിറമുള്ള ഒരു നാരങ്ങ ഇരുന്നാൽ എന്ത് രസമായിരിക്കും അല്ലേ?.. അതുപോലെ മനോഹരമായിരിക്കണം നമ്മുടെ വാക്കുകൾ.

നമ്മൾ പറയുന്ന ഓരോ വാക്കും ദൈവം കേൾക്കുന്നുണ്ട്.. മാത്രമല്ല അതിനു നമ്മൾ ദൈവസന്നിധിയിൽ കണക്ക് കൊടുക്കേണ്ടി വരും എന്ന് ബൈബിൾ പറയുന്നു.

“മനുഷ്യൻ പറയുന്ന ഏത് നിസ്സാര വാക്കിനും ന്യായവിധി ദിവസത്തിൽ കണക്ക് ബോധിപ്പിക്കേണ്ടി വരും” (മത്തായി.12:36.) അതുകൊണ്ട് മനോഹരമായി നമുക്ക് സംസാരിക്കാം. “നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണം”എന്ന് എല്ലാദിവസവും ദൈവത്തോട് പ്രാർത്ഥിക്കണം..

Facebooktwitterlinkedininstagramflickrfoursquaremail