വളരെ സന്തോഷത്തോടെ കളിച്ചു ചിരിച്ചുകൊണ്ടാണവർ അന്നും ഒരുമിച്ചു ഉറങ്ങാൻ പോയത്. ചിലർ ചേർന്ന് അവരെ കണ്ടെത്തുമ്പോഴും അവർ കെട്ടിപ്പുണർന്നു തന്നെയായിരുന്നു. ശ്വാസം നിലച്ചിരുന്നു എന്നു മാത്രം. തേയില തോട്ടത്തിലെ കഷ്ട്പ്പാടുകളിൽ നിന്നു ഏക മകളെയെങ്കിലും മോചിപ്പിക്കാൻ ആഗ്രഹിച്ചാണ് അവർ അവളെ നേഴ്‌സിംഗ് പഠിപ്പിച്ചത്. പഠനം കഴിഞ്ഞ് അവൾ യു.കെ യിൽ ജോലി ചെയ്യുമ്പോൾ വിചാരിച്ചു കാര്യമായി അപ്പനും അമ്മക്കും ഇതുവരെ ഒന്നും കൊടുത്തിട്ടില്ല. അതുകൊണ്ടു ഇത്തവണത്തെ അപ്പന്റെ ജന്മദിനം ആഘോഷിക്കണം. സമ്മാനങ്ങളും കൊടുത്ത് അപ്പന്റെ ജന്മദിനം ആഘോഷിച്ചു മടങ്ങുമ്പോൾ അവൾ വെറുതെ പോലും നിരൂപിച്ചിട്ടുണ്ടാകില്ല ഇതു അവൾ അപ്പനു കൊടുക്കുന്ന അവസാനത്തെ സമ്മാനമാണെന്ന്. കുത്തൊഴുക്കിൽ തകർന്ന വീടിന്റെ അവശേഷിച്ച തറയിൽ ഇരുന്ന് നൗഫൽ കണ്ണീർ ഒഴുക്കി. പതിനാറ് പേർ അടങ്ങിയ കുടുംബത്തിൽ ശേഷിക്കുന്നത് ഒരാൾ മാത്രം. ഒടുവിലായി ആ മുഖമൊന്നു കാണുക എന്നത് എല്ലാ മരണത്തിന്റെയും അവസാനമാകുമ്പോൾ ഇവിടെ അതിനും സാദ്ധ്യതകൾ മങ്ങി. തെളിഞ്ഞു നിന്നത് ചില ഡി എൻ എ നമ്പരുകൾ മാത്രം. ചരിത്രത്തിൽ ആദ്യമായി വയനാട് പുത്തുമലയിൽ ഡി എൻ എ നമ്പർ എഴുതിയ ശവക്കല്ലറകൾ ഉയർന്നു. കഥകൾ നാനൂറോളം കുടുംബത്തിന്റേതാണ്.

ഒരു വശത്ത് ഇത്രയേറെ സങ്കടക്കടൽ തിരയടിക്കുമ്പോൾ മറുവശത്ത്‌ പുര കത്തുമ്പോൾ വാഴ വെട്ടുന്നവരെപോലെ കുറേപേർ. ആളൊഴിഞ്ഞ വീടുകളിൽ നിന്നും ബാക്കിയുള്ളതും കൂടി കവർച്ച നടത്തിയവരും, അപ്പന്റെ ക്രെഡിറ്റ് കാർഡ് പിൻ നമ്പർ ഉപയോഗിച്ച് ക്രിപ്റ്റോ ട്രേഡിങ്ങ് ചെയ്ത് 75 ലക്ഷം നഷ്ടപ്പെടുത്തിയ പതിമൂന്നുകാരനും വ്യത്യസ്ത കഥാപാത്രങ്ങൾ തന്നെ. തങ്ങളുടെ ആരും ഇതിലൊന്നും പെട്ടില്ലല്ലോ എന്നു പറഞ്ഞു ആശ്വസിക്കുന്നവർ വേറെയും. ഈ ഭൂമി ഉരുണ്ടതല്ലേ അപ്പോൾ ഇതൊക്കെ സ്വാഭാവികം. ഇതൊന്നുമില്ലെങ്കിൽ പിന്നെ ഇവിടെ സ്വർഗ്ഗമാകുമായിരുന്നല്ലോ എന്നു ചിന്തിക്കുന്നവരും കുറവല്ല.
സ്തബ്ധരായി നിന്നു പോകുന്ന അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്. ഇവിടെ അതിനു ആക്കം കൂടുകയാണ്.

ഒരായുസ്സ് മുഴുവനും വാരിപിടിച്ചിരുന്നത് ഒക്കെ നൊടിയിടയിൽ മണ്ണിൽ അലിഞ്ഞു ചേർന്നു. സോദോം – ഗൊമോറെയെ നശിപ്പിക്കുമ്പോൾ ലോത്തിനെയും കുടുംബത്തെയും രക്ഷിച്ച ദൈവം പറഞ്ഞത് ഒരേ ഒരു കാര്യം മാത്രം. ‘തിരിഞ്ഞു നോക്കരുത്’. ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തിന്റെ വശങ്ങളിലെ കണ്ണാടിയിൽ കൂടെ പിന്നിലേക്കു നോക്കുമ്പോൾ ചില കാഴ്ചകൾ നാം കാണുന്നതുപോലെ ഇതിനെയും കാണേണ്ടതാണ്. ഒരു പുനരുജ്ജീവനം സാധ്യമാകും. മരണത്തിൽ പോലും ഒരു പ്രതീക്ഷ നൽകുന്ന പുസ്തകമാണ് ബൈബിൾ. ഏകദേശം 30000 വാഗ്ദാനങ്ങൾ നൽകുന്ന ഈ ഗ്രന്ഥത്തിലും ഈ ദൈവത്തിലും ആശ്രയം വെയ്ക്കുന്നവർക്ക് പുനരുജ്ജീവനം എന്നത് സാമൂഹീകമായും ആത്മീകമായും കരഗതമാക്കാവുന്നതാണ്. ഏറ്റവും വലിയ പ്രതീക്ഷയുടെ പേരാണ് ക്രിസ്തു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും എന്നു ക്രിസ്തു മൊഴി. നമുക്ക് ഈ പ്രകൃതിയോട് ചില കടപ്പാടുകൾ ഉണ്ട്. പ്രകൃതിയെ സംരക്ഷിക്കേണ്ട ചുമതലയും നമുക്കുണ്ട്. ചില മുന്നറിയിപ്പുകൾ അവഗണിക്കാതെ നോക്കാം. നമുക്കു ചുറ്റിലും നൽകിയിരിക്കുന്നതൊക്കെ സ്വത്താണ്. അതിന്റെ കാവൽക്കാർ മാത്രമാണ് നാം.

Facebooktwitterlinkedininstagramflickrfoursquaremail