അഡ്വ. സുസാന ജോർജ് രാജു BA LLB

എല്ലാ പുതുവർഷത്തിൻ്റെയും തുടക്കത്തിൽ, അല്ലെങ്കിൽ പരീക്ഷകൾക്ക് തൊട്ടുമുമ്പ്, “ലക്ഷ്യ ക്രമീകരണം” എന്ന വിഷയത്തിൽ വിദ്യാർത്ഥികൾ സെമിനാറുകളിൽ പങ്കെടുക്കാറുണ്ട്. ഈ പാഠങ്ങളിൽ നിന്നും ലഭിക്കുന്ന നുറുങ്ങുകളും വിദ്യകളും ഒക്കെ എത്രത്തോളം ജീവിതത്തിൽ പ്രാവർത്തികമാകുന്നുണ്ട്? ഇപ്പോഴും പരീക്ഷകൾക്ക് മുമ്പ് പാഠഭാഗം വേണ്ട നിലയിൽ പൂർത്തിയാക്കുവാൻ ബുദ്ധിമുട്ടുന്നില്ലേ? അല്ലെങ്കിൽ, ഭാവിയെ പറ്റി ആലോചിക്കുമ്പോൾ വല്ലാത്തൊരു ഭാരം അലട്ടുന്നില്ലേ? അങ്ങനെയെങ്കിൽ ഈ ലേഖനം താങ്കളെ തേടിയെത്തിയതാണ്.

ലക്ഷ്യ ക്രമീകരണങ്ങൾ തലച്ചോറിലെ ഡോപമീനെ (നല്ല ഹോർമോൺ) സജീവമാക്കുന്നു. ആ ലക്ഷ്യം പൂർത്തീകരിക്കുന്നത് തലച്ചോറിൽ ഡോപമീൻ്റെ കുതിച്ചുചാട്ടം സൃഷ്ടിക്കുന്നു. ഇത് സന്തോഷം, പ്രചോദനം, ഊർജ്ജസ്വലത എന്നീ വികാരങ്ങളിലേക്ക് നയിക്കുന്നു. തുടർന്ന് നൽകിയിരിക്കുന്ന നാല് ലളിതമായ ഘട്ടങ്ങളിലൂടെ നമുക്ക് അർത്ഥവത്തായ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സാധിക്കും:

1. ലക്ഷ്യത്തെ തിരിച്ചറിയുക (Identifying A Goal)

“തിരക്കുള്ളവരായിരിക്കുന്നതിൽ മാത്രം കാര്യമില്ല, ഉറുമ്പുകളും അങ്ങനെയാണല്ലോ. താങ്കൾ എന്തുകൊണ്ട് തിരക്കുള്ളവർ ആയിരിക്കുന്നു എന്നതിലാണ് കാര്യം” – ഹെൻറി ഡേവിഡ് തോറോ (അമേരിക്കൻ തത്ത്വചിന്തകൻ).

ലക്ഷ്യത്തെ തിരിച്ചറിയുക എന്നതാണ് പ്രഥമ ദൗത്യം. എന്തുകൊണ്ടാണ് ഇത് ഇത്രയധികം പ്രാധാന്യമർഹിക്കുന്നത്? നമ്മുടെ വ്യക്തിജീവിതത്തിൽ വളരെയധികം പ്രാധാന്യമുള്ള ലക്ഷ്യങ്ങൾ ക്രമീകരിക്കുമ്പോൾ, നമ്മുടെ മസ്തിഷ്കം അതിന്റെ തീരുമാനമെടുക്കുന്ന ഭാഗത്തെയും (Prefrontal cortex) വികാരങ്ങളെ രൂപപ്പെടുത്തുന്ന ഭാഗത്തെയും (Amygdala) തമ്മിൽ ബന്ധിപ്പിക്കുന്നു. ഇത്തരം ബന്ധങ്ങൾ ഉണ്ടാകുമ്പോൾ, നാം ചെയ്യുന്ന പ്രവർത്തികൾ നമ്മുടെ വികാരങ്ങളെയും മാനസികാവസ്ഥകളെയും പ്രചോദിപ്പിക്കും. അതിനാൽ, നമ്മുടെ പ്രവർത്തനങ്ങളിലൂടെ നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാനാകും.

2. ലക്ഷ്യം “പ്രവർത്തനക്ഷമമാക്കുക” (Make the Goal “Actionable”)

ജീവിതത്തിൽ നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ള മഹത്തായ ആശയങ്ങളായിരിക്കാം നമ്മുടെ മനസ്സിലുള്ളത്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ മനസ്സിൽ ഒരു ‘ലക്ഷ്യം’ ഉള്ളതുകൊണ്ട് മാത്രം കാര്യമില്ല. നാം അടുത്തഘട്ടത്തിലേക്ക് പ്രവേശിച്ചേ മതിയാകൂ… ഈ ആശയങ്ങളെ പ്രവർത്തനക്ഷമമാക്കുക. ലക്ഷ്യത്തെ പ്രവർത്തനക്ഷമമാക്കുവാനുള്ള ഒരു സമർത്ഥമായ (SMART) വഴി ഇതാ…

നിർദ്ദിഷ്‌ടത/ (S)PECIFIC


നമ്മുടെ ആശയങ്ങളെ നമ്മുടെ ജീവിതത്തിലെ തന്നെ വളരെ പ്രത്യേകമായ വിഷയങ്ങളായി കാണുക. ഉദാഹരണത്തിന് ഒരു ‘മികച്ച വിദ്യാർത്ഥി’ ആകണം എന്നതാണ് നമ്മുടെ ലക്ഷ്യമെങ്കിൽ, അതിനുവേണ്ടിയുള്ള ചില പ്രത്യേക സ്വഭാവ സവിശേഷതകൾക്കായി (കഠിനാoദ്ധ്വാനം) പ്രവർത്തിക്കുക.

അളക്കാനാവുന്നത്/ (M)EASURABLE


നമ്മുടെ നിർദ്ദിഷ്ട ലക്ഷ്യത്തെ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയുന്നവയാക്കി മാറ്റുക. ഒരു ആഴ്ചയിൽ നാം എത്ര മണിക്കൂർ സമയം പഠിച്ചു എന്നതിന് അനുസരിച്ച്, നമ്മുടെ കഠിനാദ്ധ്വാനത്തെ നമുക്ക് അളക്കാൻ സാധിക്കും.

കൈവരിക്കാൻ ആകുന്നവ /(A)TTAINABLE


നമ്മുടെ അളവുകോലിനെ വിലയിരുത്തി, അതിനെ കൈവരിക്കാനാവുന്ന ഒന്നാക്കി മാറ്റുക. ഒരു ദിവസം 12 മണിക്കൂർ സമയം പഠനം എന്നതാണ് നമ്മുടെ അളവുകോൽ എങ്കിൽ, അത് യഥാർത്ഥത്തിൽ സാധ്യമോ? എന്നത് പരിശോധിക്കുക. വിനോദങ്ങളിൽ ഏർപ്പെടുവാനുള്ള സമയം, കുടുംബത്തോടൊപ്പവും നമുക്ക് വേണ്ടിയും ചെലവഴിക്കാനുള്ള സമയം, ഇങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം വിലയിരുത്തി നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ സാധിക്കുന്ന ഒരു സമയത്തെ അളവ് കോലാക്കുക. എങ്കിൽ നമ്മുടെ ലക്ഷ്യം നമുക്ക് കൈവരിക്കാനാകും.


യാഥാർത്ഥ്യമായത് /(R)EALISTIC


നമ്മുടെ ലക്ഷ്യം യാഥാർത്ഥ്യമായിരിക്കണം. എങ്ങനെയെന്നാൽ നമ്മുടെ ലക്ഷ്യത്തിനായി ഒരു പ്രവർത്തന പദ്ധതി തയ്യാറാക്കണം. അത് നമ്മുടെ ലക്ഷ്യ പൂർത്തീകരണത്തിന് സഹായിക്കും. ഒരു ദിവസം നാലു മണിക്കൂർ പഠിക്കുവാൻ തീരുമാനിക്കുകയാണെങ്കിൽ, അതിനായി ഒരു പ്രത്യേക സമയം നാം മാറ്റിവയ്ക്കുന്നു എന്നത് ഉറപ്പുവരുത്തുക. ആ നാല് മണിക്കൂർ സമയം നിങ്ങൾക്ക് പഠിക്കാൻ ഒരു സ്ഥലം തയ്യാറാക്കുക. ഇങ്ങനെയുള്ള ലളിതമായതും യാഥാർത്ഥ്യമായതും ആയ പ്രവർത്തനങ്ങൾ നമ്മെ ലക്ഷ്യത്തിലേക്ക് എത്തിക്കുവാൻ സഹായിക്കുന്നതാണ്.


സമയാധിഷ്ഠിതമായത് /(T)IME-BASED


നാം സജ്ജീകരിക്കുന്ന ഓരോ ലക്ഷ്യത്തിനും ഒരു “കാലാവധി” ഉണ്ടായിരിക്കണം. “ഈ കാലയളവിൽ ഞാൻ എല്ലാ ദിവസവും 4 മണിക്കൂർ പഠിക്കും” – ഇങ്ങനെ ഒരു ലക്ഷ്യം ക്രമീകരിക്കുന്നതിന് പകരം “ഞാൻ ഒരു ആഴ്ചയിൽ എല്ലാ ദിവസവും 4 മണിക്കൂർ പഠിക്കും” എന്ന ലക്ഷ്യത്തിന് ഊന്നൽ നൽകാം. ഈ രീതിയിൽ ലക്ഷ്യത്തെ ചെറിയ ചെറിയ ഭാഗങ്ങളായി തിരിക്കുന്നത്, അതിനെ പിന്തുടരുന്നതിനും വിലയിരുത്തുന്നതിനും സഹായകമാകും.


3: മൂല്യനിർണ്ണയത്തിനും പ്രതികരണത്തിനും സ്ഥാനം നൽകുക (Provide For Evaluation and Feedback)


“ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയില്ലെന്ന് വ്യക്തമാകുമ്പോൾ, ലക്ഷ്യങ്ങൾ ക്രമീകരിക്കരുത്, പ്രവർത്തന നടപടികൾ ക്രമീകരിക്കുക.”- കൺഫ്യൂഷ്യസ് (ചൈനീസ് തത്ത്വചിന്തകൻ)
ഒന്നോ രണ്ടോ ആഴ്‌ചയ്‌ക്ക് ശേഷം മിക്ക ലക്ഷ്യങ്ങളും പരാജയപ്പെടുന്നത് ലക്ഷ്യം “വളരെയധികം”, അല്ലെങ്കിൽ പദ്ധതി “വളരെ കടുപ്പമാണ്”… എന്നിവ കൊണ്ടല്ല, വിലയിരുത്തലുകളും പ്രതികരണവും കൃത്യമായി നടക്കാത്തത് കൊണ്ടാണ്.


എല്ലാദിവസവും മാറിമറിയുന്ന നമ്മുടെ ജീവിതവുമായി നമ്മുടെ പദ്ധതികൾ പൊരുത്തപ്പെടണം. മാറിമറിയുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടുവാനും പ്രതികരിക്കുവാനുള്ള അത്ഭുതകരമായ ശേഷി മനുഷ്യ മസ്തിഷ്കത്തിനുണ്ട് (ന്യൂറോപ്ലാസ്റ്റിസിറ്റി). നാം നമ്മുടെ പദ്ധതികളെ തുടർച്ചയായി വിലയിരുത്തുകയും അതിനനുസരിച്ച് വേണ്ട മാറ്റങ്ങളെ നമ്മുടെ പ്രവർത്തനങ്ങളിൽ കൊണ്ടുവരികയും ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നു. നാഡീ വ്യവസ്ഥ കൂടുതൽ ശക്തിപ്പെടുന്നു, വിവരങ്ങൾ നിർണയിക്കാനുള്ള മസ്തിഷ്കത്തിന്റെ ക്ഷമത വർദ്ധിക്കുന്നു. ഇതേത്തുടർന്ന് സർഗാത്മകത, തീരുമാനനിർണയം, പ്രശ്നപരിഹാര ശേഷി ഇങ്ങനെയുള്ള കഴിവുകൾ കൂടുതൽ ഊർജ്ജസ്സ്വലമാകുന്നു.


അതിനാൽ, ഓരോ കാലാവധിക്ക് ശേഷവും നമ്മുടെ പ്രകടനങ്ങളെ കൃത്യമായി വിലയിരുത്തി, അതിനോട് വേണ്ട രീതിയിൽ പ്രതികരിച്ച്, പ്രവർത്തന പദ്ധതികളെ തയ്യാറാക്കുക.


ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. ശേഷം ആവശ്യമെങ്കിൽ താങ്കളുടെ പ്രവർത്തന പദ്ധതിക്കും, ലക്ഷ്യത്തിനും മാറ്റങ്ങൾ വരുത്തുക.

  • ഞാൻ ഈ പദ്ധതിയിൽ ഉറച്ചുനിൽക്കുന്നുണ്ടോ?
  • പദ്ധതിയിൽ എന്താണ് ഏറ്റവും എളുപ്പമായുള്ളത്?
  • പദ്ധതിയിൽ പിന്തുടരാൻ ബുദ്ധിമുട്ടുള്ളതെന്താണ്?
  • പദ്ധതിയിൽ ഇനി പ്രവർത്തിക്കാൻ സാധ്യതയില്ലാത്ത ചില വശങ്ങൾ ഏതൊക്കെയാണ്?
  • പദ്ധതിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എനിക്ക് എന്തൊക്കെ മാറ്റങ്ങൾ സ്വീകരിക്കാൻ ആകും?


4: സഹായത്തിനായി ദൈവത്തോട് അപേക്ഷിക്കുക (Ask God for Help)

ലക്ഷ്യം തീരുമാനിക്കുന്നതിനും നേടുന്നതിനുമുള്ള ഈ മുഴുവൻ പ്രക്രിയയിലെയും ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണിത്. നാം ദൈവത്തെ വിളിച്ചപേക്ഷിക്കുമ്പോൾ നമ്മെ സഹായിക്കുമെന്നും നമുക്ക് ജ്ഞാനം നൽകുമെന്നും നമ്മുടെ ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്. “നിങ്ങളിൽ ഒരുത്തന് ജ്ഞാനം കുറവാകുന്നുവെങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോട് യാചിക്കട്ടെ: അപ്പോൾ അവനെ ലഭിക്കും.” (യാക്കോ: 1:5).


നമുക്കുവേണ്ടി മികച്ച പദ്ധതികളെ ഒരുക്കുന്ന, നമ്മുടെ പ്രാർത്ഥനകളെ കേൾക്കുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ജീവിക്കുന്നു. ജ്ഞാനത്തിനായി അവിടുത്തെ സന്നിധിയിൽ ചാരുക. അങ്ങനെയെങ്കിൽ നമ്മുടെ പദ്ധതികളും ലക്ഷ്യങ്ങളും നമ്മെ ഭരിക്കുന്ന ‘യജമാനന്മാരായല്ല’, മറിച്ച് ദൈവനാമ മഹത്വത്തിനായി നമുക്ക് പ്രയോജനപ്പെടുന്ന ‘ഉപകരണങ്ങളായി’ രൂപപ്പെടും.