ദൈവത്തെ അറിയുവാനും ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുവാനും മനുഷ്യൻ എല്ലാ കാലത്തും ആഗ്രഹിക്കുന്നുണ്ട്. മനുഷ്യന് ലഭ്യമായിട്ടുള്ള അറിവുകൾ ഉപയോഗപ്പെടുത്തി നിരവധി അന്വേഷണങ്ങൾ കാലങ്ങളായി നടത്തിയിട്ടുണ്ട്. ഇന്നും അനേക വകഭേദങ്ങൾ ദൈവസങ്കൽപ്പത്തിന് പ്രചാരത്തിലുണ്ട്. ഇത്തരത്തിലുള്ള കണ്ടെത്തലുകളും നിഗമനങ്ങളുമാണ് മതപരമായ വിശ്വാസധാരകൾക്ക് അടിസ്ഥാനമായിത്തീർന്നത്. ഓരോരോ വിശ്വാസങ്ങളും ദൈവത്തെ വ്യത്യസ്തമായ രീതിയിലാണ് പരിചയപ്പെടുത്തുന്നത്. പരസ്പര വിരുദ്ധമായ സ്വഭാവ-ഗുണവിശേഷങ്ങളാണ് ഓരോ ദൈവസങ്കല്പങ്ങൾക്കും. ഈ ഒരു പ്രശ്‌നം നമ്മെ ശരിയായ ദൈവത്തിലേക്കുള്ള അന്വേഷണത്തിലേക്ക് നയിക്കുന്ന ആധികാരികമായ ഒരു ഉറവിടത്തെ കണ്ടെത്താൻ പ്രേരിപ്പിക്കുന്നു. അങ്ങനെ ആധികാരികമായ “ദൈവവചനം” എന്ന് വിശേഷിപ്പിക്കുന്ന ഒരു ഗ്രന്ഥമാണ് വിശുദ്ധ ബൈബിൾ.

ദൈവവും മനുഷ്യനുമായ ആശയവിനിമയത്തിന് ദൈവം തന്നെ മുൻകൈയെടുത്തുകൊണ്ടു തന്നെക്കുറിച്ചുതന്നെ നമുക്ക് വെളിപ്പെടുത്തിത്തന്ന വെളിപ്പാടുകളുടെ ഉറവിടമാണ് ബൈബിൾ.

മറഞ്ഞിരിക്കുന്ന ഒരു കാര്യം മറനീക്കി പുറത്ത് കൊണ്ടുവരുന്നതിനെയാണ് വെളിപ്പെടുത്തുക എന്ന് പറയുന്നത്. ദൈവത്തെക്കുറിച്ചു – ദൈവത്തിന്റെ ആസ്തിക്യം, സ്വഭാവം, പ്രവർത്തന വിധങ്ങൾ ഇത്യാദി – മനുഷ്യൻ അറിഞ്ഞിരിക്കേണ്ട വസ്തുതകളെക്കുറിച്ച് എഴുതിയിരിക്കുന്നതിനാൽ എഴുതപ്പെട്ട ദൈവിക വെളിപാടുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

ദൈവത്തെക്കുറിച്ച് വിവിധ രൂപത്തിലുള്ള വെളിപാടുകൾ മനുഷ്യന് ഇന്ന് ലഭ്യമാണ്.

പ്രപഞ്ചം/പ്രകൃതി

ദൈവം ഭൗതിക പ്രപഞ്ചത്തിന് അതീതനായതുകൊണ്ടു ഭൗമീക മണ്ഡലത്തിൽ ജീവിക്കുന്ന മനുഷ്യന് ദൈവത്തെ കാണുവാനോ പൂർണമായി മനസിലാക്കുവാനോ കഴിയുന്നില്ല.

എന്നാൽ ദൈവത്തെക്കുറിച്ച് പ്രാഥമികമായ ചില അറിവുകൾ നമുക്ക് പ്രപഞ്ചത്തിൽ നിന്നും ലഭിക്കുന്നുണ്ട്.
“ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു” (റോമർ 1:19-20)

സൃഷ്ടാവും പരിപാലകനും നിയമദാതാവും ജീവന്റെയും ശക്തിയുടെയും ഉറവിടവും സകലത്തിന്റെയും ആദികാരണവുമായ ഒരു ദൈവത്തിലേക്ക് പ്രപഞ്ചം വിരൽ ചൂണ്ടുന്നു. ദൈവത്തിന്റെ ബുദ്ധിവൈഭവത്തെയും സ്വഭാവത്തെയും പ്രകൃതി വെളിപ്പെടുത്തുന്നു.

സൃഷ്ടിയിലൂടെ ദൈവത്തിന്റെ മഹത്വം വെളിപ്പെടുന്നു. “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.” (സങ്കീർത്തനങ്ങൾ 19:1)

“എങ്കിലും അവൻ നന്മചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തുപോന്നതിനാൽ തന്നെക്കുറിച്ചു സാക്ഷ്യം തരാതിരുന്നിട്ടില്ല.” (അപ്പോസ്തല പ്രവർത്തികൾ 14:17). “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.” (മത്തായി 5:45). പ്രകൃതിയിലൂടെ ലഭിക്കുന്ന നന്മ ദൈവത്തിന്റെ കരുതലും പരിപാലനവും വെളിപ്പെടുത്തുന്നു.

ഈ അറിവുകൾ എല്ലാ മനുഷ്യർക്കും പ്രകൃതിയുടെ വെളിപ്പെടുത്തപ്പെട്ടുകിട്ടുന്നവയാണ്. ഇത് കൂടാതെ ദൈവം താൻതന്നെ മുൻകൈയെടുത്തു മനുഷ്യർക്ക് തന്നെക്കുറിച്ചു വെളിപ്പെടുത്തിയിട്ടുള്ള രണ്ടു പ്രധാന മാർഗ്ഗങ്ങളാണ് യേശുക്രിസ്തുവും ബൈബിളും.

യേശുക്രിസ്തു – ജഡത്തിലുള്ള വെളിപ്പാട്

അദൃശ്യനും അപരിമേയനുമായ ദൈവത്തെ മനുഷ്യരൂപത്തിൽ വെളിപ്പെടുത്തിയ വ്യക്തിയാണ് യേശുക്രിസ്തു.ദൈവത്വവും മനുഷ്യത്വവും ഒരുപോലെ യേശുക്രിസ്തുവിൽ സമ്മേളിച്ചിരിക്കുന്നു. ഈ ഗുണങ്ങൾ എല്ലാം പൂർണമായ അളവിൽ യേശുക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ സ്വഭാവവും ജ്ഞാനം, സ്നേഹം, കരുണ, വിശുദ്ധി, നീതി തുടങ്ങിയ ഗുണഗണങ്ങളും, ദൈവിക തീരുമാനങ്ങളും പദ്ധതികളും യേശുക്രിസ്തുവിന്റെ വാക്കുകളിലും പ്രവർത്തിയിലും വെളിപ്പെട്ടു.

“ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു” (യോഹന്നാൻ 1:18)

“എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” (യോഹന്നാൻ 14:9)

“ഞാനും പിതാവും ഒന്നാകുന്നു” (യോഹന്നാൻ 10:30)

ബൈബിൾ – എഴുതപ്പെട്ട വെളിപ്പാട്

ബൈബിൾ സമ്പൂർണ്ണമായും ദൈവിക വെളിപ്പാടാണ്. പടിപടിയായി പുരോഗമനാത്മകമായി ദൈവം തന്നെകുറിച്ചുള്ള കാര്യങ്ങൾ മനുഷ്യനോട് അറിയിച്ചുകൊണ്ടിരുന്നു. അതിനായി നിരവധി പ്രവാചകന്മാരെ ദൈവം ഉപയോഗിച്ചു. ഇവരെല്ലാം ദൈവനിയോഗം പ്രാപിച്ചുകൊണ്ടു ദൈവം നൽകിയ പ്രേരണയ്ക്ക് അനുസരിച്ചു അവ എഴുതിവെച്ചു. അതുകൊണ്ട് ബൈബിളിനെ ദൈവവചനം എന്ന് വിളിക്കുന്നു. ഇങ്ങനെ ദൈവവചനം രേഖപ്പെടുത്തുന്നതിന് മനുഷ്യർക്ക് ലഭിച്ച ദൈവിക പ്രേരണയ്ക്കും നിയന്ത്രണത്തിനും ദൈവനിശ്വസ്‌തത എന്ന് പറയുന്നു. എന്ത് എഴുതണം എന്നും ഏതുരീതിയിൽ എഴുതണം എന്നും എല്ലാം ദൈവം തന്നെ പ്രേരണ നൽകുകയും എഴുത്തുകാരുടെ മനസിനെ നിയന്ത്രിക്കുകയും ചെയ്തുകൊണ്ട് ആദ്യം മുതൽ അവസാനംവരെയുള്ള പുസ്തകങ്ങളുടെ രചനയ്ക്ക് പിന്നിൽ പ്രവർത്തിച്ച ദൈവത്തിന്റെ ആത്മാവിന്റെ വ്യാപാരം ബൈബിൾ ആധികാരികമായ ദൈവവചനമാണ് എന്നതിനെ ഉറപ്പിക്കുന്നു.

“ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു” (എബ്രായർ 1:1).

“എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ” (2തിമൊ, 3:16).

“തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്നു ആദ്യം തന്നേ അറിഞ്ഞു കൊള്ളേണം. 21 പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.” ( 2 പത്രോസ് 1:20-21)

ബൈബിളിലെ പുസ്തകങ്ങൾ എല്ലാം തന്നെ ദൈവം നേരിട്ട് സംസാരിച്ച വെളിപ്പാടുകളാണ്, ആ അർത്ഥത്തിൽ ദൈവശ്വാസീയ തിരുവെഴുത്തുകൾ എന്ന് വിളിക്കുന്നു.