ഒരു തോട്ടത്തിന്റെ ഉടമസ്ഥന് ധാരാളം സന്തോഷം ഉണ്ടാക്കുന്ന രണ്ടു സന്ദർഭങ്ങൾ ഉണ്ട്. ഒന്ന്, മരങ്ങൾ പുഷ്പിച്ച് തോട്ടം മുഴുവനും മനോഹരമായി പ്രത്യക്ഷപ്പെടുന്ന സന്ദർഭം. രണ്ട്, കായ്കൾ പഴുത്ത് പാകമാക്കുന്ന സന്ദർഭം.

അതുപോലെ ആത്മീകജീവൻ പ്രാപിച്ച വിശ്വാസി, ദൈവകൃപ അനുഭവിക്കുന്ന അവസ്ഥയും അവൻ പ്രാപിച്ച കൃപ ആത്മീകഫലങ്ങളായി രൂപാന്തരപ്പെടുന്ന അവസ്ഥയും എന്നിങ്ങനെ രണ്ട് സന്ദർഭങ്ങൾ ഓരോ വിശ്വാസിയുടെ ജീവിതത്തിലും ഉണ്ട്.

ഫലം പുറപ്പെടുവിക്കണമെങ്കിൽ ഓരോ കൊമ്പും മുന്തിരിവള്ളിയിൽ വസിക്കേണം, വർദ്ധിച്ചുകൊണ്ടേയിരിക്കണം. അത്മാവിന്റെ ഫലം സ്നേഹമാണ് (ഗലാ:5:22,23). അത്മാവിന്റെ ഫലം എങ്ങനെയാണ് പ്രവൃത്തിപദത്തിൽ കൊണ്ടുവരേണ്ടത് ? (റോമ:12:1, 2). ഈ വചനപ്രകാരം ബോധപൂർവ്വം നമ്മെത്തന്നെ തുടർമാനമായി പരിശുദ്ധാത്മ നിയന്ത്രണത്തിനായി സമർപ്പിച്ചു കൊണ്ടേയിരിക്കുക. ആത്മാവിന്റെ ഫലം പുറപ്പെടുവിക്കുവാൻ വിശ്വാസത്തോടെ പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുക.

സ്നേഹം:

ഉപാധി കൂടാതെ, അപരൻ ആര് തന്നെയായാലും അദ്ദേഹത്തിന്റെ ഗുണത്തിനായി ബലിയായിത്തീരുന്നതാണ് സ്നേഹം (റോമ:5:8).

ദൈവസ്നേഹം (Agape): ഗുണവാനല്ലാത്ത മറ്റൊരാൾക്ക് വേണ്ടി സ്വയം ബലിയായിത്തീരുന്നതാണ് അതിന്റെ അത്യുച്ചകോടി. ക്രിസ്തുവിന്റെ സ്നേഹം. എന്തു ചെയ്യുന്നു, ചെയ്യുന്നില്ല എന്ന് 1. കൊരി 13 -ൽ നാം വായിക്കുന്നു.

സന്തോഷം:

ജീവിതത്തിലെ ഏത് സാഹചര്യമായാലും ദൈവാശ്രയത്തിലും സഖിത്വത്തിലും സ്വർഗ്ഗം അനുഭവിക്കുമ്പോൾ ഉണ്ടാകുന്ന ആന്തരീകാനുഭവമാണ് ക്രിസ്തീയ സന്തോഷം (ഫിലി : 4: 4 – 7). ക്രിസ്തീയ സന്തോഷത്തിന്റെ അടിസ്ഥാനം ദൈവകൃപയാണ്. ആനന്ദം ഒരു സന്ദർഭത്തോട് ബന്ധപ്പെട്ട് ഉണ്ടാകുന്നതാണെങ്കിൽ, സന്തോഷം എപ്പോഴും തുടരുന്നതാണ്.

സമാധാനം:

യഥാർത്ഥ സമാധാനത്തിന്റെ ദാതാവ് ദൈവമാണ്. ഏതവസ്ഥയിലും യാതൊരു നിരാശയും വ്യാകുലതയും ഇല്ലാതെ, ബാഹ്യവും ആന്തരികവുമായ സ്വസ്ഥത അനുഭവിക്കുന്നതാണ് സമാധാനം. സമാധാനം പ്രാപിക്കണം (യോഹ:14;27), അനുഭവിക്കണം (2. കൊരി : 13: 11), ഉണ്ടാക്കണം (മത്താ: 5:9), ആശിക്കണം (2. പത്രോ:3:14), പ്രസംഗിക്കണം (എഫെ:6:15,16).

ദീർഘക്ഷമ:

വിവരങ്ങൾക്കോ, പ്രവർത്തനങ്ങൾക്കോ ഇടം നല്കുന്നതിനു മുമ്പ് മനസ്സിനെ ദീർഘമായി നിയന്ത്രിച്ച് നിറുത്തുന്നതിനെയാണ് ദീർഘക്ഷമ എന്ന് പറയുന്നത്.

ദയ:

ഒരുവന്റെ നിസ്സഹായവസ്ഥയിൽ അവൻ ചെയ്യുന്ന ക്രിയാത്മകമായ, രചനാത്മകമായ അനുകമ്പയ്ക്ക് ദയ എന്നു പറയാം. ലോകത്തോടുള്ള ബന്ധത്തിൽ നമ്മുടെ ഉത്തരവാദിത്തം വെളിപ്പെടുത്തുന്ന വിഷയമാണ് ദയ. ഒരുവന് ദൈവം തന്നിട്ടുള്ള സ്രോതസ്സുകൾ, നന്മകൾ എന്നിവ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കു കൂടെ പ്രയോജനപ്പെടുത്തുമ്പോൾ ദയ പ്രതിഫലിക്കുന്നു. പ്രതിഫലേച്ഛയില്ലാതെ, പ്രതികാരമനോഭാവമില്ലാതെ രഹസ്യമായി ദയ കാണിക്കേണം.

പരോപകാരം:

ദയയിൽ നിന്ന് ഉത്ഭവിക്കുന്ന സൽപ്രവൃത്തിയാണ് പരോപകാരം. നന്മ, ലോകത്തിൽ ദൈവം നമ്മെ ആക്കിവെച്ചിരിക്കുന്നതിന്റെ ഒരു പ്രധാന ഉദ്ദേശമാണ് നന്മ ചെയ്യുക എന്നത് (ഗലാ:6:10). നന്മ വാങ്ങുവാനുള്ളതല്ല, കൊടുക്കുവാനുള്ളതാണ്.

വിശ്വസ്ഥത:

ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവത്തോടും മനുഷ്യനോടും നമുക്കുള്ള കടപ്പാടുകളിൽ ആത്മാർത്ഥവും സത്യസന്ധവുമായി നാം പുലർത്തുന്ന മാനസികാവസ്ഥയെ വിശ്വസ്തത എന്നു വിളിക്കാം.

സൗമ്യത:

എന്നും പഠിക്കാനുള്ള മനോഭാവം (മത്താ:11:28). പ്രകോപനം ഉണ്ടാകുന്ന ഏതവസ്ഥയിലും ശാന്തമായിരിക്കുക. മറ്റുള്ളവരെ തന്നെക്കാൾ ശ്രേഷ്ഠനെന്ന് എണ്ണുന്നതാണ് താഴ്മ (ഫിലി: 2:3).

ഇന്ദ്രിയജയം:

പാപപ്രകൃതിക്ക് എതിരായും ദൈവപ്രമാണത്തിന് അനുകൂലമായും ദൈവമക്കൾ തങ്ങളെത്തെന്നെ നിയന്ത്രിക്കുന്നതിന് ഇന്ദ്രിയജയം എന്നു പറയാം (1.യോഹ:3:3,4).

  • ഭക്ഷണപാനീയങ്ങളുടെ മേൽ നിയന്ത്രണം (ദാനി:1:18).
  • വിവാഹേതര ലൈംഗികവികാരങ്ങളുടെ മേൽ നിയന്ത്രണം (ഉല്പ:39:1)
  • ചിന്തകളുടെ മേൽ നിയന്ത്രണം (2.കൊരി:10:5)
  • ആകുലചിന്തകളുടെ മേൽ നിയന്ത്രണം (ഫിലി:4:6)

ഫലം കായിക്കുന്നതിന്റെ വ്യവസ്ഥകൾ

  • ക്രിസ്തുവിൽ വസിക്കുക (യോഹ:15:4): വ്യക്തിപരമായ വചനധ്യാനത്തിലൂടെയും പ്രാർത്ഥനയിലൂടെയും നാം ക്രിസ്തുവിൽ വസിക്കുന്നു.
  • ആറ്റരികത്ത് നിൽക്കുക (സങ്കി:1:3) : ദൈവവചനമെന്ന ആറ്റരികെ നില്ക്കണം. വചനം രാവും പകലും ധ്യാനമാക്കുന്ന മറ്റുള്ളവർക്ക് തണലേകുന്ന ഒരു ഭക്തന്റെ ജീവിതമാണ് ഈ ഫലവൃക്ഷം.
  • ചെത്തി വെടിപ്പാക്കുക (യോഹ:15:2): ശോധനയിലൂടെ കടക്കുന്ന വിശ്വാസിയാണ് അധികം ഫലം പുറപ്പെടുവിക്കുന്നത്.

ഫലം കായിക്കുന്ന വിധങ്ങൾ:

  • യേശുക്രിസ്തുവിൽ നീതിഫലം നിറഞ്ഞവരാകേണം (ഫിലി: 1:11)
  • സകലപ്രവൃത്തിയിലും ഫലം കായിക്കുക (കൊലോ:1:10)
  • അധരഫലം എന്ന സ്തോത്രയാഗം (എബ്രാ:13:15)
  • സുവിശേഷവേലയിൽ സാമ്പത്തിക പങ്കാളിത്തം വഹിക്കുക . നിങ്ങളുടെ കണക്കിലേക്ക് ഏറുന്ന ഫലം (ഫിലി: 4:14, 15)
  • എന്റെ വേലയ്ക് ഫലം: മറ്റുള്ളവരുടെ ആത്മരക്ഷയ്ക്കും വിശ്വാസത്തിന്റെ അഭിവൃദ്ധിക്കും.