ഇക്കഴിഞ്ഞ അദ്ധ്യാപകദിനത്തിൽ അദ്ധ്യാപകൻ വിദ്യാർത്ഥികളിൽ നിന്നും ക്രൂരമർദ്ദനം നേരിട്ടു. കണ്ണൂർ പള്ളിക്കുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. പരീക്ഷയ്ക്ക് എത്തിയ രണ്ട് പ്ലസ് ടൂ വിദ്യാർത്ഥികൾ ക്ലാസ്സിൽ കയറാതെ പുറത്ത് നില്ക്കുന്നത് കണ്ടപ്പോൾ അവരോട് ക്ലാസ്സിൽ കയറാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകന് മർദ്ദനമേറ്റത്. കുട്ടികൾ ഇത്തരത്തിൽ അക്രമാസക്തരാകുന്ന പ്രവണത വർദ്ധിച്ച് വരികയാണ്. കുട്ടികൾ ഇടയ്ക്കിടെ വഴക്കിടുന്നത് സാധാരണമാണ്. കുട്ടികൾ തമ്മിൽ വഴക്ക് കൂടുന്നതും തല്ലുന്നതും സ്വഭാവികമാണ് എങ്കിലും കുട്ടികൾ അക്രമാസക്തരാകുന്നത് നിസാരമായി കാണരുത്. മാതാപിതാക്കൾക്ക് നിയന്ത്രിക്കുവാൻ കഴിയാത്ത സാഹചര്യങ്ങളിലേക്ക് കുട്ടികൾ മാറുന്നത് വളരെ ഗൗരവമായി നാം കാണേണ്ടതുണ്ട്. നിയന്ത്രണാതീതമായ കോപത്തിന് അടിമകളാകുന്ന ഇത്തരം കുട്ടികൾ ക്രൂരത കാണിക്കുവാൻ മടിക്കുന്നില്ല. സ്വയം നിയന്ത്രിക്കുവാൻ കഴിയാതെ വരുമ്പോൾ എന്ത് അക്രമവും കാട്ടുവാൻ അവർ തയ്യാറാകുന്നു.

ആത്മനിയന്ത്രണം എന്നത് ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും പാലിക്കേണ്ടതാണ്. അത് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രകടമാകേണം. ഇന്ന് സംഭവിക്കുന്ന പല അക്രമങ്ങളുടെയും പ്രശ്നങ്ങളുടെയും കാരണം ആത്മനിയന്ത്രണം ഇല്ലാത്തതാണ്. ആർക്കും ആരെയും അക്രമാസക്തരാക്കാനോ പ്രകോപിപ്പിക്കാനോ സാധിക്കില്ല. ഒരു വ്യക്തി കേൾക്കുന്ന കാര്യങ്ങളുടെയോ കാണുന്ന കാഴ്ചകളുടെയോ അടിസ്ഥാനത്തിൽ അവനിൽ ഉണ്ടാകുന്ന പ്രതികരണമാണ് മിക്കപ്പോഴും പ്രകോപനമായി മാറുന്നത്. ഒരു പൊട്ടിത്തെറിയിലൂടെ മറ്റുള്ളവരോട് രോഷാകൂലരാകുമ്പോൾ സമാധാനിക്കുന്നവരാണ് ഇക്കൂട്ടർ. എന്തുകൊണ്ട് പ്രകോപിതനായി എന്നു തിരിച്ചറിഞ്ഞാൽ തന്നെ ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്തുവാനാകും. നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നമ്മളിൽ തന്നെയാണ്. എന്നിട്ടും നാം പലപ്പോഴും അക്രമാസക്തരാകുന്നു. സ്വയം തിരിച്ചറിയുവാൻ കഴിയാതെ പോകുന്നതു കൊണ്ടാണ് ആത്മനിയന്ത്രണം നഷ്ടമാകുന്നത്.

ദൈവമുമ്പാകെ വിശ്വസ്തരായി നിലനില്ക്കേണ്ടതിന് ആത്മനിയന്ത്രണം ഒരു പ്രധാന ഘടകമാണ്. ചിട്ടയായ ദൈവവചനപഠനവും പ്രാർത്ഥനാജീവിതവും അതിന് ഏറെ നമ്മെ സഹായിക്കും. പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വിഷയങ്ങളെ അഭിമുഖീകരിക്കുമ്പോൾ മനസ്സിനെ നിയന്ത്രിക്കുവാനും ശാന്തരാകുവാനും ദൈവവചനം നമ്മെ സഹായിക്കും. ഏതു സാഹചര്യത്തിലും നമ്മെ ശക്തരായി നിർത്തുവാൻ ദൈവത്തിനു കഴിയും. ആത്മനിയന്ത്രണം അന്യമായതുകൊണ്ട് പരാജയം ഏറ്റു വാങ്ങിയവർ ഏറെയാണ്. നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ (മത്താ:5:44) എന്നു പറഞ്ഞ ഗുരുവിന്റെ വാക്കുകളെ മറന്നു പോയ പത്രോസിന് ഒരു വേള തന്റെ നിയന്ത്രണം നഷ്ടപ്പെട്ടിട്ട് താൻ അപരന്റെ കാത് അറുത്തുകളഞ്ഞു. ആത്മ നിയന്ത്രണം ഇല്ലായ്മ അപകടം ക്ഷണിച്ചു വരുത്തും. ഇത് തിരിച്ചറിഞ്ഞ പത്രോസ് നമ്മെ പ്രബോധിപ്പിക്കുന്നത് തന്റെ ലേഖനത്തിലൂടെയാണ്. നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞ് ചുറ്റിനടക്കുന്നു (1. പത്രോസ്: 5:8). നമ്മുടെ വിശ്വാസജീവിതത്തെ തകർക്കുവാൻ പരിശ്രമിക്കുന്ന സാത്താന്റെ എല്ലാ തന്ത്രങ്ങളെയും ആത്മനിയന്ത്രണത്തോടെ നാം നേരിടേണ്ടതുണ്ട്. ക്രിസ്തുവിലുള്ള വിശ്വാസത്താൽ നമുക്ക് അതിനെ ജയിക്കാനാകും. നാം സാത്താന്റെ കൈകളിലെ ആയുധമാകരുത്.

Facebooktwitterlinkedininstagramflickrfoursquaremail