മനുഷ്യന് ദൈവം നല്കിയ അമൂല്യമായ സമ്മാനമാണ് ദൈവവചനം. അറുപത്തിയാറ് പുസ്തകങ്ങൾ അടങ്ങിയ ബൈബിളിന്റെ കേന്ദ്രവിഷയം കർത്താവായ യേശുക്രിസ്തുവാണ്. മനുഷ്യശ്രദ്ധ ഇത്രയധികം സ്വാധിനിച്ച ദൈവവചനത്തിന്റെ എഴുത്തുകാർ, സാഹചര്യങ്ങൾ, എഴുതിയകാലം എന്നിവ വൈവിധ്യം നിറഞ്ഞതാണ് എങ്കിലും ഇതിലെ പ്രതിപാദനരീതി ഈ പുസ്തകത്തെ മറ്റെല്ലാ ഗ്രന്ഥങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. മൃഗത്തിന് പുൽത്തകിടിപോലെയും മനുഷ്യന് വീട് പോലെയും പക്ഷിക്കു കൂടുപോലെയും മത്സ്യത്തിന് നദിപോലെയുമാണ് വിശ്വസിക്കുന്ന ആത്മാക്കൾക്ക് തിരുവചനം എന്ന് മാർട്ടിൻ ലൂഥർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
വേദപുസ്തകം ദൈവശ്വാസീയമാണ്. ദൈവം മനുഷ്യനോടു സംസാരിച്ച അരുളപ്പാടുകളും ആലോചനകളുമാണ് അതിൽ ആലേഖനം ചെയ്തിരിക്കുന്നത്. സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നതും മനുഷ്യർ ദൈവാത്മനിയോഗം പ്രാപിച്ച് 1600 വർഷങ്ങൾ കൊണ്ട് നാല്പതോളം എഴുത്തുകാരാൽ എഴുതിയ ബൈബിൾ, ക്രൈസ്തവരെ മാത്രമല്ല സമൂഹത്തിലുള്ള എല്ലാവരെയും സ്വാധിനിക്കുവാൻ കഴിഞ്ഞിട്ടുള്ള സത്യവചനമാണ്. ദൈവവചനപാരായണത്തിന്റെയും പഠനത്തിന്റെയും പ്രാധാന്യത നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ദൈവവചനപഠനത്തിന്റെ അനിവാര്യതയെക്കുറിച്ച് നാം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.
ദൈവവചനം പഠിക്കാനുള്ളതല്ല, പ്രായോഗികമാക്കാനുള്ളതാണ് എന്ന് ചിലരെങ്കിലും പറയുന്നത് കേൾക്കാറുണ്ട്. ദൈവ വചനം പ്രായോഗികമാക്കണമെങ്കിൽ അത് കൃത്യമായി വായിക്കുകയും ക്രമീകൃതമായി പഠിക്കുകയും വേണം. അതിന് അധികം സമയം വിനിയോഗിക്കുകയും സാദ്ധ്യമായ എല്ലാ സാഹചര്യങ്ങളും ഉപയോഗപ്പെടുത്തുകയും വേണം. പ്രായഭേദമെന്യേ എല്ലാവർക്കും ദൈവവചനം വായിക്കുവാനും പഠിക്കുവാനും ഉള്ള ധാരാളം അവസരങ്ങൾ ഇന്നു നമുക്ക് മുമ്പിൽ ദൈവം തുറന്നു തന്നിട്ടുണ്ട്. എല്ലാ നന്മകളും സുഖസൗകര്യങ്ങളും ഉണ്ടായിട്ടും ജീവിതത്തിൽ വേണ്ടത്ര സന്തോഷവും സമാധാനവും അനുഭവിക്കാൻ സാധിക്കാതെ പോകുന്നതിന്റെ പ്രധാന കാരണം ദൈവവചനത്തെ അംഗീകരിക്കുവാനും വചനത്തോട് ക്രിയാത്മക സമീപനം പുലർത്തുവാൻ കഴിയാതിരിക്കുന്നതുമാണ്. ദൈവവചനത്തിൽ സന്തോഷിക്കുവാൻ കഴിയുന്നവർക്ക് സംതൃപ്തിയുള്ള ജീവിതം നയിക്കാനാകും. ദൈവത്തിന്റെ വചനം കേവലം അക്ഷരങ്ങളല്ല, അത് മാനുഷികവുമല്ല. മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ട് എഴുതിയതും സംസാരിച്ചതുമാണ് (1 പത്രോ: 1: 30,31). അവിടുത്തെ വചനം കാലിനു ദീപവും പാതക്കു പ്രകാശവുമാണെന്ന് സങ്കീർത്തനക്കാരൻ പറയുന്നു (സങ്കീ: 119:105). നമ്മുടെ ഓരോ ചുവടുകളെയും പ്രകാശപൂരിതമാക്കുന്ന ഈ വചനം നമ്മുടെ ജീവിതത്തോട് ചേർത്തു പിടിക്കാം.