അസാധാരണമായ ജ്ഞാനത്തിന്റെയും ധൈര്യത്തിന്റെയും ഒരു ആവിഷ്ക്കാരമാണ് ബൈബിളിലെ അബീഗയിൽ എന്ന സ്ത്രീ. വിവേകത്തിന്റെയും കൃപയുടെയും ഒരു ഉത്തമ ഉദാഹരണമായി അവളെ ചിത്രീകരിച്ചിരിക്കുന്നു. ശമൂവേലിന്റെ ഒന്നാം പുസ്തകത്തിലാണ് അവളുടെ ജ്ഞാനത്തെയും മനസ്സാന്നിധ്യത്തെയുംക്കുറിച്ച് വിവരിച്ചിരിക്കുന്നത്. പ്രതികൂലത്തിന്റെയും ഭീതിയുടെയും ആശങ്കയുടെയും മധ്യേ അബീഗയിലിന്റെ ജ്ഞാനം, പ്രത്യാശയുടെയും പ്രശ്നപരിഹാരത്തിന്റെയും സമാധാനത്തിന്റെയും ഒരു മാർഗ്ഗനിർദേശമായി മാറി.
സമ്പന്നനെന്നാലും നിഷ്ഠൂരനും ബുദ്ധിഹീനനുമായ നാബാൽ എന്ന വ്യക്തിയുടെ ഭാര്യയായാണ് നാം അബീഗയിലിനെ ആദ്യം കാണുന്നത്. വളരെ അത്യാവശ്യഘട്ടത്തിൽ ദാവീദും അവന്റെ ആളുകളും നാബാലിനെ സമീപിച്ചപ്പോൾ ക്രൂരതയോടുകൂടെ അവരെ ആട്ടിപ്പായിക്കുകയാണ് നാബാൽ ചെയ്തത്. അതും നാബാലിനെ വളരെ ആപത്ഘട്ടത്തിൽ സഹായിച്ച ആളുകളോട് തന്നെയാണ് ഇത് ചെയ്തതെന്നും ഓർക്കണം. നാബാലിന്റെ ഈ അവഗണന ദാവീദിന്റെ ഉള്ളിലെ കോപത്തെ ഉണർത്തി. നാബാലിന്റെ കുടുംബത്തോട് ഒന്നടങ്കം പ്രതികാരം ചെയ്യുവാൻ ദാവീദ് മനസ്സിൽ നിശ്ചയിച്ചു.
ഈ അവസരത്തിൽ വരാൻ പോകുന്ന അപകടത്തെ മുൻകണ്ടുകൊണ്ട് നാബാലിന്റെ ഭാര്യയായ അബീഗയിൽ വളരെ ശ്രദ്ധാപൂർവ്വം, ചിന്തയോടെ നീങ്ങി. തന്റെ ഭർത്താവിന്റെ ബുദ്ധിഹീനത വരുത്തുവാൻ പോകുന്ന വിനാശത്തെ മുൻകണ്ടുകൊണ്ട് അവൾ വളരെ ബുദ്ധിപൂർവ്വം കരുക്കൾ നീക്കി. അവളുടെ അവശ്വസിനീയമായ ജ്ഞാനവും ധീരതയും വളരെ വേഗം പ്രവർത്തനനിരതമായി. ദാവീദിനെ വഴിമധ്യേ സന്ധിച്ച അവൾ, അവനെ അനുനയിപ്പിക്കുന്നതിനായി ക്ഷമ ചോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.
അബീഗയിൽ ദാവീദിനോട് പറയുന്ന വാക്കുകളിൽ നിന്ന് അവളുടെ താഴ്മയും, ആലോചനാശക്തിയും, ജ്ഞാനവും വളരെ പ്രകടമാണ്. ദാവീദിന്റെ നേതൃത്വത്തെ അവൾ അംഗീകരിച്ച് സംസാരിച്ചു എന്ന് മാത്രമല്ല, ഒരു രക്തച്ചൊരിച്ചിൽ ഒഴിവാക്കുന്നതിനായി വളരെ വിനയത്തോടെ ക്ഷമ യാചിക്കുകയും ചെയ്യുന്നു. അബീഗയിലിന്റെ ഈ ജ്ഞാനപ്രവർത്തിക്ക് ഫലം കണ്ടു. ഒരു രക്തച്ചൊരിച്ചിലിനെ അവൾ ഒഴിവാക്കി എന്ന് മാത്രമല്ല, ദാവീദിന്റെ ബഹുമാനത്തിനും പുകഴ്ചയ്ക്കും അവൾ പാത്രമാവുകയും ചെയ്തു.
കേവലം വാക്കുകളിൽ നിന്ന് മാത്രമല്ല അബീഗയിലിന്റെ ജ്ഞാനം നമുക്ക് കാണാൻ സാധിക്കുന്നത്. മറിച്ച് സാഹചര്യങ്ങളെ മനസ്സിലാക്കി ആശങ്കകളുടെ നടുവിലും വളരെ ബുദ്ധിപൂർവ്വം പ്രവർത്തിച്ചതിലൂടെയാണ്. വിവേകത്തോടൊപ്പം തന്നെ അനുകമ്പയും നീതിബോധവും അവളുടെ പ്രവർത്തികളിൽ നിറഞ്ഞു നിന്നിരുന്നു.
ജീവിതത്തിൽ കഷ്ടതകളുടെയും ഭീതിയുടെയും അവസരങ്ങൾ വരുമ്പോൾ അവയെ എങ്ങനെ ധൈര്യപൂർവ്വം, വിവേകത്തോടെ നേരിടാം എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് അബീഗയിൽ എന്ന സ്ത്രീയുടെ ജീവിതം. പ്രതികൂലങ്ങൾ വരുമ്പോൾ ഓടിയൊളിക്കാതെ ധീരതയോടെ നേരിടുവാൻ ദൈവത്തിൽ നിന്നുള്ള ജ്ഞാനം അത്യന്താപേക്ഷിതമാണെന്ന് അബീഗയിലിന്റെ ജീവിതം ചൂണ്ടിക്കാണിക്കുന്നു.
അബീഗയിൽ എന്ന സ്ത്രീ ജ്ഞാനം, ധീരത, അനുകമ്പ എന്നീ മൂല്യങ്ങളുടെ ഒരു തെളിവായി ഇന്നും നിലകൊള്ളുന്നു. ഏതൊരു വൈഷമ്യഘട്ടത്തിന്റെ നടുവിലും ബുദ്ധിപൂർവ്വം പെരുമാറുവാൻ ഓരോരുത്തരെയും സജ്ജരാക്കിക്കൊണ്ട് അബീഗയിൽ എന്ന സ്ത്രീയുടെ ജീവിതാനുഭവം തലമുറകളായി പകരപ്പെട്ടുകൊണ്ടിരിക്കുന്നു.