ലോകരക്ഷിതാവായ യേശുക്രിസ്തുവിന്റെ തിരുജനനം ജാതിമതവര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസമെന്ന്യേ ഓര്‍ക്കുന്ന ക്രിസ്തു മസ് ലോകവ്യാപകമായി ആഘോഷിക്കപ്പെടുന്നു. വീടുകള്‍ അലങ്കരിച്ചും ആശംസകള്‍ അറിയിച്ചും സമ്മാനങ്ങള്‍ കൈമാറിയും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പരത്തിയും ഓരോ വര്‍ഷവും ക്രിസ്മസിനെ നമ്മള് വരവേല്‍ക്കുന്നു.
തിരുപ്പിറവിയുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളെ ആകര്‍ഷകമായി ഒരുക്കിനിര്‍ത്തിയിരിക്കുന്ന പുല്ക്കൂടുകള്, ദീപാലംകൃതമായ രാവുകള്‍ക്ക് ശോഭ പകര്‍ന്നു വിവിധ മാതൃകയിലും വലിപ്പത്തിലുമുള്ള നക്ഷത്രങ്ങള്‍, സന്ധ്യമുതല്‍ അര്ത്ഥരാത്രിവരെയും നീളുന്ന ഗാനാലാപനങ്ങളുമായി വീടുകള്‍ തോറും കയറിയിറങ്ങുന്ന കരോള്‍ ഗായകസംഘങ്ങള്‍.. ഇവയെല്ലാം ക്രിസ്മസി ന്റെ മാത്രം ആഘോഷക്കാഴ്ചകള്..
ക്രൈസ്തവ സന്ദേശത്തിന്റെ ലോകമെങ്ങുമുള്ള പ്രചാരവും ലോകരക്ഷിതാവ് എന്ന സാര്‍വലൗകികതയും ക്രിസ്മസിനെ സ്വീകാര്യതയുള്ളതാക്കി മാറ്റി.
കഥയല്ലിത് കാര്യം
യേശുക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ആധികാരിക രേഖകളാണ് വിശുദ്ധ ബൈബിളിലെ സുവിശേഷങ്ങള്‍. ദൈവവും മനുഷ്യനു മായുള്ള ആശയവിനിമയ ത്തിന്റെ ലിഖിത രൂപമായ ബൈബിളില്‍ ദൈവത്തിന്റെ പദ്ധതികള്‍ വെളിപ്പെടുത്തി യിരിക്കുന്നു. മനുഷ്യവര്‍ഗ്ഗത്തിനു ആകമാനമായി ദൈവം ഒരുക്കിയ സമ്മാനമായ യേശുവിന്റെ തിരുജനനവും ബൈബിളില്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. മത്തായി, മര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന് എന്നിവര്‍ എഴുതിയ നാല് സുവിശേഷങ്ങള്‍ യേശുക്രിസ്തുവിന്റെ ജീവിതവും ഉപദേശവുമാണ് ഉള്‍ക്കൊള്ളുന്നത്. യേശുവിന്റെ സമകാലിക ചരിത്രവും സംഭവങ്ങളും സ്ഥലങ്ങളും അവയില്‍ പ്രതിപാദിച്ചിരിക്കുന്നു.
ക്രിസ്തുമസുമായി ബന്ധപ്പെട്ടു ഇന്ന് നാം കാണുന്ന നക്ഷത്രങ്ങളും പുല്‍കൂടുകളും ആട്ടിടയന്മാരും വിദ്വാന്മാരും കരോള്‍ ഗാനാലാപനവും എല്ലാം തന്നെ സുവിശേഷങ്ങ ളിലെ ക്രിസ്തുജനനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ്. എന്നാല്‍ തിരുവെഴുത്തുകളുമായി ബന്ധമില്ലാത്ത ആചാര ങ്ങളുമായും ഇന്ന് ക്രിസ്തുമസ് ആഘോഷങ്ങള്‍ ബന്ധപ്പെട്ടു കിടക്കുന്നു.
യേശു എന്ന് ജനിച്ചു?
യേശുവിന്റെ ജനനത്തീയതി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ജനനത്തിന്റെ വിവരണത്തില്‍ നിന്നും ചില വിവരങ്ങള്‍ ലഭ്യമാണ്. യോസേഫും മറിയയും പങ്കെടുത്ത, സിറിയയിലെ റോമന്‍ ഗവര്‍ണറായിരുന്ന കുറേനിയസിന്റെ കാലത്ത് നടന്ന സെന്‍സസും യഹൂദ്യയിലെ ഹെരോദാവിന്റെ ഭരണവും ഒരു സമയ സൂചികയാണ്.
ക്രിസ്തു ജനിച്ചത് എവിടെ?
യഹൂദ്യയിലെ ബെത്ലഹേമിലാണ് യേശു ജനിച്ചത്. അക്കാലത്തു റോമന്‍ ഭരണത്തിന് കീഴിയില്‍ ആയിരുന്ന യഹൂദന്മാരുടെ നാട് യഹൂദ്യ, ശമര്യ, ഗലീല എന്നിങ്ങനെ മൂന്നു പ്രവിശ്യകളായി തിരിച്ചിരുന്നു. അതില്‍ യഹൂദ്യ മേഖലയിലെ ഒരു ഗ്രാമമായിരുന്നു ബെത്ലെഹേം.
യേശുവിന്റെ കുടുംബം
യോസേഫും മറിയയുമായിരുന്നു യേശുവിന്റെ ഈ ഭൂമിയിലെ രക്ഷിതാക്കള്‍. ഇരുവരും യഹൂദ ഗോത്രത്തില്‍ പെട്ടവരായിരുന്നു. യേശു യഹൂദ ഗോത്രത്തില്‍ ജനിക്കുമെന്നു പ്രവചനം ഉണ്ടായിരുന്നു. യഹൂദ ഗോത്രത്തിലെ സിംഹം എന്നും യേശുവിനെ ബൈബിള്‍ വിശേഷിപ്പിക്കുന്നു. യോസേഫ് ആശാരിപ്പണിക്കാരന് ആയിരുന്നു. മുപ്പതാം വയസില്‍ തന്റെ പരസ്യ ശുശ്രൂഷയ്ക്ക് ഇറങ്ങുന്നത് വരെ യേശുവിന്റെയും തൊഴില്‍ ഇതായിരുന്നു. യേശുവിനെ ‘തച്ചന്റെ മകന്’ എന്ന് യഹൂദന്മാര് വിശേഷിപ്പിച്ചതായി സുവിശേഷ രേഖകളില്‍ കാണുന്നു.
മറിയ യേശുവിനെ ഗര്‍ഭം ധരിച്ചത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനഫലമായിട്ടാണ് (മത്തായി 1:20). അതില്‍ യോസേഫിനു പങ്കില്ലായിരുന്നു. എന്നാല്‍ യേശുവിന്റെ ജനനത്തിനു ശേഷം യോസേഫിനു മറിയയില്‍ മക്കള്‍ ഉണ്ടായി. മറിയ നിത്യകന്യകയായിരുന്നില്ല. (മത്തായി 1:25, 13:54-56).
”അവര്‍ വിസ്മയിച്ചു: ഇവന്നു ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെ നിന്നു? ഇവന് തച്ചന്റെ മകന് അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാര് യാക്കോബ്, യോസെ, ശിമോന്, യൂദാ എന്നവര്‍ അല്ലയോ? ഇവന്റെ സഹോദ രികളും എല്ലാം നമ്മോടു കൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കല്‍ ഇടറിപ്പോയി.” (മത്തായി 13:54-56)
മശിഹായെക്കുറിച്ചുള്ള പ്രതീക്ഷകള്‍
കാലങ്ങളായി പ്രവാസം അനുഭവിച്ചും ചിതറപ്പെട്ടും കഴിഞ്ഞിരുന്ന ജനവിഭാഗത്തിന് രക്ഷകനായി ദൈവത്താല്‍ അയക്കപ്പെടുന്ന അഭിഷിക്തനായ ഒരു നേതാവും സുസ്ഥിരമായ ഒരു ഭരണവും സ്വപ്നം കണ്ട് കഴിഞ്ഞിരുന്ന യഹൂദ ജനതക്ക് മോശെ മുതലുള്ള പ്രവാചകന്മാരുടെ പ്രവചനങ്ങള്‍ പിന്‍ബലമായുണ്ടായിരുന്നു. ദൈവം മനുഷ്യനുവേണ്ടി വിഭാവനം ചെയ്ത സമത്വ സുന്ദരമായ ഒരു ലോകജീവിതം എങ്ങനെയെന്ന് മിശിഹായുടെ കാലത്ത് ലോകം കണ്ടറിയും എന്നായിരുന്നു അവരുടെ പ്രതീക്ഷ. ആ മശിഹാ ആരെന്നറിയാന്‍ അവര്‍ അന്വേഷിച്ചുകൊണ്ടിരുന്നു. ”നീ ആ പ്രവാചകനോ?” എന്ന് യോഹന്നാന് സ്നാപകനോട് ചോദിച്ച യഹൂദന്മാരും ആ അന്വേഷണത്തിന്റെ ഭാഗമായിരുന്നു.
പ്രവചനങ്ങള്‍
യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട ബൈബിള്‍ പ്രവചനങ്ങള്‍ ചിലത് പരിശോധിക്കാം.
അത്ഭുത ശിശു
”നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകന് നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളില്‍ ഇരിക്കും; അവന് അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേര് വിളിക്കപ്പെടും.” (യെശയ്യാവ് 9:6).
പുത്രത്വം, ജ്ഞാനം, അധികാരം, ശക്തി, ദൈവത്വം, നിത്യാസ്തിത്വം, സമാധാനത്തിന്റെ കുമാരന്, എന്നിങ്ങനെയുള്ള ഗുണങ്ങളും വിശേഷണങ്ങളും ചേര്‍ന്ന ഒരു ശിശുവിന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ് പ്രവാചകനായ യെശയ്യാവിലൂടെ നല്കപ്പെട്ടു.
കന്യകയിലൂടെ ജനനം
”അതു കൊണ്ടു കര്‍ത്താവു തന്നേ നിങ്ങള്‍ക്കു ഒരു അടയാളം തരും: കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേല് എന്നു പേര് വിളിക്കും.” (യെശയ്യാവ്: 7:14).
കന്യകയിലൂടെയുള്ള ജനനം യേശുവിന്റെ ജനനത്തിലെ മാത്രം പ്രത്യേകതയാണ്.
ബെത്ലെഹെമില്‍ ജനിക്കും
”നീയോ, ബേത്ത്ലേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളില്‍ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവന്‍ എനിക്കു നിന്നില്‍നിന്നു ഉത്ഭവിച്ചു വരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.” (മീഖാ: 5:2). എന്ന് മീഖാ പ്രവാചകന്റെ പ്രവചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ബെത്ലെഹേം എന്ന പേരില്‍ പല സ്ഥലങ്ങള്‍ ഉണ്ടായിരുന്നു, അതില്‍ യഹൂദ്യയിലെ ബെത്ലെഹെ മില്‍ തന്നെ ക്രിസ്തു ജനിക്കും എന്ന് കൃത്യമായി പ്രവചിക്കപ്പെട്ടിരുന്നു. മാത്രമല്ല മനുഷ്യ ജനനത്തിനു മുന്‍പേ ക്രിസ്തുവിനുള്ള അസ്തിത്വവും ഈ പ്രവചനത്തില്‍ പ്രത്യേകം സൂചിപ്പിച്ചിരിക്കുന്നു. അര്‍ത്ഥാല്‍ താന്‍ ദൈവമാണെന്നും.
ദാവീദിന്റെ കുടുംബത്തില്‍
എന്നാല്‍ യിശ്ശായിയുടെ കുറ്റിയില്‍ നിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളില്‍നിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും. (യെശയ്യാവ് 11:1)
ഞാന്‍ ദാവീദിന്നു നീതിയുള്ളോരു മുളയായവനെ ഉത്ഭവിപ്പിക്കുന്ന കാലം വരും; അവന് രാജാവായി വാണു ബുദ്ധിയോടെ പ്രവര്‍ത്തിച്ചു ദേശത്തു നീതിയും ന്യായവും നടത്തും. (യിരെമ്യാവ് 23:5)
രാമയിലെ വിലാപം
കുഞ്ഞുങ്ങളെ കൊല്ലിച്ച ഹെരോദാവിന്റെ നടപടിയും പ്രവചനത്തില്‍ കാണുന്നു. “യഹോവ ഇപ്രകാരം അരുളി ച്ചെയ്യുന്നു: രാമയില്‍ ഒരു ശബ്ദം കേള്‍ക്കുന്നു! വിലാപവും കഠിനമായുള്ള കരച്ചിലും തന്നേ; റാഹേല്‍ തന്റെ മക്കളെക്കുറിച്ചു കരയുന്നു; അവര്‍ ഇല്ലായ്കയാല്‍ അവരെച്ചൊല്ലി ആശ്വാസം കൈക്കൊള്‍വാന്‍ അവള്‍ക്കു മനസ്സില്ല.” (യിരെമ്യാവ് 31:15)
ഈജിപ്തില്‍ വളര്‍ന്ന യേശു
ദൂതന് സ്വപ്നത്തില്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ഹെരോദാവിന്റെ വാളില്‍ നിന്നും രക്ഷപെടുവാന്‍ ഈജിപ്തിലേക്ക് ഓടിപ്പോയ യോസേഫും കുടുംബവും പിന്നീട് യേശു വളര്‍ന്നതിനു ശേഷമാണു നസ്രേത്തില്‍ തിരികെയെത്തുന്നത്.
”യിസ്രായേല്‍ ബാലനായിരുന്നപ്പോള്‍ ഞാന്‍ അവ നെ സ്നേഹിച്ചു; മിസ്രയീമില്‍ നിന്നു ഞാന്‍ എന്റെ മകനെ വിളിച്ചു”. (ഹോശേയ 11:1) എന്ന പ്രവചനവും ഇതോടൊപ്പമുണ്ട്.
മിശിഹായെ കണ്ടെത്തി
യേശുക്രിസ്തുവിന്റെ ദൈവത്വം ബൈബിള്‍ തെളിയിക്കുന്ന വസ്തുതയാണ്. യേശുവിന്റെ ദിവ്യജനനത്തിന് അനുബന്ധമായി സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചില സംഭവങ്ങള്‍ കൂടെ ശ്രദ്ധേയമാണ്.
സര്‍വ്വലോകത്തിനും രക്ഷകനായവന് അവതരിച്ച വിവരം ദൂതന്മാരിൽ നിന്നും അറിഞ്ഞെത്തിയ ആട്ടിടയന്മാരും (ലൂക്കോസ് 2:8-17), മിശിഹായെ നേരിട്ട് കാണുന്നതുവരെ മരണം സംഭവിക്കുകയില്ല എന്ന് അരുളപ്പാടു ലഭിച്ചിരുന്ന വൃദ്ധനായ ശിമ്യോനും (ലൂക്കോസ് 2:25-32), രാപ്പകല്‍ ദൈവാലയത്തില്‍ ആരാധിച്ചിരുന്ന പ്രവാ ചകിയായ ഹന്നയും (ലൂക്കോസ് 2:36 -38), ശിശുവായ യേശുവിനു മുന്പില് രാജകീയമായ സമ്മാനങ്ങള്‍ കാഴ്ചവച്ചുകൊണ്ട് ആരാധിച്ച വിദ്വാന്മാരും (മത്തായി 2:11), വലിയ സന്തോഷത്തോടെ ആ സത്യം തിരിച്ചറിഞ്ഞു, ഘോഷിച്ചു, ഞങ്ങള്‍ മിശിഹായെ കണ്ടെത്തിയിരിക്കുന്നു! യേശു ദൈവവും രക്ഷകനും ആണെന്ന് അവര്‍ തിരിച്ചറിഞ്ഞു പ്രഖ്യാപിച്ചു. ഇതെല്ലാം യേശു ശിശുവായിരിക്കുമ്പോള്‍ തന്നെ സംഭവിച്ചതാണ്.
സര്‍വ്വലോകത്തെയും ഗ്രസിച്ചിരിക്കുന്ന പാപത്തിന്റെ അടിമകളാണ് ഈ ഭൂമിയില്‍ ജനിക്കുന്ന ഓരോരുത്തരും എന്ന സത്യം യേശു എന്ന ലോകരക്ഷിതാവിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുന്നു. ഞാന്‍ പാപിയാണ്, എനിക്ക് രക്ഷനേടാന്‍ വെറെ വഴിയില്ല എന്ന് തിരിച്ചറിയുന്ന ഒരാള്‍ക്കാണ് യേശു എന്ന രക്ഷിതാവിനെ ആവശ്യമായി വരുന്നത്. ഈ ഒരു ക്രിസ്തുമസ് കാലത്തിലും നമ്മില്‍ ഉണ്ടാകേണ്ട തിരിച്ചറിവ് അതാണ്.
”എന്റെ കര്‍ത്താവും എന്റെ ദൈവവും” എന്ന് തോമസും (യോഹന്നാന് 20:28), ”ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു” എന്ന് പത്രോസും (മത്തായി 16:16) പ്രഖ്യാപിച്ചതുപോലെ സ്വന്തം കര്‍ത്താവും രക്ഷകനുമായി സ്വീകരിച്ചു നമ്മെ സമര്‍പ്പിക്കുമ്പോഴാണ് ക്രിസ്തു നമ്മെ രക്ഷിക്കുന്നത്. അങ്ങനെയാണ് ക്രിസ്തുമസ് അര്‍ത്ഥപൂര്‍ണമാകുന്നത്. യേശുവിന്റെ ജനനവും മരണവും ഉയിര്‍പ്പും നമുക്കും പ്രയോജനമുള്ളതാകുന്നത്.
ബെത്ലെഹേം
യേശുവിന്റെ ജനനത്തോടെ ലോകപ്രശസ്തമായ ഒരു ഗ്രാമമാണ് ബെത്ലെഹേം. യേശുവിന്റെ കാലത്ത് യഹൂദ്യ പ്രവിശ്യയില്‍ ഉള്‍പ്പെട്ടിരുന്ന ഈ പ്രദേശം ഇന്ന് പലസ്തീന് അതോറിറ്റിയുടെ നിയന്ത്രണത്തിലാണുള്ളത്. യേശു ജനിച്ച സ്ഥാനം എന്ന് വിശ്വസിക്കുന്നിടത്ത് പണി കഴിപ്പിച്ചിരിക്കുന്ന തിരുപ്പിറവിയുടെ ദേവാലയം സന്ദര്‍ശകര്‍ക്ക് പ്രിയമുള്ളതാണ്.
ബൈബിളില്‍ ഏറെ പരാമര്‍ശിച്ചിട്ടില്ലെങ്കിലും വളരെ പ്രസിദ്ധി നേടിയ ബൈബിള്‍ നാടുകളില്‍ ഒന്നാണ് ബെത്ലെഹേം. ദൈവപുത്രന്റെ ജനനം ഓര്‍മ്മിപ്പിക്കുന്ന താഴ്മയുടെയും ദൈവത്തിന്റെ തിരഞ്ഞെടുപ്പിനാല്‍ ഉയര്‍ച്ചയുടെയും ഒരു ഉദാഹരണമായി ഈ പട്ടണം നിലകൊള്ളുന്നു.
യിസ്രായേലിന്റെ രണ്ടാമത്തെ രാജാവും എക്കാലത്തെയും വീര നായകനുമായിരുന്ന ദാവീദ് ബെത്ലെഹം സ്വദേശി ആയിരുന്നു. ദാവീദിന്റെ പിതാമഹനായിരുന്ന ബോവസിന്റെ വയല്‍ ബെത്ലെഹെമില്‍ ഇന്നും സന്ദര്‍ശകര്‍ക്ക് സ്വാഗതമരുളുന്നു. ബെത്ലഹേമില്‍ ഉണ്ടായ ഒരു ക്ഷാമത്തെ തുടര്‍ന്ന് നവോമിയും കുടുംബവും മോവാബിലേക്ക് പലായനം ചെയ്തതും പിന്നീട് രൂത്തും നവോമിയും തിരികെയെത്തിയതും റൂത്തിന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ബോവസിന്റെ വയലില്‍ രൂത്ത് ജോലി ചെയ്തിരുന്നു. മൂവായിരത്തിലേറെ വര്‍ഷങ്ങളുടെ പഴക്കമാണ് ഈ ചരിത്രത്തിനുള്ളത്. യേശുവിന്റെ ജനനസമയത്ത് ആട്ടിടയന്മാര് രാപാര്‍ത്ത വയല്‍ പ്രദേശം ഇതുതന്നെ ആണെന്നും കരുതപ്പെടുന്നു. ഇവിടെ നടന്ന ഗവേഷണങ്ങളുടെ ഫലമായി മുന്തിരിയും ഒലിവും ആട്ടുന്നതിനു ഉപയോഗിച്ചിരുന്ന ചക്കുകളും കല്പാത്രങ്ങളും മറ്റു നിര്‍മിതികളും കണ്ടെടു ത്തിട്ടുണ്ട്. ചെറുകുന്നുകളും വയലുകളും ധാരാളം കാണുന്ന ബെത്ലെഹെമില്‍ ഇടക്കിടെയായി കൂട്ടായ ജനവാസകേന്ദ്രങ്ങളും കാണാം.
ക്രിസ്മസ് എന്ന ആഘോഷം
കൃഷിയുടെ ദേവനായ സൂര്യദേവന്റെ ആഘോഷം റോമക്കാര്‍ ശൈത്യകാലത്ത് കൊണ്ടാടിയിരുന്നു. സന്തോഷിച്ചും കുടുംബാംഗങ്ങള്‍ക്കും സ്നേഹിതര്‍ക്കും സമ്മാനങ്ങള്‍ കൈമാറിയുമാണ് അവര്‍ ആഘോഷിച്ചിരുന്നത്. ഡിസംബര്‍ പതിനേഴിന് ആരംഭിച്ചു ഇരുപത്തഞ്ചോടെ അവസാനിക്കുന്ന ഈ ഉത്സവം പിന്നീട് യേശുവിന്റെ ജനനമായി ആഘോഷിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ക്രിസ്തുവിന്റെ ഉത്സവം (ക്രൈസ്റ്റ്സ് മാസ്) എന്നര്‍ത്ഥ ത്തിലാണ് ക്രിസ്മസ് അഥവാ ക്രിസ്തുമസ് എന്ന പേരുണ്ടായത്. റോമന്‍ ചക്രവര്‍ത്തിയായ കോണ്സ്റ്റന്റൈന് ക്രിസ്തുമതാനുസാരി ആയതോടെ ക്രൈസ്തവര്‍ക്കിടയില്‍ കയറിക്കൂടിയ ആചാരങ്ങളില്‍ ഒന്നുമാത്രമാണ് ഡിസംബറിലെ ഈ ക്രിസ്തുമസ്.
ക്രിസ്തുമസുമായി ബന്ധപ്പെട്ടു കാണപ്പെടുന്ന മറ്റൊരു കഥാപാത്രമാണ് സാന്റാക്ളോസ് എന്ന ക്രിസ്മസ് അപ്പൂപ്പന്. കുട്ടികള്‍ക്കുള്ള സമ്മാനങ്ങളുമായി ക്രിസ്മസ് തലേന്ന് വീടുകളില്‍ എത്തുന്ന അപ്പൂപ്പനും പരിവാര ങ്ങളും മൂന്നാം നൂറ്റാണ്ടിലെ സെന്റ് നിക്കോളാസിനെയാണ് കുറിക്കുന്നത്. കുട്ടികളുടെ പ്രിയങ്കരനായിരുന്ന സെന്റ് നിക്കോളാസിന്റെ ചരമദിനം പാശ്ചാത്യര്‍ ഓര്‍മദിവസമായി ആചരിച്ചു സമ്മാനങ്ങള്‍ കൈമാറിയിരുന്നു.
ഓർക്കേണ്ടത്
യേശുവിന്റെ ജനനം ആദിമ സഭയോ ശിഷ്യന്മാരോ ആചരിച്ചിരുന്നില്ല. അങ്ങനെ ബൈബിള്‍ ആവശ്യപ്പെടുന്നുമില്ല. ക്രിസ്തുവിന്റെ മരണത്തിന്റേയും ഉയിര്‍പ്പിന്റെയും ഓര്‍മയാണ് ശിഷ്യന്മാര് ആചരിക്കേണ്ടത്.
”എന്റെ ഓര്‍മ്മക്കായി ഇത് ചെയ്വിന്” (ലൂക്കോസ്:22:19)എന്നാവശ്യപ്പെട്ടുകൊണ്ടു യേശു തന്റെ അനുഗാമികളൾക്ക് നല്കിയ ആചരണമാണ് തിരുവത്താഴം. വിശ്വാസികള്‍ ഒരുമിച്ച് കൂടിവരുമ്പോള്‍ ഇത് ആചരിക്കുന്നു.
യേശുക്രിസ്തുവിന്റെ മരണം സംഭവിച്ചതുകൊണ്ടണ്ടു ഒരു മനുഷ്യന് നേടാവുന്നത് പാപങ്ങളുടെ മോചനവും നിത്യ ജീവനും ആത്മരക്ഷയുമാണ്. അങ്ങനെ രക്ഷിക്കപ്പെട്ടവര്‍ ആണ് തിരുവത്താഴം ആചരിക്കുന്നത്. അതുപോലെ യുള്ള ഒരു കല്പനയോ അടിസ്ഥാനമോ ക്രിസ്മസ് ആഘോഷങ്ങള്‍ക്കില്ല. ക്രിസ്മസ് ആഘോഷിച്ചതുകൊണ്ട് നേട്ടമോ ആഘോഷിക്കാതിരുന്നതുകൊണ്ട് നഷ്ടമോ ഒരു ക്രിസ്തുവിശ്വാസിക്കില്ല. യേശുക്രിസ്തുവിന്റെ ജനനത്തെയും ജീവിതത്തെയും കുറിച്ചുള്ള സന്ദേശങ്ങള്‍ പങ്കുവെക്കുവാന്‍ എറ്റവും അനുയോജ്യമായ അവസരമാണ് ക്രിസ്മസ് ദിനങ്ങള്‍ എന്നത് പ്രയോജനപ്പെടുത്താം.