എന്റെ പേര് മിനി സാബു, ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ – മുളക്കുഴയിൽ കുഴീപൊയ്കയിൽ വീട്ടിൽ അച്ചുതന്റെയും ശാരദയുടെയും മൂത്തമകളാണ് ഞാൻ. ഹൈന്ദവ ആചാരപ്രകാരം ജീവിച്ച ഒരു കുടുംബമായിരുന്നു ഞങ്ങളുടേത്. എല്ലാ ആചാരങ്ങളും കൃത്യമായി ആചരിച്ചു പോരുന്ന തീവ്രഹിന്ദു വിശ്വാസികളായിരുന്നു ഞങ്ങൾ. അമ്പലത്തിലെ പ്രത്യേക പൂജകളിലും വർഷാവർഷം നടക്കുന്ന ഉത്സവങ്ങളിലും അമ്പലത്തിലേക്കുള്ള നേർച്ചകളും കാഴ്ചകളും മുടങ്ങാതെ കൊടുത്തിരുന്നു. കുളിച്ച് കുറി തൊട്ട് തുളസി കതിർ മുടിയിൽ ചൂടി ഈശ്വരനെ തൊഴുത്, ദീപാരാധനയും കണ്ട് മടങ്ങുമ്പോൾ പരിശുദ്ധി ലഭിച്ചതായി ഞങ്ങൾ കരുതിയിരുന്നു. എല്ലാ വർഷവും ഞങ്ങളുടെ വീട്ടിൽ നിന്നും ശബരിമലയ്ക്ക് പോകാറുണ്ടായിരുന്നു. അയൽപക്കവും ബന്ധുക്കളും സ്നേഹിതരും എല്ലാവരും തന്നെ ഹൈന്ദവ വിശ്വാസികളായിരുന്നു എന്നു മാത്രമല്ല മറ്റ് മതങ്ങളിലുള്ളവരുമായി ഞങ്ങൾക്ക് യാതൊരു സഹകരണവും ഉണ്ടായിരുന്നില്ല.

എല്ലാ ആചാരങ്ങളും അനുഷ്ഠിച്ച് ജീവിക്കുമ്പോഴും ഞങ്ങളുടെ ജീവിതത്തിൽ സമാധാനം എന്തെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. കാരണം ഞങ്ങളുടെ പിതാവ് ഒരു തികഞ്ഞ മദ്യപാനിയായിരുന്നു. ഒരു മദ്യപാനിയുടെ വീട്ടിൽ സാധാരണ ഉണ്ടാകുന്ന എല്ലാ അസമധാനവും ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു. സന്ധ്യ മയങ്ങുമ്പോഴേ അമ്മ ഞങ്ങൾക്ക് അത്താഴം തരുമായിരുന്നു. കാരണം അല്പം കൂടെ കഴിഞ്ഞാൽ ഞങ്ങൾ കഴിക്കേണ്ട ഭക്ഷണം അടുത്ത പറമ്പിൽ ആയിരിക്കും. ഭയത്തോടെയായിരുന്നു ഓരോ ദിവസവും തള്ളിനീക്കിയത്.

എന്റെ പതിനെട്ടാമത്തെ വയസ്സിലാണ് ഞാൻ സുവിശേഷം കേൾക്കുന്നത്. ചെങ്ങന്നൂർ താലൂക്ക് സുവിശേഷീകരണത്തിന്റെ ഭാഗമായി രണ്ട് സുവിശേഷകന്മാർ ഞങ്ങളുടെ ഭവനത്തിൽ വന്നു. അമ്മ, ദൈവവചനം കേൾക്കുന്നതിൽ തല്പരയായതു കൊണ്ട് അവർ വീണ്ടും വീണ്ടും വരികയും ഞങ്ങളോട് യേശുക്രിസ്തുവിൽ കൂടെയുള്ള രക്ഷാനിർണ്ണയത്തെക്കുറിച്ചും സംസാരിച്ചുകൊണ്ടിരുന്നു. എല്ലാ ആഴ്ചയും ദൈവദാസന്മാർ ഞങ്ങളുടെ വീട്ടിൽ വരികയും ഞങ്ങളുടെ ഭവനം ദൈവവചന കേൾവിക്കായി ഞങ്ങൾ തുറന്നു കൊടുക്കുകയും ചെയ്തു. അങ്ങനെ സുവിശേഷം കേട്ട് ഞങ്ങളുടെ അമ്മ കർത്താവിനെ രക്ഷകനും കർത്താവുമായി സ്വീകരിച്ചു. അരീക്കരയിലുള്ള ഒരു ഭവനത്തിൽ ക്രമീകരിച്ചിരുന്ന ബൈബിൾ ക്ലാസ്സിൽ അമ്മയും അനുജത്തിയും പങ്കെടുക്കുകയും, വീട്ടിൽ പാട്ടും പ്രാർത്ഥനയും നടത്തുകയും ചെയ്തു. പക്ഷേ അവരുടെ കൂടെ ചേരാൻ ഞാനും എന്റെ സഹോദരനും തയ്യാറായില്ല.

ക്രിസ്തീയ വിശ്വാസം സ്വീകരിക്കുവാൻ ഞങ്ങൾക്കും ഒട്ടും താലപര്യം ഉണ്ടായിരുന്നില്ല. ദൈവദാസന്മാരുടെ വരവും സംസാരവും ‍ഞങ്ങൾക്കു അരോജകമായി തോന്നി. ഞങ്ങൾ എതിർക്കുമ്പോഴും അമ്മ ഞങ്ങളോട് ക്രിസ്തുവിലുള്ള വിശ്വാസത്തെക്കുറിച്ചും നിത്യജീവനെക്കുറിച്ചും സംസാരിച്ചു കൊണ്ടിരുന്നു. അവരുടെ വിശ്വാസ ജീവിതത്തിനു കൂടുതൽ തിളക്കം വരുന്നതുപോലെ എനിക്കു തോന്നി. അരീക്കരയിൽ ബൈബിൾ ക്ലാസ്സിനു കൂടിവരുന്നവർ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ദൈവജനത്തിന്റെ ശ്രദ്ധയേറിയ പ്രാർത്ഥനയ്ക്ക് മറുപടി എന്നോണം പൗലോസ് സംസാരിക്കുന്നത് ശ്രദ്ധിക്കേണ്ടതിന് കർത്താവ് അവളുടെ ഹൃദയം തുറന്നു (അ.പ്ര: 16 : 15) എന്ന വചനം പോലെ ദൈവദാസന്മാർ വചനം പറയുന്നത് ശ്രദ്ധിക്കേണ്ടതിന് ദൈവം എന്റെ ഹൃദയവും തുറന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവ് എന്റെ ഹൃദയത്തിൽ പ്രവൃത്തിക്കുകയും ഞാൻ എന്റെ കർത്താവിനെ രക്ഷകനും കർത്താവുമായി സ്വികരിക്കുകയും ചെയ്തു. രക്ഷിക്കപ്പെട്ട ഞാൻ അധികം വൈകാതെ സ്നാനപ്പെടുകയും ചെയ്തു. പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം വലിയ സന്തോഷം അനുഭവിച്ച സമയങ്ങളായിരുന്നു അത്. ഞാൻ കർത്താവിനെ സ്വീകരിച്ചതു നിമിത്തം എന്റെ പാപങ്ങൾ മോചിച്ചു കിട്ടി. ഞാൻ സന്തോഷവതിയായി. എനിക്ക് വലിയ മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു. ദൈവവചനം ഞങ്ങൾ പഠിച്ചപ്പോൾ അതുവരെ ആചരിച്ചു വന്നതെല്ലാം തെറ്റായിരുന്നു എന്നു ഞങ്ങൾക്ക് മനസ്സിലാകുകയും അതെല്ലാം ഉപേക്ഷിക്കുകയും ചെയ്തു.

ഞങ്ങളുടെ സ്നാനത്തോടു കൂടി അരീക്കരയിൽ ഒരു പുതിയ സ്ഥലം സഭാ കൂടിവരവ് ആരംഭിച്ചു. ആദ്യഫലമായി ഞങ്ങളും. പക്ഷേ അന്നു മുതൽ പ്രശ്നങ്ങൾ ആരംഭിച്ചു തുടങ്ങി. ഇതുവരെ വീട്ടിൽ മാത്രമായിരുന്നു ഞങ്ങൾ അസമാധാനം അനുഭവിച്ചിരുന്നത്. പക്ഷേ രക്ഷിക്കപ്പെട്ടതിനു ശേഷം ഞങ്ങൾ പാർത്തിരുന്ന ഞങ്ങളുടെ സ്വന്ത സ്ഥലത്ത് നിന്നും എതിർപ്പുകൾ നേരിടുവാൻ തുടങ്ങി. രക്ഷിക്കപ്പെട്ടതു നിമിത്തം സമൂഹത്തിൽ ഞങ്ങൾ ഒറ്റപ്പെട്ടു , മറ്റുള്ളവരുടെ പരിഹാസങ്ങളും ബന്ധുമാത്രാദികളുടെയും സ്നേഹിതരുടെയും അകൽച്ചയും ഞങ്ങളെ വേദനിപ്പിച്ചു. ഞങ്ങളോട് മിണ്ടുവാൻ പോലും ആരും ഉണ്ടായിരുന്നില്ല. കർത്താവ് അല്ലാതെ ആരും ഞങ്ങളെ സഹായിക്കുവാനില്ലെന്നു തിരിച്ചറിഞ്ഞ ഞങ്ങൾ പൂർണ്ണമായും ദൈവമുഖത്തേക്ക് നോക്കി. സഭ ക്രമീകരിച്ച വിബിഎസിലും ഭവന സന്ദർശനത്തിലും ഞങ്ങൾ പങ്കെടുത്തു. കൂടാതെ ഒരു ചിൽഡ്രൻസ് ക്ലബ്ബ് ആരംഭിക്കുകയും ഹൈന്ദവ വിശ്വാസികളായ അനേകം കുഞ്ഞുങ്ങൾ ഈ ചിൽഡ്രൻസ് ക്ലബ്ബിൽ പങ്കെടുക്കുകയും ദൈവവചനം പഠിക്കുകയും ചെയ്തു. പിന്നീട് ജോലിയോടുള്ള ബന്ധത്തിൽ ചില വർഷങ്ങൾ ഞാൻ ഡൽഹിയിൽ ആയിരുന്നു.

ഒരു സുവിശേഷകൻ എന്നെ വിവാഹം കഴിക്കണമെന്ന് എന്റെ അമ്മ ആഗ്രഹിച്ചിരുന്നു. കോട്ടയം ജില്ലയിലെ വാകത്താനത്തിടുത്ത് പിച്ചനാട്ടുകുളം കൊച്ചുപറമ്പിൽ സുവിശേഷകൻ കെ.സി സാബുവിന്റെ വിവാഹാലോചന വന്നു. സുവിശേഷകന്റെ ഭാര്യയായി ജീവിക്കേണ്ടി വരുമ്പോൾ എന്തെല്ലാം പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്നും അമ്മ എന്നെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു. വിവാഹാലോചനയുമായി സാബുച്ചായൻ എന്നെ വന്നു കാണുമ്പോഴും ഒരു സുവിശേഷകനൊപ്പമുള്ള ജീവിതം വളരെ പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞതായിരിക്കുമെന്നും അപ്പോഴൊന്നും തളർന്നു പോകരുതെന്നും പറഞ്ഞിരുന്നു. അമ്മയും സാബുച്ചായനും പറഞ്ഞതിന്റെ അർത്ഥം പീന്നിട് എനിക്ക് മനസ്സിലാക്കുവാൻ സാധിച്ചു. അങ്ങനെ 2002 നവംബർ 30 – ന് പിച്ചനാട്ടുകുളം സഭയുടെ ചുമതലയിൽ നടന്ന ശുശ്രൂഷയിൽ ഞങ്ങൾ വിവാഹിതരായി. വളരെ സന്തോഷകരമായ ഒരു കുടുംബജീവിതം ആയിരുന്നു ഞങ്ങളുടേത്. ബുദ്ധിമുട്ടുകളും ദാരിദ്ര്യങ്ങളും വിട്ടു മാറാതെ ഉണ്ടായിരുന്നെങ്കിലും ഇവയൊന്നും ഞങ്ങളുടെ സന്തോഷങ്ങൾക്ക് തടസ്സം ആയിരുന്നില്ല. ഉള്ളതുകൊണ്ട് തൃപ്തിയോടെ ജീവിക്കുവാൻ ഞങ്ങൾ ശീലിച്ചിരുന്നു.

1985 – ലാണ് അദ്ദേഹം കർത്താവിനെ രക്ഷകനും കർത്താവുമായി സ്വീകരിച്ചത്. ആ വർഷം തന്നെ സ്നാനം ഏല്ക്കുകയും ചെയ്തു. രക്ഷിക്കപ്പെട്ടതിനു ശേഷം സഭയുടെ ആത്മീക കാര്യങ്ങളിൽ അദ്ദേഹത്തിന്റെ താല്പര്യം കണ്ട് സഭയുടെ അന്നത്തെ സുവിശേഷകനായിരുന്ന ടി.ജെ. തോമസ്, ബൈബിൾ കോളേജിൽ പോയി ദൈവത്തിന്റെ വചനം പഠിക്കേണ്ടതിന് അദ്ദേഹത്തെ ഉത്സാഹിപ്പിച്ചു. വേദനാദം ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് (കണ്ണൂർ), പത്തനംതിട്ട ബൈബിൾ ഇൻസ്റ്റിറ്റ്യുട്ട് എന്നിവിടങ്ങളിൽ ദൈവവചനം അഭ്യസിച്ചു. ബിബിഐയിലെ ആറാമത്തെ ബാച്ച് സ്റ്റുഡന്റായിരുന്ന അദ്ദേഹം ഫസ്റ്റ് റാങ്കോടെ പാസാകുകയും ആ വർഷത്തെ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് കരസ്ഥമാക്കുകയും ചെയ്തു. ഇംഗ്ലീഷും ഗ്രീക്കും അനായാസം കൈകാര്യം ചെയ്യുവാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഈ കാലയളവിൽ എല്ലാം വളരെ സാമ്പത്തിക ബുദ്ധിമുട്ട് താൻ അനുഭവിച്ചിരുന്നു എങ്കിലും ദൈവത്തിന്റെ കരുതൽ ഓരോ നിമിഷവും തനിക്കു ഉണ്ടായിരുന്നു. ബിബിഐയിലെ പഠനത്തിനു ശേഷം ഒരു തുടർപഠനം ആഗ്രഹിച്ചിരുന്നു എങ്കിലും തന്റെ സാമ്പത്തിക ബുദ്ധിമുട്ട് തന്നെ അതിന് അനുവദിച്ചില്ല.

പഠനാനന്തരം പിച്ചനാട്ടുകുളം സഭയോട് ചേർന്നു വിവിധ ശുശ്രൂഷകളിൽ സജീവമായി. പ്രിയ ദൈവദാസന്റെ ദൈവവിളിയും സമർപ്പണവും ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സഭ ഒരു പൂർണ്ണസമയസുവിശേഷകനായി അംഗീകരിച്ചു. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ കോട്ടയം ജില്ലയിലെ തീക്കോയി എന്ന സ്ഥലം പ്രവർത്തന മേഖലയായി തെരെഞ്ഞടുത്തു. അന്നു ഞങ്ങൾ താമസിച്ചിരുന്നത് പൂഞ്ഞാറിലുള്ള സുവിശേഷകൻ ജോണി മൈക്കിൾ അങ്കിളിന്റെ ഭവനത്തിലായിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കാലമായിരുന്നു അത്. ജോണി അങ്കിളിനും കുടുംബത്തിനും ലഭിക്കുന്ന തുച്ഛമായ കൂട്ടായ്മകളിൽ നിന്നും ഒരു പങ്ക് അവർ ഞങ്ങൾക്കും നല്കുമായിരുന്നു. അവരോടൊപ്പം ഉള്ള ജീവിതവും ശുശ്രൂഷകളും ഞങ്ങളുടെ ജീവിതത്തിന്റെ വ്യത്യസ്മായ അനുഭവങ്ങളായി മാറി. പീരുമേട് താലൂക്ക് സുവിശേഷീകരണത്തിലും അദ്ദേഹം പങ്കാളിയായിരുന്നു.

തുടർന്ന് ഇടക്കുന്നം സഭയുടെ ശുശ്രൂഷകനായി തുടരവേ കൂവപ്പള്ളി എന്ന സ്ഥലം കേന്ദ്രീകരിച്ചു കൊണ്ട് പ്രവർത്തനം ആരംഭിച്ചു. ഇടക്കുന്നം സഭയുടെയും സഭാമൂപ്പനായ ബേബി മാത്യു സാറിന്റെയും പൂർണ്ണപിന്തുണയും സഹകരണവും കൂവപ്പള്ളി സഭയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി പകർന്നു. കത്തോലിക്കാ ജനവിഭാഗം തിങ്ങിപ്പാർക്കുന്ന കൂവപ്പള്ളിയിൽ വീടുതോറും കയറി സുവിശേഷം അറിയിക്കുകയും കോളനികളിലും വീടിന്റെ ടെറസ്സുകളിലും കവലകളിലും സുവിശേഷപ്രഘോഷണങ്ങൾ നടത്തിയിരുന്നു. വിബിഎസും ചിൽഡ്രൻസ് ക്ലബുകളും നടത്തിയതിലൂടെ കുട്ടികളുടെ ഇടയിലെ പ്രവർത്തനവും നടന്നു വന്നു. ചിൽഡ്രൻസ് ക്ലബിലെ കുട്ടികൾക്ക് എല്ലാ വർഷവും സഹോദരൻ അഭിലാഷ്. പി.പി (തിരുവല്ല) യുടെ നേതൃത്വത്തിൽ പഠന സഹായങ്ങൾ ചെയ്തിരുന്നു. കുട്ടികളുടെ ഇടയിലെ പ്രവർത്തനം കൂവപ്പള്ളി സഭയുടെ പ്രവർത്തനങ്ങൾക്ക് പുതിയ വെളിച്ചമേകി. അനേകം ദൈവദാസന്മാർ ഈ പ്രവർത്തനങ്ങളിൽ സഹകരിച്ചിട്ടുണ്ട്. അങ്ങനെ 2006 – ൽ കൂവപ്പള്ളിയിൽ സ്ഥലം സഭാ കൂടിവരവ് ആരംഭിച്ചു. കാഞ്ഞിരപ്പള്ളി, അമൽ ജ്യോതി എൻജിനിയറിംഗ് കോളേജിൽ പഠിക്കുന്ന കുഞ്ഞുങ്ങളും ഞങ്ങളോടൊപ്പം ആരാധനയിൽ സംബന്ധിച്ചിരുന്നു. ഇംഗ്ലീഷ് മാത്രം അറിയാവുന്ന കുട്ടികൾക്ക് ഇംഗ്ലീഷിലുള്ള ആരാധനയും നടത്തിയിരുന്നു.

ഞങ്ങളുടെ മക്കളായ സോന (ബിഎസ് സി – നേഴ്സിംഗ് സ്റ്റുഡന്റ്, വെല്ലൂർ) യ്ക്കും തിമോത്തിക്കും (പ്ലസ് ടൂ) മികച്ച വിദ്യാഭ്യാസം നല്കണം എന്നു ഞങ്ങൾ ആഗ്രഹിച്ചിരുന്നു. സാഹചര്യങ്ങൾ പലപ്പോഴും ഞങ്ങൾക്ക് അതിന് അനുകൂലമായിരുന്നില്ല. അവരെ സിബിഎസ്ഇ സിലബസ് ഉള്ള സ്കൂളുകളിൽ തന്നെ പഠിപ്പിക്കണമെന്ന എന്റെ ആഗ്രഹത്തെ കർത്താവ് മാനിച്ചു. വലിയ സാമ്പത്തിക ‍ഞെരുക്കങ്ങളുടെ മദ്ധ്യത്തിലും കുഞ്ഞുങ്ങൾക്ക് മികച്ച രീതിയിൽ പഠിക്കുവാൻ കർത്താവ് കൃപ ചെയ്തു. പ്രത്യേകിച്ച് സോന എല്ലാ ക്ലാസ്സുകളിലും ഉയർന്ന മാർക്ക് വാങ്ങി പാസായത് ദൈവത്തിന്റെ പ്രവർത്തി എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

2024 ജൂൺ മാസം 6-ാം തീയതി കോട്ടയം സെന്റർ സോദരീസമാജത്തിന്റെ പ്രാർത്ഥനാ കൂടിവരവ് ‍ഞങ്ങളുെടെ ഭവനത്തിലാണ് ക്രമീകരിച്ചിരുന്നത്. തലേ ദിവസം രാത്രി 11 മണിവരെ എന്നോടൊപ്പം നിന്ന് എല്ലാ ക്രമീകരണങ്ങളും അദ്ദേഹം ചെയ്തു തന്നു. ഉറങ്ങാൻ കിടന്ന അദ്ദേഹം രാത്രി ഒരു മണിയോടെ എന്നെ വിളിച്ച് പറഞ്ഞു, എനിക്ക് കിടക്കാൻ സാധിക്കുന്നില്ല, നല്ല പുറം വേദന ഉണ്ട്, എനിക്ക് വയ്യ എന്ന്. ഞാൻ അദ്ദേഹത്തെ പിടിച്ച് കട്ടിലിൽ ചാരി ഇരുത്തി. വായു വിലങ്ങിയതാവും എന്നു കരുതി അതിനുള്ള മരുന്നും എന്നോട് വാങ്ങി കഴിച്ചു. അല്പം കഴിഞ്ഞ് ഞാൻ നോക്കുമ്പോൾ ചാരി ഇരുന്ന് ഉറങ്ങുന്നത് കണ്ടു. കുഴപ്പമൊന്നുമില്ല എന്നു കരുതി ഞാനും ഒന്നു മയങ്ങി. അഞ്ചു മണിയായപ്പോൾ അസഹ്യമായ വേദന ഉണ്ടായപ്പോൾ എനിക്കു തീരെ വയ്യ, ആശുപത്രിയിൽ പോകണം എന്നു പറഞ്ഞു. വേഗം ഒരു വണ്ടി വിളിച്ച് ഞങ്ങൾ കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ഹോസ്പിറ്റലിൽ വന്നു. തുടർന്ന് നടന്ന ടെസ്റ്റുകളിൽ ബ്ളോക്ക് ഉണ്ടെന്നും മൂന്നു മാസം മുമ്പ് ഒരു സൈലന്റ് അറ്റാക്ക് വന്നിരുന്നു എന്നും മനസ്സിലാക്കുവാൻ സാധിച്ചു. ആൻജിയോപ്ലാസ്റ്റിക്കു ശേഷം ഐസിയുവിലായിരുന്ന അദ്ദേഹത്തെ പലതവണ ഞാൻ കയറി കണ്ടു. അപകടനില ധരണം ചെയ്തതായി ‍ഡോക്ടർമാരും അറിയിച്ചിരുന്നു. പക്ഷേ അന്നു വൈകുന്നരം സാബുച്ചായന് രോഗം മൂർച്ഛിച്ചു. ചില മണിക്കൂറുകൾക്ക് ഉള്ളിൽ അച്ച കർത്താവിന്റെ സന്നിധിയിലേക്ക് പ്രവേശിച്ചു. ഈ ഭൂമിയിൽ കർത്താവ് തന്നെ ഏല്പിച്ച വേല തികച്ച് അദ്ദേഹം കർത്തൃസവിധമണഞ്ഞു.

പ്രിയ ദൈവദാസൻ ദൈവം തന്നെ ഏല്പിച്ച വേല വളരെ വിശ്വസ്തതയോടെ ചെയ്തു. നമ്മെ ദൈവം ഏല്പിച്ച കാര്യങ്ങൾ നാം പൂർണ്ണവിശ്വസ്തതയോടെ ചെയ്യേണ്ടവരാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്, ദൈവം ഏല്പിക്കാത്ത കാര്യങ്ങൾ ചെയ്യാതിരിക്കുന്നതും. പ്രശസ്തരാകുവാനും കഴിവ് പ്രകടിപ്പിക്കാനും ഉള്ള വേദിയല്ല സുവിശേഷവേല. വളരെ താഴ്മയോടെ, കണ്ണുനീരോടെ നാം ചെയ്തു തീർക്കേണ്ടതാണ് പ്രേക്ഷിതപ്രവർത്തനം. നല്ലവനും വിശ്വസ്തനുമായ ദാസനേ എന്ന് യജമാനന്റെ സംബോധന കേൾക്കുന്നതിനായി കർത്താവിന്റെ ദാസൻ എഴുന്നേറ്റു വരും എന്നുള്ള പ്രത്യാശയോടെ ഞങ്ങളും യാത്ര തുടരുന്നു. പ്രാർത്ഥനയിൽ ഓർത്താലും.

പരസ്യയോഗങ്ങളിലും മീറ്റിംഗുകളിലും ധാരാളം പാടിയിട്ടുള്ള സുവിശേഷകൻ സാബു ചില ഗാനങ്ങൾ എഴുതിയിട്ടുമുണ്ട്. ആ ഗാനങ്ങൾ ഇവിടെ കേൾക്കാം..

Facebooktwitterlinkedininstagramflickrfoursquaremail