പിറന്നുവീഴുന്ന ഓരോ കുഞ്ഞും ഒരു തലമുറയെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആ കുഞ്ഞിനെ വളർത്തുന്നതിൽ മാതാപിതാക്കൾ എത്രമാത്രം അവബോധം ഉള്ളവരായിരിക്കണം. ദൈവം മനുഷ്യനെ ആണും പെണ്ണുമായി സൃഷ്ടിച്ചതിനു ശേഷം അവർക്ക് നൽകിയ ആദ്യത്തെ കൽപ്പനയും അനുഗ്രഹവുമാണ് “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുവീൻ” എന്ന് (ഉല്പ: 2:38). കുഞ്ഞുങ്ങൾ യഹോവ നൽകുന്ന അവകാശവും പ്രതിഫലവുമാണ്. ഓരോ മാതാപിതാക്കളും ഈ അനുഗ്രഹത്തിന്റെ ഭാഗമാകയാൽ അവരെ പോറ്റിപ്പുലർത്തേണ്ട ഉത്തരവാദിത്തം മാതാപിതാക്കൾക്ക് ഉണ്ട്. മക്കളെ ശരിയായ ദിശയിൽ വളർത്തിക്കൊണ്ടു വരുവാൻ മാതാപിതാക്കൾ അവരുടെ ഏറ്റവും ഉൽക്കൃഷ്ടമായ സമയം, അധ്വാനം, സമ്പത്ത്, ജ്ഞാനം മുതലായവ കുഞ്ഞുങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തണം.

തങ്ങളുടെ കുഞ്ഞുങ്ങളെ ദൈവത്തിനും മനുഷ്യർക്കും പ്രിതിയുള്ളവരായി വളർത്തിക്കൊണ്ടു വരുവാൻ ദൈവഭക്തയായ ഒരു അമ്മയ്ക്ക് കഴിയണം. മക്കൾ യാദൃശ്ചികമായി നല്ല സ്വഭാവഗുണമുള്ളവരായി വളരുന്നവരല്ല, അതിന് അമ്മയുടെ പ്രാർത്ഥനയും പ്രയത്നവും സ്ഥിരോത്സഹവും സമർപ്പണവും ആവശ്യമാണ്. വിശുദ്ധ ബൈബിളിൽ നല്ലവരായ അമ്മമാരെക്കുറിച്ചും മോശമായ അമ്മമാരെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്. അടിമത്തത്തിൽ നിന്നും യിസ്രായേൽ ജനതയെ മോചിപ്പിക്കുവാൻ ദൈവം നിയോഗിച്ച മോശയുടെ അമ്മയായ യോഖേബേദും (പുറ : 2:10, 20) ന്യായാധിപനായിരുന്ന ശമുവലിന്റെ അമ്മയായ ഹന്നയും (1ശമൂ:1: 27, 28) ആ കൂട്ടത്തിൽ ഉള്ളവരാണ്. ചിലപ്പോഴെങ്കിലും ക്രൂരത കാട്ടുന്ന അമ്മമാരും വിരളമല്ല. ദുഷ്ടത പ്രവർത്തിക്കാൻ മകന് ആലോചന പറഞ്ഞുകൊടുത്ത അഹസ്യാവിന്റെ അമ്മ അഥല്യയും (2. ദിന: 22 : 8) അതുപോലെ സ്വന്ത പാപത്തെ ചൂണ്ടിക്കാണിച്ച യോഹന്നാൻ സ്നാപകനോടുള്ള പക വീട്ടാൻ മകളെ ഉപയോഗിച്ച് അവന്റെ തലയറുത്ത ഹെരോദ്യയും (മർ:6:24) ഇതിന് ഉദാഹരണങ്ങളാണ്.

മൂല്യാധിഷ്ഠിതമായ ഒരു ജീവിതം മക്കളിൽ സംജാതമാകുവാൻ, ഓരോ അമ്മമാരും ശ്രദ്ധിക്കേണ്ടതാണ്. മക്കൾ അമ്മമാരോടൊപ്പമാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്. അമ്മമാരുടെ ഓരോ ചലനങ്ങളും ഭാവങ്ങളും കുഞ്ഞുങ്ങൾ വീക്ഷിച്ചു കൊണ്ടേയിരിക്കും. അതുകൊണ്ട് കുട്ടികൾക്ക് നല്ല മൂല്യങ്ങൾ സ്വായത്തമാക്കുവാൻ കഴിയും വിധം നല്ല വ്യക്തിത്വമുള്ളവരായിരിക്കണം ഓരോ അമ്മമാരും. വളരെ ചെറിയപ്രായം മുതൽ തന്നെ അവർ പ്രാർത്ഥനാജീവിതം ഉള്ളവരാകേണ്ടതിനും അതോടൊപ്പം എല്ലാ ദിവസവും ധ്യാന സമയം എടുക്കുവാനും കുഞ്ഞുങ്ങളെ പരിശീലിപ്പിക്കണം. കർത്താവുമായുള്ള വ്യക്തിപരമായ ബന്ധം കുഞ്ഞുനാളിൽ തന്നെ അവരിൽ രൂഢമൂലമാക്കുക. കർത്താവിനോടൊത്ത് സമയം ചെലവഴിക്കുന്നതിന്റെ ആനന്ദം അവരുമായി പങ്കു വെക്കുക. അമ്മമാരുടെ ആത്മീക ജീവിതം അനുകരിക്കുന്നവരാകണം നമ്മുടെ മക്കൾ. ദൈവത്തിന് നമ്മോടുള്ള സ്നേഹത്തെക്കുറിച്ചും കരുതലിനെക്കുറിച്ചും ദൈനംദിന ജീവിതാനുഭവങ്ങളുമായി കോർത്തിണക്കി ചിന്തിക്കുവാൻ അവരെ പരിശീലിപ്പിക്കുക.

കുട്ടികളെ അവരുടെ ഗൃഹപാഠങ്ങൾ ചെയ്യുന്നതിൽ സഹായിക്കുന്നവരും ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുന്നവരും മാത്രമല്ല അവരെ ആത്മീക കൂട്ടായ്മകളിൽ പങ്കെടുക്കുന്നതിനു പ്രോത്സാഹിപ്പിക്കുകയും വേണം. ആത്മീക വളർച്ച എന്നത് ജീവാവസാനം വരെ തുടരുന്ന ഒരു യാത്രയാണ്. പൊതു കൂട്ടായ്മകൾ പ്രായമായവർക്കു മാത്രമുള്ളതാണ് എന്നാണ് പലരുടെയും ചിന്താഗതി. സഭയോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വവും വിധേയത്വവും കുഞ്ഞുങ്ങളിൽ വളർത്തിയെടുക്കുവാൻ ഇത്തരം കൂട്ടായ്മ ബന്ധങ്ങൾ വഴിയൊരുക്കും. വചനത്തിനാധിഷ്ഠിതമായ ആത്മീക അടിത്തറ ലഭിച്ച കുഞ്ഞുങ്ങൾക്ക് ബാഹ്യ പ്രലോഭനങ്ങളുടെയോ ശിക്ഷയുടെയോ ആവശ്യം കൂടാതെ വളർച്ച പ്രാപിക്കുവാൻ സാധിക്കും. സ്വാർത്ഥത വെടിഞ്ഞ് മറ്റുള്ളവരെ ദയയോടെ ശുശ്രൂഷിക്കുവാനും അവരുടെ സങ്കടങ്ങളിൽ സഹായിക്കുവാൻ പര്യാപ്തമായ സ്വഭാവഗുണങ്ങൾ കുട്ടികളിൽ ഉണ്ടാകുന്നതും ആത്മീകതയുടെ പ്രതിഫലനമാണ്. ലഭിക്കുന്ന എല്ലാ നന്മകൾക്കും, ദൈവത്തോടും മനുഷ്യരോടും നന്ദി പറയുവാൻ കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കണം.

കുഞ്ഞുങ്ങളിൽ അന്തർലീനമായ ആത്മീക കഴിവുകൾ കണ്ടെത്തുവാൻ സാധിക്കുന്നതും അമ്മമാർക്ക് തന്നെയാണ്. ഓരോ കുട്ടിയിലും നിക്ഷിപ്തമായിരിക്കുന്ന ദൈവീക ഉദ്ദേശ്യങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് അവരിൽ മറഞ്ഞിരിക്കുന്ന നൈസർഗിക വാസനയെ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അവരുടെ കഴിവുകളെ കുറിച്ചുള്ള അവബോധം അവരിൽ ഉളവാക്കുവാനും അവരെ പ്രോത്സാഹിപ്പിച്ച് മുമ്പോട്ടു കൊണ്ടുവരുവാനും അമ്മമാർ ശ്രമിക്കണം.

കുഞ്ഞുങ്ങളുടെ വളർച്ചയിൽ അമ്മമാർക്കുണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനമായ ഒരു സവിശേഷതയാണ് ക്ഷമ. ക്ഷമ നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം. എങ്കിലും അമ്മമാരുടെ ക്ഷമയോടു കൂടെയുള്ള മാർഗ്ഗനിർദ്ദേശവും പിന്തുണയും മക്കളെ പ്രതികൂല സാഹചര്യങ്ങളിൽ മുന്നോട്ടു നയിക്കുവാൻ സാധിക്കും. മക്കളോട് സ്നേഹമായും മൃദുവായും ഇടപെടുന്നതിലൂടെ അവർ തിരിച്ച് അമ്മമാരെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യും. കുട്ടികളിൽ ആശങ്കയും ഭീതിയും ഉളവാകുന്ന രീതിയിൽ നാം ഇടപെടുമ്പോൾ അത് അവരുടെ പഠനത്തെയും സ്വഭാവത്തയും പ്രതികൂലമായി ബാധിക്കുന്നു. ഉദ്യോഗസ്ഥരായ അമ്മമാർ അടക്കം കുഞ്ഞുങ്ങളെ ലാളിക്കുവാനും അവരോടൊത്ത് കളിക്കുവാനും സമയം കണ്ടെത്തണം. കുറച്ചുനാൾ മാത്രമേ നമ്മോടൊത്തു ഉണ്ടാവുകയുള്ളു. ശൈശവം, ബാല്യം, കൗമാരം, യൗവ്വനം, ഇതെല്ലാം വേഗം തീരും. ഓരോ കുഞ്ഞുങ്ങളും വ്യത്യസ്തരാണ്. അവരുടെ വ്യക്തിത്വത്തെ നാം മാനിക്കണം. മറ്റു കുഞ്ഞുങ്ങളുമായി ഒരിക്കലും നമ്മുടെ കുഞ്ഞുങ്ങളെ താരതമ്യം ചെയ്യരുത്. അത് അവരെ അപകർഷതാബോധത്തിലേക്കും നിരാശയിലേക്കും നയിക്കും.

അധാർമികത കൊടികുത്തി വാഴുന്ന ഒരു ലോകത്താണ് നമ്മുടെ കുട്ടികൾ ജീവിക്കുന്നത്. ധാർമിക മൂല്യങ്ങൾക്ക് ഊന്നൽ കൊടുക്കുന്ന ജീവിതമായിരിക്കണം നമ്മുടെ മക്കളുടേത്. രാജ്യത്തിന്റെ നിയമങ്ങളെക്കുറിച്ചും മൗലികാവകാശങ്ങളെക്കുറിച്ചും അവർ അറിഞ്ഞിരിക്കണം. രാജ്യത്തിന്റെ നിയമസംവിധാനത്തെക്കുറിച്ചുള്ള അവരുടെ അറിവില്ലായ്മ ക്രമം കെട്ട ജീവിതത്തിലേക്ക് അവരെ നയിക്കും. മക്കളുടെ വളർച്ചയിൽ എല്ലാ പിന്തുണയും ഉറപ്പാക്കി മാതൃകയുള്ള ഒരു ജനതയെ വാർത്തെടുക്കുവാൻ എല്ലാ അമ്മമാർക്കും കഴിയണം.

Facebooktwitterlinkedininstagramflickrfoursquaremail