നിർത്താതെയുള്ള സൈക്കിളിന്റെ ബെല്ലടി കേട്ട് കെവിൻ വാതിൽ പടിയിൽ വന്ന് എത്തിനോക്കി.. അനന്തുവും ദീപവും ആണ്. കയ്യിൽ പന്തുമുണ്ട്…
കെവിനെ.. നീ വരുന്നില്ലേ?.. ശബ്ദം കേട്ട് അമ്മ വെളിയിൽ വന്നു ചോദിച്ചു.
എങ്ങോട്ടാണ് എല്ലാവരും കൂടെ” ?
ഞങ്ങൾ കളിക്കാൻ പോവാ. എവിടെയാ? അമ്മ ചോദിച്ചു..
പുഴയുടെ തീരത്തുള്ള മൈതാനത്തിലാണമ്മേ”.. കെവിൻ മറുപടി പറഞ്ഞു..
“മോനെ പുഴയിലേക്ക് ഇറങ്ങരുത് കേട്ടോ”
ഈ അമ്മ ഇങ്ങനെയാണ്.. അവിടെ പോകരുത്, ഇത് ചെയ്യരുത്, അത് ചെയ്യരുത് എന്ന് പറഞ്ഞു കൊണ്ടേയിരിക്കും”. “ഇതൊക്കെ തന്നെയാണ് എന്റെ വീട്ടിലും, കൂട്ടത്തിൽ ചേച്ചിയുടെ വക ഉപദേശവും” ദീപു പറഞ്ഞു.
പുഴയിലേയ്ക്കുള്ള ഇടവഴിയിലൂടെ അവർ സൈക്കിൾ ചവിട്ടി പുഴയുടെ തീരത്തെ മൈതാനത്തിൽ എത്തി. അവധി ദിവസമായതിനാൽ ഇന്ന് പതിവിൽ കൂടുതൽ ആളുകൾ ഉണ്ട് പുഴവക്കത്ത്. ഇടതൂർന്ന് നില്ക്കുന്ന ഞാങ്ങണക്കൂട്ടങ്ങളുടെ നടുവിലൂടെ പച്ചനിറത്തിൽ. ശാന്തമായി ഒഴുകുന്ന പുഴ. ഒരു അരഞ്ഞാണം പോലെ അങ്ങ് ദൂരെ വരെ കാണാം.. തീരത്ത് പച്ചപരവതാനി വിരിച്ചത് പോലെ പുൽമേടുകളാണ്. അവിടെ കുട്ടികൾ പന്ത് കളിക്കുന്നു. ആളുകൾ പശുക്കളെ മേയ്ക്കുന്നു. ചിലർ ഉയർന്ന പാറകളിൽ കയറി ഇരുന്ന് പ്രകൃതി ഭംഗി ആസ്വദിക്കുന്നു.
വാടാ..നമുക്ക് കളിക്കാം ദീപു വിളിച്ചുപറഞ്ഞു. അപ്പോഴേക്കും മറ്റുള്ളവരും എത്തി. അവർ തിമിർത്തു കളി തുടങ്ങി… ഇല്ലിമുളം കാടുകളിൽ ഒരു ഹൂങ്കാര ശബ്ദം പുറപ്പെടുവിച്ച കാറ്റ് കടന്നുപോയി.. ഒടുവിൽ ക്ഷീണിച്ച് അവർ ഒരു പാറപ്പുറത്ത് കയറിയിരുന്നു..
“നമുക്ക് പുഴയിൽ ഇറങ്ങി നീന്തിയാലോ?”.. അനന്തു പറഞ്ഞു..
കേട്ടപാടെ കെവിൻ പറഞ്ഞു”വേണ്ട ഞാൻ വരുന്നില്ല.. അമ്മ പറഞ്ഞു വെള്ളത്തിൽ ഇറങ്ങരുതെന്ന്..
“ഓ.. ഒരു പേടിത്തൊണ്ടൻ.. ടാ.. ദീപു..നീ വാ… “ഞാനും വരുന്നില്ല”.. “ഇവന്മാരെ കൊണ്ട് ഒന്നിനും കൊള്ളത്തില്ല.. നിങ്ങൾ വരുന്നില്ലെങ്കിൽ വേണ്ട ഞാൻ എന്തായാലും പുഴയിൽ ഒന്ന് നീന്തിയിട്ട് തന്നെ കാര്യം”.. അനന്തു മുൻപോട്ട് നടന്നു..
അപ്പോൾ അവിടെ ഒരു ചൂണ്ടുപലക വെച്ചിരിക്കുന്നത് കണ്ടു.. അതൊന്നും ശ്രദ്ധിക്കാതെ അവൻ പായൽ നിറഞ്ഞ പടവുകൾ ചവിട്ടി താഴേക്ക് ഇറങ്ങാൻ തുടങ്ങി..
“അനന്തു.. അവിടെ ഒരു ബോർഡ് വച്ചിരിക്കുന്നത് നീ കണ്ടോ?.. ദീപു വിളിച്ചു പറഞ്ഞു..
“വാ നമുക്ക് പോയി . അതിൽ എന്താ എഴുതിയിരിക്കുന്നത് എന്ന് നോക്കാം..” ദീപു കെവിനെയും കൂട്ടി അങ്ങോട്ട് നടന്നു.
“ഇവിടെ ഇറങ്ങരുത്”.. ഒരു നിമിഷം അവർ ഭയപ്പാടോടെ അനന്തുവിനെ നോക്കി
“അനന്തു.. ഈ ബോർഡിൽ ഇവിടെ ഇറങ്ങാൻ പാടില്ല എന്ന് എഴുതിയിരിക്കുന്നു നീ വേഗം കേറി വാ”.. ദീപു അനന്തുവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.. “ഓ..പിന്നെ അങ്ങനെ പലതും കാണും.. എന്നു പറഞ്ഞ് അത് ഗണ്യമാക്കാതെ അനന്തു പുഴയിലേക്ക് ഇറങ്ങി.
കുറച്ചു ദൂരം നടന്നപ്പോൾ പെട്ടെന്ന് അവൻ ഒരു ചുഴിയിൽ അകപ്പെട്ടു.. മുങ്ങിത്താഴുവാൻ തുടങ്ങി.. അവൻ കൈകൾ മുകളിലേക്ക് ഉയർത്തി നിലവിളിച്ചു.. കെവിനും ദീപുവും അലമുറയിട്ടു കരഞ്ഞു.. “രക്ഷിക്കണേ രക്ഷിക്കണേ”.. അവരുടെ നിലവിളി കേട്ട് അവിടെ പശുക്കളെ മേയ്ച്ചുകൊണ്ടിരുന്ന ആളുകൾ ഓടി വന്നു പുഴയിലേക്ക് എടുത്തുചാടി.. അവർ അവനെ വലിച്ചുകയറ്റി, കരയിൽ കിടത്തി.. വയറ്റിൽ അമർത്തി വെള്ളം കളഞ്ഞു… അവൻ കണ്ണുതുറന്നു.. അതിൽ പ്രായമുള്ള ഒരു ചേട്ടൻ പറഞ്ഞു “കുറച്ചുകൂടി മുന്നോട്ടു പോയിരുന്നെങ്കിൽ ഞങ്ങൾക്കും രക്ഷിക്കാൻ കഴിയുമായിരുന്നില്ല കേട്ടോ.. കാരണം പുറമേ ശാന്തമായി ഒഴുകുന്നു എന്ന് തോന്നിയാലും നല്ല അടിയൊഴുക്കുള്ള പുഴയാണ്….. മോൻ ഈ ചൂണ്ടു പലക കണ്ടില്ലായിരുന്നോ? ഇവിടെ ഇറങ്ങരുതെന്ന് അതിൽ എഴുതി വച്ചിട്ടുണ്ടല്ലോ.. ഇത് അവഗണിച്ച് ഇറങ്ങിയ ഒരുപാട് പേർ ചുഴിയിൽ പെട്ട് മരണപ്പെട്ടു പോയിട്ടുണ്ട്.. എന്തായാലും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു”..
കൂട്ടുകാരേ… മുന്നറിയിപ്പുകൾ അവഗണിച്ചാൽ നാം നാശത്തിലേക്ക് പോകും… മുന്നറിയിപ്പുകൾ കാര്യമാക്കാതെ മുന്നോട്ടുപോയ അനേകർ മടങ്ങി വരാതെ അപകടങ്ങളിലേക്ക് പോയ കഥകളെല്ലാം നമുക്ക് സുപരിചിതമാണ്…
അതുപോലെ.. ദൈവ വചനം നമുക്ക് ഒരു മുന്നറിയിപ്പാണ്.. അപകട സൂചന തരുന്ന ഒരു ചൂണ്ടു പലകയാണ്.. നമ്മുടെ ജീവിതത്തെ നേരായ ദിശയിലേക്ക് തിരിച്ചുവിടാൻ ദൈവ വചനം നമ്മെ സഹായിക്കുന്നു… വിശുദ്ധ വേദപുസ്തകത്തിൽ നാം ഇപ്രകാരം വായിക്കുന്നു…”ഞാൻ നിന്നെ ഉപദേശിച്ചു നടക്കേണ്ട വഴി നിനക്ക് കാണിച്ചു തരും, ഞാൻ നിന്റെ മേൽ ദൃഷ്ടി വെച്ച് നിനക്ക് ആലോചന പറഞ്ഞു തരും”.. (സങ്കീ: 32:8). ദൈവവചനം എന്ന ചൂണ്ടുപലക നോക്കി നാം യാത്ര ചെയ്യുമ്പോൾ ജീവിതത്തിന്റെ ലക്ഷ്യസ്ഥാനത്ത് എത്തുവാൻ നമുക്കിടയാകും…. അതുകൊണ്ട് ദൈവവചനം പഠിക്കുവാനും ധ്യാനിക്കുവാനും ഉത്സുകരായിരിക്കാം….