എം. ജി യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിനു രണ്ടാം റാങ്ക് കരസ്ഥമാക്കിയ അക്സയ്ക്ക് ദൈവത്തിന്റെ അനിർവ്വചനീയമായ കൃപ എന്നല്ലാതെ അതിൽ കൂടുതൽ ഒന്നും ഈ വിജയത്തെക്കുറിച്ച് പറയാനില്ല. എറണാകുളം ജില്ലയിൽ അറക്കപ്പടിയിൽ (പെരുമ്പാവൂർ) സ്ഥലത്ത് കർത്തൃശുശ്രൂഷയിലായിരിക്കുന്ന സുവിശേഷകൻ നെൽസൺ എ. യുടെയും ലീലാമ്മ നെൽസണിന്റെയും മകൾ അക്സ ആൻ നെൽസൺ ക്രിസ്തീയ സോദരിക്കു വേണ്ടി തന്റെ പഠനവഴികൾ വിശദീകരിക്കുന്നു. ഒരു റാങ്ക് ജേതാവിന്റെ ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ..
Grace – The endless mercy expressed to the undeserving wretched without a feeling of being rewarded – അതെ അർഹിക്കാത്ത സ്ഥാനത്ത് പ്രതിഫലേച്ഛ കൂടാതെ കാണിക്കുന്ന ദയ എന്ന ‘കൃപ’യുടെ നിർവ്വചനം എന്നിൽ അക്ഷരംപ്രതി നിറവേറി എന്നേ പറയാനുള്ളൂ. ബലഹീനതയിൽ തുണ നിൽക്കുന്ന ദൈവകൃപയും സകല ബുദ്ധിയേയും കവിയുന്ന ദൈവ സമാധാനവും എന്നെ ഇത്രത്തോളം വഴി നടത്തി. ഈ ഏഴയ്ക്കിതു അപ്രാപ്യം ആയിരുന്നു. നേടിയതല്ല, അവിടുന്ന് തന്നതാണ്. അർഹിക്കാത്ത നന്മകൾ തന്നു ദൈവം ഇതുവരെയും അനുഗ്രഹിച്ചു. സർവ്വശക്തനായ ദൈവത്തിന് സകല മഹത്വവും അർപ്പിക്കുന്നു.
വന്ന വഴികൾ
സ്കൂൾ പഠനകാലയളവിൽ ശരാശരിയിലും താഴെ നിൽക്കുന്ന ഒരു വിദ്യാർത്ഥിനിയായിരുന്നു ഞാൻ. പത്താം ക്ലാസിൽ അത്ര നല്ല മാർക്കൊന്നും എനിക്കുണ്ടായിരുന്നില്ല. എങ്കിലും ലോകപ്രകാരം മാന്യതയേറിയതിനെ വിലമതിച്ചത് കൊണ്ടും ദൈവഹിതത്തെ ഗൗനിക്കാൻ അജ്ഞയായിരുന്നതിനാലും ഞാൻ സയൻസ് ഗ്രൂപ്പ് എടുത്തു. ഹയർസെക്കൻഡറി ഒരു ആവറേജ് മാർക്കിൽ പാസായത് ഇന്നും എനിക്ക് അത്ഭുതമാണ്. +2 പഠനത്തിനുശേഷം ഡിഗ്രിക്ക് ഉള്ള അലോട്ട്മെന്റിൽ 30 ഓപ്ഷനുകളിൽ 28-ാമത്തെ ഓപ്ഷൻ ആയിരുന്നു ഇംഗ്ലീഷ്. അലോട്ട്മെന്റ് ഫലം വന്നപ്പോൾ എന്റെ മുൻഗണനകളെ പിന്തള്ളി എനിക്ക് അഡ്മിഷൻ ലഭിച്ചത് ബി.എ ഇംഗ്ലീഷിനു ആയിരുന്നു. ദൈവം തന്ന അഡ്മിഷനെ ഓർത്ത് നന്ദി പറയേണ്ടതിന് പകരം എന്റെ പ്രതികരണം നിയന്ത്രണം വിട്ടുള്ള കരച്ചിലായിരുന്നു. കാരണം സമൂഹത്തിനു മുമ്പിൽ ‘unprivileged’ എന്നു കരുതുന്ന ഒരു പഠന വിഷയത്തെ തിരഞ്ഞെടുക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു. എങ്കിലും ദൈവം എന്റെ മാതാപിതാക്കളിലൂടെയും ആന്റിയിലൂടെയും ഇതു തന്നെയാണ് എന്നെക്കുറിച്ചുള്ള ദൈവഹിതം എന്ന് മനസ്സിലാക്കി തന്നു. മാത്രമല്ല തുടർന്നുള്ള നാളുകളിൽ കേവലം ജല്പനങ്ങൾക്ക് വിരുദ്ധമായി ഗൗരവമായി ദൈവസന്നിധിയിൽ പ്രാർത്ഥിക്കുവാനും എന്തെന്നില്ലാത്ത ദൈവസമാധാനം അനുഭവിക്കുവാനും ഈ വഴിയിലൂടെ തന്നെയാണ് ഞാൻ പോകേണ്ടതെന്ന് തിരിച്ചറിയുവാനും ദൈവം എന്നെ സഹായിച്ചു. ദൈവഹിതത്തിന് കീഴ്പ്പെടുവാൻ സർവ്വശക്തനായ ദൈവം എനിക്ക് കൃപ തന്നു. പിന്നിട്ട വഴിത്താരകളെ വിശകലനം ചെയ്യുമ്പോൾ എനിക്ക് പറയാൻ കഴിയുന്നത് ഇതാണ് – ഇത് ദൈവഹിതത്തിന്റെ അത്ഭുത പ്രവർത്തനം. എനിക്ക് ഏറ്റവും മികച്ചതിനെ ദൈവം നൽകി. ബി എ ഇംഗ്ലീഷിനു അഡ്മിഷൻ കിട്ടിയപ്പോഴുള്ള കരച്ചിലിൽ നിന്നും ദൈവം നൽകിയ ഈ നേട്ടത്തിന് മുന്നിൽ ദൈവ മുമ്പാകെ ഞാൻ നന്ദി ഉള്ളവളായിരിക്കുന്നു.
പഠനരീതി
യാക്കോബ് 1:5 -ാം വാക്യം എന്നിൽ ചെലുത്തിയ സ്വാധീനം ചെറുതൊന്നുമല്ല. എന്റെ ജഡത്തിന്റെ നിസ്സഹായതയെ ദൈവത്തിനു മുന്നിൽ തുറന്നുപറഞ്ഞ് എന്റെ ബലഹീനതയിൽ തുണ നിൽക്കുന്ന ദൈവകൃപ യാചിക്കുവാൻ ഓരോ പഠനത്തിന് മുമ്പും ദൈവം കൃപ നൽകിയിരുന്നു. അതുതന്നെയായിരുന്നു എല്ലാ പഠനത്തിന്റെയും ഇന്ധനം എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
എന്റെ പഠന വിഷയം ഭാഷാ സാഹിത്യത്തെ കേന്ദ്രീകരിച്ചുള്ളതാണ്. അതിനാൽ വായന ഒഴിച്ചു കൂടാനാവാത്ത ഘടകം ആയിരുന്നു. പാഠപുസ്തകങ്ങൾക്ക് പുറമേയുള്ള വായന നമ്മുടെ ഭാഷയെ സമ്പുഷ്ടമാക്കാൻ ഉപകരിക്കുന്നതാണ്. അധ്യാപകരുടെ ക്ലാസുകൾ കേട്ട് തയ്യാറാക്കുന്ന നോട്ടുകൾ പരീക്ഷകാലത്തെ പഠനം സുഗമമാക്കാൻ ഏറെ ഉപകാരപ്രദമാണ്. എത്ര പ്രതികൂലമുണ്ടെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് ഇത്തരത്തിൽ നോട്ടുകൾ ഉണ്ടാക്കുവാൻ ഞാൻ ശ്രമിച്ചിരുന്നു. പ്രത്യേകിച്ചും ബിരുദ പഠന കാലയളവിൽ എന്റെ ഉത്തമ സഹായിയായിരുന്നു ഈ നോട്ടുകൾ.
സ്ഥിരമായി മണിക്കൂറുകളോളം പഠനത്തിൽ ഏർപ്പെട്ടിരുന്ന ഒരു വ്യക്തിയായിരുന്നില്ല ഞാൻ. എന്നാൽ പരീക്ഷയ്ക്ക് ഒരു മാസം മുമ്പ് എങ്കിലും വിഷയങ്ങളുടെ ഗൗരവം അനുസരിച്ച് ഓരോ ഭാഗങ്ങളായി തിരിച്ച് ഒരു ടൈംടേബിൾ തയ്യാറാക്കി അതിനനുസരിച്ച് പഠിക്കുവാൻ സാധിച്ചിരുന്നു. പഠനത്തോടൊപ്പം ഉപവസിച്ചു പ്രാർത്ഥിക്കുന്നതിന്റെ ശക്തിയും ഞാൻ തിരിച്ചറിഞ്ഞിരുന്നു.
‘ഞാൻ’ എന്ന ഭാവം എന്നിൽ എത്രത്തോളം നിലനിൽക്കുന്നോ അത്രത്തോളം അസാധ്യമായിരിക്കും നമ്മുടെ ജീവിതവിജയം എന്ന് എന്റെ മാതാപിതാക്കൾ എന്നെ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. അതിന് അനുസരിച്ചായിരുന്നു എന്റെ ഓരോ ചുവടുവെയ്പ്പും. നമ്മെ നന്നായി അറിയുന്ന ദൈവം നമുക്കു വേണ്ടി നല്ലത് മുന്നൊരുക്കും. ആ ദൈവത്തിൽ സകല കാര്യങ്ങളും സമർപ്പിച്ചാൽ കാലിടറാതെ അവിടുന്ന് നമ്മെ കാക്കും. ദൈവകൃപയുടെ അഭാവം സൃഷ്ടിക്കുന്നത് കേവലം നിഷ്ഫലമായ പ്രവർത്തികളാണ്. ഈ തിരിച്ചറിവ് സർവ്വശക്തനായ ദൈവം അടിയനിൽ നല്കിയതാണ് എന്റെ പഠനത്തിന്റെ ചാലകശക്തിയായും ഈ ചെറിയ നേട്ടത്തിന്റെ പ്രധാന കാരണമായും ഞാൻ കരുതുന്നത്.
വെല്ലുവിളികൾ
അനവധി വെല്ലുവിളികൾ ഉണ്ടായിരുന്നുവെങ്കിലും ദൈവീക പ്രമാണങ്ങൾക്ക് ഘടകവിരുദ്ധമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന പഠന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരിക എന്നതായിരുന്നു ഈ കാലയളവിൽ ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ആദ്യകാലങ്ങളിൽ വളരെയധികം പ്രയാസപ്പെട്ടെങ്കിലും അത് ദൈവവചനത്തെ കൂടുതൽ പഠിക്കുവാനുള്ള ശ്രമത്തിന് മുഖാന്തരമായി.
പിന്നീടാണ് ഞാൻ തിരിച്ചറിഞ്ഞത് ഇനിയുള്ള കാലഘട്ടങ്ങളിൽ പഠന വിഷയത്തിൽ മാത്രമല്ല ഒരു വിശ്വാസിയുടെ ജീവിതത്തിൽ ഉടനീളം സാത്താൻ ഉപയോഗിക്കാൻ പോകുന്ന അമ്പ് ഇത്തരത്തിൽ നമ്മുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന ആശയങ്ങൾ ആയിരിക്കുമെന്ന്. സ്കൂൾ പഠനകാലയളവിൽ ഈ കാര്യത്തെ അത്ര ഗൗരവമായി എടുത്തില്ലെങ്കിലും ബിരുദകാലത്ത് പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ഈ തിരിച്ചറിവിനെ ദൈവം ഒരു മുഖാന്തരമാക്കി. അതിനനുസൃതമായി പ്രവർത്തിക്കുവാൻ അവിടുന്ന് കൃപ നൽകി. പലതിനും ഭക്തിയുടെ വേഷമാണ്. ദൈവത്തിന്റെ ദയ എന്നെ വിടാതെ പിന്തുടർന്നതു കൊണ്ടും എനിക്ക് വേണ്ടി കണ്ണീരൊഴുക്കുന്ന ഒരു കുടുംബം പിൻബലമായി ഉണ്ടായിരുന്നതുകൊണ്ട് ക്രൂശിന്റെ വചനത്തിൽ നിന്ന് വ്യതിചലിക്കുവാൻ ദൈവം അനുവദിച്ചില്ല.
എന്റെ ഈ എളിയ വാക്കുകളിലൂടെ കണ്ണോടിക്കുന്ന ഓരോ പ്രിയപ്പെട്ടവരോടും എനിക്കൊരു അപേക്ഷയുണ്ട്. ‘ശരി’ ‘തെറ്റുകൾ’ക്ക് സമൂഹത്തിൽ സ്ഥാനമില്ല, അവനവന് എന്ത് ചൊവ്വായി തോന്നുന്നുവോ ആ വഴിയിലൂടെ പോക എന്ന ആശയം പ്രചരിപ്പിച്ചു സകലവിധ മൂല്യങ്ങളെയും ദൈവീക പ്രമാണങ്ങളെയും കാറ്റിൽ പറത്തുന്ന ഒരു ആധുനിക സമൂഹത്തിലാണ് ഞാൻ ഉൾപ്പെടുന്ന യുവതലമുറയും കുഞ്ഞുങ്ങളും ജീവിക്കുന്നതും വളരുന്നതും. ഇതിന്റെ മധ്യത്തിൽ യഥാർത്ഥ വിശ്വാസത്തിൽ നിലനിൽക്കുവാൻ ദൈവകൃപയുടെ അത്യന്തവ്യാപാരം കൂടിയേ തീരൂ. ജീവിതത്തിലും ഉപദേശത്തിലും ഒരു പോലെ വിശുദ്ധി സൂക്ഷിക്കുവാനുള്ള ദൈവകൃപ ലഭിക്കേണ്ടതിന് നമുക്ക് അന്യോന്യം പ്രാർത്ഥിക്കാം.
ലക്ഷ്യം
ഡോക്റാവുക എന്ന ആഗ്രഹത്തോടെ സയൻസ് ഗ്രൂപ്പ് എടുത്ത് പഠിച്ച ഞാൻ ദൈവഹിതം തിരിച്ചറിഞ്ഞ് ആ ആഗ്രഹം മാറ്റി വെച്ചു. കോലഞ്ചേരി, സെന്റ്. പീറ്റേഴ്സ് കോളേജിൽ എം.എ ഇംഗ്ലീഷിനു ജോയിൻ ചെയ്ത എനിക്കു നല്ല ഒരു അദ്ധ്യാപികയാകണമെന്നാണ് ആഗ്രഹം. അതോടൊപ്പം സുവിശേഷവേലയോട് അനുബന്ധിച്ച് ട്രാൻസലേഷൻ വർക്കുകളും ദൈവവചന വിരുദ്ധമായ ആശയങ്ങളെ തെളിയിക്കുക എന്നിങ്ങനെയുള്ള താല്പര്യങ്ങളും ഉണ്ട്.
ഹോബി
വായന, എഴുത്ത്. എല്ലാ തരം പുസ്തകങ്ങളും വായിക്കാറുണ്ട്. വായന എഴുത്തിനെ സഹായിക്കുന്നു. ഡിജിറ്റൽ വായനയെക്കാൾ എനിക്കു ഇഷ്ടം അച്ചടി മാദ്ധ്യമമാണ്. ഇംഗ്ലീഷ് കവിതകൾ എഴുതാറുണ്ട്.
എല്ലാവർക്കും മികച്ച വിദ്യാഭ്യാസം നേടാൻ സാധിച്ചു എന്നു വരികയില്ല. വിദ്യാഭ്യാസത്തിൽ മികവ് പുലർത്തുവാൻ ദൈവം അക്സക്ക് അവസരം നൽകി. ദൈവം നല്കുന്ന കൃപയ്ക്ക് അനുസരിച്ച് പഠിക്കാൻ ശ്രമിച്ചാൽ ദൈവനാമം മഹത്വപ്പെടുമെന്ന് ദൈവം അക്സയിലൂടെ നമുക്ക് മനസ്സിലാക്കി തരുന്നു. പഠനകാലയളവിൽ ദൈവം ഏൽപ്പിച്ചിരിക്കുന്ന പ്രഥമ ഉത്തരവാദിത്വം പഠിക്കുക എന്നതാണെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു. അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച അക്സയുടെ ആത്മീക ജീവിതവും കർത്താവിന്റെ കരങ്ങളിൽ ഭദ്രമായിരുന്നു.
ദൈവഹിതം നിറവേറേണ്ടതിനും ദൈവവുമായുള്ള ബന്ധം നിലനില്ക്കേണ്ടതിനും ഓലോല കണ്ണുനീർ ഒഴുക്കുന്ന മാതാപിതാക്കളും കുടുംബവും സഭയുമാണ് എന്റെ എക്കാലത്തെയും പിൻബലം എന്ന് അക്സ പറയുന്നു. പഠനവേളയിൽ ഒരിയ്ക്കൽ പോലും തന്റെ മാതാപിതാക്കളോ സഹോദരങ്ങളോ യാതൊരു സമ്മർദ്ദവും നല്കിയിട്ടില്ലെന്നും അവൾ സന്തോഷത്തോടെ ഓർക്കുന്നു. അക്സക്കു ഇളയ രണ്ടു സഹോദരിമാരാണ് ഉള്ളത്. ബ്യൂല (ബി.കോം രണ്ടാം വർഷം), ലേയ (പ്ലസ്സ് വൺ). തനിക്കു ലഭിച്ച നേട്ടം ഒരു ശതമാനം പോലും തന്റെ കഴിവ് ആണെന്ന് ചിന്തിക്കാൻ അക്സ തയ്യാറല്ല. കഴിഞ്ഞുപോയ വർഷങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച്, ഇനിയുള്ള കാലങ്ങളെ വലിയവനായ ദൈവത്തിന് മുന്നിൽ സമർപ്പിച്ച് അവൾക്ക് പറയാനുള്ളത് ഒന്നു മാത്രം – ഇതുവരെ എന്നെ വഴി നടത്തിയവൻ തുടർന്നും നടത്തുവാൻ ശക്തൻ. Yes! He who led me thus far, will guide me furthur.