ജോലി സംബന്ധമായ തിരക്കുകൾ നിമിത്തം ചില ദിവസങ്ങളിൽ അവൾ താമസിച്ചാണ് ഉറങ്ങുന്നതും എഴുന്നേല്ക്കുന്നതും. താമസിച്ച് എഴുന്നേല്ക്കുന്ന ദിവസങ്ങളിൽ ഡാഡി ചോദിക്കുന്ന ഒരു ചോദ്യമുണ്ട് മോളെ.. നീ.. പ്രാർത്ഥിച്ചോ? ബൈബിൾ വായിച്ചോ? എന്നൊക്കെ. തലേദിവസത്തെ ജോലിഭാരവും ശാരീരിക ക്ഷീണവും നിമിത്തം ഉറക്കത്തിന്റെ ആലസ്യം ഇനിയും വിട്ടുണരാത്ത അവളിലേക്ക് ഈ ചോദ്യം ഒരു തീയമ്പുകണക്കെയാണ് പതിക്കുന്നത്. സ്ഥിരമായി ചെയ്തു വരുന്ന ഒരു കാര്യം ചെയ്യാഞ്ഞതിലോ ചെയ്യാൻ മറന്നുപോയതിലോ ഉള്ള കുറ്റബോധത്തോടെ ഡാഡിയുടെ വാക്കുകൾ അക്ഷരംപ്രതി അനുസരിക്കുന്ന മിടുക്കി കുട്ടി. അവൾക്ക് ഇത് ഒരു ഓർമ്മപ്പെടുത്തലാണ്.
കല്ലു നീക്കുവിൻ എന്നു പറഞ്ഞു ലാസറിന്റെ കല്ലറയ്ക്കലേക്കു യേശു നടന്നടുക്കുമ്പോൾ പിന്നിൽ നിന്നും പതിഞ്ഞ ശബ്ദത്തിൽ മാർത്ത പറഞ്ഞു: കർത്താവേ, നാറ്റം വെച്ചു തുടങ്ങി; നാലു ദിവസമായല്ലോ. തനിക്കു ഏറ്റവും പ്രിയപ്പെട്ട ലാസറിനു സുഖമില്ലാതിരുന്ന സമയം മുതൽ ലാസറിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും കൃത്യമായി അറിഞ്ഞുകൊണ്ടിരുന്ന കർത്താവ് (യോഹ:11:4), സുഖമില്ല എന്ന വാർത്ത അറിഞ്ഞിട്ടും താൻ ആയിരുന്ന സ്ഥലത്ത് രണ്ടു ദിവസം കൂടെ ചെലവഴിച്ച കർത്താവ് (യോഹ:11:6), ലാസർ മരിച്ചു പോയെന്നും അടക്കം ചെയ്തിട്ട് നാലു ദിവസമായെന്നും മനസ്സിലാക്കിയ കർത്താവ് (യോഹ:11:16). എല്ലാം നന്നായി അറിയുന്ന കർത്താവിന് ഇങ്ങനെ ഒരു ഓർമ്മപ്പെടുത്തൽ ആവശ്യമായിരുന്നോ?
ചിലർ അങ്ങനെയാണ്, അവർ ചില കാര്യങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും. അത് കേൾവിക്കാർക്കു അസ്വസ്ഥമായി എന്നു വരാം. പരീക്ഷ എഴുതാനോ പഠനത്തിലോ സ്കൂളിലേക്കോ കോളേജിലേക്കോ പുറപ്പെടുന്നതിനു മുമ്പ് മമ്മിയുടെയോ പപ്പയുടെയോ ചില ചോദ്യങ്ങൾ പിന്നിൽ നിന്നും നാം കേൾക്കാറില്ലേ? പേന എടുത്തോ? ഭക്ഷണം എടുത്തോ? ഇന്നലെ ചെയ്ത പ്രോജക്ട് എടുത്ത് ബാഗിൽ വെച്ചോ? കൈയ്യിൽ പണമുണ്ടോ? എല്ലാ ദിവസവും തുടർച്ചയായി കേൾക്കുന്ന ഈ പല്ലവികൾ മിക്കപ്പോഴും നമുക്ക് എന്തോ അത്രയ്ക്ക് അങ്ങോട്ട് ഇഷ്ടപ്പെടാറില്ല. ഈ അപ്പയ്ക്കും അമ്മയ്ക്കും എന്താ? എനിക്കറിയില്ലേ ഇതൊക്കെ? ഞാനെന്താ കൊച്ചുകുഞ്ഞാണോ? നമ്മുടെ ചില നീരസങ്ങൾ അത് അങ്ങനെ…..
മാർത്ത ആ കുടുംബത്തിലെ ഒരു പ്രധാനപ്പെട്ട വ്യക്തി തന്നെയാണ്. വീട്ടിൽ വരുന്നവരെ സ്വീകരിക്കുവാനും അവരുടെ വിശേഷങ്ങൾ അന്വേഷിക്കാനും അവർക്കു ഭക്ഷണം ഒരുക്കുവാനും ആ സ്ത്രീ കാണിക്കുന്ന തത്രപ്പാട് അത്ര നിസാരമായി കാണരുത്. വെറുതെയല്ല, ചിലപ്പോഴൊക്കെ അവരുടെ മനം കലങ്ങുന്നത്. കുടുംബത്തിലെ ഉത്തരവാദിത്തമുള്ള ഒരു വ്യക്തി എന്ന നിലയിൽ, എല്ലാവർക്കും അറിയാവുന്ന കാര്യമാണെങ്കിലും അവൾ ചില കാര്യങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും. അത്തരം ഓർമ്മപ്പെടുത്തലുകളെ അവഗണിക്കരുത് കാരണം ചില വ്യക്തികളിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്ന കാര്യങ്ങളിൽ ചിലപ്പോഴെങ്കിലും ദൈവീകശബ്ദവും ഉണ്ടാകാം… ആമേൻ.