‘എന്തൊരു സുന്ദരിയാ ആ കുട്ടി’, ‘ഹോ അവളുടെ പാചകം ഗംഭീരം തന്നെ’, ‘ഒന്നും മിണ്ടില്ലാത്ത ഒരു പാവം പെൺകുട്ടി’… നമുക്ക് ഈ വാചകങ്ങളെല്ലാം പരിചിതങ്ങൾ അല്ലേ?

പെൺകുട്ടികൾക്ക് അല്ലെങ്കിൽ സ്ത്രീകൾക്ക് സുലഭമായി, ‘പ്രയാസമെന്യേ’ കിട്ടുന്ന പ്രശംസാ വചനങ്ങൾ. അവളുടെ സൗന്ദര്യം, പാചകം, ഒതുങ്ങിക്കൂടുന്ന രീതി, മിണ്ടാതിരിക്കുന്ന രീതി ഇവയെല്ലാം വാനോളം വാഴ്ത്താറുണ്ട്. നല്ലതുതന്നെ, അഭിനന്ദനം അർഹിക്കുന്നവയെ അഭിനന്ദിക്കുക തന്നെ വേണം. പക്ഷേ ഇത്തരം കരഘോഷങ്ങൾക്കിടയിൽ ചില ആന്തരിക മൂല്യങ്ങൾ വിസ്മരിക്കപ്പെടുന്നുണ്ടോ? ഓരോ പെൺകുട്ടികളുടെയും ബാഹ്യമേന്മകൾ പ്രശംസയ്ക്ക് പാത്രമാകുമ്പോൾ അവയുടെ അതിപ്രസരം മൂലം ആർജ്ജിച്ചെടുക്കേണ്ട ആന്തരിക ഗുണങ്ങളിൽ നിന്ന് അവളുടെ ശ്രദ്ധ തിരിയുന്നുണ്ടോ?

‘സ്ത്രീ അബലയാണ്, യുക്തിസഹമായ ബോധം ഇല്ലാത്തവളാണ്’ ഇവയെല്ലാം വളരെ ആഘോഷിക്കപ്പെടുന്ന ചില കേൾവികൾ ആണ്. ചില സ്ഥാപിത ബലഹീനതകളിലേക്ക് സ്ത്രീയെ തളച്ചിടുന്ന മാർഗങ്ങൾ. ഒപ്പം, ഇത്തരത്തിൽ ബാഹ്യമായവയെ മാത്രം കേന്ദ്രീകരിക്കുന്ന പ്രശംസകളും. സ്ത്രീകൾക്ക് അവരുടേതായ പരിമിതികൾ ഉണ്ട് എന്നത് ശരി തന്നെ. അവ എല്ലാ മനുഷ്യർക്കും ഉള്ളതാണല്ലോ. ഇവിടെ മാറ്റം വരേണ്ടത് എവിടെയാണ്? ബാഹ്യമായവയെ പൂർണ്ണമായും അവഗണിക്കണം എന്നല്ല, പ്രാധാന്യമേറിയവ അത്രയേറെ ഗൗനിക്കപ്പെടുന്നില്ല എന്നതാണ് ചിന്താവിഷയം. ഒരു ദൈവമകൾ ആകുമ്പോൾ ആന്തരീക ഗുണങ്ങളും മൂല്യങ്ങളും ആർജ്ജിക്കേണ്ടതിന്റെ ആവശ്യകത വർദ്ധിക്കുന്നു. ദൈവവചനം മുൻതൂക്കം കൊടുക്കുന്നതും അവയ്ക്ക് തന്നെ. വചനത്തിൽ പ്രതിപാദിച്ചിരിക്കുന്നവയിൽ ഏറ്റവും ഗൗരവമേറിയതും, സ്ത്രീ നിർബന്ധമായും കൈവശമാക്കേണ്ടതുമായ രണ്ടു ഗുണഗണങ്ങളാണ് ജ്ഞാനവും സുബോധവും.

1. ജ്ഞാനം

“അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു: ദയയുള്ള ഉപദേശം അവളുടെ നാവിൻമേൽ ഉണ്ട്. (സദൃ: 31: 26)”

ജ്ഞാനത്തിന്റെ പ്രാധാന്യം ഏറെയാണ് ജീവിതത്തിൽ. പ്രത്യേകിച്ചും ഒരു സ്ത്രീക്ക്. അവ നൽകുന്ന തിരിച്ചറിവുകളും ഉൾക്കാഴ്ചകളുമാണ് ഏറ്റവും വിലയേറിയ സമ്പത്ത്. മുകളിൽ സൂചിപ്പിച്ചിരിക്കുന്ന വേദഭാഗം ഈ ആശയത്തെ സാധൂകരിക്കുന്നു. ഉത്തമയായ ഭാര്യയുടെ ഗുണഗണങ്ങൾ വിവരിക്കുന്ന ഈ ഭാഗത്ത് ജ്ഞാനവും ഒരു പ്രധാന ചർച്ച വിഷയം ആകുന്നുണ്ട്.

ജ്ഞാനം, ലോകത്തിന്റെ വ്യവസ്ഥകളെ തൃപ്തിപ്പെടുത്തുന്ന വിദ്യാ അഭ്യസനമല്ല, ഒരു ദൈവമകളെ സംബന്ധിച്ച് ജ്ഞാനം എന്നത് ‘പരിശുദ്ധനെക്കുറിച്ചുള്ള അറിവാണ്’. സ്വർഗീയ പിതാവിനോട് ചേർന്നിരുന്ന്‌, അവിടുന്നിനെ ഓരോ ദിവസവും കൂടുതലായി അറിയുമ്പോൾ, ജ്ഞാനത്തെ തേടിയുള്ള അവളുടെ യാത്ര വിജയ മന്ത്രത്തെ സ്വീകരിച്ചു കഴിഞ്ഞു. ഈ ജ്ഞാനം വരുത്തുന്ന മാറ്റങ്ങൾ ചെറുതൊന്നുമല്ല. സ്വർഗ്ഗീയ പിതാവിന്റെ പ്രിയപുത്രിയായി, അവിടുന്നിന്റെ ഹിതപ്രകാരം വാർത്തെടുക്കുന്ന മകളായുള്ള രൂപാന്തരം പ്രാപിക്കുന്നു. പിന്നെ ബാഹ്യ കാഴ്ചകൾ അവളുടെ മനംമയക്കില്ല, സ്വായത്തമാക്കേണ്ടവയിൽ നിന്ന് അവൾ ശ്രദ്ധ തിരിക്കില്ല. അവളുടെ പ്രവർത്തിയിൽ അങ്ങനെ എല്ലാ മേഖലകളിലും ഈ ദൈവീക ജ്ഞാനം പ്രകടമായിരിക്കുക തന്നെ ചെയ്യും. അവളെ കാണുന്നവർ മൗനമായിട്ടെങ്കിലും മന്ത്രിക്കും ‘കൃപയുള്ളവൾ’ എന്ന്. അതുകൊണ്ട് ഈ ജ്ഞാനത്തെ നമുക്ക് ആർജ്ജിക്കാം.

2. സുബോധം

അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ച് ലജ്ജാശീലത്തോടും സുബോധത്തോടും കൂടെ തങ്ങളെ തന്നെ അലങ്കരിക്കേണം” (1. തിമൊ: 2:9).

സ്ത്രീയുടെ അലങ്കാരത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ദൈവാത്മാവ് കൃത്യമായി സുബോധത്തെ എടുത്തു കാണിക്കുന്നു. സുബോധം എന്താണ്? സ്വയത്തെ ക്കുറിച്ചുള്ള കൃത്യമായ അവബോധമാണ്. താൻ ആരാണ്? എന്താണ്? തന്റെ ബലഹീനതകൾ, കൃപകൾ, പാലിക്കേണ്ട പ്രമാണങ്ങൾ, മൂല്യങ്ങൾ ഇവയെക്കുറിച്ച് എല്ലാം ഒരു ദൈവമകൾ നിർബന്ധമായും ബോധമുള്ളവൾ ആയിരിക്കണം. സുബോധത്തിന്റെ അഭാവം സൃഷ്ടിക്കുന്ന താളപ്പിഴകൾ ചെറുതൊന്നുമല്ല. പ്രത്യേകിച്ചും ഈ മലിന ലോകത്ത്, സുബോധത്തിന്റെ ആവശ്യം ഏറെയാണ്. ദൈവസന്നിധിയിൽ ഇരുന്ന് അതിനുള്ള കൃപ യാചിച്ച് വളരെ ബോധപൂർവ്വം കാര്യങ്ങൾ കൈകാര്യം ചെയ്യുക തന്നെ വേണം. സ്വത്വത്തിൽ നാം ബലഹീനരെങ്കിലും അവിടുത്തെ കൃപയാൽ നാം ജയം വരിക്കും. ഓരോ സാഹചര്യങ്ങളിലും നമ്മിൽ നിറഞ്ഞു വരണം സുബോധത്തിന്റെ സൗന്ദര്യം.

ദൈവീക ജ്ഞാനവും സുബോധവും പ്രാപിക്കാനുള്ള നമ്മുടെ വാഞ്ചയെ സ്വർഗ്ഗീയ പിതാവ് ഒരിക്കലും അവഗണിക്കുകയില്ല. അവ സ്വന്തമാക്കുന്ന മാത്രയിൽ നാം അനേകം ആന്തരിക ഗുണഗണങ്ങളുടെ അധിപയാകുകയായി. സ്നേഹം, ക്ഷമ, ദയ, ആത്മസംയമനം, വിവേകം, ധൈര്യം ഇങ്ങനെയുള്ള അനേകം പവിഴ മുത്തുകളുടെ ഒരു ശേഖരം തന്നെ നമ്മുടെ കയ്യിലൊതുങ്ങുകയാണ്. അപ്പോൾ അവിടെ സംഭവിക്കുന്നത് ഒരു വലിയ മാറ്റമാണ്. ദൈവദാനത്തെ അതിന്റെ പൂർണ്ണതയിൽ സ്വാംശീകരിക്കുന്ന മകളായി ഉള്ള നാം അറിയപ്പെടും. കേവലം ബാഹ്യ മേന്മകളാൽ അല്ല, ഏത് അവസരത്തെയും കൃപയോടെ കൈകാര്യം ചെയ്യുന്നവൾ എന്ന നിലയിൽ തന്നിലുള്ള ദൈവീകതയാൽ സൗരഭ്യം പരത്തും.

സൗന്ദര്യത്തിന്റെ വ്യാജ ഭാവത്തെ മനസ്സിലാക്കി, എന്ത്, എവിടെ, എപ്പോൾ? എങ്ങനെ ചെയ്യണം എന്ന് അറിയാവുന്ന വിവേകമുള്ളവളാകണം ഓരോ സ്ത്രീയും. ശബ്ദിക്കേണ്ട ഇടങ്ങളിൽ ശബ്ദിക്കുവാനും മൗനമാകേണ്ട സാഹചര്യങ്ങളിൽ മൗനമാകുവാനും ആത്മീക ബോധമുള്ളവൾ ശീലിക്കണം. ഒരു ദൈവമകൾ എന്ന നിലയിൽ നാം പ്രശംസിക്കപ്പെടുന്നതും വിലമതിക്കപ്പെടുന്നതും നമ്മിൽ ഉള്ള ആന്തരിക മൂല്യങ്ങളാലും ഗുണങ്ങളാലും ആയിരിക്കണം. അവ ബാഹ്യതയിലേക്ക് മാത്രം ഒതുങ്ങി പോകാതിരിക്കട്ടെ.