ഏതൊരു ബന്ധത്തിന്റെയും ആഴം കൂട്ടുന്നത് സംസാരമാണ്. സംസാരം കുറയുമ്പോൾ ബന്ധങ്ങളും അകന്നു തുടങ്ങുന്നു. സംസാരം കൂടുമ്പോൾ പിഴവുകളും സംഭവിക്കുന്നു. മനുഷ്യബന്ധങ്ങളുടെ സുദൃഢമായ നിലനില്പിന് അനിവാര്യമായ ഘടകമാണ് ആശയവിനിമയം. ഒരു വ്യക്തിയുടെ മനസ്സിലുള്ള ചിന്തയോ വികാരമോ ആശയങ്ങളോ ഫലപ്രദമായി മറ്റൊരാളുടെ ഹൃദയത്തിലെത്തിക്കുക എന്ന മനോഹരമായ ഒരു കലയാണ് ആശയവിനിമയം എന്ന് ഈ അടുത്ത സമയത്ത് വായിക്കുകയുണ്ടായി (5 സ്നേഹഭാഷകൾ, ജോർജ് കോശി മൈലപ്ര, ഡിസി ബുക്ക്സ്). ആശയവിനിമയത്തിലെ പിഴവുകൾ കൊണ്ട് ജീവിതത്തിന്റെ താളം മാറി ലക്ഷ്യം തെറ്റി യാത്ര ചെയ്യുന്നവരാണ് മിക്കപേരും. നാവ് നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നതാണ് പല അപകടങ്ങൾക്കും കാരണം. നാവിനെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ തന്നെ ഒട്ടുമിക്ക പ്രശ്നങ്ങളും വരാതെ സൂക്ഷിക്കാനാവും. മനുഷ്യബന്ധങ്ങളുടെ എല്ലാ തലങ്ങളിലും അത് കുടുംബജീവിതത്തിൽ മാത്രമല്ല ഔദ്യോഗിക രംഗങ്ങളിലും സാമൂഹിക മേഖലകളിലും ആത്മീക കൂട്ടായ്മകളിലും വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങൾക്കു വിള്ളലുകൾ സംഭവിക്കുന്നതിന്റെ പ്രധാന കാരണം ആശയവിനിമയം ശരിയായി വിനിയോഗിക്കുന്നതിൽ ഉണ്ടാകുന്ന അപചയമാണ്.
ഞാൻ ആരാണെന്നു വെളിപ്പെടുത്തുന്നതിൽ സംസാരം വലിയ പങ്കു വഹിക്കുന്നുണ്ട്. നമ്മുടെ വാക്കുകളിലൂടെയാണ് നാം ആരാണെന്ന് മറ്റുള്ളവർ മനസ്സിലാക്കുന്നത്. യെഹൂദന്മാർ യേശുവിനെ മഹാപുരോഹിതന്റെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോൾ പത്രോസും അവരോടൊപ്പം ഉണ്ടായിരുന്നു. അവർ നടുമുറ്റത്ത് തീ കത്തിച്ച് ഇരുന്നപ്പോൾ പത്രോസും അവരുടെ കൂടെ ഇരുന്നു. ബാല്യക്കാരത്തിയായ ഒരു സ്ത്രീ അടക്കം ചിലർ നീയും ആ കൂട്ടത്തിൽ ഉള്ളവനല്ലയോ എന്നു പത്രോസിനോട് ചോദിക്കുമ്പോൾ ഞാൻ ആ കൂട്ടത്തിൽ ഉള്ളവൻ അല്ലെന്നും എനിക്കവനെ അറിയില്ലെന്നും നിങ്ങൾ പറയുന്നത് എനിക്കു തിരിയുന്നില്ല എന്നും പറഞ്ഞു പത്രോസ് ക്രിസ്തുവിനെ എല്ലാവരുടെയും മുമ്പിൽ വെച്ച് തള്ളിപ്പറഞ്ഞു രക്ഷപ്പെടുവാൻ ശ്രമിക്കുന്നതിനിടയിൽ ഒരു കാര്യം അവർ ഉറപ്പിച്ച് പറയുന്നുണ്ട് നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ (മത്താ:26:73). ഒരു സൂപ്പർ സ്റ്റാറിനെപ്പോലെ അവരുടെ മുമ്പിൽ തകർത്ത് അഭിനയിക്കുന്ന പത്രോസിന്റെ വാക്കുകളിൽ നിന്നും അയാൾ ആരാണെന്ന് അവർ മനസ്സിലാക്കിയിരുന്നു. നമ്മുടെ വാക്കുകൾ നമ്മെ വെളിപ്പെടുത്തും. കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യം പോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുത് എന്ന് ദൈവവചനം (എഫെ:4:29) നമ്മെ ഓർമ്മിപ്പിക്കുന്നു.
ആശയവിനിമയത്തിനു ഉദാത്തമായ മാതൃക ക്രിസ്തു തന്നെയാണ്. കർത്താവ് സഞ്ചരിച്ച ഇടങ്ങളിലെല്ലാം ധാരാളം ജനങ്ങൾ തന്നെ അനുഗമിച്ചിരുന്നു. ഗുരു എവിടെയുണ്ടെന്ന് അന്വേഷിച്ച് കണ്ടെത്തുന്ന സാഹചര്യവും അവർക്കിടയിൽ ഉണ്ടായിരുന്നു. തന്റെ അടുക്കൽ വരുന്നവരെ എല്ലാവരെയും അവിടുന്നു അറിഞ്ഞിരുന്നു. അവർക്ക് അവിടുന്ന് ആശ്വാസകനും സഹായകനും ആയിരുന്നു. മാത്രമല്ല അവിടുന്ന് മൊഴിയുന്ന ലാവണ്യവാക്കുകൾ അവരിൽ ആശ്ചര്യം ഉളവാക്കിയിരുന്നു. ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല എന്നു ചേവകരും നമ്മുടെ കർത്താവിനെക്കുറിച്ച് സാക്ഷ്യം പറഞ്ഞിട്ടുണ്ട് (യോഹ:7:46). നിത്യജീവന്റെ മൊഴികളാണ് ആ നാവിലുള്ളത്. അവിടുത്തെ വചസ്സുകൾ എന്നും മനുഷ്യമനസ്സുകൾക്ക് ആശ്വാസമാണ്. അവിടുന്ന് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനായ ദൈവമാണ് (എബ്രാ: 13:8).
ആശയവിനിമയത്തിൽ നാം പരാജയപ്പെടുന്നവരാണോ? ആശയവിനിമയം എങ്ങനെ മെച്ചപ്പെടുത്താമെന്നും, ശരിയായ ആശയവിനിമയത്തിനുള്ള വഴികൾ എന്തെല്ലാം എന്നും നാം അറിഞ്ഞിരിക്കണം. നമ്മുടെ ബന്ധങ്ങളുടെ നിലനില്പിന് വളരെ അത്യന്താപേക്ഷിതമായ ഈ വിഷയം നാം പഠിക്കുക തന്നെ വേണം. കുടുംബബന്ധങ്ങളുടെ ഭദ്രതയ്ക്കും നമ്മുടെ കുട്ടികൾ ഉയരങ്ങൾ കീഴടക്കുന്നതിനും വ്യക്തിബന്ധങ്ങളുടെ നിലനില്പിനും ഈ പഠനം സഹായകമാകും.
ആശയവിനിമയത്തെക്കുറിച്ചുള്ള ചില ചിന്തകളുമായാണ് ക്രിസ്തീയ സോദരി ഈ ലക്കം വായനക്കാരിലേക്ക് എത്തുന്നത്. കഴിഞ്ഞവർഷം ക്രിസ്തീയ സോദരിയുടെ പ്രവർത്തനങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുകയും പ്രോത്സാഹനം നല്കിയും സോദരിയെ സ്നേഹിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. ബഹുമാന്യവായനക്കാർക്ക് ക്രിസ്തീയ സോദരിയുടെ പുതുവത്സരാശംസകൾ.






