എന്റെ പേര് പ്രസന്നാ മാത്യു. മാതാപിതാക്കളും മൂന്നു മക്കളും അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. മൂവാറ്റുപുഴ പട്ടണത്തിൽ, ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ചു വളർന്ന ഞാൻ ‘പ്രവർത്തിയാലാണ് രക്ഷ’ എന്ന് ഉറച്ചു വിശ്വസിക്കുകയും ചെറിയ പ്രായം മുതൽ തികഞ്ഞ മതഭക്തിയിൽ തന്നെ വളർന്നു വരികയും ചെയ്തു.

ഒന്നാം ക്ലാസ്സു മുതൽ കോൺവെന്റ് സ്കൂളിലാണ് ഞാൻ പഠിച്ചത്. അതുകൊണ്ടു തന്നെ കോൺവെന്റിലെ കന്യാസ്ത്രീകളുമായി എനിക്ക് വളരെ നല്ല അടുത്ത ബന്ധമാണുണ്ടായിരുന്നത്. ആ ബന്ധം അവരെപ്പോലെ എനിക്കും കർത്താവിന്റെ മണവാട്ടിയാകണം എന്ന ആഗ്രഹം എന്നിൽ ഉളവായി. ഓരോ ദിവസങ്ങൾ കഴിയുന്തോറും എന്റെ മനസ്സിലെ ആഗ്രഹത്തിന് ശക്തി കൂടിക്കൂടി വന്നു. അങ്ങനെ എന്റെ പ്രീഡിഗ്രി പഠന കാലത്ത് കന്യാസ്ത്രീ ആകാൻ ഞാൻ തീരുമാനമെടുത്തു. പരീക്ഷ കഴിഞ്ഞ ഉടൻ തന്നെ കോൺവെന്റിൽ ചേരുവാൻ ആഗ്രഹിച്ചിരുന്ന ഞാൻ ഈ കാര്യം വീട്ടിൽ പറഞ്ഞപ്പോൾ വീട്ടിലുള്ളവർ എന്റെ താല്പര്യത്തെ എതിർക്കുകയാണുണ്ടായത്. കാരണം എന്റെ മാതാപിതാക്കൾക്ക് രണ്ട് ആൺമക്കേളാെടാപ്പം ഏകമകളായി ഞാൻ മാത്രമാണുണ്ടായിരുന്നത്. എന്നെ കന്യാസ്ത്രീയാക്കാൻ അവർ ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ ഞാനും എന്റെ അദ്ധ്യാപകരായ കന്യാസ്ത്രീകളും എന്റെ വീട്ടുകാരെ കാര്യങ്ങൾ സാവധാനം പറഞ്ഞു മനസ്സിലാക്കി. അങ്ങനെ 1984 – ൽ ഞാൻ കന്യാസ്ത്രീയാകാൻ കോൺവെന്റിൽ ജോയിൻ ചെയ്തു.

എന്റെ ബാല്യകാലത്തു തന്നെ ഞങ്ങളുടെ ഭവനത്തിൽ TWR റേഡിയോ പ്രോഗ്രാം കേൾക്കുമായിരുന്നു. അങ്ങനെ കേൾക്കുന്ന കാര്യങ്ങൾ എനിക്ക് വ്യക്തമായി മനസ്സിലാകുമായിരുന്നില്ല. എങ്കിലും അത് എന്നിൽ ദൈവവചനം വായിക്കാനുള്ള ആഗ്രഹം ഉളവാക്കി. അതിന് പ്രോത്സാഹനം തന്നത് കരിസ്മാറ്റിക്ക് പ്രസ്ഥാനമായിരുന്നു. അവിടെ വെച്ച് ഞങ്ങളുടെ ആത്മീയ ഗുരുവായ എയ്ഞ്ചൽ വോയിസ് സ്ഥാപകൻ ഫാ. കുര്യാക്കോസ് (കച്ചിറമറ്റം) ധ്യാനസമയം എടുക്കുന്നത് എങ്ങനെ ആണെന്ന് ഞങ്ങളെ പഠിപ്പിച്ചു. അത് എന്റെ ജീവിതത്തിൽ പുതിയ വഴിത്തിരിവിനു കാരണമായി.

ഞാൻ കോൺവെന്റിലായിരുന്ന സമയം എന്റെ മൂത്ത സഹോദരൻ രക്ഷിക്കപ്പെട്ടു. അദ്ദേഹം ദൈവവചനപഠനത്തിനായി സെക്കന്തരാബാദിലേക്ക് പോയി. (അദ്ദേഹം ഇപ്പോൾ ആന്ധ്രയിൽ സുവിശേഷകനാണ്). ഞാൻ കോൺവെന്റിൽ നിന്നും തിരികെ ഭവനത്തിലേക്കു വരാൻ വീട്ടിൽ നിന്നും സമ്മർദ്ദം ചെലുത്തിക്കൊണ്ടേയിരുന്നു. അതിനു കാരണം എന്റെ മൂത്ത സഹോദരൻ തന്നെ ആയിരുന്നു. ഒരിയ്ക്കൽ ഞാൻ ഒരു അവധിക്ക് വീട്ടിൽ വന്നപ്പോൾ ഗായകൻ കുട്ടിയച്ചൻ ഉൾപ്പെടെ പലരും എന്നോട് സുവിശേഷം പറഞ്ഞു. എല്ലാം ഞാൻ കേട്ടു എങ്കിലും ഒരു തീരുമാനമെടുക്കുവാൻ ഞാൻ തയ്യാറായില്ല. അവധി കഴിഞ്ഞ് ഞാൻ വീണ്ടും കോൺവെന്റിലേക്ക് തിരിച്ചു പോയി.

രക്ഷയുടെ അനുഭവത്തിലേക്ക്

മറ്റൊരു അവധിക്ക് ഞാൻ വീട്ടിൽ വരുമ്പോൾ എന്റെ സഹോദരൻ ബൈബിൾ കോളേജിൽ നിന്നും വന്നിട്ടുണ്ട്. താൻ ഒരു ടീമായി പ്രവർത്തിക്കാൻ കൂടിയാണ് വന്നത്. ഈ ടീമംഗങ്ങൾ ഞങ്ങളുടെ ഭവനത്തിലാണ് താമസിച്ചത്. പകൽ പ്രവർത്തനങ്ങൾ കഴിഞ്ഞ് രാത്രിയിൽ ഞങ്ങളുടെ ഭവനത്തിൽ ബൈബിൾ ക്ലാസ്സ് നടക്കും. എന്റെ അപ്പച്ചനും അമ്മയും ഇളയ സഹോദരനും ഞാനും, ഞങ്ങൾ ദൈവവചനം കേൾക്കാൻ ഇരിക്കും. എല്ലാ ദിവസവും ദൈവവചനം ഹൃദയത്തിൽ ക്രിയ ചെയ്തുകൊണ്ടിരുന്നു. ക്ലാസ്സെടുത്തുകൊണ്ടിരുന്നത് രഘു എന്ന സഹോദരൻ ആയിരുന്നു. ഇപ്പോൾ ​ഗുജറാത്തിൽ സുവിശേഷ വേലയിലായിരിക്കുന്ന രഘു സഹോദരന്റെ വീട് കോന്നിയിലാണ് . താൻ ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നും ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച വ്യക്തിയായിരുന്നു. ആത്മരക്ഷയെ സംബന്ധിച്ച് ഞങ്ങൾ അതുവരെ കേൾക്കാത്ത ചില സത്യങ്ങൾ തിരുവചനത്തിലെ തെളിവോടെ അദ്ദേഹം ഞങ്ങൾക്കു വിവരിച്ചു തന്നു. ജനനം കൊണ്ടു ആരും ക്രിസ്ത്യാനികൾ ആകുന്നില്ലെന്നും എല്ലാവരും പാപികളായിട്ടാണ് ലോകത്തിൽ ജനിക്കുന്നതെന്നും ഞാൻ മനസ്സിലാക്കി (റോമ: 3:23, സങ്കീ:51:5). മനുഷ്യന് സ്വയമായി രക്ഷക്കു വേണ്ടി ഒന്നും ചെയ്യുവാൻ കഴിയില്ലെന്നും നമ്മുടെ പാപത്തിനുള്ള ശിക്ഷ ഏറ്റെടുത്ത് നമുക്ക് പകരക്കാരനായി ക്രൂശിൽ മരിച്ച ക്രിസ്തുവിനെ വിശ്വാസത്താൽ വ്യക്തിപരമായി രക്ഷകനായി സ്വീകരിക്കുന്നതിലൂടെ മാത്രമേ ഒരുവന് ദൈവപൈതലാകുവാൻ കഴിയൂ എന്നത് വ്യക്തമായി പറഞ്ഞു തന്നു (എഫെ:2:8,9). ഞങ്ങൾ പിൻതുടർന്നു വന്ന മതാചാരങ്ങൾ വ്യർത്ഥമാണെന്നും വ്യർത്ഥമായ ആ പിതൃപാരമ്പര്യം ദൈവത്തിന്റെ വഴിയല്ലെന്നും അറിഞ്ഞപ്പോൾ മനസ്സിൽ‌ വലിയ പോരാട്ടമായി. ഒരാഴ്ച നീണ്ട ക്ലാസ്സിലൂടെ രഘു സഹോദരൻ ആത്മരക്ഷയെക്കുറിച്ച് വ്യക്തമായി പറഞ്ഞു തന്നു.
രാത്രിയിൽ കേൾക്കുന്ന ദൈവവചനം പകൽ സമയം അത് ശരി തന്നെയോ എന്ന് ഞാൻ പരിശോധിക്കുമായിരുന്നു. ധ്യാനസമയം എടുക്കുന്ന പുസ്തകം ഗലാത്യ ലേഖനമായിരുന്നു. അതിന്റെ :1:10 -ാം വാക്യത്തിൽ ഇപ്പോൾ ഞാൻ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നതു? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിപ്പാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല… ഈ വാക്യത്തിലൂടെ ദൈവാത്മാവ് എന്നോട് സംസാരിച്ചു. എന്നാൽ ഞാൻ അത് തള്ളിക്കളഞ്ഞു. അടുത്ത ദിവസം വീണ്ടും ആ ഭാഗം തന്നെ തുടർച്ചയായി വായിച്ചു ധ്യാനിച്ചു. ഈ സമയം ആ വാക്യം എന്റെ ഹൃദയത്തിൽ വന്നു തറയ്ക്കുന്നതു പോലെ തോന്നി. അന്ന് രാത്രിയിൽ, 1986 ഏപ്രിൽ മാസം 14 -ാം തീയതി ഞാൻ എന്റെ കർത്താവിനെ രക്ഷകനും കർത്താവുമായി സ്വീകരിച്ചു. ആ രാത്രിയിൽ ഞാൻ സുഖമായി ഉറങ്ങി. പിന്നെ ഞാൻ കോൺവെന്റിലേക്ക് തിരിച്ചു പോയില്ല.

കത്തോലിക്കാ സഭാ നേതൃത്വത്തിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും വളരെയധികം മുറിപ്പെടുത്തലുകൾ എനിക്ക് നേരിടേണ്ടി വന്നു. എന്റെ മുമ്പോട്ടുള്ള ജീവിതം എന്താകും? എന്റെ ഭാവി എന്താകും? എനിക്ക് ഒരു വിവാഹം നടക്കുമോ? അതും കന്യാസ്ത്രീയാകാൻ പോയിട്ട് മഠത്തിൽ നിന്നും തിരിച്ചു വന്ന എന്നെ ആരെങ്കിലും വിവാഹം കഴിക്കുമോ? ഞാൻ മരിക്കുമ്പോൾ എന്നെ എവിടെ സംസ്ക്കരിക്കും ? എന്നിങ്ങനെയുള്ള ചിന്തകൾ എന്നെ വല്ലാതെ അലട്ടിയിരുന്നു. എന്നാൽ സകലബുദ്ധിയെയും കവിയുന്ന ദൈവസമാധാനം ഹൃദയത്തിൽ തന്ന് ദൈവം എന്നെ ബലപ്പെടുത്തിക്കൊണ്ടിരുന്നു. ഈ സമയമെല്ലാം ഞാൻ അധികമായി ദൈവത്തോട് അടുക്കുകയും ദൈവവചനം പഠിക്കുകയും ദൈവവചനത്തിലൂടെ ഉറപ്പും ധൈര്യവും നേടിയെടുക്കുകയും ചെയ്തു. എന്നാൽ ഈ സമയങ്ങളിൽ തന്നെ എന്റെ മാതാപിതാക്കളും ഇളയസഹോദരനും രക്ഷാനിർണ്ണയം പ്രാപിച്ചു.

കുടുംബജീവിത്തിലേക്ക്

1990 – ലാണ് ഞങ്ങളുടെ വിവാഹം നടന്നത്. മൂവാറ്റുപുഴ, മാറാട് സ്വദേശിയായ സുവിശേഷകൻ. ഈ. എസ്. മാത്യുവാണ് എന്റെ ഭർത്താവ്. അദ്ദേഹം യാക്കോബായ വിഭാഗത്തിൽ നിന്നും രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട വ്യക്തി ആയിരുന്നു. രക്ഷിക്കപ്പെടുന്നതിനു മുമ്പ് യാക്കോബായ സഭയിലെ ഒരു പുരോഹിതനാകാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. 1992 – ൽ അദ്ദേഹം TWR (Traw World Join) എന്ന ക്രിസ്തീയ സുവിശേഷ സംഘടനയിൽ ജോയിൻ ചെയ്തു. ഞാൻ രക്ഷയുടെ അനുഭവത്തിൽ വരുന്നതിന്റെ അടിസ്ഥാനം ഒരു വിധത്തിൽ ഈ റേഡിയോ പ്രോഗ്രാം ആയിരുന്നു എന്നു പറയാം. അതെനിക്ക് വളരെ സന്തോഷം നൽകി. ഞാനും അദ്ദേഹത്തോടൊപ്പം ഒരു വോളണ്ടിയറായി പ്രവർത്തിച്ചു. TWR – ൽ ചേർന്ന എന്റെ ഭർത്താവ് ആദ്യസമയങ്ങളിൽ റേഡിയോ പ്രോഗ്രാം കേട്ടിട്ട് വരുന്ന കത്തുകൾക്ക് മറുപടി നല്കുകയാണ് (Followup) ചെയ്തുകൊണ്ടിരുന്നത്. പിന്നീട് താൻ റേഡിയോയിൽ ബൈബിൾ ക്ലാസ്സുകൾ എടുത്തു തുടങ്ങി. 6 വർഷം ദൈവീക സ്പർശനം എന്ന ഒരു ബൈബിൾ സ്റ്റഡി ചെയ്തു. ഇതിന്റെ Followup – ന്റെ ഭാഗമായി കത്തുകൾക്ക് മറുപടി എഴുതുന്നത് ഞാനായിരുന്നു. ഈ ശുശ്രൂഷയിലൂടെ ധാരാളം ആളുകളെ പരിചപ്പെടാനും രക്ഷയുടെ സന്ദേശം അറിയിക്കാനും അവരുടെ പ്രശ്നങ്ങൾക്ക് ആശ്വാസം നല്കുന്നതിനും ഒരുമിച്ച് പ്രാർത്ഥിക്കുന്നതിനും കർത്താവ് അവസരം നല്കി. 1993 മുതൽ 6 വർഷത്തോളം ഞങ്ങൾ തിരുവല്ലയിൽ താമസിക്കുമ്പോൾ ഞങ്ങളുടെ ഭവനത്തിൽ വെച്ച് ഒരു സ്ഥലം സഭാ കൂടിവരവ് ആരംഭിച്ചു. അതിൽ സണ്ഡേസ്കൂൾ എടുക്കുന്നതിനും സഹോദരിമാരുടെ ഇടയിൽ പ്രവർത്തിക്കുന്നതിനും എനിക്കു സാധിച്ചു.

കുടുംബം, മക്കൾ

എന്റെ ഭർത്താവിന്റെ ഭവനത്തിൽ നാലു മക്കളാണുള്ളത്. മൂന്നാമത്തെ മകളായ മേരി. എസ്. ജോർജ്ജാണ് ആ കുടുംബത്തിൽ നിന്നും ആദ്യം കർത്താവിനെ രക്ഷകനും കർത്താവുമായി സ്വീകരിച്ചത്. അവളുടെ പ്രാർത്ഥനയുടെയും പ്രവർത്തനത്തിന്റെയും ഫലമായി മാതാപിതാക്കളും സഹോദരി സഹോദരന്മാരും പിന്നീട് രക്ഷിക്കപ്പെട്ടു (2022 ജനുവരി – ഫെബ്രുവരി ലക്കം ക്രിസ്തീയ സോദരി മാഗസിനിൽ മേരി. എസ്.ജോർജിന്റെ അനുഭവസാക്ഷ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്)

ഞങ്ങൾക്ക് ദൈവം രണ്ടു മക്കളെ നല്കി. മൂത്ത മകൾ പ്രസില്ല, നേഴ്സാണ്. തൃശൂർ നെല്ലിക്കുന്ന് സീയോൻ സഭയിലെ ജോയ് മാത്യുവാണ് അവളുടെ ഭർത്താവ്. അവർ ഇരുവരും കാനഡയിലായിരിക്കുന്നു. അവർക്ക് ഒരു മോൾ ഉണ്ട്, ലിയാന ജോയി. ഇളയ മകൻ ഗോഡ്ലി, അവൻ എഞ്ചിനിയറാണ്. അവന്റെ ഭാര്യയുടെ പേര് ലിഡിയ. ചാത്തന്നൂർ ബാപ്റ്റിസ്റ്റ് ബൈബിൾ കോളേജിന്റെ സ്ഥാപകനായ കെ. സി. തോമസ് സാറിന്റെ ഭാര്യാസഹോദരിയുടെ കൊച്ചുമകളാണ് ലിഡിയ. അവളും നേഴ്സാണ്. ഇരുവരും കാനഡയിലായിരിക്കുന്നു. അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവം കൂടെ ഉണ്ട് എന്ന് വീണ്ടും മനസിലാക്കാൻ സാധിച്ചു.

സഭാപ്രവർത്തനം

26 വർഷം ഞങ്ങൾ TWR റേഡിയോ പ്രസ്ഥാനത്തിലൂടെ മിനിസ്ട്രി ചെയ്തു. 2017 – ൽ എന്റെ ഭർത്താവ് സഭാശുശ്രൂഷകനായി വേർതിരിഞ്ഞു. മൂവാറ്റുപുഴയിൽ ആരംഭിച്ച ബൈബിൾ ക്ലാസ്സ് മുഖാന്തിരം മൂവാറ്റുപുഴ പട്ടണത്തിൽ പുതിയൊരു സഭാ കൂടിവരവുണ്ടാകാൻ കർത്താവ് കൃപ ചെയ്തു. സഭയോടുള്ള ബന്ധത്തിലും പല കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നു. അനേക കുടുംബങ്ങൾ തകർന്നു കൊണ്ടിരിക്കുന്ന ഈ നാളുകളിൽ അവർക്ക് പ്രയോജനപ്രദമായ കാര്യങ്ങൾ ചെയ്യുവാൻ ബിബ്ലിക്കൽ കൗൺസലിംഗ് കോഴ്സ് ഞങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു. അതിനായി മൂവാറ്റുപുഴ പട്ടണത്തിൽ ഒരു സെന്റർ ലഭിക്കുന്നതിനായി ഞങ്ങൾ ആഗ്രഹിക്കുന്നു.
“അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി അവരുടെ മുഖമോ ലജ്ജിച്ചു പോയതുമില്ല” എന്ന വാക്യം ഞങ്ങളുടെ ജീവിതത്തിൽ അന്വർത്ഥമാണ്. ക്രിസ്തുവിനെ സ്വീകരിച്ചതു നിമിത്തം ഞങ്ങൾ ഏറെ സന്തോഷം ഉള്ളവരാണ്. ഒരു നാളും കൈവിടാത്ത നല്ല ഇടയനായി അവിടുന്ന് ഞങ്ങളോടൊപ്പമുണ്ട്. ജീവിതത്തിലെ ഏതു പ്രതിസന്ധികളിലും ആരും സഹായിക്കാൻ ഇല്ല എന്ന് തോന്നുന്ന നിമിഷങ്ങളിലും അവിടുന്ന് ഞങ്ങളോട് കൂടെയുണ്ടെന്നുള്ള വിശ്വാസത്തിൽ ഈ യാത്ര ഞങ്ങൾ തുടരുകയാണ്.