പതിവുപോലെ മാവിൻ ചുവട്ടിലെ ബക്കറ്റിൽ, ചോറ്റു പാത്രത്തിലെ പകുതിയിൽ അധികം ചോറും കറികളും കളഞ്ഞപ്പോൾ നീതുമോൾ ഓർക്കാതിരുന്നില്ല; മമ്മിയുടെ വാക്കുകൾ, “മോളെ, ചോറു കളയാതെ കഴിക്കണം കേട്ടോ. ഭക്ഷണം ഇല്ലാത്ത ഒരുപാട് പേർ നമുക്ക് ചുറ്റിലും ഉണ്ട്. അതുകൊണ്ട് മോൾ ചോറ് മുഴുവനും കഴിക്കണം”. മമ്മി അങ്ങനെയൊക്കെ പറയും. എനിക്ക് കഴിക്കാൻ പറ്റുന്നതല്ലേ കഴിക്കാവൂ. പിന്നെയാണെങ്കിൽ എന്നും, ഒരു മുട്ട പൊരിച്ചതും ചമ്മന്തിയും മീൻ വറുത്തതും തോരനും കൂട്ടി കൂട്ടി മടുത്തു.. പിറുപിറുത്തു കൊണ്ട് പാത്രത്തിലെ അവസാനത്തെ വറ്റു ചോറും കുടഞ്ഞു കളഞ്ഞിട്ട് പാത്രം കഴുകാൻ പൈപ്പിന്റെ അടുത്ത് വന്നപ്പോൾ.. 8 A യിലെ അനു പൈപ്പിൽ നിന്നും വെള്ളം കുടിക്കുന്നത് കണ്ടു. പക്ഷേ അവളുടെ കൈയ്യിൽ ചോറ്റുപാത്രം ഇല്ലായിരുന്നു;”അനൂ..നീ ചോറു കൊണ്ടുവന്നില്ലേ? നീതു ചോദിച്ചു.
അത്.. പിന്നെ.. അനു മറുപടി പറയാതെ ഒഴിഞ്ഞുമാറുവാൻ ശ്രമിച്ചു. “നീ എന്താ ഒന്നും പറയാത്തത്? നിൻ്റെ മുഖം വാടി ഇരിക്കുന്നല്ലോ? അവർ അല്പം ദൂരെ മാറി മാവിന്റെ തണലുള്ള ഇടത്തേക്ക് നീങ്ങി നിന്നു. നീതുവും അനുവും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. അനു 8A യിലും നീതു 8B യിലും. അനു പഠനത്തിൽ സമർത്ഥയാണ്. നീതുവിന്റെ വീടിന്റെ അടുത്ത് തന്നെയാണ് അനുവിന്റെയും വീട്. അനുവിന് താഴെ രണ്ട് അനുജന്മാരും കൂടി ഉണ്ട്. ഒരു വർഷം മുമ്പ് അനുവിന്റെ അച്ഛൻ ഒരു അപകടത്തിൽ മരിച്ചുപോയി; അമ്മ അയൽ വീടുകളിൽ ജോലി ചെയ്താണ് മൂന്ന് പേരെയും പഠിപ്പിക്കുന്നതും വീട്ടിലെ ആവശ്യങ്ങളും നിറവേറ്റുന്നത്. വളരെ കഷ്ടമാണ് അവരുടെ ജീവിതം..

നീതു സഹതാപത്തോടെ അനുവിനെ നോക്കി. അവൾ ശിരസ്സ് കുമ്പിട്ടു നിൽക്കുകയാണ്. “അനൂ..നീ എന്താ ചോറ് കൊണ്ടു വരാത്തത്?. അനു ഒന്നും മിണ്ടാതെ താഴെ നോക്കി നിന്നു. ഒടുവിൽ നീതുവിന്റെ നിർബന്ധത്തിനു വഴങ്ങി ഒരു വിതുമ്പലോടെ അനു പറഞ്ഞു “ഇല്ല രണ്ടു ദിവസമായി ഞാൻ ചോറു കൊണ്ടുവരുന്നില്ല” “അതെന്താ? അമ്മയ്ക്ക് സുഖമില്ലാത്തതുകൊണ്ട് പണിക്ക് പോകാൻ പറ്റിയില്ല. കുറച്ചു ചോറേ ഉണ്ടായിരുന്നുള്ളൂ.. അത് ഞാൻ അപ്പുവിനും അഖിലിനും കൊടുത്തു വിട്ടു. അവർ കുഞ്ഞുങ്ങളല്ലേ അവർക്ക് വേഗം വിശക്കും”. അനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. അത് കേട്ട് നീതു തിരിഞ്ഞു മാവിൻ ചോട്ടിലെ ബക്കറ്റിലേക്ക് നോക്കി.. താൻ തട്ടിക്കളഞ്ഞ ചോറ് ഉണ്ടായിരുന്നെങ്കിൽ ഒരു വയറിന്റെ വിശപ്പ് അകറ്റാമായിരുന്നു. അവൾക്ക് വല്ലാത്ത കുറ്റബോധം തോന്നി. അവളുടെ മനസ്സ് പിടഞ്ഞു.. “നീ വാ.. നീതു അനുവിനെ തൻ്റെ ക്ലാസിലേക്ക് കൂട്ടിക്കൊണ്ടു പോയി. . അവൾ ബാഗ് തുറന്നു ഒരു പാക്കറ്റ് ബിസ്ക്കറ്റ് എടുത്ത് അനുവിന് കൊടുത്തു. “അനു.. ഇതു കഴിക്ക്”. “വേണ്ട നീതു സാരമില്ല” “വേണ്ടെന്നോ? നീ പിന്നെ വിശന്നിരിക്കാനാണോ? അനു ആ ബിസ്കറ്റ് വാങ്ങി ആർത്തിയോടെ കഴിക്കുന്നത് നീതു സഹതാപത്തോടെ നോക്കി നിന്നു..

അന്ന് രാത്രി നീതുവിന് ഉറക്കം വന്നില്ല.. കണ്ണടയ്ക്കുമ്പോൾ പൈപ്പിൽ നിന്നും വെള്ളം കുടിക്കുന്ന അനുവിന്റെ മുഖമാണ് മനസ്സിൽ തെളിയുന്നത്… അവൾ പലതും ചിന്തിച്ച് രാത്രിയുടെ ഏതോ യാമത്തിൽ ഉറക്കത്തിലേക്ക് വഴുതി വീണു..

രാവിലെ, ഉറച്ച ഒരു തീരുമാനത്തോടെ ആയിരുന്നു അവൾ കിടക്ക വിട്ട് എഴുന്നേറ്റത്. ഇനി ജീവിതത്തിൽ ഒരിക്കലും ഭക്ഷണം പാഴാക്കി കളയില്ല.. ഞാൻ കളയുന്ന ഓരോ വറ്റ് ചോറിന്റെ മുമ്പിലും വിശക്കുന്ന അനേക വയറുകൾ ഉണ്ടാകും.. ജീവൻ നിലനിർത്താൻ വെമ്പൽ കൊള്ളുന്ന ജീവിതങ്ങൾ..

നീതു റെഡിയായി അടുക്കളയിൽ വന്നപ്പോൾ മമ്മി ചോറ്റു പാത്രത്തിൽ ചോറിട്ടു കൊണ്ടിരിക്കുകയായിരുന്നു.”മമ്മി”.. അവൾ മമ്മിയുടെ അടുത്തേക്ക് നീങ്ങി നിന്നു.. “എന്താ.. മോൾക്ക് വല്ലതും പറയാനുണ്ടോ”? മമ്മി ചോദിച്ചു. അതേയ്..എനിക്ക് ഒരു പാത്രം ചോറു കൂടി തരുമോ? എന്തിന്? സാധാരണ നീ കൊണ്ടുപോകുന്ന ചോറ് കളയുകയാണ് പതിവ്. ഇന്നെന്താ പതിവിന് വിപരീതമായി കൂടുതൽ ചോറു വേണമെന്ന് പറയുന്നത്? അതും വേറെ പാത്രത്തിൽ”. മമ്മി ആശ്ചര്യത്തോടെ തല ഉയർത്തി നീതു മോളെ നോക്കി.. അവൾ തലേദിവസത്തെ സംഭവങ്ങൾ വള്ളിപുള്ളി വിടാതെ മമ്മിയോട് പറഞ്ഞു.. “അതുകൊണ്ട് മമ്മി അവൾ ഇനി വിശന്നിരിക്കാൻ പാടില്ല” ആ അമ്മയുടെ മിഴികൾ ഈറനണിഞ്ഞു. അവർ നീതു മോളെ ചേർത്തു പിടിച്ച് അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.. “ശരി.. പക്ഷേ പാത്രമില്ലല്ലോ..ഒരു കാര്യം ചെയ്യ്, മോൾ ചെന്നിട്ട് ഒരു വാഴയില വെട്ടിക്കൊണ്ടുവാ. മമ്മി ഒരു പൊതിച്ചോറ് കെട്ടിത്തരാം പോരേ? നീതുവിന് സന്തോഷമായി.. മമ്മി പൊതിച്ചോറ് കെട്ടി നീതുവിന്റെ ബാഗിൽ വച്ചുകൊടുത്തു. അപ്പോഴേക്കും സ്കൂൾ ബസ്സ് ഗേറ്റിന്റെ അടുത്ത് വന്ന് ഹോൺ അടിച്ചു തുടങ്ങി.. മമ്മിക്ക് റ്റാറ്റാ പറഞ്ഞ്, ആത്മസംതൃപ്തിയോടെ പൊതിച്ചോറുമായി നീതുമോൾ സ്കൂൾ ബസ്സിൽ കയറി..

കൂട്ടുകാരെ.. ഓരോ ദിവസവും, നാം എന്തുമാത്രം ഭക്ഷണപദാർത്ഥങ്ങളാണ് പാഴാക്കി കളയുന്നത്?. ഒന്നോർത്തു നോക്കൂ.. നമ്മുടെ വിശപ്പടക്കി, ശേഷിച്ചവ വലിച്ചെറിയുമ്പോൾ , ഒരു നേരത്തെ വിശപ്പ് അകറ്റാൻ എത്രപേർ കാത്തിരിക്കുന്നുണ്ടാകും?

നമ്മുടെ ശരീരത്തിന്റെ പോഷണത്തിന് ഭൗതിക ഭക്ഷണം ആവശ്യമാണ്.അതു പോലെ തന്നെ നമ്മുടെ ആത്മാവിൻ്റെ വളർച്ചയ്ക്കുള്ള ഭക്ഷണമാണ് ദൈവവചനം. അത് നാം അലക്ഷ്യമാക്കാതെ.. ദിനംതോറും ഭക്ഷിക്കണം. യിരമ്യാവ് 15 :16 – ൽ നാം ഇങ്ങനെ വായിക്കുന്നു “ഞാൻ നിൻ്റെ വചനത്തെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു” കൂടാതെ നാം ഭക്ഷണം കഴിച്ച് ശേഷിപ്പിക്കുമ്പോൾ നമ്മുടെ കൂട്ടുകാർ വിശന്നിരിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുന്നത് ദൈവസ്നേഹത്തിന്റെ ഒരു പ്രദർശനം കൂടിയാണ്… അപ്പോൾ ഇന്നു തന്നെ നമുക്ക് ഒരു തീരുമാനമെടുക്കാം.. “ഇന്നുമുതൽ ഞാൻ ഭക്ഷണം പാഴാക്കിക്കളയുകയില്ല; അതുപോലെ ദൈവവചനം ദിനംതോറും ഭക്ഷിക്കും.. അഥവാ വായിച്ച് അതനുസരിച്ച് ജീവിക്കും”… എന്ന്…