ഈ നാളുകളിൽ പത്രത്തിൽ സ്ഥിരമായി വരുന്ന ഒരു വാക്കാണ് “വ്യാജം” എന്നത്. “കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളിവചനം” എന്നതിൽ നിന്നും എള്ളോള്ളമില്ലാ സത്യം എന്നതായി നമ്മുടെ നാടിൻ്റെ സ്ഥിതി. വിദ്യാഭ്യാസത്തിൽ വ്യാജം, ജോലിയിൽ വ്യാജം, കഴിക്കുന്നതിൽ വ്യാജം, കഴിപ്പിക്കുന്നതിൽ വ്യാജം, കുടിക്കുന്നതിലും കുടിപ്പിക്കുന്നതിലും വ്യാജം. സർവത്ര വ്യാജം. വ്യാജം കാണിക്കുവാനും പറയുവാനും ആർക്കും ഒരു മടിയും ഇല്ലാത്ത, ആരെയും കബളിപ്പിക്കാൻ യാതൊരു സങ്കോചവും ഇല്ലാത്ത സമൂഹത്തിന്റെ മധ്യത്തിലാണ് നാം ജീവിക്കുന്നത്.

ലോകത്തിൽ വ്യാജന്മാർ അരങ്ങ് വാഴുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നേ ഇങ്ങനെ ഒരു കാലത്തെക്കുറിച്ച് നമുക്ക് ചില മുന്നറിയിപ്പുകളും സൂചനകളും ബൈബിൾ തന്നിരുന്നു. വ്യാജം കാണിക്കുകയും അതിന്റെ അനന്തരഫലങ്ങൾ നേരിടുകയും ചെയ്ത ചിലരെ ബൈബിൾ നമുക്ക് കാണിച്ചു തരുന്നുണ്ട്. അനന്യാസ് – സഫീര ദമ്പതികൾ വിശ്വസ്തരായ മനുഷ്യരായിരുന്നു (അപ്പോസ്തല പ്രവർത്തികൾ: 5). വ്യാജം കാണിക്കുവാൻ തീരുമാനം എടുത്തതും അവർ ഒരുമിച്ച് ആയിരുന്നു. ദൈവമുമ്പാകെ അവർ ചെയ്ത വ്യാജ പ്രവൃത്തി നിമിത്തം തിരുത്താൻ ഒരു അവസരം ലഭിക്കുന്നതിന് മുമ്പേ അവർ ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ടു. പരിശുദ്ധാത്മാവിനോടു വ്യാജം കാണിക്കുവാൻ സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു?” എന്ന ചോദ്യത്തോട് കൂടിയാണ് പത്രോസ് അനന്യാസിനെ നേരിടുന്നത്. ഈ കഥ അറിയാതെ ഭർത്താവിനെ തിരക്കി വന്ന ഭാര്യ സഫീരക്കും സത്യം പറയുവാൻ ഒരു അവസരം ഉണ്ടായിരുന്നു. എന്നാൽ ഭർത്താവിനെപ്പോലെ സഫീരയും വ്യാജം പറയുക കൊണ്ട് ഈ ലോകത്തിൽ നിന്നും മറഞ്ഞു പോയി. കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു? ” എന്നാണ് ” പത്രൊസ് സഫീറയോട് ചോദിച്ചത്. വ്യാജം പ്രവർത്തിക്കുകയും പറയുകയും ചെയ്യുന്നവരുടെ അന്ത്യം എന്താണെന്ന് അനന്യാസിന്റെയും സഫീറയുടെയും ജീവിത്തിലൂടെ ഒരു വലിയ ഓർമപ്പെടുത്തലാണ് നമുക്ക് നൽകുന്നത്. അതുകൊണ്ട് വ്യാജം കാണിക്കരുത്.

നാം വ്യാജം കാണിക്കില്ല, പറയില്ല എന്ന് സ്വയം തീരുമാനിച്ച്, നമ്മെ സംബന്ധിക്കുന്ന ഇടപാടുകളിലും ബന്ധങ്ങളിലും എല്ലാം സുതാര്യത നിലനിർത്തിയാൽ നമുക്ക് ഒരു മാതൃക കാണിക്കുവാൻ സാധിക്കും. ചിലപ്പോൾ ലോകത്തിൽ നമുക്ക് അർഹിക്കുന്ന അവകാശങ്ങൾ നേടാൻ കഴിഞ്ഞു എന്ന് വരില്ല, പക്ഷേ ദൈവത്തിൻ്റെ മുമ്പിലും, മനസ്സാക്ഷിയുടെ മുന്നിലും നാം വിജയിക്കും. ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊൾക (സങ്കീ: 34:13) എന്ന വചനം നമുക്ക് മറക്കാതിരിക്കാം