“നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലോ തെറ്റിപ്പോകുന്നത്” (മർക്കോ:12:24). ദൈവവചനത്തിന്റെ പ്രാധാന്യത്തെ വെളിപ്പെടുത്തുന്ന യേശുക്രിസ്തുവിന്റെ ഒരു പ്രസ്താവനയാണിത്. നമ്മുടെ കർത്താവായ യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ, യെഹൂദന്മാർ തന്നെ വാക്കിൽ കുടുക്കുവാൻ ധാരാളം ചോദ്യങ്ങൾ ചോദിച്ചിരുന്നു. യെഹൂദ ജാതിയിലെ വിവിധ വിഭാഗങ്ങളിലൊന്നായ സദൂക്യർ ചോദിക്കുന്ന ചോദ്യത്തിന് ക്രിസ്തു കൊടുക്കുന്ന മറുപടിയാണ് മുകളിൽ സൂചിപ്പിച്ചിരിക്കുന്നത്. ക്രിസ്തുവിന് 260 വർഷം മുമ്പ് ജീവിച്ചിരുന്ന സാദോക്കിന്റെ പിൻതലമുറക്കാരാണ് സദൂക്യർ. വലിയ ദുരൂപദേശങ്ങൾ പഠിപ്പിച്ച ഇവർ, പരീശന്മാർ ഉൾപ്പെടെയുള്ള മറ്റു വിഭാഗങ്ങൾ അംഗീകരിച്ചിരുന്ന പല കാര്യങ്ങളും നിരാകരിച്ചിരുന്നു. പുതിയനിയമത്തെ നിഷേധിക്കുകയും പാരമ്പര്യങ്ങൾ സ്വീകരിക്കേണ്ടതില്ലെന്നും പഠിപ്പിച്ച ഇക്കൂട്ടർ പുനരുത്ഥാനം ഇല്ല എന്നു വാദിച്ചു. പുനരുത്ഥാനം നിഷേധിക്കുന്നതിലൂടെ അവർ ദൈവത്തെയും ദൈവശക്തിയെയും നിഷേധിക്കുകയാണുണ്ടായത്.

ആധുനിക തലമുറ ദൈവനിഷേധികളായി മാറിക്കൊണ്ടിരിക്കുന്നു. ദൈവത്തെ ഭയമില്ലാതെയും ദൈവവചനത്തെ അനുസരിക്കാതെയും ജീവിക്കുന്നതു നിമിത്തം ദൈവത്തിനു നിഷേധമായ എന്തു കാര്യങ്ങൾ ചെയ്യുവാനും മനുഷ്യൻ തയ്യാറാകുന്നു. ദൈവം തന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും സൃഷ്ടിച്ച മനുഷ്യൻ ദൈവത്തിന് പ്രസാദകരമായ ജീവിതം നയിക്കണമെന്നാണ് ദൈവത്തിന്റെ ഉദ്ദേശം. എന്നാൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ കൈവന്നപ്പോൾ ദൈവീകകാര്യങ്ങളെ മറന്നു പോകുകയാണ് എല്ലാവരും. ആധുനികതയുടെ എല്ലാ നന്മകളും നമുക്കു സന്തോഷത്തോടെ അനുഭവിക്കാനുള്ളതാണ് പക്ഷേ അവയെല്ലാം നമ്മുടെ ജീവിതത്തെ കൂടുതൽ അനാത്മികതയിലേക്ക് നയിക്കുകയാണ്. മനുഷ്യൻ സ്വസ്നേഹികളായും വമ്പു പറയുന്നവരും വ്യാജത്തിനു മനസ്സ് വെക്കുന്നവരുമായി ദൈവത്തിനും ദൈവവചനത്തിനും വിരുദ്ധമായ കാര്യങ്ങൾ ചെയ്യുവാൻ ബദ്ധപ്പെടുമ്പോൾ ആത്മീയ ജിവിതത്തിന് പരാജയം നേരിടുന്നതിന്റെ കാരണമെന്തെന്ന് കർത്താവ് നമുക്ക് പറഞ്ഞു തരുന്നു. തിരുവെഴുത്തുകളെക്കുറിച്ച് (ദൈവവചനം) അറിവില്ലാത്തതു നിമിത്തം നാം തെറ്റിപ്പോകുന്നു എന്ന കർത്താവിന്റെ വചനം ഇന്നത്തെ ലോകസാഹചര്യത്തിൽ അർത്ഥസംപുഷ്ടമാണ്.

ദൈവം തന്റെ ജനത്തോട് ഇന്നും സംസാരിച്ചുകൊണ്ടിരിക്കുന്നു. എത്രയോ അനുഗ്രഹിക്കപ്പെട്ട കാര്യമാണ് അത്. മനസ്സലിവുള്ള ദൈവം തന്റെ സ്നേഹം ഇന്നും നമ്മുടെ മേൽ പകർന്നു തരുന്നു. നാം തെറ്റിപ്പോകാതിരിക്കേണ്ടതിന് അവിടുത്തെ ആലോചനകളാൽ നമ്മെ വഴി നടത്തുന്നു. കാലങ്ങൾക്കു മുമ്പേ എഴുതിയ ദൈവവചനത്തിലൂടെ ദൈവം ഇന്നും നമ്മോട് സംസാരിക്കുന്നുണ്ട് എങ്കിൽ ആ വചനത്തിനന്റെ പ്രാധാന്യം എന്തെന്ന് നാം ഓരോരുത്തരും അറിഞ്ഞിരിക്കണം. ദൈവവചനത്തിന്റെ സത്യങ്ങളെ ശരിയായ നിലയിൽ മനസ്സിലാക്കാതെ പോകുന്നതാണ് എല്ലാറ്റിന്റെയും പ്രാധാന കാരണം. ദൈവശ്വാസീയമായ ഈ വചനം മനുഷ്യനെ രൂപാന്തരപ്പെടുത്തുന്നതാണ്, മനസ്സിന് സന്തോഷവും ആനന്ദവും നല്കുന്നതാണ്. ഈ വചനം നിമിത്തം ദൈവത്തെ കണ്ടെത്തിയവർ അനേകരാണ്. ഇന്ന് ലോകം മുഴുവൻ പ്രഘോഷിക്കപ്പെടുകയും ഏറ്റവും കൂടുതൽ അച്ചടിക്കുകയും ചെയ്യുന്ന ഒരേയൊരു ഗ്രന്ഥം ബൈബിളാണ്. ആ ദൈവവചനത്തെ നിങ്ങൾ അറിയാതെ പോകരുത്.

ക്രിസ്തീയ സോദരിയിൽ ഈ ലക്കം മുതൽ ദൈവവചനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുന്ന പഠനം ആരംഭിക്കുകയാണ്. ദൈവവചനത്തെക്കുറിച്ചുള്ള പഠനം നമ്മുടെ ജീവിതം കൂടുതൽ ശോഭനമാക്കട്ടെ.