കുരുന്നിന്റെ ചലനങ്ങള്‍ വീര്‍ത്ത വയറില്‍ അനുഭവപ്പെട്ടപ്പോള്‍ ആ യുവമാതാവില്‍ നെഞ്ചിടിപ്പ് ഉയര്‍ന്നു. കാരണം മറ്റൊന്നുമല്ല, യിസ്രയേല്‍ സ്ത്രീകളുടെ ആണ്‍കുഞ്ഞുങ്ങളെ ജീവനോടെ വെച്ചേക്കരുത് എന്നാണ് ഫറവോരാജാവിന്റെ ആജ്ഞ.
കാത്തിരുന്ന ആ ദിവസം വന്നെത്തി. കുഞ്ഞു ജനിച്ചു. പ്രസവവേദന ശരീരമാകെ തളര്‍ത്തിയപ്പോഴും കുഞ്ഞിന്റെ കരച്ചില്‍ കാതില്‍ വന്നലച്ചപ്പോള്‍ അത് പെണ്‍കുഞ്ഞാണോ ആണ്‍കുഞ്ഞാണോ എന്ന ആകാംക്ഷ അവളുടെ മനസില്‍ മിന്നിമറഞ്ഞു. ശിശുവിന്റെ പൊക്കിള്‍ക്കൊടി മുറിച്ച് ദേഹത്തു പറ്റിയിരുന്ന രക്തവും ഗര്‍ഭാശയദ്രവവും തുടച്ചശേഷം വയറ്റാട്ടി മൗനം പാലിച്ച് കുഞ്ഞിനെ അമ്മയുടെ കൈയിലേക്ക് നല്‍കിയപ്പോള്‍ അത് ആണ്‍കുഞ്ഞാണെന്നു തിരിച്ചറിഞ്ഞ് അവള്‍ വിതുമ്പി. വഴിഞ്ഞൊഴുകിയ ചുടുകണ്ണുനീര്‍ ആ കുഞ്ഞുശരീരത്തിലേക്ക് നനഞ്ഞിറങ്ങി. മാതൃവാത്സല്യം ഹൃദയത്തില്‍ നുരഞ്ഞു പൊങ്ങുമ്പോഴും ശിശു ആണ്‍കുഞ്ഞാണെന്ന തിരിച്ചറിവ് ജ്വലിക്കുന്ന കനലായി അവളുടെ ചുരന്ന നെഞ്ചിനുള്ളില്‍ എരിഞ്ഞിറങ്ങി. മാതൃത്വം നല്‍കിയ മുറിവുകള്‍ മനസും ശരീരവും തളര്‍ത്തിയ നിമിഷം.

രാജകല്പന അനുസരിച്ച് ജനിച്ചുവീണ ഉടനെ ആ ആണ്‍കുഞ്ഞിനെ നിഷ്‌കരുണം കൊല ചെയ്യാന്‍ എബ്രായ സൂതികര്‍മിണികള്‍ ശ്രമിച്ചില്ല; അവര്‍ ജീവദാതാവായ ദൈവത്തെ ഭയപ്പെട്ടിരുന്നു. എങ്കിലും കാര്യങ്ങള്‍ സുരക്ഷിതമല്ല. ഇപ്രാവശ്യം ഫറവോന്‍ തന്റെ ജനങ്ങളെയാണ് ദൗത്യം ഏല്പിച്ചിരിക്കുന്നത്, എബ്രായ ആണ്‍കുഞ്ഞുങ്ങളെ നൈല്‍ നദിയിലേക്ക് എറിയുക! കൈയ്യില്‍ രക്തം പുരളാതെ ശിശുഹത്യ ചെയ്യാള്ള മാര്‍ഗം. നൈല്‍ നദിയിലെ മത്സരിച്ച് അടുക്കുന്ന മുതലകള്‍ നദീജലത്തില്‍ രക്തവര്‍ണം കലര്‍ത്തി ആ കൃത്യം നിര്‍വഹിച്ചുകൊള്ളും.

മാതൃത്വത്തിന്റെ വ്യാകുലതകള്‍, കുഞ്ഞോമനയുടെ സുരക്ഷിതത്തെക്കുറിച്ചുള്ള ആശങ്കകള്‍. അവനെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്‌തേ മതിയാവൂ. യോഖേബേദും അവളുടെ ഭര്‍ത്താവ് അമ്രാമും അവരുടെ ആണ്‍കുഞ്ഞിനെ ഒളിപ്പിക്കുവാന്‍ തീരുമാനിച്ചു.
ബൈബിള്‍ പറയുന്നത്, ”വിശ്വാസത്താല്‍ മോശെയുടെ ജനനത്തിങ്കല്‍ ശിശു സുന്ദരന്‍ എന്ന് അമ്മയപ്പന്മാര്‍ കണ്ടു: രാജാവിന്റെ കല്പന ഭയപ്പെടാതെ അവനെ മൂന്നു മാസം ഒളിപ്പിച്ചുവച്ചു” എന്നാണ്(എബ്രാ: 11:23). യോഖേബേദ് ദൈവഭക്തയായിരുന്നു. ജീവിതത്തിന്റെ അനിശ്ചിത്വത്തില്‍ ദൈവത്തില്‍ ആശ്രയവും പ്രതീക്ഷയും കണ്ടെത്തിയവള്‍. വിശ്വാസത്തോടെ പ്രവര്‍ത്തിക്കുവാന്‍ അവള്‍ ഭര്‍ത്താവിനോടൊപ്പം തീരുമാനിച്ചത് അവളുടെ ദൈവഭക്തിയുടെ പ്രതിഫലനമാണ്. ജീവിതത്തിലെ പരീക്ഷണഘട്ടങ്ങള്‍ ദൈവഭക്തി മാറ്റുരയ്ക്കപ്പടുന്ന സന്ദര്‍ഭങ്ങളാണ്. അനിശ്ചിതത്വത്തിന്റെ മുള്‍മുനയില്‍ ജീവിതം തങ്ങിനില്‍ക്കുമ്പോഴും ദൈവഭക്തി കൈവെടിയാതിരിക്കാം.

യോഖേബേദ് വിശ്വാസത്താല്‍ ജീവിച്ചവള്‍. പുറപ്പാട് പുസ്തകത്തിലെ വിവരണത്തില്‍ അവനെ മൂന്നുമാസം ഒളിച്ചുവച്ചു എന്നു ചുരുക്കി പറഞ്ഞിരിക്കുന്നു. എന്നാല്‍ അതിന് അവരെ പ്രേരിപ്പിച്ചത് അവരുടെ വിശ്വാസമായിരുന്നു എന്നു എബ്രായലേഖനം വ്യക്തമാക്കുന്നു. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിലും വിശ്വാസം ഉള്ളവരായിരിക്കുമ്പോഴാണ് യഥാര്‍ത്ഥ വിശ്വാസം പ്രകടമാകുന്നത്.

യോഖേബേദ് ചിന്തിക്കുന്നവള്‍ ആയിരുന്നു. മകനെക്കുറിച്ചുള്ള ആശങ്കകള്‍ ഉണ്ടായിരുന്നപ്പോഴും ദൈവത്തിലുള്ള വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട് ഒരു പ്രവര്‍ത്തനപദ്ധതി അവള്‍ ആസൂത്രണം ചെയ്തു. കലങ്ങിയമനസ്സോടെ തെളിവായി ചിന്തിക്കുക ദുഷ്‌കരമാണ്. വ്യകുലചിന്ത മനസ്സിന്റെ ഏകാഗ്രത കുറയ്ക്കുന്നു. എന്നാല്‍ ദൃഢമായ ശുഭാപ്തി വിശ്വാസം വ്യാകുലചിന്തയെ ലഘൂകരിക്കുകയും വ്യക്തമായ ചിന്ത സാധ്യമാക്കുകയും ചെയ്യുന്നു. അങ്ങനെ, ഒരു പേടകം ഉണ്ടാക്കി കുഞ്ഞിനെ അതില്‍ അടച്ച്, രാജകുമാരിയുടെ ശ്രദ്ധയില്‍പെടാവുന്ന ഒരു സ്ഥാനത്ത് നൈല്‍ നദിയില്‍ ഞാങ്ങണകളുടെ ഇടയില്‍ നിക്ഷേപിക്കുവാന്‍ യോഖേബേദ് തീരുമാനിക്കുന്നു.

വിശ്വാസത്താല്‍ വ്യാകുല ചിന്തകളെ അതിജീവിച്ച് വ്യക്തതയോടെ ചിന്തിച്ച് പ്രവര്‍ത്തന പദ്ധതികള്‍ എല്ലാ വിശദാംശങ്ങളോടും കൂടെ ആസൂത്രണം ചെയ്യുവാന്‍ നമുക്കു കഴിയേണ്ടതാണ്.

യോഖേബേദ് വിശ്വാസത്തോടെ പ്രവര്‍ത്തിക്കുന്നവള്‍ ആയിരുന്നു. നിശ്ചിതമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് അവള്‍ പ്രവര്‍ത്തനനിരതയായി. ഒരു പേടകം ഉണ്ടാക്കി സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്തു. പേടകം നദിയില്‍ നിക്ഷേപിച്ചു.
നിരാശയില്‍ മുഖം താഴ്ത്തി എല്ലാം അനുകൂലമാകുമോ എന്നു ആശങ്കപ്പെടുന്നതല്ല വിശ്വാസം. ദൈവം എല്ലാം ശുഭകരമാക്കി തീര്‍ക്കും എന്ന ഉറപ്പോടെ കര്‍മനിരതമാകുന്നതാണ് യഥാര്‍ത്ഥ വിശ്വാസം. ”ആത്മാവില്ലാത്ത ശരീരം നിര്‍ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിര്‍ജീവമാകുന്നു.”

യോഖേബേദ് ആത്മനിയന്ത്രണമുള്ളവള്‍ ആയിരുന്നു. ശിശുവിനു പാല്‍ നല്‍കി പാലിക്കേണ്ടതിനു തയ്യാറായി വരുന്ന എബ്രായ സ്ത്രീയായി രാജകുമാരിയുടെ അടുക്കല്‍ എത്തിയപ്പോഴും, കുഞ്ഞിനെ പരിപാലിക്കുന്നതിനു ശമ്പളം പറഞ്ഞൊക്കുമ്പോഴും, തുടിക്കുന്ന ഹൃദയത്തോടെ സ്വന്തം കുഞ്ഞിനെ കൈകളില്‍ വാങ്ങി വീട്ടിലേക്കു മടങ്ങുമ്പോഴും ആത്മനിയന്ത്രണം അവള്‍ വെടിഞ്ഞില്ല. ഒരു പക്ഷേ ആത്മനിയന്ത്രണമില്ലാത്ത ഒരു വാക്കോ, ഭാവപ്രകടമോ ആ കുഞ്ഞിന്റെ ജീവനെ അപകടത്തിലാക്കുമായിരുന്നൂ! ആത്മനിയന്ത്രണമില്ലാത്ത മനുഷ്യന്‍ മതിലുകള്‍ ഇല്ലാതെ ഇടിഞ്ഞു കിടക്കുന്ന പട്ടണം പോലെയാകുന്നു എന്നാണ് ശലോമോന്‍ എഴുതിയിരിക്കുന്നത്. ആത്മാവിന്റെ ഫലത്തെക്കുറിച്ച് എഴുതുന്നിടത്ത് പൗലോസ് സമാധാനം, ദീര്‍ഘക്ഷമ, സൗമ്യതയും ഇന്ദ്രിയജയവും എടുത്തു പറയുമ്പോള്‍ ആത്മസംയമനത്തിന്റെ പ്രാധാന്യം വ്യക്തമാകുന്നു.

യോഖേബേദ് മക്കളെ ദൈവഭക്തി പഠിപ്പിച്ചു. മോശയുടെ ശൈശവകാലം യോഖേബേദിനൊപ്പമായിരുന്നു. പിന്നീട് അവന്‍ രാജകുമാരിയുടെ മകനായി വളര്‍ന്നത് രാജധാനിയില്‍ ആയിരുന്നു. ദീര്‍ഘമായ വര്‍ഷങ്ങള്‍, നാല്‍പതുവയസുവരെ മോശെ രാജധാനയില്‍ വളര്‍ന്നെങ്കിലും, രാജധാനി ഉപേക്ഷിച്ച് ഓടിപ്പോയതിനെക്കുറിച്ച്, ”വിശ്വാസത്താല്‍ അവന്‍ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറച്ചുനില്ക്കയാല്‍ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു” എന്നു പുതിയനിയമത്തില്‍ പറഞ്ഞിരിക്കുന്നു. ‘അദൃശ്യദൈവത്തെ കണ്ടതുപോലെ’ എന്നതു ശ്രദ്ധിക്കുക. ആരാണ് അദൃശ്യദൈവത്തെ കണ്ടതുപോലെ മോശെയുടെ മനസ്സില്‍ പതിച്ചു നല്‍കിയത്? യോഖേബേദ് എന്ന ഭക്തയായ ആ മഹതിയായിരുന്നു എന്നാണ് കരുതേണ്ടത്.
ഏതുകാലഘട്ടത്തിലുമുള്ള ഭക്തകള്‍ക്കു അനുകരണീയ മാതൃകയായി യോഖേബേദ് എന്ന മഹിളാരത്‌നം ബൈബിളില്‍ പ്രഭ പരത്തുന്നു!

Yokhebed / Julie Kunjumon(Woman in the Bible)