ക്രിസ്തുവിനെ അനുഗമിച്ചവരില്‍ അനേകം സ്ത്രീകളും ഉണ്ടായിരുന്നു. സമൂഹം സ്ത്രീകള്‍ക്കു അര്‍ഹമായ പ്രാധാന്യം കൊടുക്കാതിരുന്ന ആ കാലഘട്ടത്തില്‍ പോലും ക്രിസ്തു സഹോദരിമാരെ അംഗീകരിക്കുകയും തന്നോടു ചേര്‍ത്തുനിര്‍ത്തുകയും ചെയ്തു. ക്രിസ്തുവിന്റെ സ്നേഹത്തിനു മുമ്പില്‍ തന്നെ അനുഗമിക്കുവാന്‍ തയ്യാറായ ചില സ്ത്രീരത്നങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്.

ശമര്യക്കാരി

യഹൂദജാതിയുമായി സമ്പര്‍ക്കം നിഷേധിച്ചിരുന്ന ശമര്യാക്കാരില്‍ ഒരുവള്‍. അവള്‍ മശിഹായുടെ വരവിനെ കാത്തിരുന്നവളായിരുന്നു. മശിഹ വരുമ്പോള്‍ ആരാധനാകാര്യങ്ങളിലുള്ള സംശയങ്ങളെല്ലാം മാറ്റിത്തരും എന്നും അവള്‍ വിശ്വസിച്ചിരുന്നു (യോഹ:4:25). ഹൃദയം അറിയുന്ന കര്‍ത്താവ്, അവളുടെ എളിയ വിശ്വാസത്തെ മാനിച്ചുകൊണ്ട് അവളെ തേടി ചെല്ലുന്നു. ദൈവത്തെ നമസ്‌കരിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും നമസ്‌ക്കരിക്കേണം എന്ന സത്യം മനസ്സിലാക്കിക്കൊടുക്കുന്നു. മാത്രമല്ല, അവള്‍ കാത്തിരിക്കുന്ന മശിഹാ അവളോട് സംസാരിക്കുന്ന താന്‍ തന്നെയാണ് എന്ന സന്തോഷവാര്‍ത്തയും അറിയിക്കുന്നു. മശിഹയില്‍ വിശ്വസിച്ച അവള്‍ അടങ്ങിയിരുന്നില്ല. ഉടനെത്തന്നെ പട്ടണത്തില്‍ ചെന്ന് ജനങ്ങളോട് അവളുടെ സാക്ഷ്യം പറയുകയും അവള്‍ പറഞ്ഞ വാക്കു നിമിത്തം പല ശമര്യരും ക്രിസ്തുവില്‍ വിശ്വസിക്കുകയും ചെയ്തു. മാത്രമല്ല അനേകര്‍ ക്രിസ്തുവിലേക്കു ആനയിക്കപ്പെടുകയും അവന്റെ വാക്കു കേട്ട് ഏറ്റവും അധികം പേര്‍ അവന്‍ സാക്ഷാല്‍ ലോകരക്ഷിതാവെന്ന് വിശ്വസിക്കുകയും ചെയ്തു (യോഹ:4:39-42). ഒരു സ്ത്രീയുടെ സാക്ഷ്യം അനേകരെ രക്ഷയിലേക്കു നയിക്കുന്നതായി കാണുന്നു.

ബെഥാന്യയിലെ സ്ത്രീ

ബെഥാന്യയിലെ ശീമോന്റെ വീട്ടില്‍ പന്തിയില്‍ ഇരുന്നിരുന്ന, കര്‍ത്താവിന്റെ തലയില്‍ വിലയേറിയ സ്വച്ഛജടാമാംസി തൈലം ഒഴിച്ച സ്ത്രീയെ മറ്റുള്ളവര്‍ കുറ്റപ്പെടുത്തുമ്പോള്‍, സ്ത്രീയെ അസഹ്യപ്പെടുത്തേണ്ട, അവള്‍ തങ്കല്‍ നല്ല പ്രവൃത്തിയാണ് ചെയ്തത് എന്നായിരുന്നു കര്‍ത്താവിന്റെ പ്രതികരണം. മാത്രമല്ല, സുവിശേഷം പ്രസംഗിക്കുന്നിടത്തെല്ലാം അവള്‍ ചെയ്ത കാര്യം ഓര്‍മ്മിപ്പിക്കപ്പെടുമെന്നും പ്രസ്താവിച്ചു (മത്താ: 26:1012). കര്‍ത്താവ് സ്ത്രീകളെ ഒരിക്കലും ശാപഗ്രസ്തരെന്നു തള്ളിയിരുന്നില്ല.

മഗ്ദലക്കാരത്തി മറിയ

കര്‍ത്താവില്‍ നിന്നും പാപക്ഷമ ലഭിച്ച മഗ്ദലക്കാരത്തി മറിയ, യേശു ഉയിര്‍ത്തെഴുന്നേല്ക്കുമെന്നു പറഞ്ഞ മൂന്നാം നാള്‍ അതികാലത്ത് ഇരുട്ടുള്ളപ്പോള്‍ തന്നെ കൂട്ടുസഹോദരിമാരുമായി കല്ലറയ്ക്കല്‍ എത്തുന്നു. തുറന്ന കല്ലറയില്‍ ദൂതന്മാരില്‍ കൂടെ യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റ വിവരം അറിഞ്ഞ അവര്‍ ഓടിപ്പോയി ശിഷ്യന്മാരെ അറിയിക്കുന്നു. എല്ലാവരും ചേര്‍ന്ന് കല്ലറയുടെ അകത്തു കടന്ന് കണ്ടിട്ട് യഹൂദന്മാരെ പേടിച്ച് വീട്ടിലേക്ക് മടങ്ങിയപ്പോള്‍, മറിയ കല്ലറയ്ക്കല്‍ പുറത്തു കരഞ്ഞുകൊണ്ട് നില്‍ക്കുകയാണ്. ക്രിസ്തുവിനോടുള്ള അദമ്യമായ സ്നേഹം അവളുടെ ഭയമെല്ലാം നീക്കിയിരുന്നു. അവളുടെ ഹൃദയവേദന മനസ്സിലാക്കിയ യേശു കര്‍ത്താവ് ‘മറിയേ’ എന്ന വിളിയോടുകൂടെ ഉയിര്‍ത്തെഴുന്നേറ്റ ശേഷം ആദ്യമായി അവള്‍ക്ക് പ്രത്യക്ഷനാകുന്നു. തന്നോടുള്ള അവളുടെ വിശ്വാസത്തെയും സ്നേഹത്തെയും മാനിച്ചുകൊണ്ട് ഉയിര്‍ത്തെഴുന്നേല്പിന്റെ സന്ദേശം ശിഷ്യന്മാരെ അറിയിക്കുവാനുള്ള ദൗത്യം അവളെ ഏല്പിക്കുന്നു. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവില്‍ വിശ്വസിക്കുന്ന നാമും ഈ സന്ദേശം മറ്റുള്ളവരെ അറിയിക്കുവാന്‍ കടപ്പെട്ടവരാണ്.

മാര്‍ത്തയും മറിയയും

പലപ്പോഴും യേശുകര്‍ത്താവിന് ആതിഥ്യം അരുളുകയും കര്‍ത്താവിന്റെ സ്നേഹം രുചിച്ചറിയുകയും ചെയ്തിരുന്ന മാര്‍ത്ത – മറിയ സഹോദരിമാരുടെ സഹോദരന്‍ ലാസര്‍ മരിച്ചപ്പോള്‍ നാലുനാള്‍ കഴിഞ്ഞാണ് യേശു അവിടെ ചെല്ലുന്നത്. അവിടുന്ന് ഇവിടെയുണ്ടായിരുന്നെങ്കില്‍ ലാസര്‍ മരിക്കയില്ലായിരുന്നു എന്ന പരിഭവത്തില്‍ കര്‍ത്താവിനെ എതിരേറ്റു ചെന്ന മാര്‍ത്തയോട്: ”ഞാന്‍ തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും, ജീവിച്ചിരുന്ന് എന്നില്‍ വിശ്വസിക്കുന്നവന്‍ ഒരുനാളും മരിക്കയില്ല” എന്ന വിലപ്പെട്ട സത്യം അറിയിച്ചു (യോഹ:11:22). മരിച്ച് അഴുകി നാലുനാളുകള്‍ കഴിഞ്ഞ ലാസറിനെ ഉയിര്‍പ്പിച്ചുകൊണ്ട് ഈ സത്യം അരക്കിട്ടുറപ്പിച്ചു. ഈ ഭവനത്തിലുള്ള സഹോദരിമാരുടെ സാക്ഷ്യജീവിതം വചനം ഉറപ്പിക്കുന്നതിനും അനേകര്‍ക്ക് കര്‍ത്താവില്‍ വിശ്വസിപ്പാനും ഇടയാക്കി. നമ്മുടെ സാക്ഷ്യജീവിതം അനേകരെ ക്രിസ്തുവിങ്കലേക്ക് നയിപ്പാന്‍ ഉതകട്ടെ.

രക്തസ്രവം സൗഖ്യമായ സ്ത്രീ

12 വര്‍ഷങ്ങള്‍ രക്തസ്രവത്താല്‍ ബാധിതയായിരുന്ന സ്ത്രീ കര്‍ത്താവിന്റെ വസ്ത്രത്തിന്റെ തൊങ്ങല്‍ തൊട്ടു സൗഖ്യമായപ്പോള്‍ തന്റെ സാക്ഷ്യം എല്ലാ ജനവും കേള്‍ക്കെയാണ് അറിയിച്ചത്. സ്ത്രീകളുടെ മദ്ധ്യത്തില്‍ മാത്രം പോയി പറയുക യല്ലായിരുന്നു.

മറിയ

ആദിമാതാവിന്റെ ദൈവവചനത്തോടുള്ള അനുസരണക്കേടു നിമിത്തം മനുഷ്യവര്‍ഗ്ഗം ശാപഗ്രസ്തരായിത്തീര്‍ന്നു എന്നതു ശരി തന്നെ. എന്നാല്‍ അതുകൊണ്ട് സ്ത്രീ അധമയെന്ന് ദൈവം തള്ളിയില്ല. ഇവിടെ ഇതാ മറിയ ദൈവവചനം അതേപോലെ ഉള്‍ക്കൊണ്ട് ലോകത്തിന്റെ രക്ഷകനെ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തു. ”കൃപ ലഭിച്ചവളേ” എന്നാണ് ദൂതന്‍ അവളെ അഭിസംബോധന ചെയ്തത്.
പൗലോസ് അപ്പോസ്തലന്റെ സുവിശേഷഘോഷണത്തില്‍ സ്ത്രീകളും സഹായികളായതായി നമുക്കു കാണാം. താന്‍ തടവിലായിരിക്കുമ്പോള്‍ ക്രിസ്തുവിങ്കലേക്കു നയിച്ച ഒനേസിമോസിനെപ്പറ്റി ഞാന്‍ ജനി പ്പിച്ച എന്റെ മകന്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് (ഫിലേ:10). മറിയ തന്റെ ദൗത്യം വിശ്വസ്തയോടെ നിര്‍വ്വഹിച്ചതുപോലെ സ്ത്രീകളായ നമ്മളും വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധീകരണത്തിലും സുബോധത്തോടെ പാര്‍ത്തുകൊണ്ട് ആത്മീയമക്കളെ ജനിപ്പിക്കുന്നവരായിരിക്കാം (1.തിമൊ:2:15). നമ്മെ അലസരാക്കുക എന്ന സാത്താന്റെ തന്ത്രത്തില്‍ കുടുങ്ങിപ്പോകാതിരിക്കാം. വചനത്തിന്റെ നിശ്ചയത്തില്‍ മുന്നോട്ടുപോകാം.

”പലരെയും നീതിയിലേക്കു തിരിക്കുന്നവര്‍ നക്ഷത്രങ്ങളെപ്പോലെ എന്നും എന്നേക്കും പ്രകാശിക്കും” (ദാനി: 12: 13).

Written by

Mary Abraham

Writer, mentor, from Kottayam