ആരാണ് ഞാൻ ? ഇങ്ങനെ ഒരു ചോദ്യത്തെ ഓരോ വ്യക്തിയും അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. ഏതൊരു കാര്യത്തിലും എന്ന പോലെ വിവാഹത്തിലും ഈ ചോദ്യത്തിന് ഏറെ പ്രാധാന്യം ഉണ്ട്.

നാം ശിശുക്കളായിരിക്കുമ്പോൾ തന്നെ മാതാപിതാക്കളുടെ കൈ പിടിച്ചു നടക്കുമ്പോൾ എതിരെ വരുന്ന ആളുകളുടെ തനി നാടൻ സംസാരഭാഷയിൽ തുടങ്ങുന്നതാണീ ചോദ്യം. ഇതാരാ ഈ വരുന്നേ? ശൈശവത്തിൽ നാം നമ്മുടെ മാതാപിതാക്കളുടെ പേരിലാകും അറിയപ്പെടുക. പിന്നീടുള്ള കാലം നാം പഠിക്കുന്ന കലാലയത്തിന്റെയോ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയോ പേരിലാകും അറിയപ്പെടുക. എന്നാൽ അതു മാത്രമാണോ നാം?.

നമ്മിൽ അന്തർലീനമായിരിക്കുന്ന എന്തെല്ലാം ഘടകങ്ങൾ ഉണ്ട്. ഓരോരുത്തരുടെയും വ്യക്തിത്വത്തെക്കുറിച്ചു അവർക്കുള്ള അറിവാണ് അവരുടെ ജീവിതം അർത്ഥപൂർണ്ണമാക്കുന്നത്. ഞാൻ ആരാണെന്നുള്ള തിരിച്ചറിവാണ് എനിക്കു എന്നെത്തന്നെ സ്വീകരിക്കുവാൻ സഹായിക്കുക. ഞാൻ എന്നെ സ്വീകരിക്കുന്നതുപോലെ മറ്റൊരാളെ പൂർണമായി സ്വീകരിക്കാൻ സാധിക്കുമ്പോൾ മാത്രമേ വിവാഹം എന്ന ദൈവീക ഉടമ്പടി സമ്പൂർണ്ണ വിജയത്തിൽ എത്തുകയുള്ളൂ.

ആരാണ് ഞാൻ? സങ്കീർത്തനക്കാരൻ പറയുന്നു ഭയങ്കരവും അതിശയകരവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു, ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു (സങ്കീ: 139 : 14 ,16).

ഒരു വ്യക്തിയും ഈ ലോകത്തിൽ ഒരു അർത്ഥവുമില്ലാതെ ജനിക്കുന്നില്ല. ദൈവം തന്റെ സ്വന്ത കൈയാൽ എന്നെ സൃഷ്ടിച്ചു എന്നുള്ളത് എത്ര മഹത്വമുള്ള ഒരു കാര്യമാണ്. മനുഷ്യവർഗം ജനിച്ചു വീഴുന്നത് പാപികളായിട്ടാണ്. പാപസ്വഭാവം അവനിൽ ഉണ്ട്. ഇതിനെ ഉത്തേജിപ്പിക്കുന്നതും നിരുത്തേജിപ്പിക്കുന്നതുമായ സ്വഭാവങ്ങൾ ഉണ്ട്. ഒരുവന്റെ വ്യക്തിത്വ രൂപീകരണം നടക്കുന്നത് അമ്മയുടെ ഗർഭത്തിൽ വെച്ചു തന്നെയാണ്.

ഉദാഹരണത്തിന് ഒരു ദമ്പതികൾക്ക് അവരുടെ പദ്ധതിപ്രകാരം അല്ലാതെ ഗർഭവതിയായാൽ അവർക്കു ആ കുഞ്ഞു ഒരു അബദ്ധമോ പരാജയമോ ആയി തോന്നാം . ആ കുഞ്ഞിന്റെ ജനനത്തിനു ശേഷവും ഈ അവസ്ഥ തന്നെ മുമ്പോട്ടു തുടരുകയാണെങ്കിൽ ആ കുട്ടിക്ക് അപകർഷതാബോധവും അരക്ഷിതാവസ്ഥയും ജീവിതത്തിൽ ഉടനീളം ഉണ്ടായെന്നു വരാം. ഇങ്ങനെ ഉള്ളവർ തങ്ങളെ തന്നെ സ്വീകരിക്കാൻ വിമുഖത കാണിക്കുന്നവർ ആയിരിക്കും. അവനവനെ തന്നെ സ്നേഹിക്കുവാനും കഴിയുകയില്ല. ഇങ്ങനെയുള്ളവരുടെ വിവാഹ ജീവിതത്തിലും വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരും.
ഇവിടെ നാം മനസിലാക്കേണ്ട ഒരു കാര്യം അച്ഛന്റെയോ അമ്മയുടേയോ അബദ്ധം കൊണ്ട് ആരും ഇവിടെ ജന്മം കൊള്ളുന്നില്ല എന്ന വസ്തുതയാണ്. എന്റെ ജീവിതം കൊണ്ട് ദൈവത്തിനു ഒരു പദ്ധതി ഉണ്ട്. അതു കൊണ്ടാണ് അവൻ എന്നെ ഈ ഭൂമിയിലേക്കു അയച്ചത്. യെശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ ഇങ്ങനെ പറയുന്നു നിന്നെ എന്റെ ഉള്ളം കയ്യിൽ വരച്ചിരിക്കുന്നു (യെശയ്യാവ്‌ 49:16). അതുകൊണ്ടു തന്നെ നാം എത്ര വിലപ്പെട്ടവരാണ്.

എനിക്കു എന്നെ തന്നെ തിരിച്ചറിയാൻ കഴിയുമോ? കഴിയുമെന്നാണ് അതിനുത്തരം. ഇതിനു സഹായകമായ നിരവധി മനശാസ്ത്ര പഠനങ്ങൾ ഇന്ന് ലഭ്യമാണ്.

സൈക്കോ അനാലിസിസ് പ്രകാരം ഈഗോ എന്നു പറയുന്നത് വ്യക്തിത്വ അവബോധത്തിന് സഹായിക്കുന്ന മനസിന്റെ ഒരു ഭാഗം ആണ്.

മനശാസ്ത്ര വിദഗ്ദ്ധനായ ഡോക്ടർ എറിക് ബെനിന്റെ വിശദീകരണത്തിനുസരിച്ചു എന്താണ് ഇതിനെക്കുറിച്ചു പറയുന്നത് എന്ന്‌ അല്പം വിശദീകരിക്കാം. ഇതിൽ അദ്ദേഹം വ്യക്തിത്വ രൂപീകരണം സംഭവിക്കുന്നത് മൂന്ന് ഈഗോ സ്റ്റേറ്റസിൽ (ego states) കൂടെയാണെന്ന് പറയുന്നു. അവയാണ് പിതൃഭാവം (Parent), പക്വഭാവം (Adult), ശിശുഭാവം(Child).
പിതൃഭാവത്തിൽ തന്നെ ഒരു കർക്കശ പൈതൃകവും (critical parent) ഒരു വാത്സല്യ പൈതൃകവും (Nurturing parent) അടങ്ങിയിരിക്കുന്നു. ശിശുഭാവത്തിൽ ഒരു നല്ലപിള്ള ചമയുന്ന ശിശുവും (Adapted child) ഒരു പ്രകൃത്യാ ശിശുവും (Natural child) ഉണ്ട്. ഈ രണ്ടു ഭാവങ്ങളെയും ബാലൻസ് ചെയ്തു മുമ്പോട്ടു കൊണ്ടു പോകുന്നതാണ്‌ പക്വഭാവം (Adult). ഒരു വ്യക്തിയുടെ റോൾ മോഡൽ എപ്പോഴും അവന്റെ മാതാപിതാക്കൾ തന്നെ ആയിരിക്കും. അപ്പോൾ എന്താണ് തങ്ങളുടെ മാതാപിതാക്കളിൽ കൂടുതൽ ആയി കാണപ്പെടുന്നത് അതു തന്നെ ഓരോ കുട്ടിയും അല്ലെങ്കിൽ വ്യക്തിയും ഒരു സ്പോഞ്ച് കൊണ്ടു വെള്ളം ഒപ്പിയെടുക്കുന്നതുപോലെ അവരിൽ നിന്ന് പകർത്തിയെടുക്കും. അങ്ങനെ അവനു ലഭിക്കുന്ന അനുഭവത്തിന്റെ വെളിച്ചത്തിൽ അവൻ ആരാണെന്നും അവന്റെ ജീവിതം എങ്ങനെ ജീവിക്കണമെന്നും അവൻ തന്റെ തലയിലെഴുത്തു തയാറാക്കുന്നു (life script).

ഓരോ മനുഷ്യനും പിറന്നുവീഴുന്നത് മുതൽ അവനിൽ ഉള്ളത് പാപസ്വഭാവമാണ്. ഈ സ്വഭാവത്തിന് മാറ്റം വരുത്താൻ കർത്താവായ യേശുക്രിസ്തുവിന് മാത്രമേ കഴിയൂ. കാരണം ക്രിസ്തുവിനെ ഉള്ളിൽ സ്വീകരിക്കുന്ന ഓരോ വ്യക്തിയും പുതിയ സൃഷ്ടിയാണ്, പഴയതു കഴിഞ്ഞു പോയി (2 കൊരിന്ത്യർ: 5:17). അങ്ങനെ ഉള്ള ഒരു വ്യക്തിയുടെ പിതൃഭാവത്തിലും ശിശുഭാവത്തിലും പക്വഭാവത്തിലും കാര്യമായ മാറ്റം വരുത്താൻ കഴിയും. ഇങ്ങനെയുള്ള ഒരുവന്റെ തിരിച്ചറിവ് എന്നു പറയുന്നത് ദൈവീകമായിരിക്കും. അവന്റെ ജീവിതം നേരത്തെ അവൻ എഴുതി വെച്ച തലയിലെഴുത്തല്ല ഇനി ഒരു പുതിയ തലയിലെഴുത്താണ് (life script). അപ്പോൾ ദൈവഹിതത്തിനു അനുസരിച്ചാകും ജീവിതം മുമ്പോട്ടു നയിക്കുക. വിവാഹത്തോടുള്ള ബന്ധത്തിലും ഇവർക്ക് പൂർണ്ണ ദൈവഹിതം കണ്ടെത്തുവാൻ സാധിക്കും.

ഒരു കുടുംബം പണിയുന്നതിന്റെ ആദ്യഘടകമാണ് നാം കണ്ടത്.

കുടുംബത്തിന്റെ സ്ഥാപകൻ ദൈവം ആണ്. പുരുഷനും സ്ത്രീയുമാണ് കുടുംബത്തിന്റെ ആദ്യ ഘടകം. വ്യത്യസ്ത സാഹചര്യത്തിൽ വളർത്തപ്പെടുന്ന രണ്ടു വ്യക്തികൾ പരസ്പരം തങ്ങൾ ആരെന്നു മനസ്സിലാക്കുമ്പോൾ അവർക്കു പരസ്പരം സ്വീകരിക്കുവാൻ സാധിക്കും. ഒരു വ്യക്തി എങ്ങനെ ആയിരിക്കുന്നുവോ അങ്ങനെ തന്നെ ആ വ്യക്തിയെ സ്വീകരിക്കുവാൻ കഴിയണം. ദൈവം എന്നെയും നിങ്ങളെയും എങ്ങനെ സ്വീകരിച്ചുവോ അതുപോലെ നാമും ജീവിതപങ്കാളിയെ സ്വീകരിക്കണം. ഏറ്റവും പ്രധാനപ്പെട്ടത് ദൈവ ഹിതപ്രകാരം ഉള്ള തെരഞ്ഞെടുപ്പാണ്. അതിനായി ഇതു വായിക്കുന്ന അവിവാഹിതരായിട്ടുള്ളവർ തയ്യാറാകുമല്ലോ.?.