അവൾ നടക്കുകയാണ്….. ശാരീരികവും മാനസികവുമായി ആകെ തളര്‍ന്നു….. മനസ്സിൽ ഒരു കടൽ ഇരമ്പുന്നപോലെ…. എങ്കിലും തന്റെ ‘വിശ്വാസ’ത്തില്‍, എല്ലാ തളര്‍ച്ചയും അവൾ മറന്നു… പുരുഷാരം അവളുടെ മുന്നോട്ടുള്ള യാത്രയെ ഏറെ പ്രയാസപ്പെടുത്തി.. നടക്കാന്‍ അവള്‍ക്കു സാധിക്കുന്നില്ല… തിക്കി തിരക്കി ഒരു പ്രകാരത്തിൽ അവൾ തന്റെ ലക്ഷ്യസ്ഥാനത്ത് എത്തി…. അവളിലുള്ള സര്‍വവിശ്വാസവും അര്‍പ്പിച്ച് ആരും കാണാതെ ആ വസ്ത്രത്തിന്റെ തൊങ്ങലിൽ അവൾ പതിയെ തൊട്ടു…. പെട്ടെന്ന് ഒരു ശബ്ദം.. “എന്നെ തൊട്ടത് ആര്‍”… എല്ലാവരും വളരെ ആശ്ചര്യപ്പെട്ടു.. ജനസമൂഹത്തിന്റെ മദ്ധ്യത്തില്‍ നില്‍ക്കുന്ന തങ്ങളുടെ ഗുരു എന്നെ തൊട്ടത് ആര്‍ എന്ന് ചോദിക്കുന്നത് എന്ത്?

മർക്കോസ് എഴുതിയ സുവിശേഷം അഞ്ചാം അദ്ധ്യായം 25 മുതൽ 34 വരെയുള്ള വാക്യങ്ങള്‍ എല്ലാവര്‍ക്കും സുപരിചിതം.. 12 വര്‍ഷമായി രക്തസ്രാവത്തിന് വിധേയയായ ഒരു സ്ത്രീ…. പല വൈദ്യന്‍മാരാൽ ചികിത്സ തേടി… തനിക്കുള്ള സമ്പത്തെല്ലാം നഷ്ടപ്പെട്ടു.. യാതൊരു വ്യത്യാസവും ഇല്ല, അവളുടെ അവസ്ഥ കൂടുതല്‍ മോശമായി….

തുടർച്ചയായ രക്തസ്രാവം കാരണം യഹൂദ ആചാര പ്രകാരം അശുദ്ധ എന്ന പേരില്‍ ജീവിച്ചിരുന്ന അവൾ മതപരമായും സാമൂഹികമായും ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന അവസ്ഥ…. ഈ സാഹചര്യത്തില്‍ താൻ കേട്ട യേശുവിനെ തേടി എത്തിയതാണ് അവൾ… അവന്റെ വസ്ത്രത്തിങ്കൽ എങ്കിലും തൊട്ടാല്‍ താൻ സൗഖ്യം പ്രാപിക്കും എന്ന് അവൾ വിശ്വസിച്ചു.

യേശുവിന്റെ വസ്ത്രത്തിന്റെ തൊങ്ങലിൽ തൊട്ടമാത്രയില്‍ അവളുടെ രക്തസ്രാവം നിലച്ചു!!!!! യേശു തന്റെ ശരീരത്തില്‍ നിന്നും ശക്തി പുറപ്പെട്ടു എന്നത് അറിഞ്ഞിട്ടു തിരിഞ്ഞു പുരുഷാരത്തെ നോക്കി തന്നെ തൊട്ടത് ആര്‍ എന്ന് ചോദിക്കുന്നു. സ്ത്രീ ഭയത്തില്‍ കര്‍ത്താവിനോട് അവന്റെ കാൽക്കൽ വീണു തനിക്ക് സംഭവിച്ചത് ബോധിപ്പിച്ചു.. യേശു അവളോട് “മകളേ, നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തി. സമാധാനത്തോടെ പോയി നിന്റെ കഷ്ടങ്ങളിൽ നിന്നും മോചിതയാവുക” എന്ന് പറഞ്ഞു.

ഓരോ മനുഷ്യനും മാരകമായ ഒരു രക്ത രോഗം ഉണ്ട്. അതിനെ പാപം എന്ന് വിളിക്കും. നമുക്ക് പ്രിയപ്പെട്ട ഒരാളുടെ ജീവിതം വഴുതിപ്പോയാൽ രോഗശമനത്തിനുള്ള എല്ലാ രീതികളും നാം ആശ്രയിക്കും. പലപ്പോഴും നിരാശയുടെ അവസ്ഥയില്‍ ആണ് യേശുവിനെ അന്വേഷിക്കുന്നത്. ദൈവം എന്നെ കൈവിട്ടു….. ലോകം എന്നെ കൈവിട്ടു…. സമൂഹം എന്നെ കൈവിട്ടു… എന്നൊക്കെ തോന്നിയേക്കാം…. ദൈവം നിങ്ങളെ ഉപേക്ഷിക്കണം എങ്കിൽ നിങ്ങള്‍ ഒരു മരിച്ച വ്യക്തി ആയിരിക്കണം.

നിസ്സഹായതയിലും നിരാശയിലും മറ്റെവിടെയും പ്രതീക്ഷ ഇല്ല എന്ന അവസ്ഥയില്‍ ഒക്കെ ആയിരിക്കുന്ന ഒരു വ്യക്തി ആണ്‌ നിങ്ങള്‍ എങ്കിൽ… തികച്ചും പ്രത്യാശയുടെ ഉറവിടം ആണ് ക്രിസ്തു.. ഏതു പ്രതിസന്ധിയിലും അവനില്‍ മാത്രം ആശ്രയിക്കുക..!!!

രക്തസ്രാവക്കാരിയുടെ വിശ്വാസം എത്രയോ വലുതാണ്… അവൾ ഒരു വലിയ റിസ്ക് എടുക്കുകയായിരുന്നു.. യേശുവില്‍ ഉള്ള നിഷ്കളങ്കമായ വിശ്വാസം നിമിത്തം സ്ത്രീക്ക് ഒരു തൽക്ഷണ ചികിത്സ ലഭിക്കുന്നു.

നമ്മുടെ വിശ്വാസത്തിന്റെ ലക്ഷ്യം യേശു മാത്രം ആണ്. ആത്മാവിന്റെ രക്ഷക്കായി ഈ യേശുവിന്റെ അടുത്ത് ചെല്ലാം… അവനെ മാത്രം വിശ്വസിക്കാം.. അവനിലൂടെ രക്ഷ പ്രാപിക്കാം……