ലൗലി ജോർജ്

പുതിയ ഒരു വസന്തകാലം കൂടെ വന്നെത്തി. രണ്ട് മാസത്തെ അവധിക്കാലത്തിനു ശേഷം കളിചിരികളുടെ ലോകത്തേക്ക് പ്രവേശിച്ചിരിക്കുന്ന കുട്ടികളും എല്ലാ തയ്യാറെടുപ്പുകളോടെയും അവരെ സ്വീകരിക്കുന്ന സ്‌കൂളുകളും ഈ അദ്ധ്യയനവർഷം ഭാസുരമാക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

പഠനകാലമാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമെന്ന് പറയാറുണ്ട്. പഠനകാലം മികവുറ്റതാണെങ്കിൽ ഭാവിജീവിതം സുന്ദരമാകും. യഹോവാഭക്തി ജ്ഞാനത്തിൻ്റെ ആരംഭമാകുന്നു എന്ന് ബൈബിൾ പഠിപ്പിക്കുന്നു. ജ്ഞാനം നേടണമെങ്കിൽ ഭക്തി വേണം. ദൈവത്തിലുള്ള ഭക്തിയും വിശ്വാസവും ആശ്രയവുമാണ് ഒരു പഠിതാവിനു വേണ്ടതെന്ന് വ്യക്തം. അതുകൊണ്ട് ഈ അദ്ധ്യയനം നമുക്ക് പ്രാർത്ഥനയോടെ ആരംഭിക്കാം.

സമ്മർദ്ദങ്ങളുടെ ലോകത്താണ് നാം ജീവിക്കുന്നത്. കുട്ടികൾ മാത്രമല്ല മാതാപിതാക്കളും ഏറെ സമ്മർദ്ദം നേരിടുന്നുണ്ട്. സ്കൂളിലേക്കു പോകുന്ന കുഞ്ഞിനെക്കുറിച്ചുള്ള ആകുലതകൾ അവരെയും വിട്ടുമാറുന്നില്ല. അവരുടെ പഠനത്തെക്കുറിച്ചുള്ള ചിന്തകൾ മാത്രമല്ല അവർ എത്രത്തോളം സുരക്ഷിതരായിരിക്കുന്നു എന്ന ആശങ്കകളും മാതാപിതാക്കളെ അലട്ടിക്കൊണ്ടിരിക്കുന്നു. എല്ലാ ആശങ്കകളും ദൈവസന്നിധിയിൽ നമുക്ക് ഇറക്കിവെക്കാം. ക്രിസ്തു തന്റെ ശിഷ്യർക്കു വേണ്ടി പിതാവിനോട് അപേക്ഷിച്ചതു പോലെ അവരെ ദുഷ്ടന്റെ കൈയ്യിൽ അകപ്പെടാതെവണ്ണം കാത്തുകൊള്ളേണമേ എന്നു നമുക്കും പ്രാർത്ഥിക്കാം (യോഹ:17:15).

നിശ്ചയദാർഢ്യവും അർപ്പണബോധവും കൈവിടാതെ ഈ സ്കൂൾവർഷം മികവുറ്റതാക്കാൻ എല്ലാ കൂട്ടുകാർക്കും കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു. അസാധാരണമായ നേട്ടങ്ങൾ കൈവരിക്കുവാൻ കഴിയും വിധം സമ്പന്നമാകട്ടെ പഠനകാലത്തിലെ ഓരോ ദിവസവും.

പഠനം എളുപ്പമാക്കാനും മികച്ച വിജയം കരസ്ഥമാക്കുവാനുമുള്ള ചില നിർദ്ദേശങ്ങളുമായാണ് ക്രിസ്തീയ സോദരി ഈ ലക്കം നിങ്ങളിലേക്ക് എത്തുന്നത്. ക്രിസ്തീയ സോദരിയിലെ യുവസഹോദരിമാർ വളരെ കൃത്യമായി അവതരിപ്പിച്ചിരിക്കുന്ന നിർദ്ദേശങ്ങളും അവരുടെ അനുഭവങ്ങളും നമ്മുടെ കുഞ്ഞുങ്ങൾക്ക് ഏറെ പ്രയോജനമാകും.

പുതുപുത്തൻ പ്രതീക്ഷകളോടെ ഈ അദ്ധ്യയനവർഷത്തിൽ പ്രവേശിച്ചിരിക്കുന്ന എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ നേരുന്നു.