
‘ബുദ്ധിമുട്ടുകള്‍ മനുഷ്യന് ആവശ്യമാണ്.. എന്തുകൊണ്ടെന്നാല്‍ വിജയം ആഘോഷിക്കാന്‍ അത് അത്യാവശ്യമാണ്..’ ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ വാക്കുകളാണിവ. കോവിഡ് കാലത്തെ ബുദ്ധിമുട്ടുകളെ അതിജീവിക്കുവാന്‍ മലയാളികള്‍ ഏറ്റെടുത്ത ഉദ്യമമായിരുന്നു കൃഷി. വീട്ടുമുറ്റത്തും വീടിനകത്തും ടെറസ്സിലും ക്യാരി ബാഗുകളിലും വിത്തു വിതച്ച് ഓരോരുത്തരും കര്‍ഷകരായി മാറി. വീടിനുള്ളില്‍ ഒതുങ്ങി കൂടിയിരുന്ന സ്ത്രീകള്‍ തങ്ങളുടെ സമയങ്ങള്‍ ഏറെ ഉപയോഗപ്പെടുത്തിയത് പുതിയ പുതിയ ഇനം ചെടികള്‍ നട്ടു പിടിപ്പിക്കുന്നതിലും പച്ചക്കറിത്തോട്ടങ്ങള്‍ ഉണ്ടാക്കുന്നതിലുമായിരുന്നു. പാചകകല അഭ്യസിക്കുന്നതിനും അവയുടെ പ്രചാരണത്തിനു വേണ്ടി യൂട്യൂബ് ചാനലുകള്‍ നിര്‍മ്മിക്കുന്നതിലും അവര്‍ അതീവതല്പരായിരുന്നു. കോവിഡ് മുന്നില്‍ വന്ന് ജീവിതം വഴിമുട്ടി പോയവര്‍ സ്വയം തൊഴില്‍ കണ്ടെത്തി സാഹചര്യങ്ങളെ അതിജീവിക്കുകയാണുണ്ടായത്. സമയത്തിന്റെ വിലയും പ്രാധാന്യവും മനസ്സിലാക്കുവാന്‍ കൂടി ഉതകുന്നതാണ് ഈ കോവിഡ് കാലം. കോവിഡിന്റെ വരവ് സമൂഹത്തിന്റെ എല്ലാ മേഖലയിലുള്ളവരെ ഒരുപോലെ ബാധിക്കുമ്പോഴും അവയെ അതിജീവിച്ച് മുന്നേറിയവര്‍ ഏറെയാണ്.
നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളെ നമുക്ക് അവസരങ്ങളാക്കി മാറ്റുവാന്‍ സാധിക്കും. സഹോദരിമാരുടെ ആത്മീക ഉന്നമനവും പ്രായോഗികജീവിതത്തിന്റെ വളര്‍ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ആത്മീയകൂട്ടായ്മയാണ് ക്രിസ്തീയ സോദരി. സാദ്ധ്യതകളെ അവസരങ്ങളാക്കി മാറ്റുക എന്നാണ് സോദരിയുടെ ആപ്തവാക്യം. അനുകൂലമോ പ്രതികൂലമോ ആയ ഏതു സാഹചര്യത്തെയും നേരിടാനാകണം നമ്മള്‍ക്ക്. നമ്മുടെ ജീവിതത്തിലെ പ്രതികൂലസാഹചര്യങ്ങളെ എങ്ങനെ അതിജീവിക്കാനാകുമെന്ന ചിന്തകളാണ് ഈ ലക്കം സോദരി വായനക്കാരുമായി പങ്കു വെക്കുന്നത്. പ്രതിസന്ധികളില്‍ തളര്‍ന്നു പോകാതെ ലഭിക്കുന്ന അവസരങ്ങളെ ദൈവനാമമഹത്വത്തിനായി പ്രയോജനപ്പെടുത്തുവാന്‍ നമുക്കോരോര്ത്തക്കും കഴിയണം.