”ഇപ്പോഴും നിങ്ങള്‍ തിരിച്ചറിയുന്നില്ലയോ?” ഗുരു ശിഷ്യരോടായി ചോദിച്ചു. (മത്താ:16:9, 22:29) പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചുകൊള്‍വിന്‍ എന്ന് ഗുരു പറയുമ്പോള്‍ തങ്ങള്‍ അപ്പം എടുക്കാന്‍ മറന്നു പോയതുകൊണ്ട്, പരിശന്മാരുടെയും സദൂക്യരുടെയും പക്കല്‍ നിന്നുള്ള അപ്പം വാങ്ങുന്നത് വിലക്കുകയാണെന്നാണ് അവര്‍ കരുതിയയെന്നു അനുമാനിക്കാം.

യേശുവിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിട്ടുള്ള യെഹൂദാ വിഭാഗമാണ് പരീശന്മാര്‍. ന്യായപ്രമാണങ്ങള്‍ കൂടാതെ പരമ്പരാഗതമായ ചില നിയമങ്ങളും ആചാരങ്ങളും അവര്‍ അനുഷ്ഠിച്ചിരുന്നു. പുറമെയു ള്ള വിശുദ്ധിക്കു പ്രാധാന്യം കല്പിച്ച ഇക്കൂട്ടര്‍ തങ്ങളെത്തന്നെ നീതിമാന്മാര്‍ എന്നു കരുതിയ കപടഭക്തിക്കാരാ യിരുന്നു. ക്രിസ്തു ഇവരുടെ അനാ ത്മീക പ്രവണതയെ പരസ്യമായി എതിര്‍ത്തിട്ടുണ്ട്. (മത്താ: 5:20, ലൂക്കൊ: 11:39-44).
ക്രിസ്തുവിനു 260 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന സാദോക്കിന്റെ പിന്‍ തലമുറക്കാരാണ് സദൂക്യര്‍. പുനരുത്ഥാനമില്ല, ദൂതന്മാരില്ല, ഭാവി ശിക്ഷയും പ്രതിഫലവുമില്ല എന്നു വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്ത മറ്റൊരു യഹൂദാ വിഭാഗം. ഇവരെയും കര്‍ത്താവ് എതിര്‍ ത്തിരുന്നു.
ഈ രണ്ടു കൂട്ടരുടെയും തെറ്റായ ഉപദേശങ്ങളെ പിന്‍തുടരുതെന്നാണ് ഗുരു ശിഷ്യരോട് പറഞ്ഞത്. പക്ഷേ അവര്‍ക്കത് തിരിച്ചറിയുവാന്‍ സാധിച്ചില്ല.
പലപ്പോഴും തിരിച്ചറിവ് ലഭിക്കുന്നത് വളരെ വൈകിയാണ്. തിരിച്ചറിവുക ളാണ് ജീവിതത്തില്‍ വഴിത്തിരിവു കളായി മാറുന്നതും മാറ്റങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നതും.
അറിവു പകരുന്നതാരായാലും അതു നാം സ്വീകരിക്കണം.
തിരിച്ചറിയാത്തവയൊന്നും തിരുത്താനാകില്ല. തിരുത്തലുകള്‍ക്ക് വിധേയമാകുന്നതിനു മുമ്പേ തിരിച്ചറിവുണ്ടാകണം. അതിനു ഗുരു വചനങ്ങളെ ഹൃദിസ്ഥമാക്കണം. ”നി ങ്ങള്‍ തിരുവെഴുത്തുകളെയും ദൈവ ശക്തിയെയും അറിയായ്കകൊണ്ട് തെറ്റിപ്പോകുന്നു” എന്നാണ് ഗുരുഭാഷ്യം (മത്താ: 22:29).

Written by

Lovely George

Writer, Editor of Kristheeya Sodari Bi-Monthly