കുഞ്ഞുങ്ങളോടുള്ള സ്നേഹം മനുഷ്യർക്ക് സ്വല്പം കൂടുതലാണ്. അവർ സ്വന്തം കാലിൽ നില്‌ക്കുന്നതുവരെ അവരുടെ എല്ലാ കാര്യത്തിലും അവസാന തീരുമാനം മാതാപിതാക്കടളുടേതാണ്. കൗമാരക്കാർ എന്ത് പഠിക്കണം, ഏത് പ്രൊഫഷൻ തിരഞ്ഞെടുക്കണം തുടങ്ങിയ കാര്യങ്ങൾ പൂർണ്ണമായും കുട്ടികൾക്ക് വിട്ടുകൊടുത്ത് അച്ഛനും അമ്മയും അതിനായി സാമ്പത്തിക പിന്തുണ നൽകി മിണ്ടാതിരുന്നാൽ മതി എന്ന് പറയുന്നത് ഇപ്പോൾ ഒരു ഫാഷനാണ്. കേൾക്കാൻ സുഖം, മറ്റുള്ളവരുടെ മക്കൾക്കായി പറഞ്ഞുകൊടുക്കാൻ അതിലേറെ സുഖം.
കൗമാരപ്രായത്തിൽ തനിയെ ഈ തീരുമാനം എടുക്കാനുള്ള ശേഷി നമ്മുടെ കുഞ്ഞുങ്ങൾക്കില്ല. അവരുടെ അഭിരുചികളും താല്പര്യങ്ങളും തീർച്ചയായും പരിഗണിക്കപ്പെടണം. അവ മിക്കപ്പോഴും സമപ്രായക്കാരുടെ സ്വാധീനം മൂലമാകാം. ചിലപ്പോൾ യാഥാർത്ഥ്യബോധത്തിന്റെ പിൻ ബലമില്ലാത്ത മോഹങ്ങളാവാം. അല്ലെങ്കിൽ ശരിയായ ദിശയിലുള്ളതും ആവാം. ഇവയെ തിരിച്ചറിഞ്ഞ് ശരിയായ തീരുമാനം എടുക്കാൻ കുട്ടിയെ സഹായിക്കാൻ അച്ഛനമ്മമാർ പ്രവർത്തിക്കണം. കുട്ടിയും മാതാപിതാക്കളും ചേർന്നെടുക്കുന്ന തീരുമാനമാണു ഈ കാര്യത്തിൽ അഭികാമ്യം. ജീവിതത്തെയാകെ ബാധിക്കുന്ന ആ തീരുമാനത്തെ പൂർണ്ണമായും കുട്ടികൾക്ക് വിട്ടുകൊടുക്കുകയെന്നത് ഒരിക്കലും ഗുണകരമാവില്ല, ഹോബിയെയും പ്രൊഫഷനെയും കൂട്ടിക്കുഴക്കാതിരിക്കുന്നതാവും ഉത്തമം. തൊഴിൽ സാദ്ധ്യത, സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാവുക തുടങ്ങിയ വശങ്ങളെ ഈ വിഷയത്തിൽ പാടേ തള്ളിക്കളയാനും സാധാരണക്കാർക്കാവില്ല. ഒത്തുചേർന്നുള്ള തീരുമാനമാകും ഏറെ നല്ലത്.
മാതാപിതാക്കളുടെ സംരക്ഷണയിൽ അവരുടെ ചിലവിൽ മക്കൾ മാതാപിതാക്കളോടൊപ്പം ജീവിക്കുന്നിടത്തോളം കാലം പഠനകാര്യത്തിൽ മാത്രമല്ല മറ്റ് എല്ലാ കാര്യങ്ങളിലും മാതാപിതാക്കളുടെ നിയന്ത്രണത്തിൽ തന്നെ വളരണം. സ്വന്തം കാലിൽ നില്ക്കാനാകുമ്പോൾ സ്വയം തീരുമാനമെടുക്കട്ടെ. ആ തീരുമാനങ്ങളുടെ ഉത്തരവാദിത്വവും അവർക്കു തന്നെയാകും. മക്കളുടെമേൽ മാതാപിതാക്കളുടെ നിയന്ത്രണം നഷ്ടപ്പെട്ടു പോകുന്നതിന്റെ പരിണിതഫലമാണു ഓരോ ദിവസവും വാർത്താ മാധ്യമങ്ങൾ പുറത്തു കൊണ്ടുവരുന്ന കൗമാരക്കാരുടെ ദുരന്ത വാർത്തകൾ.
ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകണമെങ്കിൽ മാതാപിതാക്കൾ തീരുമാനമെടുക്കണം. അതോടോപ്പം സ്വന്തം കുഞ്ഞിന്റെ അഭിരുചികൾക്കും പ്രാധാന്യം നല്കി വേണം അവസാന തീരുമാനം എടുക്കാൻ.