കുട്ടികൾ സമൂഹത്തിന്റെ അമൂല്യമായ സ്വത്തും ഭാവിയുടെ വാഗ്ദാനങ്ങളുമാണ്. എല്ലാ രാജ്യങ്ങളും കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി അനവധി പദ്ധതികളാണ് ആസൂത്രണം ചെയ്തു വരുന്നത്. സുരക്ഷിതമായ ബാല്യം ഓരോ കുട്ടിയുടെയും അവകാശമാണ്. ഓരോ കുട്ടിക്കും സുരക്ഷിതത്വം നല്കുക എന്നത് രാജ്യത്തിന്റെ കടമയുമാണ്. ഐക്യരാഷ്ട്രസഭയും ഇൻഡ്യൻ ഭരണഘടനയും ഇതിനെ അംഗീകരിക്കുകയും ഇതിനായി നിയമനിർമ്മാണങ്ങൾ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്രസഭ രൂപീകരിച്ച കുട്ടികളുടെ അവകാശ ഉടമ്പടിയിൽ 18 വയസ്സിനു താഴെയുള്ള എല്ലാ മനുഷ്യരെയും കുട്ടികളായിട്ടാണ് നിർവ്വചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അവശ്യസന്ദർഭങ്ങളിൽ കുട്ടികളെ സംരക്ഷിക്കുവാനുള്ള കടമ ഓരോ പൗരനും ഉണ്ട്.
ഓഡിയോ കേൾക്കാം:
കുട്ടികളുടെ സുരക്ഷിതബാല്യത്തിനായി നിയമങ്ങളും ചട്ടങ്ങളും നിലനിൽക്കെ, വിദ്യാഭ്യാസത്തിലും സംസ്‌ക്കാരത്തിലും ഉയർന്നു നില്ക്കുന്ന ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കുന്ന കേരളത്തിൽ പാമ്പു കടിയേറ്റു മരിച്ച ഷെഹ്‌ല ഷെറിൻ എന്ന അഞ്ചാം ക്ലാസ്സുകാരിയുടെ തിരോധാനം ഏറെ ഞെട്ടലോടെയും രോഷത്തോടെയുമാണ് സാക്ഷരകേരളം കേട്ടത്. എന്നെ പാമ്പു കടിച്ചു എന്നു കുട്ടി പറഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോകാതിരുന്ന സ്‌കൂൾ അദ്ധ്യാപകരും കൃത്യസമയത്ത് ചികിത്സ കൊടുക്കാതിരുന്ന ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരും കാണിച്ച നിസ്സംഗത്വം ക്രൂരമാണ്. പാമ്പു കടിച്ചു എന്നു കുട്ടികൾ ഒന്നടങ്കം പറഞ്ഞിട്ടും അത് അംഗീകരിക്കാതിരുന്ന അദ്ധ്യാപകരുടെ സാമാന്യബോധം ലജ്ജാകരമാണ്. തങ്ങളുടെ സ്വന്തം കുഞ്ഞായിരുന്നെങ്കിൽ ഇത്തരമൊരു അനാസ്ഥ കാട്ടുവാൻ അവർക്ക് സാധിക്കുമായിരുന്നോ?
എല്ലാ സ്‌കുളുകളിലും അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കേണ്ടതും വിദ്യാർത്ഥികളുടെ സുരക്ഷ കാത്തുസൂക്ഷിക്കേണ്ടതും സ്‌കൂൾ അധികൃതരുടെ ഉത്തരവാദിത്തമാണ്. കുട്ടികൾക്കു വിദ്യാഭ്യാസം കൊടുക്കുക എന്ന വലിയ ഉദ്ദ്യേശത്തോടെയാണ് മാതാപിതാക്കൾ കുട്ടികളെ സ്‌കൂളിലേക്കു അയയ്ക്കുന്നത്. അദ്ധ്യാപകരിൽ പൂർണ്ണ വിശ്വാസമർപ്പിച്ചാണ് ഓരോ രക്ഷിതാവും തങ്ങളുടെ കുട്ടിയെ സ്‌കൂളിലേക്കു അയയ്ക്കുന്നത്. കുട്ടികൾ അവരുടെ സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് സ്‌കൂളുകളിലാണ് . അതുകൊണ്ട് ഓരോ രക്ഷകർത്താക്കൾക്കും അവരുടെ കുഞ്ഞിനെക്കുറിച്ച് ഉത്തരവാദിത്തം ഉള്ളതുപോലെ തന്നെ അദ്ധ്യാപകർക്കും കുട്ടികളിൽ ഉത്തരവാദിത്തം ഉണ്ട്. അത് കൃത്യമായി പാലിക്കുന്നവരാകട്ടെ നമ്മുടെ അദ്ധ്യാപക ശ്രേഷ്ഠർ.
പാമ്പു കടിയേറ്റുള്ള പത്തു വയസ്സുകാരിയുടെ മരണം വേദനിപ്പിക്കുന്നു. സംസ്ഥാനത്തെ സ്‌കൂളുകൾ ആധുനിക സാങ്കേതിക വിദ്യകളൊക്കെയായി സ്മാർട്ടാണെന്നു അഭിമാനിക്കുമ്പോഴാണ് ക്ലാസ്സ് മുറികളിൽ പാമ്പിനിരിക്കാൻ മാളങ്ങളുണ്ടെന്ന സത്യം പുറത്തു വരുന്നത്. ഇത്തരം ദുരവസ്ഥ ഇനിയും ആവർത്തിക്കരുത്. മനുഷ്യസാദ്ധ്യമായ എല്ലാ സുരക്ഷിതത്വവും അവർക്കു നല്കുവാൻ നാം പ്രതിജ്ഞാബന്ധരാണ്. മാളങ്ങളിൽ പതിയിരിക്കുന്ന വിഷപാമ്പുകളിൽ നിന്നു മാത്രമല്ല, വിഷം ചീറ്റുന്ന മനുഷ്യമൃഗങ്ങളിൽ നിന്നും അവരെ രക്ഷിക്കണേയെന്നു നമുക്കു ദൈവത്തോട് പ്രാർത്ഥിക്കാം.
[ലൗലി ജോർജ്]