വിവാഹം

വിവാഹം ഒരു സമർപ്പണമാണ്, അത് മനുഷ്യനിർമ്മിതിയല്ല. സർവ്വജ്ഞാനിയായ ദൈവം വിഭാവനം ചെയ്ത ഒന്നാണ് വിവാഹം എന്ന വിശുദ്ധകർമ്മം. പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും പരസ്പരസമ്മതത്തോടെ ഒരുമിക്കുന്നതാണു വിവാഹം. ലോകത്തിൽ വിവിധ ആചാരങ്ങളിലുള്ള വിവാഹകർമ്മങ്ങളുണ്ട്. വിവിധ മത-ഗോത്ര സമൂഹങ്ങളിൽ വിവിധ നിലകളിലണു് വിവാഹങ്ങൾ നടക്കുന്നത്. രക്ഷിക്കപ്പെട്ട ഒരു വിശ്വാസിയുടെ വിവാഹം കെട്ടുറപ്പുള്ള ബന്ധമാണ്. കാരണം അത് ദൈവത്താൽ യോജിപ്പിക്കപ്പെട്ടതാണ്. അതിനാൽ മനുഷ്യൻ ഒരു കാരണവശാലും അവരെ വേർപിരിക്കരുത് എന്ന കല്പനയാണ് കർത്താവു നല്കിയിരിക്കുന്നത് (മത്താ: 19:6). എന്നാൽ വിശ്വാസികളുടെയിടയിൽ ഈ കല്പനാലംഘനം വർദ്ധിച്ചുവരുന്നത് ദുഃഖകരമാണ്. എവിടെയാണു നമുക്കു തെറ്റുപറ്റിയത്? ഹവ്വ തെറ്റു ചെയതപ്പോൾ ആദാം ഹവ്വയെ ഉപേക്ഷിച്ചോ? അബ്രഹാം നുണ പറയാൻ സാറയെ പ്രേരിപ്പിച്ചപ്പോൾ സാറാ അബ്രാഹാമിനെ വിട്ടുപോയോ? (ഉല്പ:12: 11-13). ഇവിടെയെല്ലാം അവർ ഒത്തൊരുമിച്ചു കഷ്ടവും സങ്കടവും സഹിക്കയത്രേ ചെയ്തത്.

വിവാഹം വിശുദ്ധവും ദൈവേഷ്ടത്തിനൊത്തതുമാണ്. (എബ്രാ:13:14). അതിന്റെ പവിത്രതയും ലക്ഷ്യങ്ങളും പൂർത്തീകരിച്ച് സഹിച്ചും ക്ഷമിച്ചും ദൈവം കുടുംബത്തിലൂടെ നിവർത്തിക്കുവാൻ തന്നിരിക്കുന്ന ഉത്തരവാദിത്ത്വം നിറവേറ്റണം.

ഓഡിയോ കേൾക്കാം:

Sundaramakkam Kudumbajeevitham / Family(Mereena Johny)

Download Audio

വിവാഹത്തിന്റെ ആവശ്യകത:

ഒരു കുടുംബം സ്ഥാപിക്കുവാൻ സൃഷ്ടിയിലെ തന്നെ ദൈവത്താൽ നിയോഗിക്കപ്പെട്ടതാണു വിവാഹം. ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം വിവാഹത്തിലൂടെ സ്ഥാപിക്കപ്പെടുന്നു. ”പുരുഷൻ അപ്പനെയും അമ്മയേയും വിട്ട് ഭാര്യയോടു പറ്റിച്ചേരും, അവർ ഏകദേഹമായിത്തീരും” (ഉല്പ: 2: 24) എന്ന് ബൈബിൾ പഠിപ്പിക്കുന്നു. ദുർന്നടപ്പു സംഭവിക്കാതിരിക്കേണ്ടതിന് ഓരോരുത്തനു സ്വന്തഭാര്യയും ഓരോരുത്തിക്ക് സ്വന്തഭർത്താവും ഉണ്ടായിരിക്കണമെന്നും (1 കൊരി: 7: 2) ”അഴലുന്നതിനേക്കാൾ വിവാഹം ചെയ്യുന്നതു നല്ലത്” എന്നും ബൈബിൾ പഠിപ്പിക്കുന്നു (1 കൊരി: 7: 9). വിവാഹത്തിന്റെ മറ്റൊരു ആവശ്യകത തലമുറകൾ ജനിക്കണം. ദൈവം മനുഷ്യനു തക്കതുണയെ കൊടുത്തനാളിൽ അവർക്കു കൊടുത്ത അനുഗ്രഹമാണ് ”നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയണം” എന്നത് (ഉല്പ: 1: 28). തന്മൂലം പുരുഷൻ പിതാവും സ്ത്രീ മാതാവുമായിത്തീരുന്ന പ്രക്രിയ നടക്കുന്നു.

ഭാര്യയും മക്കളും ഒരു ഭക്തന് കർത്താവു നല്കുന്ന അനുഗ്രഹമാണ്. ”ഞാനും എന്റെ കുടുംബവുമോ ഞങ്ങൾ യഹോവയെ സേവിക്കും” (യോശു:24:15) എന്നുദ്ധരിച്ച പഴയനിയമ ഭക്തനായ യോശുവയുടെ വാക്കുകൾ ഇവിടെ അർത്ഥപൂർണ്ണമാണ്.
ശുശ്രൂഷകന്മാരും അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നവരും വിവാഹിതരായിരിക്കണം എന്നു പൗലോസ് അപ്പോസ്തലനും പറയുന്നു (1 തിമൊ: 2: 2,12).
ദൈവേഷ്ടം ചെയ്ത് ഉത്തമ ഭാര്യാഭർത്താക്കന്മാരായി ജീവിക്കുമെങ്കിൽ ആ മാതൃക തലമുറകൾക്ക് അനുകരിക്കുവാൻ സാധിക്കും. വിവാഹത്തിലൂടെ വെളിപ്പെടുന്ന മറ്റൊരു പ്രധാനവിഷയമാണ് ഒരു മണവാളൻ മണവാട്ടിയെ സ്നേഹിക്കുകയും കരുതുകയും പരിപാലിക്കുകയും ചെയ്യുന്നതുപോലെ ആത്മമളവാളനായ യേശുക്രിസ്തു സഭയായ കാന്തയെ പരിചരിക്കുകയും പരിപോഷിപ്പിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു എന്ന മർമ്മം. അത് ഈ വിശുദ്ധവിവാഹത്തിലൂടെ വെളിപ്പേടേണ്ടതാകുന്നു (എഫെ:5:26).

[മെറീന ജോണി]