ബ്യൂല ജെയിംസ്

ശരാശരിയിൽ താഴെയുള്ള വിദ്യാർത്ഥി (Below average student) എന്ന നിലയിൽ നിന്നും ഒരു റാങ്ക് ജേതാവിലേക്കുള്ള ബ്യൂലയുടെ അവിസ്മരണീയമായ ഈ യാത്രയെ വിശേഷിപ്പിക്കാനാവുന്നത് എളിയവരെ ആദരിക്കുന്ന ദൈവത്തിന്റെ പ്രവൃത്തി എന്നാണ്. കേരള സർവ്വകലാശാലയിൽ നിന്നും എം. എ സോഷ്യോളജയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ബ്യൂല, തൃശ്ശൂർ ജില്ലയിൽ നടത്തറ പഞ്ചായത്തിൽ ബേബീസ് നഗറിൽ കെ. സി. ജെയിംസിന്റെയും ബെറ്റി ജെയിംസിന്റെയും മകൾ, തന്റെ പഠനമികവിനെക്കുറിച്ചും ഒരു റാങ്ക് ജേതാവിലേക്ക് എത്തിച്ചേരാനുള്ള വഴികളെക്കുറിച്ചും ക്രിസ്തീയ സോദരി വായനക്കാർക്കു വേണ്ടി പങ്കുവെക്കുന്നു.
വന്ന വഴികൾ

സ്കൂൾ വിദ്യാഭ്യാസത്തിന്റെ നാലിൽ മൂന്നു ഭാഗം എടുത്തു കഴിഞ്ഞാൽ ഒരു ശരാശരിയിൽ താഴെയുള്ള വിദ്യാർത്ഥിയായിരുന്ന ഞാൻ എന്റെ ആദ്യാക്ഷരത്തിന് തുടക്കം കുറിച്ചത് രെഹബോത്ത് ഗേൾസ് എൽ. പി സ്കൂളിലെ നേഴ്സറിയിലാണ്. അതിനുശേഷം എൽ. കെ. ജി മുതൽ നാലാം ക്ലാസ്സ് വരെയുള്ള പഠനം നടത്തറ ഹോളി റെഡിമേഴ്സ് കോൺവെന്റ് എൽ. പി സ്കൂളിൽ ആയിരുന്നു. പിന്നീട് അ‍ഞ്ച് മുതൽ 12 -ാം ക്ലാസ്സ് വരെയുള്ള പഠനം തൃശ്ശൂർ സേക്രഡ് ഹാർട്ട് കോൺവെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലും ശേഷം ബിരുദ പഠനം (BA Sociology) വിമല കോളേജിലും പൂർത്തീകരിച്ചു. അതിനുശേഷം പ്രവേശന പരീക്ഷ എഴുതി കേരളാ സർവ്വകലാശാല കാര്യവട്ടം ക്യാമ്പസിൽ നിന്ന് MA സോഷ്യോളജി നേടി.

ഇതോടൊപ്പം എനിക്ക് മറക്കാൻ കഴിയാത്ത ഒരു അനുഭവം ആയിരുന്നു തൃശ്ശൂർ നെല്ലിക്കുന്ന് സീയോൻ ബ്രദറൺ ചർച്ച് സണ്ടേസ്കൂളിലെ പഠനകാലഘട്ടം. ഇരുനൂറിൽ അധികം കുട്ടികൾ പഠിച്ചിരുന്ന സണ്ടേസ്കൂളിൽ പഠിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. അന്ന് ഗലാത്യലേഖനം ഒരു വാക്കു പോലും തെറ്റിക്കാതെ മുഴുവൻ പറഞ്ഞ് വാക്യമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതും പരീക്ഷയിൽ മുഴുവൻ മാർക്ക് ലഭിച്ചതും ഇന്നലെ എന്നപോലെ ഞാനോർക്കുന്നു. ഇങ്ങനെയുള്ള ക്രമീകൃതമായ ദൈവവചന പഠനം എന്റെ കലാലയജീവിതത്തിലെ പഠന സമയങ്ങളിൽ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ദൈവം നല്കുന്ന ബുദ്ധി കലാലയ പഠനത്തിനു മാത്രമായി ഉപയോഗിക്കാതെ ദൈവവചന പഠനത്തിനും പ്രയോജനപ്പെടുത്തുമ്പോൾ ഓരോ തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യങ്ങളിൽ ദൈവം ആവശ്യമായ ആലോചനകളും മതിയായ ജ്ഞാനവും പകർന്നു തരും എന്നതിൽ ഒരു തർക്കവുമില്ല.

പഠനരീതി

പ്ലസ്സ് വണ്ണിൽ ഹുമാനിറ്റീസ് പഠനവിഷയമായി തെരെഞ്ഞെടുത്ത സമയം മുതൽ മനസ്സിലാക്കിയ ഒരു യാഥാർത്ഥ്യമാണ് ഒരു ബെസ്റ്റ് അക്കാഡമിക്ക് പ്രൊഫൈലിന്റെ ആവശ്യകത. കാരണം ഇങ്ങനെയുള്ള മാനവിക വിഷയങ്ങളിൽ വിജയിച്ച് ഉന്നത നിലവാരത്തിൽ എത്തണമെങ്കിൽ നല്ല ഒരു അക്കാഡമിക്ക് പ്രൊഫൈൽ കൂടിയേ തീരൂ. ഡിഗ്രിക്കും പിജിക്കും സോഷ്യോളജി എന്ന വിഷയം പ്രധാനവിഷയമായി എടുത്ത് പഠിക്കാൻ തുടങ്ങിയപ്പോഴാണ് ഇന്നത്തെ സമൂഹത്തിൽ ഈ വിഷയത്തിന് എത്രത്തോളം പ്രാധാന്യമുണ്ട് എന്നത് മനസ്സിലായത്. സോഷ്യൽ സയൻസിൽ തന്നെ വരുന്ന മറ്റു വിഷയങ്ങൾ കൃത്യമായ വീക്ഷണത്തോടെ പഠിക്കുമ്പോൾ സോഷ്യോളജി എന്ന വിഷയം കൈകാര്യം ചെയ്യുന്നത് മനുഷ്യരെയും പല മനുഷ്യർ അ‍‍ടങ്ങുന്ന സമൂഹത്തെയും കുറിച്ചാണ്. ഒരു ശാസ്ത്ര‍ജ്ഞന് ജീവനില്ലാത്ത വസ്തുക്കളെ വെച്ച് പരീക്ഷണം നടത്തി നിഗമനത്തിലെത്താൻ സാധിക്കും. എന്നാൽ ഒരു സാമൂഹിക ശാസ്ത്രജ്ഞന് തന്റെ സോഷ്യൽ ലബോറട്ടറിയിൽ താൻ നിരീക്ഷിക്കുന്ന മനുഷ്യരെ അങ്ങനെ ടെസ്റ്റ് ചെയ്ത് ഒരേ റിസൽട്ടിൽ എത്താൻ സാധിക്കുന്നില്ല എന്നതാണ് സമൂഹശാസ്ത്രത്തെ ശാസ്ത്ര വിഷയങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഈ വിഷയം പഠിക്കുന്നതിന് ഒരു പ്രത്യേക ടൈം ടേബിൾ തയ്യാറാക്കിയുള്ള പഠനരീതി ഞാൻ ഉപയോഗിച്ചിട്ടില്ല. ഞാൻ എന്റെ ടൈം ടേബിൾ തയ്യാറാക്കുന്നത് എന്റെ മനസ്സിലാണ്. അങ്ങനെയാണ് ഞാൻ എന്റെ പഠനത്തെ പ്ലാൻ ചെയ്യുന്നത്. ഈ ഒരു രീതി എല്ലാ വിഷയങ്ങൾക്കും യോജിക്കണമെന്നില്ല. ഓരോ വിഷയത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. ആ പ്രത്യേകതകളെ മുമ്പിൽ കണ്ടിട്ട് വേണം ഏത് പഠനരീതിയാണ് ഉചിതം എന്നു തീരുമാനിക്കാൻ. “ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും” (സദൃ: 2:10).

വെല്ലുവിളികൾ

സ്കൂൾ, കോളേജ്, സർവ്വകലാശാല പഠനകാലയളവുകളിൽ പ്രതിസന്ധികൾ ധാരാളം ഉണ്ടായിരുന്നു. പത്താം ക്ലാസ്സ്, ഒരു ടേണിംഗ് പോയിന്റ് എന്ന് പറഞ്ഞ് അനാവശ്യമായ ഭയവും പരിഭ്രാന്തിയും അനുഭവിച്ച സമയങ്ങളായിരുന്നു. ക്ലാസ്സിൽ ഞാൻ അത്ര മിടുക്കിയായ കുട്ടിയായിരുന്നില്ല. പൊതുവെ ലജ്ജാശീലവും ധൈര്യക്കുറവും ഉള്ള ഞാനും ആ ടേണിംഗ് പോയിന്റിൽ എത്തി. എസ്. എസ്. എൽ. സി പരീക്ഷയുടെ ഐ. ടി പ്രാക്ടിക്കൽ പരീക്ഷ വളരെ വിജയകരമായി എഴുതി. അതിനു ശേഷം മലയാളം പേപ്പർ – 1 ആയിരുന്നു. പരീക്ഷ തുടങ്ങി, 15 ചോദ്യങ്ങൾ അടങ്ങിയ ചോദ്യ പേപ്പറിലെ ‌14 ചോദ്യങ്ങൾക്ക് ഉത്തരം എഴുതി ഞാൻ എന്റെ പരീക്ഷ അവസാനിപ്പിച്ചു. ചോദ്യപേപ്പറിന്റെ മറുപുറം നോക്കാൻ എന്തോ എനിക്കു സാധിച്ചില്ല. ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം എഴുതി എന്ന ആത്മവിശ്വാസത്തിൽ പരീക്ഷയുടെ മേൽനോട്ടം വഹിക്കുന്ന സാർ പേപ്പർ തിരികെ വാങ്ങുന്നതു വരെ അവിടെ ഇരുന്നു. ഉത്തരക്കടലാസ് തിരിച്ചു കൊടുക്കുന്ന സമയമായപ്പോൾ ഞാൻ വെറുതെ ചോദ്യ പേപ്പർ ഒന്നു മറിച്ചു നോക്കി. അപ്പോഴാണ് ഞാനറിയുന്നത് ആറു മാർക്കിന്റെ ഉത്തരം എഴുതാൻ കഴിയാതെ വിട്ടുപോയത്. ആ ഒരു സമയം ഞാൻ നേരിട്ട മാനസിക സംഘർഷവും പിരിമുറുക്കവും ചെറുതായിരുന്നില്ല. പരീക്ഷ കഴിഞ്ഞ് സ്കൂളിന് അടുത്തുള്ള മരച്ചുവട്ടിൽ ഇരുന്ന് അന്നത്തെ പരീക്ഷയെക്കുറിച്ച് മറ്റ് കുട്ടികൾ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ എനിക്കു പറ്റിയ അബദ്ധം ആരെയും അറിയിക്കാതെ ഒന്നും സംഭവിക്കാത്ത രീതിയിൽ അവിടെ മാറി നിന്നു. വീട്ടിൽ തിരികെ എത്തിയ എനിക്ക് സങ്കടം സഹിക്കാനായില്ല. അതുവരെ എന്റെ ഉള്ളിൽ ഒതുക്കിവെച്ച സങ്കടം അണപൊട്ടിയൊഴുകി. നിലത്ത് വീണു കിടന്ന് ഉറക്കെ കരഞ്ഞു. അമ്മയോട് ഞാൻ കാര്യങ്ങൾ പറഞ്ഞു. അതിനു ശേഷം എനിക്കേറ്റവും പ്രിയപ്പെട്ട ടീച്ചറിനെ ഞാൻ വിളിച്ച് നടന്ന സംഭവങ്ങളൊക്കെ പറഞ്ഞു. ടീച്ചർ എന്നെ ആദ്യം വഴക്കു പറഞ്ഞെങ്കിലും എന്നെ കുറേയധികം ആശ്വസിപ്പിച്ചു. ഇനിയുള്ള വിഷയങ്ങൾക്കു വേണ്ടി എങ്ങനെ തയ്യാറാവണം എന്ന് പറഞ്ഞു തരികയും ചെയ്തു. ആ സംഭവത്തിന് ശേഷം ബാക്കിയുള്ള പരീക്ഷകൾക്ക് പഠിക്കുവാനുള്ള താല്പര്യം എനിക്ക് നഷ്ടപ്പെട്ടിരുന്നു. ആ സമയങ്ങളിൽ വളരെ നിരാശയിലായിരുന്ന എനിക്ക് എന്റെ അമ്മയുടെ വാക്കുകൾ വളരെ ആശ്വാസം നല്കിയിരുന്നു. അമ്മ എന്റെ പുസ്തകങ്ങളിൽ നിന്നും വായിച്ച് തരുന്ന കാര്യങ്ങൾ കേട്ടാണ് പിന്നീടുള്ള എല്ലാ പരീക്ഷകളും എഴുതിയത്.

ഹൈസ്കൂൾ കാലഘട്ടം മുതൽ ഏറെ ഇഷ്ടത്തോടെ പഠിച്ച ഒരു വിഷയമായിരുന്നു സോഷ്യൽ സയൻസ്. ആ ഒരു വിഷയത്തോടുള്ള ഇഷ്ടം തുടങ്ങിയത് എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്. അന്ന് ഞങ്ങളുടെ ക്ലാസ്സിൽ 80 – ൽ അധികം കുട്ടികൾ ഉണ്ടായിരുന്നു. ഒരു ദിവസം ടീച്ചർ ചോദ്യം ചോദിച്ചപ്പോൾ ഉത്തരം അറിയാത്തതു കൊണ്ട് തലവേദനയായിരുന്നു എന്ന കാരണം പറഞ്ഞു രക്ഷപ്പെട്ടു. എന്നാൽ അടുത്ത ദിവസം ചോദ്യം വരും എന്ന് ഉറപ്പായതു കൊണ്ടു ഞാൻ നന്നായി പഠിച്ചിട്ടു പോയി, ഉത്തരം വളരെ ഭംഗിയായി ഒരു തെറ്റും കൂടാതെ പറയാൻ ദൈവം എനിക്ക് കൃപ നൽകി. നമ്മെ കൃത്യമായ ട്രാക്കിലേക്ക് ദൈവം കൊണ്ടെത്തിക്കും എന്ന് സത്യം ഞാൻ അന്ന് മനസ്സിലാക്കി. നല്ല അധ്യാപകരുടെ കീഴിലും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോയി പഠിക്കാൻ ദൈവം എനിക്ക് അവസരങ്ങൾ ഒരുക്കി തന്നത് ഞാൻ നന്ദിയോടെ ഓർക്കുന്നു.

അത്ര തിളക്കമുള്ള വിജയമായിരുന്നില്ല എനിക്ക് പത്താം ക്ലാസ്സിൽ ലഭിച്ചത്. ആ സമയത്ത് മറ്റുള്ളവരുടെ മുഖത്ത് നോക്കാനുള്ള ധൈര്യം പോലും എനിക്കില്ലായിരുന്നു. പ്ലസ് വൺ പഠനത്തിന് ഹുമാനിറ്റീസ് ഞാൻ തെരെഞ്ഞെടുത്തു. ഇവിടെ നിന്നാണ് ശരാശരിയിൽ താഴെയുള്ള വിദ്യാർത്ഥി (Below average student) എന്ന നിലയിൽ നിന്നുള്ള എന്റെ അക്കാഡമിക് ഗ്രാഫിന്റെ ഉയർച്ച ആരംഭിച്ചത്. അതുവരെയും പൊതുവെ അത്ര ധൈര്യശാലിയല്ലാത്ത ഞാൻ വളരെ സ്മാർട്ടായി പെരുമാറാൻ തുടങ്ങിയിരുന്നു.

എന്റെ പ്ലസ് വൺ വെക്കേഷൻ സമയത്ത് എനിക്ക് ഡെങ്കിപ്പനി വന്നു. കഠിനമായ തലവേദനയും പനിയും പിടിച്ച് തല കറങ്ങി വീണ എന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി. കൗണ്ട് കുറയുന്നതും ബിപി കുറയുന്നതും തുടരുന്നത് കൊണ്ട് അവിടെ നിന്നും എന്നെ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റി. എന്റെ സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഒരു പനിയിലൂടെ എല്ലാ തരത്തിലുമുള്ള ബുദ്ധിമുട്ടുകളും ഞാൻ അഭിമുഖീകരിച്ചു. അതെന്റെ ജീവിതത്തിലേക്കുള്ള ഏറ്റവും വലിയ തിരിച്ചുവരവായിരുന്നു. ദൈവം അവിടെയും എന്റെ കൂടെ ഉണ്ടായിരുന്നു. അതുകൊണ്ട് ആ അവസ്ഥയും നേരിടുവാനുള്ള കൃപ ദൈവം നൽകി. അങ്ങനെ പ്ലസ് ടു പഠനവും പ്ലസ് വണ്ണിനേക്കാൾ നന്നായി പഠിക്കാൻ ദൈവം എനിക്ക് കൃപ നൽകി. അഞ്ച് എ പ്ലസും ഒരു എ ഗ്രേഡും ആയിരുന്നു പ്ലസ്ടുവിന് എനിക്ക് ലഭിച്ചത്. അതിൽ സോഷ്യോളജിക്ക് പ്ലസ് വണ്ണിനു പഠിക്കുമ്പോൾ 100 – ൽ 94 മാർക്കും പ്ലസ് ടുവിന് 100 മാർക്കും ലഭിച്ചിരുന്നു. സെക്കൻ്‍റ് ലാംഗ്വേജ് ഹിന്ദിയായിരുന്നു. ഹിന്ദിക്ക് 100 – ൽ100 മാർക്ക് രണ്ടു വർഷവും ലഭിച്ചിരുന്നു. തളർന്നു പോകാതെ നിലനിർത്തുന്ന ദൈവപ്രവൃത്തി അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.

ബി എ സോഷ്യോളജി പഠനത്തിനുവേണ്ടി പല സർവ്വകലാശാലകളിലേക്കും പ്രവേശന പരീക്ഷ എഴുതിയിരുന്നു. തൃശ്ശൂർ വിമല കോളേജിലാണ് അഡ്മിഷൻ ലഭിച്ചത്. ഒരു റാങ്ക് ഹോൾഡറാകണം എന്ന ആഗ്രഹത്തോടെ അവിടെ പഠിക്കുവാൻ ചേർന്ന എനിക്ക് ഡിപ്പാർട്ട്മെൻറ് ടോപ്പറായി, നല്ല രീതിയിൽ സോഷ്യോളജി കംപ്ലീറ്റ് ചെയ്യുവാൻ സാധിച്ചു. മാത്രമല്ല 90% മാർക്കോടെ ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡൻറ് അവാർഡും ലഭിച്ചു. എന്നാൽ വിമല കോളേജ് സ്വയം ഭരണാവകാശം (Autonomy) ഉള്ള കോളേജ് ആയതിനാൽ കാലിക്കറ്റ് സർവകലാശാല റാങ്കിന് പരിഗണിക്കുമ്പോൾ അഫിലിയേറ്റ് കോളജുകൾ മാത്രമേ കണക്കിലെടുക്കൂ എന്ന കാര്യം അവസാന സെമസ്റ്റർ കഴിഞ്ഞപ്പോഴാണ് മനസ്സിലായത്.

തിരുവനന്തപുരം, കാര്യവട്ടത്ത് കേരള യൂണിവേഴ്സിറ്റിയിൽ സോഷ്യോളജി വിഷയത്തിൽ എം. എ ചെയ്യുന്ന സമയത്തായിരുന്നു മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരത്തിനുള്ള അപേക്ഷകൾ ക്ഷണിച്ച് കൊണ്ടുള്ള വാർത്ത വന്നത്. 2020 – 21 അദ്ധ്യയന വർഷത്തിൽ ഡിഗ്രിക്ക് ഉന്നതമാർക്ക് വാങ്ങി പാസായവർക്കായിരുന്നു അതിനുള്ള അവസരം. ഞാൻ നാട്ടിൽ ഇല്ലാത്ത സാഹചര്യമായതിനാൽ അമ്മയായിരുന്നു ആപ്ലിക്കേഷന്റെ കാര്യങ്ങൾ ചെയ്തത്. അങ്ങനെ യൂണിവേഴ്സിറ്റിയിൽ പിജി ചെയ്യുന്ന സമയത്ത് കോളജ് എഡ്യൂക്കേഷൻ ഡയറക്ടറിയിൽ നിന്നും ഞാൻ ഈ ഒരു അവാർഡിന് സെലക്ടഡ് ആയിട്ടുള്ള വിവരം എന്നെ വിളിച്ച് അറിയിച്ചു. ഒരു ലക്ഷം രൂപയും ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡൻസ് എക്സലൻസ് അവാർഡ് എന്ന പേരിലുള്ള സർട്ടിഫിക്കറ്റും ഗവൺമെൻറ് ഓഫ് കേരളയിൽ നിന്നും എനിക്ക് ലഭിച്ചു. കേരള സർവകലാശാല പാളയം ക്യാമ്പസിന്റെ ഹാളിൽ വച്ച് ആയിരുന്നു അവാർഡ് ദാനം നടന്നത്. വിവിധ പഠന മേഖലകളിൽ നിന്നും സമർത്ഥരായ ആയിരം വിദ്യാർത്ഥികളെയായിരുന്നു അതിനുവേണ്ടി കേരളത്തിൽ നിന്നും തെരഞ്ഞെടുത്തത്. കേരള മുഖ്യമന്ത്രിയും ധനകാര്യ വകുപ്പ് മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുത്തിരുന്ന ഒരു വലിയ ചടങ്ങായിരുന്നു അത്. ഇവിടെ എനിക്ക് പറയാനുള്ളത് ഒരേ ഒരു കാര്യമാണ്. നമ്മൾ ദൈവവചനത്തിൽ വായിക്കുന്നതുപോലെ ദൈവം നമ്മെ തക്ക സമയത്ത് ഉയർത്തുന്നതിന് വേണ്ടി അവൻറെ ബലമുള്ള കൈക്കീഴ് താണിരിപ്പിൻ.

കേരള സർവകലാശാലയിൽ, സർവകലാശാല പഠന വകുപ്പിൽ എം. എ സോഷ്യോളജി ചെയ്യുന്ന സമയത്തും പലതരത്തിലുള്ള പ്രതികൂലങ്ങളും പ്രശ്നങ്ങളും നേരിട്ടിരുന്നു. ഒരു യൂണിവേഴ്സിറ്റി ക്യാമ്പസിൽ പഠിക്കുക എന്നതും അവിടെ നിന്നും റാങ്ക് ഹോൾഡർ ആയി ഇറങ്ങി വരണമെന്നതും വലിയൊരു ആഗ്രഹം തന്നെയായിരുന്നു. ജനറൽ കാറ്റഗറിയിൽ ആദ്യ റാങ്കോടെ എനിക്കവിടെ അഡ്മിഷൻ, പ്രവേശന പരീക്ഷ വഴി ലഭിച്ചു. പക്ഷേ ഹോസ്റ്റൽ ജീവിതം എനിക്ക് ദുരിതപൂർണ്ണമായിരുന്നു. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ അഡ്മിഷൻ ഒരു പ്രത്യേക രീതിയിലുള്ളതായിരുന്നു. ദൂരം അനുസരിച്ച് മുമ്പിൽ വരുന്ന കുട്ടികൾക്കായിരുന്നു ഹോസ്റ്റൽ പ്രവേശനത്തിൽ പ്രിഫറൻസ് ലഭിച്ചത്. അങ്ങനെ നോക്കിയപ്പോൾ എനിക്ക് ക്യാമ്പസ് ഹോസ്റ്റലിൽ താമസിക്കുവാൻ അവസരം ലഭിച്ചില്ല. എനിക്ക് പുറത്തുള്ള ഹോസ്റ്റലുകളിൽ മാറി മാറി താമസിക്കേണ്ടി വന്നു. രണ്ട് വർഷത്തെ ഹോസ്റ്റൽ ജീവിതം ഒരുപാട് കാര്യങ്ങൾ എന്നെ പഠിപ്പിച്ചു. മറ്റ് സംസ്ക്കാരങ്ങളിൽ നിന്നും വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും വരുന്ന കുട്ടികളോട് ഒരു ദൈവപൈതൽ എന്ന നിലയിൽ എങ്ങനെ ഇടപെടണമെന്നും ഞാൻ ആരാണെന്ന തിരിച്ചറിവും ബോദ്ധ്യവും എനിക്ക് ഉണ്ടാക്കിത്തരികയും ചെയ്തു.

ലക്ഷ്യം

എന്റെ ജീവിതത്തിലെ അടുത്ത പ്രധാന ലക്ഷ്യം സിവിൽ സർവീസ് പരീക്ഷ ജയിക്കുകയാണ്. പഠിച്ച കാര്യങ്ങളെ പ്രാവർത്തികമാക്കാനുള്ള ഒരു ശരിയായ അവസരം നേടിയെടുക്കുക എന്നതിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്. നമ്മുടെ ആഗ്രഹവും ലക്ഷ്യവും എന്തുതന്നെയായിരുന്നാലും ദൈവത്തിന്റെ ഹിതത്തിനായി നമ്മെത്തന്നെ സമർപ്പിക്കുമ്പോൾ ദൈവം ശരിയായ മാർഗത്തിലൂടെ നമ്മെ ലക്ഷ്യപ്രാപ്തിയിലേക്ക് എത്തിക്കും. ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്ക് ഒരുക്കിയിട്ടുള്ളത് ഒരു കണ്ണും കണ്ടിട്ടില്ല ഒരു ചെവിയും കേട്ടിട്ടില്ല ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നിയിട്ടുമില്ല എന്ന് ദൈവ വചനത്തിൽ നാം വായിക്കുന്നതുപോലെ നിർവചിക്കാൻ കഴിയാത്ത വിധം കൃപമേൽ കൃപ ചൊരിഞ്ഞ് അത്ഭുതകരവും അതിശയകരവുമായി അനുഗ്രഹങ്ങളാൽ നിറയ്ക്കുന്നത് നമുക്ക് അനുഭവിച്ചറിയാൻ സാധിക്കും.

ഹോബി

പഠന കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ വായിച്ചിരുന്നത് പഠിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ തന്നെയായിരുന്നു. പഠനം കഴിഞ്ഞ് തിരിച്ചു വന്നതിനുശേഷം മറ്റ് പുസ്തകങ്ങൾ വായിക്കാറുണ്ട്. ന്യൂസ് പേപ്പറും വായിക്കാറുണ്ട്. മാത്രമല്ല ഉപയോഗപ്രദമായ വിവരങ്ങളും അറിവുകളും ലഭിക്കുന്ന അഭിമുഖങ്ങളും പോ‍‍ഡ്കാസ്റ്റുകളും കേൾക്കാറുണ്ട്.

വാഹനങ്ങളുടെ ചില റബ്ബർ പാർട്ട്സ് സ്വന്തമായി നിർമിക്കുന്ന ഒരു പ്രൊഡക്ഷൻ യൂണിറ്റ് വീടിനോടു ചേർന്ന് തന്നെ നടത്തുകയാണ് പിതാവ് ജെയിംസ്. വീട്ടമ്മയായ മാതാവ് ബെറ്റിയും എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ സഹോദരൻ ബാനിയും ചേർന്ന കുടുംബം ഏറെ പരിമിതികൾക്കുള്ളിലും സന്തുഷ്ടരായി മുന്നേറുന്നു.