
അകലെയായ് കാണുന്നു ഞാനെന്‍ അകതാരില്‍
ഒഴുകുന്ന സ്‌നേഹത്തിന്‍ സങ്കീര്‍ത്തനം
അങ്ങകലെയായ് കാണുന്നു ഞാനതിന്‍ നീളവും
വീതിയും ആഴവും എത്ര ധന്യം അതിന്‍
വ്യാസം ഒന്നോര്‍ക്കുകില്‍ എത്ര ധന്യം
വര്‍ണ്ണിച്ചു നോക്കി ഞാന്‍ വാക്കുകളാല്‍ അതു
എഴുതുവാന്‍ കഴിവതോ തൂലികയാല്‍
എങ്കിലും പറയാതിരിക്കുവാന്‍ വയ്യ
പറഞ്ഞാലും തീരുകില്ലെന്നായ്കിലും മേ
പറഞ്ഞാലും തീരുകില്ലെന്നായ്കിലും
പാപം അതെന്തെന്നറിയാത്തവന്‍ മഹാ
പാപിയായ് തീര്‍ന്നതാം കൃപയത്
പാപികളെ നേടാന്‍ പാവനമാം തന്റെ
മേനി പിളര്‍ന്നതാം കരുണയത്, സര്‍വ്വ
പാപവും പോക്കുന്ന കരുണയത്
മലമുകള്‍ ഏറുന്ന നേരത്തിലും തോളില്‍
അധികഭാരം പേറും വേളയിലും
ദോഷികള്‍ നിന്ദിച്ചു തള്ളുമ്പോഴും – സ്വയം
മൗനമായി നിന്നതാം സഹനമത്, മറു-
ത്തൊന്നും മൊഴിയാത്ത സഹനമത്
ഇഹലോകം മുഴുവന്‍ നീ നേടിയാലും ഈ
സ്‌നേഹം അറിയാതെ പോയിടുകില്‍
രക്ഷ നീ പ്രാപിക്കുന്നില്ലായ്കയില്‍ – നിത്യ
ശിക്ഷ വിധിച്ചിടും നീതിയത്.
രചന: ബെറ്റിന കെ. പീറ്റര്‍