
ഇരുപത് പിന്നിട്ട രക്തസാക്ഷിത്വം. ഒഡീഷയിലെ കുഷ്ഠരോഗികൾക്ക് സ്നേഹദീപം തെളിച്ചുകൊടുത്ത ഗ്രഹാം സ്റ്റെയിൻസും മക്കളും അഗ്നിക്കിരയായിട്ട് ഇരുപത് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു..
1999, ജനുവരി 23, സ്വതന്ത്രഭാരത ചരിത്രത്തിലെ കറുത്ത ദിനങ്ങളിലൊന്നായിരുന്നു. ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസും മക്കളായ ഫിലിപ്പും തിമോത്തിയും ദാരുണമായി കൊലചെയ്യപ്പെട്ട ദിവസം. ഒഡീഷയിലെ ക്വഞ്ചാർ ജില്ലയിലെ മനോഹർപൂർ വില്ലേജിൽ പത്തുവയസ്സുകാരൻ ഫിലിപ്പിനും എട്ടു വയസ്സുകാരൻ തിമോത്തിക്കും ഒപ്പം തന്റെ വണ്ടിയിൽ രാത്രി കിടന്നുറങ്ങുമ്പോഴാണ് ഈ കൊല പാതകങ്ങൾ നടന്നത്. 1965 മുതൽ സ്റ്റെയിൻസും ഭാര്യ ഗ്ലാഡിസ്സും ഒഡീഷയിലെ ബാരിപ്പഡയിൽ കുഷ്ഠരോഗികൾക്കു വേണ്ടിയുള്ള മിഷൻ ആശുപത്രി നടത്തി വരികയായിരുന്നു. കുഷ്ഠരോഗി കൾക്കായി ഒരു ആശുപത്രി എന്നത് ഗ്രഹാമിന്റെ ആഗ്രഹമായിരുന്നു.
ഓഡിയോ കേൾക്കാം:
ക്യൂൻസ്ലാന്റിലെ പാം വുഡ്സിൽ വില്ല്യമിന്റെയും എലിസബെത്തി ന്റെയും രണ്ടാമത്തെ മകനായി 1941 – ൽ ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസ് ജനിച്ചു. 1965-ൽ ഇന്ത്യ സന്ദർശിച്ച സ്റ്റെയിൻസ് ഇവാൻജലിക്കൽ മിഷനറി സൊസൈറ്റിയിൽ ചേരുകയും ആദിവാസി പിന്നാക്ക മേഖലയിൽ പ്രവർത്തിക്കുകയും ചെയ്തു. ഇതിനിടെ സിസ്റ്റർ ഗ്ലാഡിസ് ജെയ്നെ കണ്ടുമുട്ടുകയും 1983 – ൽ അവർ വിവാഹിതരാകുകയും ചെയ്തു. ബാ രിപ്പഡയിലെ മിഷന്റെ നേതൃത്വം ഏറ്റെടുത്ത ഗ്രഹാം ഭാര്യ ഗ്ലാഡിസ്സിനൊപ്പം കുഷ്ഠരോഗികളെ ശുശ്രൂഷിച്ചു വരികയായിരുന്നു.
ഒഡീഷയിൽ കുഷ്ഠരോഗികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ നി ന്നും അകറ്റി നിർത്തിയിരുന്നു. സമൂഹം അവഗണിച്ച കുഷ്ഠരോഗി കളെയും അവരുടെ മക്കളെയും ചികിത്സിക്കുകയും പുനരധിവസി പ്പിക്കുകയുമായിരുന്നു ഗ്രഹാമും ഗ്ലാഡിസ്സും. ആരും തിരിഞ്ഞു നോക്കാതിരുന്ന ചില മനുഷ്യർക്കു ഗ്രഹാമിന്റെ കരങ്ങൾ ആശ്വാസമായി. അവർ കുടുംബമായി ക്രിസ്തുവിന്റെ സ്നേഹം പങ്കുവെച്ചു.
ഊട്ടിയിലെ സ്കൂളിൽ പഠിക്കുന്ന മക്കളായ ഫിലിപ്പും തിമോത്തിയും എസ്ഥേറും അവധിക്കാലം ചെലവഴിക്കാനെത്തിയ സമയമായിരുന്നു അത്. ആൺമക്കളെയും കൂട്ടി ഒഡീഷയിലെ ആദിവാസി ജില്ലകളായ മയൂർഭഞ്ച്, ക്വാഞ്ചാർ ജില്ലകളുടെ അതിർത്തിയിലുള്ള ഒരു ഗ്രാമത്തിൽ പ്രാർത്ഥനായോഗത്തിൽ പങ്കെടുത്തതിനു ശേഷം മടങ്ങി വരുന്ന വഴി മനോഹർപൂരിൽ രാത്രി വാഹനത്തിൽ വിശ്രമിക്കുന്നതിനി ടെയാണ് അവർ കൊലചെയ്യപ്പെട്ടത്. ദൂരെയുള്ള ഭവനത്തിലേക്ക് പോകാൻ വൈകിയതിനാലാണ് ഗ്രഹാം വാഹനത്തിൽ വിശ്രമിക്കുവാൻ തീരുമാനിച്ചത്. നല്ല തണുപ്പു കാരണം അവരുടെ വാഹനത്തിനു മുകളിൽ വൈക്കോൽ വിതറിയിരുന്നു. അപ്പോൾ ഭാര്യയും മകൾ എസ്ഥേറും ബാരിപ്പഡയിലായിരുന്നു. ഗ്രഹാം സ്റ്റെയിൻസും മക്കളും ഉറങ്ങിയ വാഹനം ആക്രമിക്കുകയും തീയിടുകയുമായിരുന്നു.
അന്താരാഷ്ട്രതലത്തിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ വിഷയത്തിൽ സ്റ്റെയിൻസിന്റെ ഭാര്യ ഗ്ലാഡിസിന്റെ പ്രതികരണം ഓരോ ക്രൈസ്തവവിശ്വാസിയും മാതൃകയാക്കേണ്ടതാണ്. സ്നേഹ നിധിയായ തന്റെ ഭർത്താവും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും കിരാതമായി കൊലചെയ്യപ്പെട്ടപ്പോഴും അവരിലെ ക്രിസ്തുവിന്റെ മനോഭാവത്തിനു അല്പം പോലും മാറ്റം വന്നില്ല. ഗ്ലാഡിസ്സ് പരസ്യമായി സ്റ്റെയിൻ സിന്റെ ഘാതകരോട് നിരുപാധികം ക്ഷമിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ഭർത്താവിന്റെ ഘാതകരെ വധിക്കുവാൻ വിധിക്കുമ്പോൾ അവരെ വധിക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് ഗ്ലാഡിസ്സായിരുന്നു. ”കർത്താവിന്റെ പീഢനങ്ങൾ എന്നെ പഠിപ്പിക്കുന്നത് ക്ഷമിക്കാനാണ്, അതിനാൽ ഗ്രഹാമിന്റെ ഘാതകരോട് ഞാൻ ക്ഷമിക്കുന്നു”. ഗ്ലാഡിസ്സിന്റെ വാക്കുകളിൽ നിറഞ്ഞു നിന്നതു ക്രിസ്തു ആയിരുന്നു. ദൈവസ്നേഹത്തിന്റെ ഒരു വലിയ ഉദാഹരണമാണ് ഈ ധീരവനിത. 2005 ലെ പദ്മശ്രീ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ അവരുടെ സേവനത്തിന് അംഗീകാരമായി ലഭിച്ചു.