ഓഡിയോ കേൾക്കാം:

Oru Serial Katha / Kathayile Karyam(Tyne Prince)

Download Audio

ആരോ കരയുന്ന ശബ്ദം കേട്ടാണ് സജി ഉണർന്നത്. നോക്കിയപ്പോൾ തൊട്ടപ്പുറത്തു കിടന്ന ഭാര്യ സിനി ഉറക്കത്തിൽ വാവിട്ടു കരയുന്നു.. സജി ലൈറ്റിട്ടു.
”ടീ, സിനീ.. സിനീ.. ടീ.. സിനീ…എഴുന്നേൽക്കാൻ..! ടീ..എഴുന്നേല്ക്കാൻ”. സിനി കണ്ണു തുറന്നു.
”ഓ..അച്ചായൻ എന്തിനാ എഴുന്നേറ്റത്?.”
”ഒരെണ്ണം വെച്ചു തരും ഞാൻ.. മര്യാദയ്ക്ക് ഉറങ്ങിക്കൊണ്ടിരുന്ന എന്നെ നീയല്ലേ ശല്ല്യപ്പെടുത്തിയത്?”
”ഞാൻ ശല്ല്യപ്പെടുത്തിയെന്നോ? നുണ പറയല്ലേ, കേട്ടോ”
”നീയെന്തിനാ കിടന്ന് കരഞ്ഞത്?”
”ഞാൻ കരഞ്ഞെന്നോ? അപ്പോഴാണ് സിനിക്ക് തന്റെ കവിളുകളിൽ നനവുണ്ടെന്ന് ബോദ്ധ്യം വന്നത്. ‘ ങേ! ശരിയാണല്ലോ.. ഞാൻ കരഞ്ഞല്ലോ..”
”അത് എന്തിനാണെന്നാ ചോദിച്ചേ..”
”അത്…” (തെല്ല് മൗനം) ”ങാ! ഞാൻ! ഒരു സ്വപ്നം കണ്ടു..”
”എന്ത് സ്വപ്നം? ഇത്ര കരയാൻ മാത്രം എന്തായിരുന്നു അതിൽ?”
”വിക്രമൻ സിന്ധുവിനെ കൊല്ലാൻ കത്തി ഓങ്ങി വരുന്നതു കണ്ടു. അപ്പോ.. ഞാൻ പേടിച്ചതാ..”
”ഏത് വിക്രമൻ?.. ഏത് സിന്ധു?”
”സ്ത്രീജീവനം എന്ന സീരിയലിലെ കഥാപാത്രങ്ങളാ..” സജിക്ക് അരിശം കയറി വന്നു..
”നിന്നെയുണ്ടല്ലോ.. വൃത്തികെട്ട സീരിയലൊന്നും കാണരുതെന്ന് ഞാൻ എത്രവട്ടം പറഞ്ഞിട്ടുണ്ടെടീ.. ഇപ്പോ..മനുഷ്യർക്ക് ഉറങ്ങാനും പറ്റാതായി. നാശം നീ എന്തിനാടീ.. യോഗത്തിനൊക്കെ പോകുന്നേ?”
(സിനി ആദ്യം ഒന്നും മിണ്ടിയില്ല)..
”എനിക്ക് നിർത്തണമെന്ന് ആഗ്രഹമുണ്ട് അച്ചായാ, പക്ഷേ, പറ്റുന്നില്ല. ആ സമയം ആകുമ്പോ, ടിവി ഞാൻ ഓൺ ആക്കുവാ..” (പിറുപിറുത്തുകൊണ്ട് സജി തിരിഞ്ഞു കിടന്നു).
അടുത്ത രാത്രിയിലും ഇതാവർത്തിച്ചു. സജിയുടെ ക്ഷമ കെട്ടു.
”സിനി.. ഞാൻ നമ്മുടെ ഉപദേശിയെയും ആന്റിയെയും വിളിക്കട്ടെ? നിന്റെ ഈ സീരിയൽ കാണുന്ന സ്വഭാവം നിർത്തിക്കുവാൻ വേണ്ടി പ്രാർത്ഥിക്കാൻ..”
”ബെസ്റ്റ് ആന്റി എന്നെക്കാൾ വലിയ സീരിയൽ കാണുന്ന ആളാ..ആ ആന്റിയോടാണോ എനിക്കു വേണ്ടി പ്രാർത്ഥിക്കുവാൻ പറയുന്നേ..” സിനി ഉറക്കെ ചിരിച്ചു.
”പിന്നെ എന്തു ചെയ്യും? രണ്ടു ദിവസമായി ഞാൻ ഒന്നുറങ്ങിയിട്ട്. ഓഫീസിൽ ഇരുന്ന് ഉറക്കം വരുവാരുന്നു ഇന്നലെ. ഇന്നും അതു തന്നെ, എപ്പഴാണോ ഇനി ചീത്തവിളി കേൾക്കുന്നേന്ന് അറിയില്ല, എന്നെ കാത്തോണേ ദൈവമേ. ഇവക്ക് നല്ല ബുദ്ധി കൊടുക്കണേ കർത്താവേ…”
സജി കാറെടുത്ത് യാത്രയായി. സിനീടെ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടില്ലെങ്കിൽ എന്റെ ജീവിതം തകിടം മറിയും. നാലു വയസ്സുകാരി ഷാരൻ മോളും ഇത് കണ്ടുകൊണ്ടിരിക്കുകയല്ലേ? പാട്ടും പ്രാർത്ഥനയും യോഗങ്ങളും ഒരു വഴിയേ, സന്ധ്യയ്ക്കു സീരിയലുകളും. ഇവളെ ഇങ്ങനെ വിട്ടാൽ പറ്റില്ല. എന്തെങ്കിലും ചെയ്തേ പറ്റൂ.. സജിയുടെ ചിന്തകൾ സിനിയെക്കുറിച്ച് മാത്രമായിരുന്നു.
ഓഫീസിൽ എത്തിയപാടേ സജി ഉറ്റ സുഹൃത്ത് മാത്യുവിനെ ഫോൺ വിളിച്ചു: ”ടാ, ഇന്ന് വൈകിട്ട് നീ ഫ്രീയാണോ? ഒരു അത്യാവശ്യം ഉണ്ട്. ആറു മണിക്ക് കോഫി ഷോപ്പിൽ വാ..”
കൃത്യം ആറു മണിക്ക് തന്നെ മാത്യു ഹാജർ. സജി പത്തു മിനിറ്റ് ലേറ്റായി.
”ങ്ഹാ! നീ വന്നോ?! സോറി ടാ… ഇന്ന് ഇത്തിരി വർക്ക് കൂടുതലുണ്ടായിരുന്നു..”
”അതൊന്നും സാരമില്ല. നീ വാ.. ഓരോ കാപ്പി കുടിക്കാം”.
കോഫി കുടിക്കുന്നതിനിടയിൽ സജി തന്റെ പ്രശ്നം മാത്യുവിനോട് പറഞ്ഞു.
”ങും!. നീ പറഞ്ഞത് എല്ലാം എനിക്ക് മനസ്സിലായി. നീ ടീവീടെ കേബിൾ കണക്ഷൻ കട്ട് ചെയ്യ്. അത് മാത്രമേ ഞാൻ ഇപ്പോ ഒരു വഴി കാണുന്നുള്ളൂ..” – മാത്യു.
”അത് ശരിയാവില്ലെടാ. അവൾ ഹോട്ട്സ്റ്റാറിൽ കാണും.”
”പിന്നെ എന്താ ചെയ്യുകാ? ങ്ഹാ.. എനിക്കറിയാവുന്ന ഒരു ക്രിസ്ത്യൻ കൗൺസിലർ ഉണ്ട്. പുള്ളീടെ അടുത്ത് കൊണ്ടുപോകാം..”
”കൗൺസിലിംഗ് ഒക്കെ വേണോടാ? നമ്മൾ വിശ്വാസികളല്ലേ?”.
”അയാളും വിശ്വാസിയാടാ. ദൈവവചനത്തിൽ ആശ്രയിച്ച് അദ്ദേഹം നമുക്ക് കൗൺസലിംഗ് തരും. ഒന്നും പേടിക്കണ്ട”.
”ഓഹോ! എങ്കിൽ നീ ഒന്നു സംസാരിച്ച് അപ്പോയിൻമെന്റ് എടുക്ക്. ഞങ്ങൾ വരാം”.
”ശരി, ആയിക്കോട്ടെ…”
സജി വീട്ടിൽ ചെന്ന് സിനിയോട് കാര്യം പറഞ്ഞു. ആദ്യം എതിർത്തെങ്കിലും പിന്നിട് അവൾ സമ്മതിച്ചു.
രണ്ടു ദിവസം കഴിഞ്ഞ് അവർ കൗൺസലറിന്റെ അടുത്ത് എത്തി.
”ഹായ് സജി.. സിനി, ഇരിക്കൂ. മാത്യു പറഞ്ഞിരുന്നു. എന്നാൽ ഡീറ്റെയിൽസ് ഒന്നും പറഞ്ഞില്ല. എന്നെക്കൊണ്ട് ആവുന്നപോലെ ഞാൻ ഹെൽപ്പ് ചെയ്യാം!..”
”താങ്ക്യൂ.. സർ. ഇവളുടെ സീരിയൽ കാണലാണ് പ്രശ്നം. വൈകിട്ട് ഒരു ആറു മണി മുതൽ ഒമ്പത് മണി വരെ ടിവിയുടെ മുമ്പിലാ. കാണരുതെന്ന് എത്ര പറഞ്ഞിട്ടും ഒരു ഫലവുമില്ല. ഇപ്പോ ഉറക്കത്തിൽ കിടന്നു കരയുകയും എന്തൊക്കയോ പറയുകയും ചെയ്യുവാ. എനിക്ക് ശരിക്ക് ഉറങ്ങാനും പറ്റുന്നില്ല. ഏറ്റവും കഷ്ടം എന്താണെന്നു വെച്ചാൽ, ഞങ്ങടെ നാലു വയസ്സുള്ള മോളും ഇവളുടെ കൂടെയിരുന്ന് കാണും. ഇതിന് എന്താണ് ഒരു പരിഹാരം സർ?”
”വിഷമിക്കണ്ട, പരിഹാരമുണ്ട്. നമ്മുടെ കർത്താവിന് ഉത്തരം തരുവാൻ കഴിയാത്ത ഒരു ചോദ്യവുമില്ല. അനേക കുടുംബങ്ങളിലെ പ്രശ്നം ആണ് സീരിയലുകൾ. അനേകം വിശ്വാസഭവനങ്ങൾ ഇതിന്റെ പിടിയിലാണ്. നിങ്ങൾ അത് തിരിച്ചറിഞ്ഞ് രക്ഷപ്പെടുവാൻ ആഗ്രഹിച്ചത് തന്നെ ഏറ്റവും അധികം അഭിനന്ദനം അർഹിക്കുന്നു”.
‘ആദ്യം ഞാൻ സജിയോട് ചോദിക്കട്ടെ, സിനി ഒരു ഭാര്യ എന്ന നിലയിൽ എങ്ങനെയുണ്ട്?”
”സിനി നല്ല സ്നേഹമുള്ളവളാണ് സർ. എന്റെയും മോളുടെയും വീട്ടിലെയും കാര്യങ്ങൾ അവർ നന്നായി ചെയ്യുന്നുണ്ട് സഭായോഗങ്ങൾക്കും അവർ പോകാറുണ്ട്. സഭയിലും അവളെ എല്ലാവർക്കും വലിയ കാര്യമാ. സീരിയൽ കാണുന്നത് മാത്രമാണ് ഞാൻ കാണുന്ന ഒരേയൊരു പ്രശ്നം.”
”ശരി സിനീ… സീരിയൽ കാണുവാൻ തുടങ്ങിയിട്ട് എത്ര നാളായി?”
”അത്.. സർ.. കാണുവാൻ തുടങ്ങിയിട്ട് ഏകദേശം ഒരു രണ്ടു വർഷമായി കാണും..”
”അതൊക്കെ കാണുമ്പോൾ സിനിക്ക് എന്താണ് ലഭിക്കുന്നത്?”
”ഒന്നും കിട്ടുന്നില്ല സാറേ.. ടൈം പാസ്സ്.. അത്രയേയുള്ളൂ. വീട്ടിലെ പണികൾ എല്ലാം കഴിഞ്ഞ് കുറച്ചു സമയം റിലാക്സിംഗ്. അങ്ങനെയാ, തുടങ്ങിയേ.. ഇപ്പോ നിറുത്താൻ പറ്റുന്നില്ല”.
”സീരിയലുകളിൽ കൂടുതലായി സിനി കാണുന്ന കഥ എന്താണ്? അല്ലെങ്കിൽ കഥാവിഷയങ്ങൾ എന്തൊക്കെയാണ്?”
”അങ്ങനെ ചോദിച്ചാൽ കൂടുതലും പെണ്ണുങ്ങൾ കരയുന്നതൊക്കെയാ. പിന്നെ, പ്രതികാരം വീട്ടൽ, കൊലപാതകം, ആത്മഹത്യ, വീട്ടുകാർ തമ്മിലുള്ള വഴക്ക്, പോലീസ്, ജയിൽ, ഇതൊക്കെയാണ് കൂടുതലും.”
”സിനി സത്യസന്ധമായി ഉത്തരങ്ങൾ തന്നതിന് നന്ദി”.
”ഇനി ഞാൻ ചോദിക്കട്ടെ, സിനി സീരിയലുകൾ ഒക്കെ ഇരുന്ന് കാണുമ്പോൾ കർത്താവിന് ഇഷ്ടപ്പെടുമോ? എന്തു തോന്നുന്നു?”
(സിനി മൗനമായിരിക്കുന്നു)
”ഇല്ല സർ”
”ഞാൻ ഒരു സങ്കീർത്തനവാക്യം വായിച്ചു കേൾപ്പിക്കാം, ദാവീദ് രാജാവിന്റെ തീരുമാനം ആണ്. ‘ഞാൻ ഒരു നീചകാര്യം എന്റെ മുമ്പിൽ വെക്കുകയില്ല’, സങ്കീ:101:3”.
”സിനി ഇത്രയും നാൾ കണ്ടുകൊണ്ടിരുന്നത് നീചകാര്യങ്ങളല്ലേ?”
”അതേ സർ ഞാൻ സമ്മതിച്ചിരുന്നു, എനിക്കു തിരുത്തണമെന്നു ആഗ്രഹമുണ്ട്. പക്ഷേ ആ സമയമാകുമ്പോൾ ഞാൻ ടിവി ഓണാക്കുകയാണ്”.
”സിനിയെപ്പോലെ അനേകം വിശ്വാസികളായ സ്ത്രീകളും പുരുഷന്മാരും ഉണ്ട്. സിനിക്ക് നിറുത്തണമെന്ന് ആഗ്രഹമെങ്കിലും വന്നല്ലോ. ആത്മാർത്ഥമായ ആഗ്രഹം ദൈവം മാനിക്കും, അവൻ സഹായിക്കും. പാപത്തിൽ നിന്ന് വിടുതൽ അവൻ നിശ്ചയമായും തരും.”
”സർ…” സിനി കരയുവാൻ തുടങ്ങി.
”നീ കരയാതെ. സർ നിന്നെ സഹായിക്കും” സജി അവളെ ആശ്വസിപ്പിച്ചു.
”അതേ.. സിനീ.. പശ്ചാത്താപ കണ്ണുനീർ ആണ് വീഴേണ്ടത്. എന്റെ മുമ്പിലല്ല ദൈവത്തിന്റെ മുമ്പിൽ ഇന്നു തന്നെ വീട്ടിൽ പോയി ദൈവസന്നിധിയിൽ ഇരുന്ന് ഇത്രയും നാൾ ചെയ്തുപോന്ന ഈ തെറ്റിനു കർത്താവിനോടു ക്ഷമ യാചിക്കുക. ഇനിയിതിൽ തുടരുവാൻ ഇടയാകരുതേന്ന് കർത്താവിനോടു സഹായത്തിനായി പ്രാർത്ഥിക്കുക. അവൻ നമ്മുടെ പാപങ്ങളെ ക്ഷമിക്കുന്നവനായതുകൊണ്ട് സിനിയെ നിശ്ചയമായും സഹായിക്കും.”
”പക്ഷേ..ആ സമയമാകുമ്പോൾ പിന്നെയും കാണുവാൻ തോന്നിയാലോ?”
”ആ തോന്നൽ മനസ്സിൽ വരുമ്പോൾ ‘കർത്താവേ..എന്നെ സഹായിക്കേണമേ’ എന്നു പ്രാർത്ഥിക്കുക. സാത്താൻ ശക്തനാണ്, എന്നാൽ നമ്മുടെ ദൈവം സർവ്വശക്തനാണ്. സാത്താൻ നമ്മെ വീഴ്ത്താൻ നോക്കുമ്പോൾ, ദൈവം നമ്മെ വീഴാതിരിക്കുവാൻ സഹായിക്കുന്നു. പക്ഷേ, നമ്മൾ ദൈവത്തിൽ ശരണപ്പെടണം. ‘ആകയാൽ നിങ്ങൾ ദൈവത്തിനു കീഴടങ്ങുവിൻ, എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും’ യാക്കോബ് 4:7 വായിച്ചിട്ടില്ലേ?”.
അതു കേട്ടപ്പോൾ സിനി പതിയെ പുഞ്ചിരിച്ചു. പുതിയ പ്രതീക്ഷകൾ അവളുടെ മനസ്സിൽ മുളപൊട്ടി.
”താങ്ക്യു സർ. മനസ്സിന്റെ ഉള്ളിൽ നിന്ന് എന്തോ ഭാരം ഇറങ്ങിപ്പോയതു പോലെ ഞാൻ ഇന്നു മുതൽ സീരിയൽ കാണുന്നത് നിർത്തും. ഞാൻ കർത്താവിൽ നിന്നും ഒത്തിരി അകന്നുപോയിരുന്നു. അതാണ് ഈ കുഴപ്പത്തിനെല്ലാം കാരണം”.
”മതി ഇത് കേട്ടാൽ മതി എനിക്ക്”. സജി പൊട്ടിച്ചിരിച്ചു. നിങ്ങൾ രണ്ടു പേരും ഒന്നിച്ചിരുന്നു പ്രാർത്ഥിക്കുക, ബൈബിൾ വായിക്കുക. സിനി, ടൈംപാസ്സിന് നല്ല നല്ല ആത്മീകപുസ്തകങ്ങൾ വായിക്കുക, അല്ലെങ്കിൽ എന്തെങ്കിലും ഹോബികളിൽ ഏർപ്പെടുക.” അലസന്റെ മനസ്സ് പിശാചിന്റെ പണിപ്പുര എന്നല്ലേ പഴഞ്ചൊല്ല്. അതുകൊണ്ട്, നമുക്കു പ്രയോജനപ്രദമായ കാര്യങ്ങൾ ചെയ്യുക. കുടുംബം സന്തോഷമുള്ളതായിത്തീരും. ദൈവം നിങ്ങളെ സഹായിക്കട്ടെ’.
സജിയും സിനിയും കൗൺസിലർക്ക് നന്ദി പറഞ്ഞിറങ്ങി. ”ഇന്നു രാത്രി എനിക്ക് സമാധാനത്തോടെ ഉറങ്ങണം”. സജിയുടെ ആത്മഗതം കേട്ട് സിനിയും സജിയും ഒപ്പം ഷാരൻ മോളും പൊട്ടിച്ചിരിച്ചു. സ്വർഗ്ഗത്തിൽ ദൈവവും അവരെ നോക്കി പുഞ്ചിരി തൂകി.

[ടൈനി പ്രിൻസ്]