‘നോ’ എന്ന് പറഞ്ഞാല്‍ എന്താണു കുഴപ്പം? എന്തുകൊണ്ട് നമ്മുടെ കുട്ടികള്‍ക്ക് ‘നോ’ എന്ന് പറഞ്ഞുകൂടാ.? ‘യെസ്’ എന്ന് മാത്രമല്ല, ‘നോ’ എന്ന് കൂടി കേട്ട് വളരാന്‍ പുതിയ തലമുറ പഠിക്കേണ്ടതല്ലേ…. ജീവിതത്തിന്റെയും ജീവന്റെയും മൂല്യം പ്രണയം കൊണ്ടു മാത്രം അളക്കേണ്ടതാണോ?

പ്രണയം പകയായി മാറുകയും അതിലൂടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രശ്‌നങ്ങളെ എങ്ങനെയാണ് നമ്മുടെ പുതുതലമുറ തരണം ചെയ്യേണ്ടത്.

ഏത് ജീവിത പ്രതിസന്ധികളെയും ഇത്രയധികം വൈകാരികമായി നേരിടേണ്ടതുണ്ടോ? നോ ആരോട് പറഞ്ഞാലും പിന്നീട് വിശദീകരണത്തിന്റെ ആവശ്യമില്ല. നോ പറഞ്ഞ വ്യക്തിയെ പിടിച്ച് നിര്‍ത്താനോ നിര്‍ബന്ധിക്കാനോ ശ്രമിക്കരുത്.
നോ എന്ന് പറയുന്നത് ഒരു നാണക്കേടുമല്ല. അതിന്റെ കാരണമോ, സാഹചര്യമോ ഒന്നും അവിടെ പ്രധാനമല്ല. നോ പറഞ്ഞതിന് ശേഷം വിശദീകരണത്തിന്റെയോ, മനസിലാക്കലിന്റെയോ, ആവശ്യമില്ല.

നമ്മുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കുകയും അതിനുവേണ്ടി ആവശ്യമെങ്കില്‍ ശബ്ദം ഉയര്‍ത്താനും നാം തയ്യാറാകണം. അതിനാവശ്യമായ ധൈര്യം പ്രകടിപ്പിക്കുകയും വേണം. അരുത് എന്ന് പറയാത്ത നിരവധി ആളുകളെ നമുക്ക് ചുറ്റും കാണാന്‍ സാധിക്കും.

ചില അവസരങ്ങളില്‍ പറഞ്ഞിരിക്കേണ്ടതും എന്നാല്‍ പലപ്പോഴും പലര്‍ക്കും പറയാന്‍ പറ്റാതെ വന്നിട്ടുള്ളതുമായ ഒരു വാക്കാണ് No. ആത്മവിശ്വാസത്തോടു കൂടി Yes എന്ന് പറയുന്നത് പോലെ തന്നെ ഭംഗിയായി No എന്ന് പറയാനും ഒരാള്‍ പഠിച്ചിരിക്കണം.നോ പറയേണ്ടിടത്ത് കൃത്യമായി നോ പറയാന്‍ അറിയണം.

മറ്റുള്ളവരുടെ അപ്രീതിക്ക് പാത്രമാകുമോ എന്ന് ഭയന്നും മറ്റുള്ളവരുമായി വഴക്കടിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടും പലരും നോ പറയാന്‍ മടിക്കാറുണ്ട്. മറ്റുള്ളവരെ സന്തോഷിപ്പിക്കുക എന്ന കാര്യം ഇതിലൂടെ നടക്കും. എന്നാല്‍, അതിലേറെ പ്രാധാന്യമുള്ള, സ്വന്തം താത്പര്യങ്ങളാണ് അവര്‍ വേണ്ടന്നുവെയ്ക്കുന്നത്. ഒരുപാടുപേര്‍ ഇത്തരത്തില്‍ മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും സ്വയം ഉള്ളില്‍ വേദന അനുഭവിക്കുകയുമാണ്.

സുഹൃത്തുകളുടെയും പ്രിയപ്പെട്ടവരുടെയും ഒരാവശ്യത്തിനും നോ പറയാത്ത ആളുകളെയും കാണാന്‍ സാധിക്കും. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിനായി സ്വന്തം ആവശ്യങ്ങള്‍ നിരന്തരം ത്യജിക്കുന്നവരെയും നമുക്ക് കാണാന്‍ സാധിക്കും.
അമിതവിനയം കാണിക്കാന്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധിതരാകാറുമുണ്ട്. അതുകൊണ്ടുതന്നെ സ്വന്തം അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ പെണ്‍കുട്ടികള്‍ മടികാണിക്കാറുണ്ട്.

സ്വന്തം അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ കരുത്തരാകേണ്ടതിനെക്കുറിച്ച് അവര്‍ക്ക് പറഞ്ഞുകൊടുക്കണം. അഭിപ്രായങ്ങള്‍ തുറന്നുപറയുന്നത് മര്യാദകേടല്ലെന്നും അവരെ ബോധ്യപ്പെടുത്തുക. സ്വന്തം ഇഷ്ടവും ആവശ്യവും തിരിച്ചറിയാനും അതിനുവേണ്ടി ശബ്ദമുയര്‍ത്താനും മക്കളെ പഠിപ്പിക്കണം. ആവശ്യഘട്ടത്തില്‍ സ്വന്തം കുട്ടികളോടും No പറയാന്‍ മാതാപിതാക്കളും മടിക്കരുത്. അനേകം ന്യൂട്രിഷന്‍സ് നല്‍കുന്നതിനോടൊപ്പം നമ്മുടെ കുട്ടികള്‍ക്ക് ന്യൂട്രിഷ്യന്‍ N അഥവാ No പറയാനും ശീലിപ്പിക്കാം.

Say No / Dr. Grace Johnson(Amma Ariyan)

Written by

Dr. Grace Johnson

Dr. Grace Johnson is a writer, counselor & speaker.

More writings by Grace Johnson