ഓഡിയോ കേൾക്കാം:

Nammile Saurabhyam / Amma Ariyan(Dr. Grace Johnson)

Download Audio

ഓരോ വനിതാ ദിനവും ഓരോ ഓർമ്മപ്പെടുത്തലാണ്. ദൃഡനിശ്ചയത്തിന്റെ, ത്യാഗത്തിന്റെ, കണ്ണീരിന്റെ, വിയർപ്പിന്റെ, അദ്ധ്വാനത്തിന്റെ, സ്‌നേഹത്തിന്റെ നേർക്കാഴ്ചയാണ്. ഓരോ സ്ത്രീയും മകളായും അമ്മയായും സഹോദരിയായും ഭാര്യയായും ഇത്രയധികം വേഷപകർച്ചകളിലൂടെ ജീവിതത്തിൽ അവൾ നല്കുന്ന സ്വാധീനത്തെ പറഞ്ഞറിയിക്കാൻ വയ്യ. ഒരു സ്ത്രി ആകാനുള്ള ആഹ്വാനം ഭൂമിയിലെ ഏറ്റവും മഹത്വകരമായ കാര്യങ്ങളിൽ ഒന്നാണ്. എന്നാൽ പല സ്ത്രീകൾക്കും അത് മനസ്സിലാകുന്നില്ല. പുരുഷനെ പോലെ സ്ത്രീകളും തുല്യ അവകാശങ്ങൾക്കും നീതിക്കും യോഗ്യരാണ്. അത് അവർക്ക് നേടി കൊടുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്ത്വമാണ്. സ്ത്രീ, അബലയല്ല.. മറിച്ച് ഓരോ തലമുറകൾക്കും കൈമാറാൻ കഴിയുന്ന വലിയൊരു കരുത്തിന്റ പാഠവമാണ്.

ശക്തമായ സ്ത്രീ മുന്നേറ്റത്തിലൂടെ സമൂഹത്തിൽ പല മാറ്റങ്ങളും വന്നിട്ടുണ്ട്. നമ്മുടെ സമൂഹത്തിൽ കാലത്തിന്റെ മാറ്റത്തെ പൂർണ്ണമായി ഉൾക്കൊണ്ട് സമൂഹത്തെ വാർത്തെടുക്കാൻ കെല്പ്പുള്ളവർ. തെങ്ങു കയറ്റം മുതൽ ഭരണചക്രം വരെ തിരിക്കുന്ന സ്ത്രീകളുണ്ട് നമ്മുടെ രാജ്യത്ത്. നമ്മുടെ രാജ്യത്തെ ഓരോ സ്ത്രീകൾക്കും വേണ്ട പരിഗണനയും അർഹിക്കുന്ന സ്ഥാനവും നല്കാൻ വേണ്ടി സമൂഹത്തിനു നല്കുന്ന ഓർമ്മപ്പെടുത്തലായിട്ടാണ് ഓരോ വർഷവും വനിതാ ദിനം ആഘോഷിക്കുന്നത്. എല്ലാ വർഷവും മാർച്ച് 8-ന് അന്താരാഷ്ട്രവനിതാദിനം ആചരിക്കുന്നു. ഇങ്ങനെയുള്ള ദിവസത്തിൽ നമ്മൾ സെമിനാറുകളിലും മറ്റും സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും ഉന്നമനത്തെക്കുറിച്ചും സംസാരിക്കാറുണ്ട്. എന്നാൽ സ്ത്രീ സുരക്ഷയാണോ? ഇന്നും മിക്ക സ്തീകളും ചൂഷണം ചെയ്യപ്പെടുകയും സമൂഹത്തിലും കുടുംബത്തിലും ഒറ്റപ്പെട്ടു കഴിയുന്നവരുമാണ്.

എങ്ങനെ സ്ത്രീകൾക്ക് തങ്ങളുടെ വ്യക്തിത്വം സമൂഹത്തിനും കുടുംബത്തിനും വേണ്ടി ഉപയോഗിക്കാം..

  • നല്ലൊരു ദൈവവിശ്വാസിയാകാം. ഈ ലോകത്തെ നിയന്ത്രിക്കുന്ന ഒരു സൃഷ്ടാവ് ഉണ്ട്. ആ സൃഷ്ടാവിനെ ഭയപ്പെട്ട് ജീവിക്കണം.
  • ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവതികളാകുക. മകൾ, ഭാര്യ, മരുമകൾ, അമ്മ എന്ന നിലയിലും ഒപ്പം ജോലിസ്ഥലത്തുള്ള ഉത്തരവാദിത്ത്വങ്ങളും.
  • ശുഭാപ്തിവിശ്വാസം. ഏതു പ്രതിസന്ധിയേയും തരണം ചെയ്യുവാനുള്ള കരുത്തുണ്ടാകണം.
  • ബാഹ്യ ലോകവുമായിട്ടുള്ള ബന്ധം. നമുക്ക് ചുറ്റുപാടും നടക്കുന്ന ഏതൊരു കാര്യത്തെക്കുറിച്ചും വ്യക്തമായൊരു ധാരണ ഉണ്ടായിരിക്കണം. വായിച്ചു വളരുവാൻ ശ്രമിക്കുക.
  • പഴയ തെറ്റുകളെ മറക്കുക.
  • സ്വതന്ത്രമായി ചിന്തിക്കുക.
  • ലക്ഷ്യബോധമുള്ളവരായിരിക്കുക.
  • സ്വയംശോധന ചെയ്യുന്നവരായിരിക്കുക.
  • മറ്റുള്ളവരെ വിധിക്കരുത്.
  • ജീവിതത്തിൽ വിജയം കൈവരിച്ച സ്ത്രീകളെക്കുറിച്ച് അടുത്തറിയുവാനും അവരിൽ നിന്ന് നല്ല പാഠങ്ങൾ ഉൾക്കൊള്ളുവാനും ശ്രമിക്കുക.

എല്ലാ സാഹചര്യങ്ങളിലും ദൈവത്തെ സ്തുതിക്കുവാൻ നാം പഠിക്കുകയും എല്ലാ കൈപ്പുകളിൽ നിന്നും സ്വയം മോചിതരാവുകയും നമ്മുടെ ഉത്കണ്ഠകളെല്ലാം ദൈവത്തിൽ ഏല്പിക്കുകയും ചെയ്യുക. അങ്ങനെയെങ്കിൽ നാം അഭിമുഖീകരിക്കുന്ന എല്ലാ പ്രതിസന്ധികളിലും നമുക്ക് ജയിക്കാനാകും. എല്ലാ സ്ത്രീകൾക്കും ഓരോരോ കഴിവുകൾ ഉണ്ട്. ആ കഴിവുകളെ നഷ്ടപ്പെടുത്താതെ അവ സമൂഹത്തിനും കുടുംബത്തിനും വേണ്ട തരത്തിൽ പ്രയോജനകരമാക്കാൻ ഓരോ സ്ത്രീക്കും കഴിയണം. നമ്മിലെ സൗരഭ്യം കുടുബത്തിനും സമൂഹത്തിനും നന്മക്കായി പരത്താം.

സർവ്വശക്തന്റെ സഹായത്തോടെ നമ്മുടെ ദേശത്തിൽ, ഭവനങ്ങളിൽ അവിടുത്തെ സാക്ഷികളായി ഒരു ഉത്തമ സ്ത്രിയുടെ ജീവിതം നയിക്കാം.

[ഡോ. ഗ്രെയ്സ് ജോൺസൺ]

Written by

Dr. Grace Johnson

Dr. Grace Johnson is a writer, counselor & speaker.

More writings by Grace Johnson