യഹൂദ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാണ് കൊച്ചി. മട്ടാഞ്ചേരിയിലെ യൂദ തെരുവും സിനഗോഗും സഞ്ചാരികളുടെ ആകർഷണമാണ്. ഒന്നാം നൂറ്റാണ്ടു മുതൽ തുടരുന്ന ജൂത സാന്നിധ്യത്തിന് ഇനി അധികനാൾ കൊച്ചി സാക്ഷ്യം വഹിക്കുമോ? കൊച്ചിയിലെ ജൂതന്മാർ ഓരോരുത്തരായി മടങ്ങി, സ്വന്ത നാട്ടിലേക്കും കാലത്തിനപ്പുറത്തേക്കും, എന്നാൽ സാറ മുത്തശ്ശി ഇവിടെ തന്നെ തുടരുകയായിരുന്നു.

സാറാ കോഹൻ: അനിൽ കെ അരുൺ വരച്ച ചിത്രം
സാറാ കോഹൻ: അനിൽ കെ അരുൺ വരച്ച ചിത്രം

സാറ ജേക്കബ് കോഹൻ എന്ന സാറാ ആന്റി മട്ടാഞ്ചേരിക്കാർക്ക് പ്രിയങ്കരിയായിരുന്നു. തന്റെ വല്യമ്മയുടെ സ്നേഹിതയും ജൂത തെരുവിലെ യഹൂദന്മാരുടെ വിവാഹവസ്ത്രങ്ങൾ തയ്ച്ചു കൊടുത്തിരുന്ന വല്യമ്മയുമായിരുന്ന റാമാച്ചിയിൽ നിന്നുമാണ് സാറാ തുന്നൽ പഠിക്കുന്നത്. പിന്നീട് മട്ടാഞ്ചേരിയിലെ ജൂതന്മാരുടെ പ്രിയങ്കരിയായ തുന്നൽക്കാരിയായി മാറി. സാറയുടെ ഹാൻഡ് എംബ്രോയിഡറി വർക്കുകൾ മുകവുറ്റതായിരുന്നു. യിസ്രായേലിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് വീടിനൊപ്പമുള്ള സാറായുട ഷോപ്പ് പ്രധാന സന്ദർശന കേന്ദ്രമായി മാറി. കൊച്ചിയെ മറക്കാത്ത ജൂതന്മാർ യിസ്രായേലിലും സാറയുടെ കസ്റ്റംമേഴ്‌സ് ആയി. അങ്ങനെ സാറ ആന്റി ഒരു സംരംഭകയായി വളർന്നു.

ഏകദേശം അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് ഇറാക്കിലെ ബാഗ്ദാദിൽ നിന്നും കൊച്ചിയിൽ വന്ന കോഹൻ കുടുംബത്തിലെ അംഗങ്ങളായിരുന്നു സാറയും ഭർത്താവ് ജേക്കബ് ഏലിയാസ് കോഹനും. ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനായിരുന്ന ജേക്കബ് കോഹൻ 1999 ല്‍ നിര്യാതനായിരുന്നു. മക്കൾ ഇല്ലായിരുന്നു. ബാല്യം മുതൽ ആന്റിയുടെ കുടുംബത്തോടൊപ്പം കൂടിയ താഹയും സെലിൻ സേവ്യറും ആണ് സഹായികളായി എപ്പോഴും കൂടെ ഉണ്ടായിരുന്നത്. ഈ കഴിഞ്ഞ ആഗസ്ത് മുപ്പതിന് മരിക്കുമ്പോൾ ആന്റിക്ക് തൊണ്ണൂറ്റിയാറ് വയസായിരുന്നു. കൊച്ചിയിലെ ജൂതന്മാരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയുമായിരുന്നു.