സമാധാനത്തിൽ ജീവിയ്ക്കുവാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ദൈവം നമ്മെ സമാധാനത്തിൽ കാക്കുന്നവനാണ്, ദൈവീക സമാധാനം നാം അനുഭവിക്കുന്നവരുമാണ്.

എപ്പോഴും നമ്മുടെ കുറവുകൾ കൊണ്ട് നാം അത് നഷ്ടപ്പെടുത്തുന്നു. നമ്മുടെയും നാം മുഖാന്തിരം മറ്റുള്ളവരുടെയും സമാധാനം നഷ്ടപ്പെടുന്നതിന്റെ ഒരു പ്രധാന കാരണം ദൈവത്തിഷ്ടമില്ലാത്ത നമ്മുടെ വാക്കും പ്രവൃത്തിയുമാണ്. നാം അങ്ങനെ ആരുടെയെങ്കിലും സമാധാനം നഷ്ടപ്പെടുത്തുന്നവരായി നിന്നാൽ അത് എത്രയോ ദുഃഖകരമായ അവസ്ഥയാണ്. നമ്മുടെ ഭവനം, സഭ, സമൂഹം ഇവിടെയൊന്നും നാം കാരണം സമാധാനം നഷ്ടപ്പെടുവാൻ കാരണമാകരുത്. നാം ദൈവത്തോടും മനുഷ്യരോടും സമാധാന ബന്ധം സൂക്ഷിക്കേണ്ടവരാണ്. (മത്താ:5:9).

ഓഡിയോ കേൾക്കാം:

Download Audio

സ്ത്രീയെ ദൈവം ഏൽപിച്ചിരിക്കുന്ന പ്രധാന ഉത്തരവാദിത്വം തന്റെ ഭവനമാണ്. ഭവനത്തിലെ നമ്മുടെ ഉത്തരവാദിത്തങ്ങൾ വളരെ സൂക്ഷ്മതയോടെ, വിവേകത്തോടെ നാം കൈകാര്യം ചെയ്യേണ്ടവരാണ്. നമ്മുടെ ഭവനത്തിൽ പിശാചിന് ഇടം കൊടുക്കരുത്. നമ്മുടെ വായിൽ നിന്ന് സമാധാന വാക്കുകൾ ഉണ്ടാകണം. അത് അനേകരിൽ ധൈര്യവും ആശ്വാസവും നൽകും. ഇത് നമ്മുടെ ഭവനങ്ങളിൽ നാം ശീലിച്ചെടുക്കണം.

”സൗമ്യതയുള്ളവർ സമാധാനസമ്യദ്ധിയിൽ ആനന്ദിക്കും” എന്ന് സങ്കീർത്തനക്കാരൻ പറയുന്നു. ദൈവസമാധാനം സകലബുദ്ധിയേയും കവിയുന്നതാണ്. ശാശ്വത സമാധാനത്തിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് ലോകമാസകലം. അപ്പോൾ നമുക്കു കിട്ടിയ ദൈവീകസമാധാനം എത്രയോ വിലപ്പെട്ടതാണ്. ”നിന്റെ ന്യായപ്രമാണത്തോട് പ്രിയമുള്ളവർക്ക് മഹാസമാധാനമുണ്ട്” എന്നു സങ്കീർത്തനക്കാരൻ വ്യക്തമാക്കുന്നു.

ഗിരിപ്രഭാഷണത്തിലൂടെ യേശു നമ്മെ ആഹ്വാനം ചെയ്യുന്നത് ഇത്തരമൊരു അവസ്ഥയിലേക്കാണ്. ദൈവത്തിൽ നിന്ന് മാത്രം ലഭ്യമാകുന്ന സമാധാനത്തിലേക്ക്, നിലനിൽക്കുന്ന സമാധാനത്തിനു വേണ്ടിയുള്ള ദാഹം മാറ്റാൻ ക്രിസ്തുവിന് മാത്രമേ സാധിക്കുകയുള്ളു. അതുകൊണ്ട് നമുക്കും സമാധാനം ഉണ്ടാക്കി ഭാഗ്യവാന്മാരായി ക്രിസ്തു വിഭാവനം ചെയ്ത ക്രിസ്തീയജീവിതം തുടരാം.

[ബിന്ദു സണ്ണി]