വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും –
വായന എന്നു കേട്ടാൽ ആദ്യം മനസ്സിലേക്കെത്തുക കുഞ്ഞുണ്ണി മാഷിന്റെ ഈ വരികളാണ്. വീണ്ടും ഒരു വായനാദിനം കൂടി വന്നെത്തി. വായനയുടെ ആവശ്യകത മനസ്സിലാക്കേണ്ടതിനു വേണ്ടിയാണ് നാം ഓരോ വർഷവും വായനാദിനാചരണം നടത്തുന്നത്. വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യത്തിലൂടെ കേരളത്തെ വായനയുടെ നെറുകയിൽ എത്തിച്ച കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി. എൻ. പണിക്കരുടെ ചരമദിനമാണ് 1996 മുതൽ ജൂൺ 19 കേരള സർക്കാർ വായനാദിനമായി ആചരിക്കുന്നത്.

വായന നമ്മെ പൂർണ്ണരാക്കുന്നു. നമുക്കു അറിവു പകർന്നു നല്കുന്ന നിധി ശേഖരങ്ങളാണ് പുസ്തകങ്ങൾ. പുസ്തകം വായിക്കുന്നതിലൂടെ ബുദ്ധിപരമായും ആശയപരമായും നമ്മുടെ ചിന്തകൾ കൂടുതൽ തെളിച്ചമുള്ളവയാകുന്നു. വാക്കുകൾക്കു ശക്തിയുണ്ട്, അതിനു ലോകത്തിന്റെ ചിന്താശക്തികളെ തന്നെ മാറ്റി മറിക്കുവാൻ കഴിവുണ്ട്. ലോകം കണ്ട മഹാമാന്മാരെല്ലാം വായന സ്വായത്തമാക്കിയവരാണ്. ആഫ്രിക്കയിൽ കുടിവെള്ളം എത്തിക്കാൻ റിയാൻ എന്ന കൊച്ചു ബാലൻ നടത്തിയ കഠിനശ്രമത്തെക്കുറിച്ച് ഈ അടുത്തസമയത്ത് വായിക്കുകയുണ്ടായി. വടക്കേ ഉഗാണ്ടയിലെ അംഗോളാഗ്രാമത്തിലെ പ്രൈമറി സ്കൂളിൽ കുഴൽക്കിണർ കുഴിക്കാൻ ഭീമമായ തുക ശേഖരിക്കുവാൻ കുഞ്ഞു റിയാനെ പ്രേരിപ്പിച്ചത് തനിക്കു പാഠപുസ്തകങ്ങളിൽ നിന്നും ലഭിച്ച അറിവായിരുന്നു. അന്ന്, കാനഡയിലെ ഒണ്ടാറിയയ്ക്കടുത്ത് കെംപ്റ്റവില്ല ഹോളിക്രോസ് സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു റിയാൻ (1998, ജനുവരി). റിയാന്റെ സ്വപ്നം സാക്ഷാത്ക്കരിക്കുവാൻ ചില വർഷങ്ങൾ തന്നെ വേണ്ടി വന്നു. റിയാനിലൂടെ രണ്ടു സംസ്ക്കാരങ്ങൾ സമന്വയിക്കുകയായിരുന്നു. റിയാന്റെ പ്രയത്നം വിജയിക്കുകയും ആ നാടിനു മാത്രമല്ല ലോകത്തിനു മുഴുവൻ പ്രകാശം പരത്തുവാൻ റിയാൻസ് വെൽ ഫൗണ്ടേഷനു സാധിച്ചു. നമുക്കു ലഭിക്കുന്ന ഓരോ അറിവുകളും ചെറുതല്ല. വായിക്കുന്ന പുസ്തകങ്ങളിൽ നിന്നും ലഭിക്കുന്ന അറിവുകൾ ലോകത്തിന്റെ അന്ധകാരം നീക്കാൻ ഉപയോഗിക്കുന്ന വിജ്ഞാനകേന്ദ്രങ്ങളാണ്.
വായന അനുഭവമാക്കണം. മനുഷ്യന്റെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും വായന പ്രധാന പങ്കു വഹിക്കുന്നു. ഇംഗ്ലീഷ് ഉപന്യാസ കർത്താവും സാഹിത്യനീരൂപകനുമായിരുന്ന ജോസഫ് അഡിസൻ പറയുന്നത് ശരീരത്തിനു വ്യായാമം പോലെയാണ് മനസ്സിനു വായന എന്ന്. മനുഷ്യമനസ്സിൽ അടിഞ്ഞു കിടക്കുന്ന നിഷേധാത്മക ചിന്തകളെ മാറ്റി മനസ്സിനെ സംശുദ്ധമാക്കുവാൻ വായനയ്ക്കു സാധിക്കുമെങ്കിൽ അതൊരു ദിനചര്യയാക്കി മാറ്റാം. രചനകൾക്ക് മനുഷ്യനെ തിരുത്തുവാൻ കഴിയുന്നതു പോലെ മറ്റൊന്നിനുമാവില്ല.