പിറവി അറിവുകളുടെ ആരംഭമാണ്. കണ്ടും കേട്ടും തൊട്ടും ശ്വസിച്ചും രുചിച്ചും അറിഞ്ഞതൊക്കെ പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവുകളായിരുന്നു. മഹത്വപിറവിയുടെ തുടികൊട്ടല്‍ ഉയര്‍ത്തുന്ന ഒരു ബാല്യകാല സ്മരണയിലേക്കു ഒന്നു ഊളിയിട്ടു രണ്ടാം പിറവിയുടെ മറുകരയെത്താം.

പൊതുവെ ഉറക്കത്തോട് അല്പം പ്രിയം കൂടുതലുള്ള ബാല്യം. സുഖ സുഷുപ്തിയിലേക് ആണ്ടു പോകുന്നതിനിടയില്‍ അകലെ എവിടെയോ ഡ്രംസിന്റെയും ചിഞ്ചിലുകളുടെയും മുഴങ്ങുന്ന ധ്വനികള്‍ കേള്‍ക്കുന്നുണ്ട്. ശബ്ദത്തോടുള്ള നമ്മുടെ പ്രതികരണം എപ്പോഴും ഭയമാണല്ലോ. ഇവിടെയും അതു തന്നെ. അടുത്തു വരുന്ന വലിയ ശബ്ദങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ചില ഗാനത്തിന്റെ ഈരടികള്‍ കൂടി കേട്ടു തുടങ്ങിയിരിക്കുന്നു.
ഡ്രംസിന്റെ ശബ്ദത്തെക്കാള്‍ കൂടുതലായി ഹൃദയമിടിക്കുന്നത് കേള്‍ക്കാം. ആരാണിവര്‍? അഗാധ നിദ്രയിലേക് ആണ്ടു പോകുന്നതിനു മുന്‍പേ തട്ടിയുണര്‍ത്തി അവര്‍ പറയും ”അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം”. ഇവരാണ് ക്രിസ്തുമസ് ലോകത്തെ വിളിച്ചറിയിക്കുന്ന കരോള്‍ സംഘങ്ങള്‍.
അനുസരണയില്ലാത്ത ആട്ടിന്‍കൂട്ടത്തെ മേയിച്ചു ക്ഷീണം പിടിച്ചു കിടന്നുറങ്ങുന്ന ഇടയന്മാര്‍ കേട്ട സദ്വര്‍ത്തമാനം. ലോകജനത കേള്‍ക്കേണ്ടിയിരുന്ന സന്തോഷ വാര്‍ത്ത ഉറക്കത്തില്‍ കേട്ട ഒരേ ഒരു കൂട്ടം ഈ ഇടയന്മാര്‍ ആകാം. വ്യതസ്തത അവന്റെ മുഖമുദ്രയാണല്ലോ.
ഗലീലയിലെ നസ്രേത്ത് പട്ടണം മുതല്‍ യെഹൂദ്യയിലെ ബെത്ലെഹേം വരെ നടന്നിട്ടും ഒരിറ്റു സ്ഥലം കിട്ടാതെ ഏറ്റവും സ്വകാര്യമായി നടക്കേണ്ടുന്ന ഒരു കാര്യം ഏതോ വഴി വക്കിലോ, കാട്ടു ചെടികള്‍ തീര്‍ത്ത മറയിലോ, അതുമല്ലെങ്കില്‍ ആളൊഴിഞ്ഞ തെരുക്കോണിലോ ആവാം നടന്നിരിക്കുക. പശുത്തൊട്ടിയില്‍ കിടത്തിയ ശിശുവിന്റെ മഹത്വം ആ ഗോശാലയെ കൊട്ടാരമാക്കി മാറ്റി. അവന്റെ ജനനത്തിങ്കല്‍ സ്വര്‍ഗീയ സൈന്യം ദൂതനോട് ചേര്‍ന്ന് ദൈവത്തെ പുകഴ്ത്തി. ഇതിന്റെ അനുകരണമാണോ ഇന്ന് ആശുപത്രികളില്‍ കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ആശംസാ ഗീതങ്ങള്‍ പാടി അവരെ വരവേല്‍ക്കുന്നത്?.
ക്രിസ്തുവിന്റെ പിറവിക്ക് പ്രത്യേകതകള്‍ ഏറെയാണ്. ഈ പിറവി ലോകത്തിനുള്ള വിലപിടിപ്പും, എന്നെന്നേക്കും നിലനില്‍ക്കുന്നതും, അങ്ങേയറ്റം പ്രായോഗികമാക്കാവുന്നതുമായ സമ്മാനമാണ്. പിറവിയുടെ പ്രത്യേകതകള്‍ ഇനിയുമേറെ. (ലൂക്കോ:2:10). ഈ ജനനം മഹാസന്തോഷത്തിന്റെ അനുഭവമാണ്. ഈ ജനനം ഒരു സദ്വാര്‍ത്തയാണ്. ഈ ജനനം സകല ജനത്തിനും വേണ്ടിയാണ്. ദൈവം ലോകത്തെ സ്നേഹിച്ചത് കൊണ്ടാണ് ഇങ്ങനെയൊരു ജന്മദിനം നമുക്ക് ലഭിച്ചത് (യോഹ: 3:16). ഈ ജനനം സ്വാതന്ത്ര്യത്തിന്റെ അനുഭവമാണ്. അതെങ്ങനെ? പിറന്നവനെ വീണ്ടും സ്വീകരിക്കുന്നവന് അവന്റെ പാപത്തിന്റെ ശിക്ഷയില്‍ നിന്നുള്ള സമ്പൂര്‍ണ്ണ മോചനമാണ്. അത് നിത്യ സ്വാതന്ത്ര്യമാണ്.
ഇത്രയേറെ വൈവിധ്യങ്ങള്‍ നിറഞ്ഞ ഈ ജനനത്തിനു ഗ്ലോറിയ പാടിയില്ലെങ്കില്‍ പിന്നെ ഏതു പിറവിക്കാണ് പാടുക. മധുരപ്പിറവിയുടെ മിഠായികള്‍ തന്ന് ബാന്‍ഡ് സംഘം പടിയിറങ്ങുമ്പോള്‍ കുഞ്ഞുമനസ്സിലെ കിളിവാതില്‍ സത്യവെളിച്ചത്തിലേക്ക് തുറക്കുകയായിരുന്നു.
ഉള്ളില്‍ രണ്ടു പിറവിയെ (1.എന്റെ പിറവി, 2. അവന്റെ പിറവിയിലൂടെ എനിക്കു ലഭിച്ച രണ്ടാം പിറവി) സൂക്ഷിക്കുന്ന നാം എത്ര ധന്യരാണ്. ഈ മഹത്വ പിറവിയിലൂടെ വന്നവനെ ഗുരുവായി സ്വീകരിക്കാന്‍ കഴിഞ്ഞതിലേറെ സൗഭാഗ്യം വേറെന്തുണ്ട്. ഈ പിറവിയുടെ അതുല്യതയാണ് മാനവരാശിക്ക് ലഭിക്കുന്ന സന്തോഷവും, സ്വാതന്ത്ര്യവും, രക്ഷയും.
അവന്റെ പിറവിയില്‍ രണ്ടാം പിറവി പ്രാപിച്ച ധന്യരാണോ നിങ്ങള്‍?