
ദൈവീകകാര്യപരിപാടിയുടെ ഭാഗമാണ് നാമെല്ലാം. അത് തിരിച്ചറിഞ്ഞ് ജീവിക്കുന്നവരുടെ ജീവിതത്തിൽ സങ്കീർണ്ണതകൾക്കോ പ്രതിസന്ധികൾക്കോ സ്ഥാനമില്ല. ദൈവഹിതം അറിഞ്ഞു മുന്നേറുവാൻ മാത്രമേ അനുവാദമുള്ളൂ. അത്തരത്തിലൊരു സ്ത്രീ കഥാപാത്രമായിരുന്നു യാക്കോബിന്റെ ഭാര്യയായ റാഹേൽ. യാക്കോബിന്റെ അമ്മയായ റിബേക്കയുടെ സഹോദരൻ ലാബാന്റെ മകൾ.
ഓഡിയോ കേൾക്കാം:
ബൈബിൾ രണ്ടു വാക്കുകൾ ഉപയോഗിച്ച് റാഹേലിന്റെ ആകാരത്തെ വർണിച്ചു നിർത്തുന്നു. ”റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു.” ധാരാളം സ്നേഹം അവൾ അനുഭവിച്ചു. പ്രാണരക്ഷാർത്ഥം ഓടിവന്ന യാക്കോബിന്റെ ഹൃദയത്തെ റാഹേലിന്റെ സാന്നിധ്യം സ്നേഹസാന്ദ്രമാക്കി.
സൗന്ദര്യമുള്ള ഒരു സ്നേഹഭാജനം ആയിരുന്നു റാഹേൽ എങ്കിലും ദുഃഖത്തിന്റെ കരിനിഴൽ പരക്കുന്നത് ആ ജീവിതത്തിലുടനീളം കാണാം. അവൾക്ക് മക്കൾ ഉണ്ടായില്ല. എന്നാൽ, ഒരു കുഞ്ഞിക്കാൽ കാണുവാനുള്ള ആശ നശിച്ചിരിക്കുമ്പോൾ ആദ്യപുത്രൻ യോസഫ് ജനിക്കുന്നു. യിസ്രയേൽ വംശം വേരറ്റുപോകാതിരിക്കുവാൻ ദൈവം ഉപയോഗിച്ചത് ആ പുത്രനെ ആയിരുന്നു. സന്താനസൗഭാഗ്യത്തിന്റെ നാളുകൾ വീണ്ടും പുലർന്നു. അവൾ വീണ്ടും ഗർഭവതിയായി. ഗർഭകാലത്തിന്റെ ആകുലതകൾ സമാപിക്കേണ്ട നാൾ അടുത്തു. എന്നാൽ, അതിതീവ്രമായിരുന്നു പ്രസവവേദന. വീണ്ടും കരിനിഴൽ! ഒരു മകനാണ് ജനിക്കുവാൻ പോകുന്നത് എന്ന് അതിവേദനയിൽ അവൾ കേട്ടു. ഒരിക്കലും ലാളിക്കാൻ കഴിയാതെപോയ ആ മകനു ജന്മം നൽകിയിട്ട് ആ ദുഃഖപുത്രി യാത്രയായി.
സുഖദുഃഖ സമ്മിശ്രമായ ജീവിതം! ഇതിന് എന്തർത്ഥമാണുള്ളത്? ദൈവത്തിന്റെ നിത്യമായ കാര്യപരിപാടിയുടെ ഭാഗമായി ഒരു ജനതയെ (യിസ്രയേൽ ജനത്തെ) ദൈവം രൂപപ്പെടുത്തിയപ്പോൾ അതിന്റെ ഒരു ഭാഗമായിരുന്നു റാഹേലിന്റെ ജീവിതം! റാഹേലിനെയും ലേയയെയും കുറിച്ച്: ”അവർ ഇരുവരുമല്ലോ യിസ്രായേൽഗൃഹം പണിതതു” (രൂത്ത് 4:11). ശോഭ കുറഞ്ഞ കണ്ണുകളുള്ള ലേയയും, സുന്ദരിയും മനോഹര രൂപിണിയുമായ റാഹേലും ദൈവീക കാര്യപരിപാടിയുടെ ഒരു ഭാഗമാണ് അവരുടെ ജീവിതത്തിലൂടെ പൂർത്തീകരിച്ചത്.
നാം അനുഭവിക്കുന്ന സുഖദുഃഖങ്ങൾ നമ്മുടെ ജീവിതത്തെ എപ്രകാരം ബാധിച്ചു അല്ല നമ്മുടെ ജീവിതത്തിന്റെ അർത്ഥം നിർണയിക്കുന്നത്. റാഹേലിന്റെ ജീവിതത്തിൽ എന്നപോലെ, ദൈവീക കാര്യപരിപാടിയുടെ ഭാഗമായി ജീവിതത്തെ നോക്കിക്കാണുമ്പോൾ മാത്രമേ നമ്മുടെ ജീവിതത്തിനു എന്തെങ്കിലും അർത്ഥമുള്ളൂ.
[ജൂലി കുഞ്ഞുമോൻ]